വനിതാ, ശിശു വികസന മന്ത്രാലയം
9-ാമത് ദേശീയ പോഷൺ മാസാചരണം കേന്ദ്ര മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി സെപ്റ്റംബർ 9-ന് വാരാണസിയിൽ ഉദ്ഘാടനം ചെയ്യും
“നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം” എന്ന പ്രമേയം അങ്കണവാടികളെ, പോഷകാഹാരത്തിനും ശൈശവകാല വികസനത്തിനുമുള്ള സമൂഹ-കേന്ദ്രീകൃത പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറ്റാൻ ലക്ഷ്യമിടുന്നു
സാമൂഹിക ഉടമസ്ഥതയും ഉത്തരവാദിത്തവും പോഷൺ മാസത്തിന്റെ സുപ്രധാന പ്രമേയങ്ങൾ
അടുത്തിടെ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, എല്ലാ അങ്കണവാടി കേന്ദ്രങ്ങളിലും അങ്കണവാടി മാനേജ്‌മെന്റ് കമ്മിറ്റികളുടെ രൂപീകരണവും പ്രവർത്തനവും വേഗത്തിലാക്കാൻ പ്രമേയം പ്രേരകമാകും
അങ്കണവാടി മാനേജ്‌മെന്റ് കമ്മിറ്റികൾ രുപീകരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ, ഇതാദ്യമായി പാകം ചെയ്ത ചൂടുള്ള ഭക്ഷണം എന്താണെന്ന് വ്യക്തമാക്കുന്ന പുതിയ SNP മാർഗ്ഗനിർദ്ദേശങ്ങൾ, ഭക്ഷണ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന SNP മെനു ബോർഡുകൾ നിർബന്ധമാക്കിയത് എന്നിവ ഈ വർഷത്തെ പ്രചാരണത്തിന് ആക്കം കൂട്ടുന്നു
കഴിഞ്ഞ പത്ത് വർഷമായി ഗർഭിണികളുടെ പോഷകാഹാരവും ആരോഗ്യവും ഉറപ്പാക്കാൻ സഹായിക്കുന്ന പ്രധാന പ്രസവ ആനുകൂല്യ പദ്ധതിയായ പ്രധാൻമന്ത്രി മാതൃ വന്ദന യോജനയുടെ പത്താം വാർഷികം 2026-ലെ പോഷൺ മാസത്തോടൊപ്പം ആഘോഷിക്കും
വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിന്റെ അടിത്തറയായി സുപോഷിത ഭാരതം എന്ന കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാസം നീളുന്ന പ്രചാരണ പരിപാടി
പോസ്റ്റഡ് ഓണ്‍:
07 SEP 2026 10:46AM by PIB Thiruvananthpuram
കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിലുള്ള ഒമ്പതാമത് ദേശീയ പോഷൺ മാസാചരണത്തിന് ഉത്തർപ്രദേശിലെ വാരാണസിയിലുള്ള രുദ്രാക്ഷ് ഇന്റർനാഷണൽ കോഓപ്പറേഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ 2026 സെപ്റ്റംബർ 9-ന് തുടക്കംകുറിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ്, കേന്ദ്ര വനിതാ ശിശുവികസന സഹമന്ത്രി ശ്രീമതി സാവിത്രി ഠാക്കൂർ, ഉത്തർപ്രദേശ് വനിതാ ക്ഷേമ, ശിശുവികസന, പോഷകാഹാര വകുപ്പ് മന്ത്രി ശ്രീമതി ബേബി റാണി മൗര്യ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്ര വനിതാ ശിശുവികസന മന്ത്രി ശ്രീമതി അന്നപൂർണ്ണ ദേവി ഒരു മാസം നീളുന്ന പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രമുഖ വ്യക്തികൾ, പങ്കാളിത്ത സംഘടനകൾ, മുൻനിര പ്രവർത്തകർ, ഗുണഭോക്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും.
2047-ഓടെയുള്ള വികസിത ഭാരതത്തിന്റെ അടിത്തറയായി സുപോഷിത ഭാരതം കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്, പോഷകാഹാരത്തെ ദേശീയ വികസന അജണ്ടയുടെ കേന്ദ്രബിന്ദുവാക്കിക്കൊണ്ട് 2018-ൽ പോഷൺ അഭിയാൻ ആരംഭിച്ചത്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിൽ ആചരിക്കുന്ന ദേശീയ പോഷൺ മാസം, സ്ത്രീകളുടെയും കുട്ടികളുടെയും കൗമാരക്കാരുടെയും പോഷകാഹാരം, ആരോഗ്യം, പരിചരണം എന്നിവ ശക്തിപ്പെടുത്തുന്നതിനായി സമൂഹത്തെ ഒന്നാകെ അണിനിരത്തുന്ന ഒരു ജനകീയ പ്രസ്ഥാനമായി വളർന്നിട്ടുണ്ട്. രാജ്യത്തെ കുട്ടികളുടെ പോഷകാഹാരം, ആരോഗ്യം, പരിചരണം, ആദ്യകാല പഠനം എന്നിവയുടെ പ്രഥമ കേന്ദ്രമെന്ന നിലയിൽ ഓരോ പൗരനും അങ്കണവാടികളുടെ കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് “നമ്മുടെ അങ്കണവാടി നമ്മുടെ ഉത്തരവാദിത്തം” എന്ന പ്രമേയത്തിലാണ് 9-ാമത് പതിപ്പ് സംഘടിപ്പിക്കുന്നത്.
മിഷൻ സക്ഷം അങ്കണവാടിയും പോഷൺ 2.0-യും പ്രകാരമുള്ള പരിഷ്കരിച്ച അനുപൂരക പോഷകാഹാര പദ്ധതി (SNP) മാർഗ്ഗനിർദ്ദേശങ്ങളാണ് ഈ വർഷത്തെ പ്രചാരണത്തിന് കൂടുതൽ കരുത്തു പകരുന്നത്. ചൂടുള്ള പാകം ചെയ്ത ഭക്ഷണം എന്നതിനെ ആദ്യമായി നിർവ്വചിച്ചതും, SNP മെനു ബോർഡുകൾ നിർബന്ധമാക്കിയതും, അങ്കണവാടി മാനേജ്‌മെന്റ് കമ്മിറ്റികൾ (AMC) സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതും ഈ മാർഗ്ഗനിർദ്ദേശങ്ങളിലാണ്. ഈ പരിഷ്കാരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പ്രധാന പ്രമേയങ്ങളിലൂന്നിയാണ് പോഷൺ മാസം 2026 മുന്നോട്ട് പോകുന്നത്.
ആദ്യ പ്രമേയമായ ഭക്ഷണത്തിലെ വൈവിധ്യവും ആവശ്യത്തിന് പ്രോട്ടീനും എന്നതിൽ, ലഭ്യമായ പ്രാദേശിക ചേരുവകൾ ഉപയോഗിച്ച് ആരോഗ്യകരമായ ഭക്ഷണക്രമം തയ്യാറാക്കുന്നത് എങ്ങനെയെന്ന് അങ്കണവാടികളിൽ തത്സമയം കാണിച്ചുകൊടുക്കും. കൂടാതെ, ദിനംപ്രതിയുള്ള ഭക്ഷണത്തിൽ സസ്യ-ജന്തുജന്യ പ്രോട്ടീനുകൾ ഉൾപ്പെടുത്തുന്നതിനുള്ള പ്രായോഗിക വഴികളും സമീകൃതാഹാരവും പ്രോത്സാഹിപ്പിക്കുന്നതിനായി പോഷൺ മേളകളും 'പ്രോട്ടീൻ സമ്പുഷ്ട ഭക്ഷണ' പ്രചാരണങ്ങളും സംഘടിപ്പിക്കും.
ഇതുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രമേയമായ അങ്കണവാടികളിൽ പുതിയ ചൂടുള്ള പാകം ചെയ്ത ഭക്ഷണം എന്നതിലൂടെ, ചെറുധാന്യങ്ങൾ, ചെറുപയർ വർഗ്ഗങ്ങൾ, പ്രാദേശിക പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് ആഴ്ചതോറുമുള്ള ഭക്ഷണക്രമം നടപ്പിലാക്കാൻ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പ്രോത്സാഹിപ്പിക്കും. മാതാപിതാക്കൾ, പഞ്ചായത്തുകൾ, കുടുംബശ്രീ/സ്വയംസഹായ സംഘങ്ങൾ, അങ്കണവാടി പരിപാലന സമിതികൾ (AMCs) എന്നിവരെ പങ്കാളികളാക്കി പാചക പ്രദർശനങ്ങളും ഭക്ഷണ രുചിപരിശോധനകളും നടത്തും.
സേവന വിതരണത്തിൽ കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി സാമൂഹിക ഉടമസ്ഥതയും ഉത്തരവാദിത്തവും മൂന്നാമത്തെ പ്രധാന പ്രമേയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 2026 ജൂൺ 25-ന് മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി എല്ലാ അങ്കണവാടികളിലും അങ്കണവാടി പരിപാലന സമിതികളുടെ രൂപീകരണവും പ്രവർത്തനവും വേഗത്തിലാക്കാൻ ഇത് സഹായിക്കും. പോഷൺ മാസത്തിന്റെ ഭാഗമായി, സേവന ലഭ്യത വിലയിരുത്തുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി ഓരോ അങ്കണവാടിയിലും കുറഞ്ഞത് ഒരു അങ്കണവാടി മാനേജ്‌മെന്റ് കമ്മിറ്റി യോഗമെങ്കിലും ചേരും. ദിനംപ്രതിയുള്ള ഭക്ഷണവിവരങ്ങളും അവകാശങ്ങളും എല്ലാവർക്കും കാണാൻ കഴിയുന്ന രീതിയിലുള്ള SNP മെനു ബോർഡുകൾ അങ്കണവാടികളിൽ പ്രദർശിപ്പിക്കുകയും ഭക്ഷണത്തിന്റെ ഗുണനിലവാരം മാതൃസമിതികളും അങ്കണവാടി പരിപാലന സമിതികളും നിരീക്ഷിക്കുകയും ചെയ്യും.
ഒരു കുട്ടി കഴിക്കുന്ന ഭക്ഷണമാണ് അവന്റെ പഠനത്തെ രൂപപ്പെടുത്തുന്നത് എന്ന തിരിച്ചറിവോടെ, പോഷൺ മാസത്തിന്റെ നാലാമത്തെ പ്രമേയമായ "കുട്ടികളുടെ വികസനത്തിനായുള്ള പോഷകാഹാരം, ആദ്യകാല പരിചരണം, വിദ്യാഭ്യാസം" എന്നത് കുട്ടികളുടെ ആദ്യകാല ആരോഗ്യവും വികസനവും പഠനവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 0 മുതൽ 3 വയസ്സ് വരെയുള്ള കുട്ടികൾക്കായി, 'നവ്ചേതന' മാർഗ്ഗരേഖയുടെയും പരിഷ്കരിച്ച ഗൃഹസന്ദർശന പട്ടികയുടെയും സഹായത്തോടെ അങ്കണവാടി പ്രവർത്തകർ വീടുകൾ സന്ദർശിക്കുകയും, കുട്ടികളുടെ പ്രായത്തിനനുയോജ്യമായ പരിചരണ സന്ദേശങ്ങൾ നൽകുകയും 34 വളർച്ചാ ഘട്ടങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. പോഷൺ മാസത്തിൽ 0-3 വയസ്സുള്ള എല്ലാ കുട്ടികളുടെയും വളർച്ചാ ഘട്ടങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക തീവ്രയജ്ഞം നടത്തുകയും, വിദഗ്ദ്ധ പിന്തുണ ആവശ്യമുള്ള കുട്ടികളെ ആരോഗ്യ വകുപ്പുമായും 'രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രമ'വുമായും (RBSK) ചേർന്ന് വില്ലേജ് ഹെൽത്ത് സാനിറ്റേഷൻ ആൻഡ് ന്യൂട്രിഷൻ ദിനങ്ങളിൽ (VHSND) മറ്റ് ചികിത്സകൾക്കായി ഉടനടി റഫർ ചെയ്യുകയും ചെയ്യും. 3 മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി 'ആധാർശില' പദ്ധതിയിലൂടെയും കളികളിലൂടെയുള്ള ബോധന രീതിയിലൂടെയും അങ്കണവാടികൾ ആദ്യകാല പഠനം ഉറപ്പാക്കുന്നു. പോഷൺ മാസത്തിന്റെ ഭാഗമായി എല്ലാ അങ്കണവാടികളിലും 3-6 വയസ്സുള്ള കുട്ടികളുടെ പഠനവളർച്ച കാണിക്കുന്നതിനായി രക്ഷാകർതൃ-ശിശു പ്രവർത്തനങ്ങളോടെ ബാല്യകാല പരിചരണ-വിദ്യാഭ്യാസ ECCE ദിനം ആഘോഷിക്കും. കൂടാതെ 5-6 വയസ്സുള്ള കുട്ടികൾക്കായി തൊട്ടടുത്തുള്ള ഗവണ്മെന്റ് പ്രൈമറി സ്കൂളുകളിലേക്ക് പഠന സന്ദർശനങ്ങൾ സംഘടിപ്പിക്കുകയും, കളിപ്പാട്ടങ്ങളും പഠനസാമഗ്രികളും ശേഖരിക്കുന്നതിനായി ജനകീയ പങ്കാളിത്തത്തോടെയുള്ള ഡ്രൈവുകൾ നടത്തുകയും ചെയ്യും. പോഷകാഹാരത്തെയും ശിശുപരിപാലനത്തെയും കുറിച്ച് സാമൂഹ്യ ക്വിസ് മത്സരങ്ങളും, പരമ്പരാഗത ശിശുപരിപാലന രീതികൾ, നവജാതശിശു പരിചരണം, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിലുള്ള ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണ വീഡിയോ പ്രദർശനങ്ങളും അങ്കണവാടികളിൽ നടക്കും.
അഞ്ചാമത്തെ പ്രമേയത്തിനനുസരണമായി പ്രധാന പ്രസവാനുകൂല്യ പദ്ധതിയായ 'പ്രധാൻമന്ത്രി മാതൃ വന്ദന യോജന'യുടെ (PMMVY) 10-ാം വാർഷികം ആഘോഷിക്കും. അർഹരായ എല്ലാ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും പദ്ധതിയിൽ 100% വും ഉൾപ്പെടുത്തുകയും, ബാങ്ക് അക്കൗണ്ടുകാലിലേക്ക് നേരിട്ടുള്ള ധനസഹായ കൈമാറ്റം വേഗത്തിലാക്കുകയും, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി ഒരു PMMVY ടൂൾകിറ്റ് പുറത്തിറക്കുകയും ചെയ്യും.
ഉദ്ഘാടന ചടങ്ങിലെ കാര്യ പരിപാടികൾ : വിശിഷ്ടാതിഥികൾ പോഷൺ മേള സന്ദർശിക്കുകയും ഭദ്രദീപം കൊളുത്തുകയും ചെയ്യുന്നതോടെ ചടങ്ങുകൾ ആരംഭിക്കും. ചൂടുള്ള പാകം ചെയ്ത ഭക്ഷണം, ടേക്ക് ഹോം റേഷൻ, ഗൃഹസന്ദർശനം, ECCE എന്നിവയെക്കുറിച്ചുള്ള ഗുണഭോക്താക്കളുടെ അനുഭവ വീഡിയോകൾ പ്രദർശിപ്പിക്കും. തുടർന്ന് കേന്ദ്രമന്ത്രിയും അങ്കണവാടി പ്രവർത്തകരും തമ്മിലുള്ള തത്സമയ സംവാദം നടക്കും. PMMVY-യുടെ 10 വർഷവും പോഷൺ മാസം 2026-ന്റെ ഉദ്ഘാടനവും അടയാളപ്പെടുത്തുന്ന ഹ്രസ്വചിത്രങ്ങൾ പ്രദർശിപ്പിച്ച ശേഷം അതിഥികൾ ഔദ്യോഗികമായി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യും.
കുട്ടികൾക്ക് പോഷകസമൃദ്ധമായ ആഹാരം ലഭ്യമാക്കുക എന്നത് ഓരോ പൗരന്റെയും കൂട്ടായ ഉത്തരവാദിത്തവും വികസിത ഭാരതത്തിന്റെ ശക്തമായ അടിത്തറയുമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും അങ്കണവാടികൾ, സ്കൂളുകൾ, പഞ്ചായത്തുകൾ, വീടുകൾ എന്നിവ കേന്ദ്രീകരിച്ച് ദേശീയ പോഷൺ മാസം 2026 ആചരിക്കുക.
***
SK
( റിലീസ് ഐ.ഡി: 2307385)
സന്ദര്‍ശക കൗണ്ടര്‍ : 7