ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയില്‍ സെപ്റ്റംബര്‍ 12, 13 തീയതികളില്‍ നടക്കുന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയുടെ മുന്നോടിയായി ഇന്ത്യയുടെ ഡീപ്-ടെക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം 2026 സെപ്റ്റംബര്‍ 11, 12 തീയതികളില്‍ ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിക്കുന്ന 'ഭാരത് ഇന്നൊവേറ്റ്‌സ് എക്‌സ്‌പോസിഷന്' തുടക്കമായി.
രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നൂതനാശയങ്ങളുടെ ആഗോളതല പ്രചാരണം ത്വരിതപ്പെടുത്തുന്നതിനായി രൂപകല്പന ചെയ്ത സംരംഭമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പദ്ധതിയായ 'ഭാരത് ഇന്നൊവേറ്റ്‌സ്'. ഇന്ത്യയുടെ നൂതനാശയ അന്തരീക്ഷവും (സ്റ്റാര്‍ട്ടപ്പുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ലാബുകള്‍, ഗവേഷണ പാര്‍ക്കുകള്‍) ആഗോള പങ്കാളികളും (കോര്‍പ്പറേറ്റുകള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് പ്രോത്സാഹന കേന്ദ്രങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ഗവണ്‍മെന്റുകള്‍, പ്രവാസി പൂര്‍വവിദ്യാര്‍ത്ഥികള്‍) തമ്മില്‍ ദീര്‍ഘകാല സഹകരണം കെട്ടിപ്പടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
2026 ജൂണ്‍ 14 മുതല്‍ 16 വരെ ഫ്രാന്‍സിലെ നീസില്‍ സംഘടിപ്പിച്ച ഭാരത് ഇന്നൊവേറ്റ്‌സിന്റെ പ്രഥമ പതിപ്പിന് ശേഷം 2026-ല്‍ ഇന്ത്യയിലെ ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ പ്രധാന പ്രദര്‍ശനമാണ് ഭാരത് മണ്ഡപത്തില്‍ നടക്കുന്ന 'ബ്രിക്‌സ് ഭാരത് ഇന്നൊവേറ്റ്‌സ് എക്‌സ്‌പോസിഷന്‍'.
'പ്രതിരോധശേഷി, നൂതനാശയങ്ങള്‍, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായുള്ള മുന്നേറ്റം' എന്ന ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതാ പ്രമേയത്തിനനുസൃതമായി ഇന്ത്യയിലെ 37 ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളെയും സംരംഭങ്ങളെയുമാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നീസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത 120 സ്റ്റാര്‍ട്ടപ്പുകളുടെ സംഘത്തില്‍ നിന്നാണ് ഇവയെ തെരഞ്ഞെടുത്തത്.
2026 സെപ്റ്റംബര്‍ 11-ന് നടക്കുന്ന ബ്രിക്‌സ് ബിസിനസ് ഫോറത്തിനൊപ്പമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ബ്രിക്‌സ് അംഗരാജ്യങ്ങളില്‍ നിന്നുള്ള സിഇഒമാര്‍, നിക്ഷേപകര്‍, വ്യാപാര പ്രമുഖര്‍, വ്യവസായ പ്രതിനിധികള്‍ എന്നിവരുമായി ആശയവിനിമയം നടത്താന്‍ പങ്കാളികളായ സംരംഭകര്‍ക്ക് പ്രദര്‍ശനം അവസരമൊരുക്കും. ബിസിനസ്-ടു-ബിസിനസ് പങ്കാളിത്തങ്ങള്‍, സാങ്കേതിക സഹകരണങ്ങള്‍, നിക്ഷേപ ചര്‍ച്ചകള്‍, വ്യാപാര ബന്ധങ്ങള്‍, അന്താരാഷ്ട്ര വിപണി ലഭ്യത എന്നിവയ്ക്ക് ഇത് അവസരങ്ങള്‍ സുഗമമാക്കും. 2026-ല്‍ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയില്‍ നിശ്ചയിച്ച അഞ്ച് മുന്‍ഗണനാ മേഖലകളിലൊന്നായ 'ഗവേഷണവും നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളും മെച്ചപ്പെടുത്തല്‍' എന്ന ബ്രിക്‌സ് വിദ്യാഭ്യാസ മുന്‍ഗണനയ്ക്കും പ്രദര്‍ശനം ഊര്‍ജമേകും.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ. പ്രള്‍ഹാദ് ജോഷി, മറ്റ് ബ്രിക്‌സ് നേതാക്കള്‍ എന്നിവര്‍ ബ്രിക്‌സ് ഭാരത് ഇന്നൊവേറ്റ്‌സ് എക്‌സ്‌പോസിഷന്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രിക്‌സ് നേതാക്കളുടെ പരിപാടികളുമായി ബന്ധപ്പെട്ട ഇന്ത്യയിലെയും വിദേശത്തെയും മുതിര്‍ന്ന പ്രതിനിധികളും ബ്രിക്‌സ് അംഗരാജ്യങ്ങളിലെ സിഇഒമാരും നിക്ഷേപകരും സെപ്റ്റംബര്‍ 11-12 തീയതികളില്‍ പ്രദര്‍ശനം സന്ദര്‍ശിക്കും.
പങ്കെടുക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും ആഭ്യന്തര നൂതനാശയങ്ങളെ അന്താരാഷ്ട്ര വാണിജ്യ-നയതന്ത്ര നേട്ടങ്ങളാക്കി മാറ്റാന്‍ പ്രദര്‍ശനം മികച്ച വേദിയൊരുക്കും. ബ്രിക്‌സ് സിഇഒമാരുമായും നിക്ഷേപകരുമായും നേരിട്ടുള്ള ബന്ധം, രാഷ്ട്രത്തലവന്മാരുടെ ശ്രദ്ധ എന്നിവയ്‌ക്കൊപ്പം ഫിക്കി, സിഐഐ, അസോചം എന്നിവയുടെ ഏകോപനത്തോടെ ബി2ബി കൂടിക്കാഴ്ചകള്‍ക്കും ബ്രാന്‍ഡ്-നയതന്ത്ര വിശ്വാസ്യതയ്ക്കും പരിപാടി അവസരം നല്‍കും.
'ഇന്ത്യാ-ഫ്രാന്‍സ് നൂതനാശയ വര്‍ഷം 2026'-ന്റെ ഭാഗമായാണ് ഭാരത് ഇന്നൊവേറ്റ്‌സ് പ്രഥമ പതിപ്പ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സംയുക്തമായാണ് സംരംഭം ഉദ്ഘാടനം ചെയ്തത്. മൂന്ന് ദിവസത്തെ പരിപാടിയില്‍ 13 പ്രധാന മേഖലകളിലായി രാജ്യത്തെ 120 മുന്‍നിര ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകളും 15 പ്രമുഖ സ്ഥാപനങ്ങളും (ഐഐടികള്‍, ഐഐഎസ്‌സി, ബിരാക്, ഐഡെക്‌സ്) പങ്കെടുത്തിരുന്നു. 29 രാജ്യങ്ങളിലെ 2000-ത്തിലധികം പേര്‍ ഇതിന്റെ ഭാഗമായി. 1,350 ബിസിനസ്-ടു-ബിസിനസ് കൂടിക്കാഴ്ചകളിലൂടെ 30-ലധികം സഹകരണ ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുകയും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ 254.5 ദശലക്ഷം യുഎസ് ഡോളറിന്റെ നിക്ഷേപ വാഗ്ദാനങ്ങള്‍ നേടുകയും ചെയ്തു.
2026-ല്‍ ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് കീഴില്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തിയ ഇടപെടലുകളുടെ തുടര്‍ച്ചയാണ് ബ്രിക്‌സ് ഭാരത് ഇന്നൊവേറ്റ്‌സ് എക്‌സ്‌പോസിഷന്‍. ഇതിന്റെ ഭാഗമായി 2026 ഓഗസ്റ്റ് 7-ന് 13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗവും, ഓഗസ്റ്റ് 5-ന് വിദ്യാഭ്യാസ രംഗത്തെ ബ്രിക്‌സ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മൂന്നാമത് യോഗവും ഒഡീഷയിലെ ഭുവനേശ്വറില്‍ മന്ത്രാലയം സംഘടിപ്പിച്ചിരുന്നു. പ്രാരംഭ- ബാല്യകാല പരിചരണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ശാക്തീകരണവും അടിസ്ഥാന സാക്ഷരതയും സംഖ്യാജ്ഞാനവും, നൈപുണ്യ വികസനവും സാങ്കേതിക-തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പരിശീലനവും, ഗവേഷണവും നൂതനാശയങ്ങളും സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളും, യോഗ്യതകളുടെ പരസ്പര അംഗീകാരം, അക്കാദമിക നേതൃത്വത്തിനും സ്ഥാപന വികസനത്തിനുമായി ശേഷി വികസനം എന്നീ അഞ്ച് മുന്‍ഗണനാ മേഖലകളിലെ സഹകരണം വ്യക്തമാക്കുന്ന 13-ാമത് ബ്രിക്‌സ് വിദ്യാഭ്യാസ മന്ത്രിമാരുടെ പ്രഖ്യാപനം അംഗീകരിച്ചാണ് മന്ത്രിതല യോഗം സമാപിച്ചത്.