സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 14 ജില്ലകളെ ഉൾക്കൊള്ളുന്ന മൂന്ന് മൾട്ടിട്രാക്കിംഗ് പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം; ഇന്ത്യൻ റെയിൽവേയുടെ നിലവിലെ ശൃംഖലയിൽ ഏകദേശം 656 കിലോമീറ്റർ വർധിപ്പിക്കും
പോസ്റ്റഡ് ഓണ്‍:
09 SEP 2026 3:25PM by PIB Thiruvananthpuram
ആകെ ₹10,783 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2029-30-ഓടെ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്നു
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) റെയിൽവേ മന്ത്രാലയത്തിന്റെ 10,783 കോടി രൂപയുടെ മൂന്ന് പദ്ധതികൾക്ക് അംഗീകാരം നൽകി. ഈ പദ്ധതികളിൽ ഇവ ഉൾപ്പെടുന്നു:
a. ഖരഗ്പൂർ - ഝാർസുഗുഡ (ബാഗ്‍ദേഹി) നാലാം പാത
b. കാട്നി - പെന്ദ്ര റോഡ് നാലാം പാത
c. ബിലാസ്പൂർ (ഉസ്‌ലാപൂർ) - പെന്ദ്ര റോഡ് മൂന്നാം പാത
ലൈൻ ശേഷി വർധിപ്പിക്കുന്നത് മൊബിലിറ്റി ഗണ്യമായി മെച്ചപ്പെടുത്തുകയും ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തനക്ഷമതയും സേവന വിശ്വാസ്യതയും വർധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യും. സർവീസുകൾ കൂടുതൽ സുഗമമാക്കാനും ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഈ മൾട്ടി-ട്രാക്കിംഗ് നിർദ്ദേശങ്ങൾ ലക്ഷ്യമിടുന്നു. പ്രദേശത്തിൻ്റെ സമഗ്ര വികസനത്തിലൂടെയും തദ്ദേശീയരുടെ തൊഴിൽ/സ്വയംതൊഴിൽ അവസരങ്ങൾ വർധിപ്പിക്കുന്നതിലൂടെയും ജനങ്ങളെ സ്വയംപര്യാപ്തരാക്കുന്ന, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നവ ഭാരത ദർശനത്തിന് അനുസൃതമാണ് ഈ പദ്ധതികൾ.
സംയോജിത ആസൂത്രണത്തിലൂടെയും പങ്കാളികളുമായുള്ള കൂടിയാലോചനകളിലൂടെയും മൾട്ടി-മോഡൽ കണക്റ്റിവിറ്റിയും ലോജിസ്റ്റിക് കാര്യക്ഷമതയും വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, പിഎം-ഗതിശക്തി നാഷണൽ മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഈ പദ്ധതികൾ ആളുകൾ, ചരക്കുകൾ, സേവനങ്ങൾ എന്നിവയുടെ സഞ്ചാരത്തിന് സുഗമമായ കണക്റ്റിവിറ്റി നൽകും.
പശ്ചിമ ബംഗാൾ, ഝാർഖണ്ഡ്, ഒഡിഷ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ 14 ജില്ലകളെ ഉൾക്കൊള്ളുന്ന ഈ മൂന്ന് പദ്ധതികൾ ഇന്ത്യൻ റെയിൽവേയുടെ നിലവിലുള്ള ശൃംഖലയിൽ ഏകദേശം 656 കിലോമീറ്റർ വർധിപ്പിക്കും. നിർദ്ദിഷ്ട മൾട്ടി-ട്രാക്കിംഗ് പദ്ധതികൾ ഏകദേശം 56 ലക്ഷം ജനസംഖ്യയുള്ള 4,790 ഗ്രാമങ്ങളിലേക്കുള്ള കണക്റ്റിവിറ്റി വർധിപ്പിക്കും.
നിർദ്ദിഷ്ട ശേഷി വർധന താരാതാരിണി ക്ഷേത്രം, ശ്രീ ക്ഷേത്ര ജഗന്നാഥ ക്ഷേത്രം (ഝാർസുഗുഡയ്ക്ക് സമീപമുള്ള പുരാതന ക്ഷേത്രം), ബാന്ധവ്ഗഡ് കടുവാ സംരക്ഷണ കേന്ദ്രം, വിരാടേശ്വർ ക്ഷേത്രം, അമർകാന്തക് ക്ഷേത്രം, ജ്വാലേശ്വർ ധാം, അചാനക്മർ കടുവാ സംരക്ഷണ കേന്ദ്രം, ഖുതാഘട്ട് അണക്കെട്ട്, മൽഹാർ പുരാവസ്തു കേന്ദ്രം, രത്തൻപൂർ മഹാമായാ ക്ഷേത്രം തുടങ്ങി പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റെയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്തും.
കൽക്കരി, സിമന്റ്, ഇരുമ്പ്, സ്റ്റീൽ തുടങ്ങിയ ചരക്കുകളുടെ ഗതാഗതത്തിനുള്ള അനിവാര്യ പാതകളാണ് ഈ നിർദ്ദിഷ്ട പദ്ധതികൾ. ശേഷി വർധിപ്പിക്കുന്നതിനുള്ള പ്രവൃത്തികൾ പ്രതിവർഷം 27 MTPA അധിക ചരക്ക് ഗതാഗതത്തിന് വഴിതുറക്കും. പരിസ്ഥിതിസൗഹൃദവും ഊർജ്ജ കാര്യക്ഷമതയുമുള്ള ഗതാഗത മാർഗ്ഗമെന്ന നിലയിൽ റെയിൽവേ, കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കുന്നതിനും എണ്ണ ഇറക്കുമതി കുറയ്ക്കുന്നതിനും (~12 കോടി ലിറ്റർ) കാർബൺ ഡൈ ഓക്സൈഡ് (CO2) പുറന്തള്ളൽ കുറയ്ക്കുന്നതിനും (~62 കോടി കിലോഗ്രാം) സഹായിക്കും. ഇത് 2.48 കോടി മരങ്ങൾ നടുന്നതിന് തുല്യമാണ്.
***
NK
( റിലീസ് ഐ.ഡി: 2308277)
സന്ദര്‍ശക കൗണ്ടര്‍ : 23
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada