രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി ദ്രൗപദി മുർമു അധ്യാപകർക്ക് ദേശീയ പുരസ്കാരങ്ങൾ സമ്മാനിച്ചു
പോസ്റ്റഡ് ഓണ്‍:
05 SEP 2026 3:09PM by PIB Thiruvananthpuram
അധ്യാപക ദിനത്തിൽ ന്യൂഡൽഹിയിൽ ഇന്ന് (2026 സെപ്റ്റംബർ 5) നടന്ന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അധ്യാപകർക്ക് ദേശീയ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി, നമ്മുടെ ഭരണഘടന ഉറപ്പുനൽകുന്ന തുല്യാവസരം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വിദ്യാഭ്യാസമാണെന്ന് വ്യക്തമാക്കി. പ്രാഥമിക വിദ്യാലയങ്ങളിൽ കുട്ടികളുടെ കൊഴിഞ്ഞുപോക്കിൻ്റെ തോത് വളരെ കുറയ്ക്കാൻ സാധിച്ചത് അധ്യാപകരുടെ നിരന്തരമായ പരിശ്രമത്തിലൂടെയാണെന്ന് അവർ പറഞ്ഞു. ഈ ദേശീയ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാ അധ്യാപകരെയും രാഷ്ട്രപതി അഭിനന്ദിച്ചു.


സ്കൂൾ വിദ്യാഭ്യാസമാണ് വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ അടിത്തറയെന്ന് പറഞ്ഞ രാഷ്ട്രപതി, വിജ്ഞാനവും കഴിവുകളും ഏതു പ്രായത്തിലും സ്വായത്തമാക്കാൻ സാധിക്കുമെങ്കിലും, കുട്ടിക്കാലത്ത് തന്നെ നല്ല പെരുമാറ്റം പകർന്നു നൽകുന്നതാണ് സ്വഭാവ രൂപീകരണത്തിന് കൂടുതൽ ഫലപ്രദമെന്നും അഭിപ്രായപ്പെട്ടു. താഴ്ന്ന ക്ലാസുകളിലെ കുട്ടികളുടെ ബൗദ്ധികവും ശാരീരികവും ധാർമ്മികവുമായ വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ, നമ്മുടെ അധ്യാപകർക്ക് മികച്ച വിദ്യാർത്ഥികളും കർത്തവ്യബോധമുള്ള പൗരന്മാരും അടങ്ങുന്ന ഒരു ഭാവി തലമുറയെ വാർത്തെടുക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.


മിക്ക വിദ്യാർത്ഥികളും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നാണ് വരുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു; ചിലർ കുടുംബത്തിൽ നിന്ന് ആദ്യമായി പഠിക്കാൻ എത്തുന്നവരാണെങ്കിൽ മറ്റു ചിലർ സാധാരണ ഗ്രാമീണ വിദ്യാലയങ്ങളിൽ നിന്ന് വലിയ നഗരങ്ങളിലെ സ്കൂളുകളിലേക്ക് മാറുന്നവരാണ്. മറ്റു ചിലർ ജന്മനാ നാണക്കാരാണെങ്കിൽ വേറേ ചിലർ അപാരമായ കഴിവുണ്ടെങ്കിലും ആത്മവിശ്വാസക്കുറവുള്ളവരാണ്. എന്നാൽ ഇതിലൊന്നും പെടാത്ത പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും സ്കൂളുകളിലേയ്ക്ക് വരുന്നുണ്ട്. ഏതെങ്കിലും കാരണത്താൽ അപകർഷതാബോധം തോന്നുന്ന അത്തരം എല്ലാ വിദ്യാർത്ഥികളിലും ആത്മവിശ്വാസം വളർത്തുകയും അവരെ ഉയർത്തിക്കൊണ്ടുവരികയും ചെയ്യുകയെന്നത് അധ്യാപകരുടെ സവിശേഷ ഉത്തരവാദിത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു.

രാജ്യത്തിൻ്റെ വികസനത്തിൽ അക്കാദമിക മികവ്, നൈപുണ്യ വികസനം, സംരംഭകത്വം എന്നിവയ്ക്ക് അതീവ പ്രാധാന്യമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയെ ലോകത്തിൻ്റെ നൈപുണ്യ തലസ്ഥാനമാക്കി ഉയർത്തുന്നതും രാജ്യത്തെ ഒരു വിജ്ഞാന സൂപ്പർ പവറായി മാറ്റുന്നതും നമ്മുടെ ദേശീയ മുൻഗണനകളിൽപ്പെട്ട കാര്യമാണെന്നും അവർ വ്യക്തമാക്കി.

വികസിത ഇന്ത്യ എന്ന ലക്ഷ്യ സാക്ഷാത്ക്കാരത്തിനായി നമ്മൾ മുന്നേറുകയാണെന്നും ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂവെന്നും രാഷ്ട്രപതി പറഞ്ഞു. നമ്മുടെ അധ്യാപകരാണ് വിദ്യാഭ്യാസ സമ്പ്രദായത്തിന് ജീവൻ നൽകുന്നത്. നമ്മുടെ രാജ്യത്തെ ഒരു വിദ്യാർത്ഥിക്ക് പോലും ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ നമ്മൾ പരമാവധി ശ്രമിക്കണം. അധ്യാപകർ തങ്ങളുടെ സ്നേഹത്തിലൂടെയും സമർപ്പണത്തിലൂടെയും എല്ലാ വിദ്യാർത്ഥികളിലും അറിവ്, പ്രചോദനം, ധാർമ്മികത, സഹാനുഭൂതി എന്നിവ വളർത്തിയെടുക്കാൻ മുന്നോട്ടുവരണമെന്നും ശ്രീമതി മുർമു ആവർത്തിച്ച് വ്യക്തമാക്കി.
രാഷ്ട്രപതിയുടെ പ്രസംഗം പൂർണ്ണമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
***
( റിലീസ് ഐ.ഡി: 2307078)
സന്ദര്‍ശക കൗണ്ടര്‍ : 4
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada