ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ ഹിന്ദി ദിവസില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷായുടെ സന്ദേശം

പോസ്റ്റഡ് ഓണ്‍: 14 SEP 2026 12:54PM by PIB Thiruvananthpuram

പ്രിയ സഹപൗരന്മാരെ,

ഹിന്ദി ദിവസിന്റെ ഈ വേളയില്‍ ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍!
നമ്മുടെ രാജ്യം ഭാഷാപരമായ വൈവിധ്യത്തിന്റെയും സമൃദ്ധമായ സാംസ്‌കാരിക പൈതൃകത്തിന്റെയും വേറിട്ടൊരു ഭൂമിയാണ്. വ്യത്യസ്ത ഭാഷകളുണ്ടെന്ന വസ്തുത ഒരു ബലഹീനതയാണെന്ന് പലരും പറയാറുണ്ട്, എന്നാല്‍ ഇത്രയധികം ഭാഷകളുള്ളതാണ് നമ്മുടെ ഏറ്റവും വലിയ കരുത്തെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഓരോ ഭാഷയും  ചരിത്രവും നാടോടി പാരമ്പര്യവും സവിശേഷമായ ഒരു ലോകവീക്ഷണവും വഹിക്കുന്നുണ്ട് ; അത് നമ്മുടെ യുവതലമുറയുടെ മൂല്യങ്ങളെയും സാംസ്‌കാരിക തത്വങ്ങളെയും മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. ഭാഷാപരമായ ഈ വൈവിധ്യം ഇന്ത്യയെ നിര്‍വചിക്കുന്ന ' നാനാത്വത്തില്‍ ഏകത്വം' എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നു. ഭാഷ എന്നത് കേവലം ഒരു ആശയവിനിമയ ഉപാധി മാത്രമല്ല; അത് സമൂഹത്തിന്റെ സ്മരണയും അതിന്റെ ആത്മാഭിമാനവുമാണ്.
ഈ വൈവിധ്യത്തിനിടയില്‍, രാജ്യത്തുടനീളമുള്ള വിവിധ വിഭാഗങ്ങളിലും സമൂഹങ്ങളിലുമുള്ള ജനങ്ങളെ ഒന്നിച്ചു കൊണ്ടുവരുന്ന സംവാദം, ആശയവിനിമയം, ഏകോപനം എന്നിവയുടെ ഭാഷയായി ഹിന്ദി പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. എല്ലാ ഇന്ത്യന്‍ ഭാഷകളോടുമുള്ള ആദരവ്, സംരക്ഷണം, പ്രോത്സാഹനം എന്നിവ നിലനിര്‍ത്തുന്നതിനൊപ്പം മാത്രമേ ഹിന്ദിയുടെ വികസനത്തിന് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമുണ്ടാകൂ. ഹിന്ദി ഒരു ഭാഷയ്ക്കും എതിരല്ല; മറിച്ച്, ഇന്ത്യന്‍ ഭാഷകള്‍ക്കിടയില്‍ ആത്മബന്ധത്തിന്റെയും ആശയവിനിമയത്തിന്റെയും വികാരം വളര്‍ത്തുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു പ്രധാന കണ്ണിയാണ്. ഈ സത്യത്തിന്റെ ഏറ്റവും മനോഹരമായ തെളിവ് നമ്മുടെ സ്വന്തം ചരിത്രത്തിലുണ്ട്. സ്വാമി ദയാനന്ദ സരസ്വതി ജിയുടെ മാതൃഭാഷ ഗുജറാത്തിയായിരുന്നു, എന്നിട്ടും അദ്ദേഹം 'സത്യാര്‍ത്ഥ പ്രകാശ്' എഴുതിയത് ഹിന്ദിയിലാണ്. മഹാത്മാഗാന്ധി 1918-ല്‍ മദ്രാസില്‍ 'ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ' സ്ഥാപിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസ് ബംഗാളി ഭാഷ സംസാരിക്കുന്നയാളായിരുന്നു. എന്നാല്‍ അദ്ദേഹം 'ആസാദ് ഹിന്ദ് ഫൗജി'ന്റെ ആശയവിനിമയ ഭാഷയായി ഹിന്ദിയെ സ്വീകരിക്കുകയും 'ജയ് ഹിന്ദ്' എന്ന പ്രചോദനാത്മകമായ മുദ്രാവാക്യം രാജ്യത്തിന് സമ്മാനിക്കുകയും ചെയ്തു. അങ്ങനെ, വൈവിധ്യമാര്‍ന്ന ഭാഷാ പശ്ചാത്തലമുള്ളവര്‍, ഹിന്ദിയെ ജനങ്ങള്‍ക്കിടയില്‍ ഒരു ആശയവിനിമയ ഭാഷയാക്കുന്നതിന് വലിയ സംഭാവന നല്‍കിയിട്ടുണ്ട്. മാതൃഭാഷ ഹിന്ദിയല്ലാതിരുന്ന ഈ മഹത് വ്യക്തിത്വങ്ങളുടെ അപാരമായ സംഭാവന നമുക്കെല്ലാവര്‍ക്കും പ്രചോദനത്തിന്റെ ഉറവിടമായി നിലകൊള്ളുന്നു.

എന്റെ മാതൃഭാഷയും ഗുജറാത്തിയാണ്, എന്നാല്‍ രാജ്യത്തിന്റെ ഏത് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴും അവിടുത്തെ സാധാരണക്കാരുമായി എന്നെ നേരിട്ട് ബന്ധിപ്പിക്കുന്ന ഭാഷ ഹിന്ദിയാണ്. ഹിന്ദിയുടെ പ്രയാണം വീക്ഷിക്കുകയാണെങ്കില്‍, അതില്‍ രാജ്യത്തിന്റെയാകെ യാത്ര പ്രതിഫലിക്കുന്നത് കാണാം. ആദികാലത്തെ വിദ്യാപതിയുടെ 'പദാവലി', 'പൃഥ്വിരാജ് റാസോ'യുടെ വീരഗാഥകള്‍ എന്നിവയില്‍ നിന്ന് ഭക്തിപ്രസ്ഥാനത്തിന്റെ ശ്രദ്ധേയമായ കാലഘട്ടം വരെ-തുളസീദാസ് ജി ശ്രീരാമന്റെ കഥ ഓരോ വീട്ടിലുമെത്തിക്കുകയും സൂര്‍ദാസ് ജി മാതൃ-പിതൃവാത്സല്യത്തിന്റെ മനോഹര ഭാവങ്ങള്‍ക്ക് ശബ്ദം നല്‍കുകയും ചെയ്ത കാലം ഇതില്‍ പ്രതിഫലിക്കുന്നു.

സ്വാതന്ത്ര്യ പ്രസ്ഥാനകാലത്ത് സ്വരാജ്, സ്വദേശി, സ്വഭാഷ എന്നീ ആശയങ്ങള്‍ ദേശീയ ബോധത്തിലേക്ക് പുതിയ ഊര്‍ജ്ജം പകര്‍ന്നു. സ്വന്തം ഭാഷയിലും വ്യക്തിത്വത്തിലുമുള്ള അഭിമാനമില്ലാതെ സ്വരാജ് എന്ന സ്വപ്നം അപൂര്‍ണ്ണമായിരിക്കുമെന്ന് നമ്മുടെ സ്വാതന്ത്ര്യസമര സേനാനികളും മനസ്സിലാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം, ഇന്ത്യന്‍ ഭാഷകള്‍ രാഷ്ട്രനിര്‍മ്മാണത്തിന്റെയും ഭരണത്തിന്റെയും വികസനം ഓരോ പൗരനിലേക്കും എത്തിക്കുന്നതിനുള്ള മാര്‍ഗ്ഗമായും മാറി. സാമൂഹിക ഉണര്‍വ്, ദേശീയ ഐക്യം, സ്വാതന്ത്ര്യ സങ്കല്‍പ്പം എന്നിവ സമൂഹത്തിലെ ഓരോ വിഭാഗത്തിലേക്കും എത്തിക്കുന്നതില്‍ ഹിന്ദിയും മറ്റ് എല്ലാ ഇന്ത്യന്‍ ഭാഷകളും പ്രധാന പങ്കുവഹിച്ചു. ഈ സമൃദ്ധമായ പൈതൃകത്തിനു ആദരമായി ഭരണഘടനാ നിര്‍മ്മാണ സഭ 1949 സെപ്റ്റംബര്‍ 14-ന് ഹിന്ദിയെ ഇന്ത്യന്‍ യൂണിയന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. എന്നിരുന്നാലും, സ്വാതന്ത്ര്യത്തിന് ശേഷം ഒരു വിരോധാഭാസവും ഉയര്‍ന്നുവന്നു. നാം രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയെങ്കിലും, നമ്മുടെ സ്വന്തം ഭാഷയുടെയും സംസ്‌കാരത്തിന്റെയും ആത്മാഭിമാനത്തിന്റെയും മൂല്യങ്ങള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു.

അടിമത്തത്തിന്റെ ഈ മനോഭാവത്തില്‍ നിന്ന് മുക്തരാകാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ചുവപ്പുകോട്ടയില്‍ നിന്ന് രാജ്യത്തോട് ആഹ്വാനം ചെയ്യുകയുണ്ടായി. ഇതില്‍ ഭാഷയ്ക്ക് വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കാനുണ്ട്. 'രാജ്പഥ്' 'കര്‍ത്തവ്യ പഥ്' ആയി മാറിയത് കേവലം ഒരു പേരുമാറ്റം ആയിരുന്നില്ല. ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ, ശിക്ഷാധിഷ്ഠിതമായ കൊളോണിയല്‍ നിയമങ്ങള്‍ക്ക് പകരം ജനകേന്ദ്രീകൃതമായ മൂന്ന് പുതിയ നിയമങ്ങള്‍-ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധിനിയം -എന്നിവ കൊണ്ടുവന്നത് കേവലമൊരു പദപ്രയോഗ മാറ്റമായിരുന്നില്ല. അത് നമ്മുടെ ദേശീയ ആത്മാഭിമാനത്തിന്റെ വീണ്ടെടുപ്പിനെയാണ് പ്രതിനിധീകരിക്കുന്നത്.

ഇന്ന്, ദേശീയ വിദ്യാഭ്യാസ നയം മാതൃഭാഷയെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു. എഞ്ചിനീയറിംഗ്, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവ ഇന്ത്യന്‍ ഭാഷകളില്‍ നല്‍കി വരുന്നു; ഒപ്പം മത്സര പരീക്ഷകള്‍ ഒന്നിലധികം ഇന്ത്യന്‍ ഭാഷകളില്‍ നടത്തപ്പെടുകയും ചെയ്യുന്നു.

80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി 'ശക്തിയുടെ സപ്തധാര-പ്രധാനമന്ത്രി ചുവപ്പ് കോട്ടയില്‍ നിന്ന് ആഹ്വാനം ചെയ്തു. ഇതിലെ ഏഴാമത്തെ ഘടകം ഇന്ത്യയുടെ 'മൃദു ശക്തി ' (Soft Power) ആണ്. ഏതൊരു രാജ്യത്തിന്റെയും മൃദു ശക്തിയുടെ ഏറ്റവും വലിയ വാഹകര്‍ അതിന്റെ ഭാഷയാണ്. യോഗ, ആയുര്‍വേദം, സാഹിത്യം, സിനിമ, നമ്മുടെ സാംസ്‌കാരിക സമ്പന്നത എന്നിവയെല്ലാം നമ്മുടെ ഭാഷകളിലൂടെയാണ് ലോകമെമ്പാടും എത്തുന്നത്.
സാങ്കേതികവിദ്യയുടെ ഈ യുഗത്തില്‍ ഇന്ത്യന്‍ ഭാഷകള്‍ പിന്നിലായിപ്പോകുമോ എന്നൊരു ആശങ്ക മുന്‍പുണ്ടായിരുന്നു. എന്നാല്‍, മോദി ഗവണ്‍മെന്റിന്റെ കീഴില്‍ ഹിന്ദിയും ഇതര ഇന്ത്യന്‍ ഭാഷകളും സാങ്കേതിക മുന്നേറ്റത്തിന്റെ ഒരു സുവര്‍ണ്ണ കാലഘട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്.

രാജ്ഭാഷാ വകുപ്പ് വികസിപ്പിച്ചെടുത്ത നിര്‍മ്മിത ബുദ്ധി അധിഷ്ഠിത ടൂളായ 'ഭാരതി', ഇന്ന് ഇന്ത്യന്‍ ഭാഷകള്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ സുഗമമാക്കുന്നു. 8.27 ലക്ഷത്തിലധികം പദങ്ങളുള്ള 'ഹിന്ദി ശബ്ദ സിന്ധു' എന്ന ഡിജിറ്റല്‍ നിഘണ്ടു, അറിവ് പങ്കുവെക്കുന്നതിനുള്ള സമ്പന്നമായ ഒരു പ്ലാറ്റ്ഫോമായി ഉയര്‍ന്നുവന്നിട്ടുണ്ട്. 2024-ല്‍ സ്ഥാപിച്ച 'ഇന്ത്യന്‍ ഭാഷാ വിഭാഗം' (Indian Language Section), ഇന്ത്യന്‍ ഭാഷകളിലുള്ള ഭരണപരമായ ആശയവിനിമയം എളുപ്പമാക്കുന്നു. എഐ , പരിഭാഷാ സാങ്കേതികവിദ്യകള്‍ എന്നിവ ഭാഷയുടെ അതിര്‍വരമ്പുകളെ ഇല്ലാതാക്കിയിരിക്കുന്നു. ഇന്ന് ഓരോ ഇന്ത്യക്കാരനും സ്വന്തം ഭാഷയില്‍ ചിന്തിക്കാനും അത് ലോകം മുഴുവനുമായി പങ്കുവെക്കാനും സാധിക്കും. അതോടൊപ്പം തന്നെ, മോദി ഗവണ്‍മെന്റിന്റെ ഭരണകാലത്ത് രാജ്ഭാഷ സംബന്ധിച്ച പാര്‍ലമെന്ററി കമ്മിറ്റി അവരുടെ റിപ്പോര്‍ട്ടിന്റെ നാല് പുതിയ ഭാഗങ്ങള്‍ ബഹുമാനപ്പെട്ട രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയുമുണ്ടായി.

അവസാനമായി, യുവാക്കളോട് എനിക്ക് ചിലത് പറയാനുണ്ട്. ലോകത്തിലെ എത്ര ഭാഷകള്‍ വേണമെങ്കിലും നിങ്ങള്‍ പഠിച്ചോളൂ, എന്നാല്‍ ഒരിക്കലും സ്വന്തം ഭാഷയെ ഉപേക്ഷിക്കരുത്. രാജ്യത്തുടനീളമുള്ള എല്ലാ മാതാപിതാക്കളോടും അവരുടെ കുട്ടികളോട് മാതൃഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 'എന്റെ സ്വന്തം ഭാഷയില്‍ സംസാരിച്ചാല്‍ ഞാന്‍ താഴ്ന്നവനായി കരുതപ്പെടും' എന്ന ചിന്തയേക്കാള്‍ വലിയൊരു അപകര്‍ഷതാബോധം വേറെയില്ല.
നമ്മെ നമ്മുടെ അമ്മയുമായും മണ്ണുമായും ചരിത്രവുമായും സംസ്‌കാരവുമായും ബന്ധിപ്പിക്കുന്നത് ഭാഷയാണ്. ഭാഷയെ സ്വാതന്ത്ര്യത്തിന്റെ ശക്തമായ ആയുധമാക്കി മാറ്റിയ 'വന്ദേമാതരം' എന്ന ദേശീയഗീതം പിറന്നതിന്റെ 150-ാം വാര്‍ഷികം കൂടിയാണ് ഈ വര്‍ഷം.
2047-ഓടെ ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിനുള്ള നമ്മുടെ യാത്രയില്‍ ഹിന്ദിയെയും മറ്റ് ഇന്ത്യന്‍ ഭാഷകളെയും ശക്തമായ ഉപാധികളാക്കി മാറ്റുമെന്ന് ഈ വേളയില്‍ നമുക്ക് ദൃഢപ്രതിജ്ഞ ചെയ്യാം.
ഒരിക്കല്‍ കൂടി ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ഔദ്യോഗിക ഭാഷാ ദിനാശംസകള്‍. വന്ദേമാതരം!

***


( റിലീസ് ഐ.ഡി: 2310248) സന്ദര്‍ശക കൗണ്ടര്‍ : 6