തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

2026 ലെ EPF സ്കീമിലെ പൊതുമാപ്പ് (ആംനസ്റ്റി) വ്യവസ്ഥകൾ പ്രകാരം പിഎഫ് ട്രസ്റ്റുകൾക്ക് അവരുടെ എക്സംപ്റ്റ് സ്റ്റാറ്റസ് ഔദ്യോഗികമായി ക്രമവത്ക്കരിക്കാൻ കഴിയും.

ഗുണഭോക്താക്കളിൽ നിന്ന് EPFO അപേക്ഷകൾ ക്ഷണിക്കുന്നു

പോസ്റ്റഡ് ഓണ്‍: 02 SEP 2026 1:05PM by PIB Thiruvananthpuram

29.06.2026-ന് വിജ്ഞാപനം ചെയ്ത എംപ്ലോയീസ് പ്രൊവിഡൻ്റ്  ഫണ്ട് (EPF) സ്കീം, 2026-ൽ ഒരു പരിവർത്തന നടപടിയായി ആംനസ്റ്റി വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 1961-ലെ ആദായനികുതി നിയമപ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ളതും, എന്നാൽ 1952-ലെ എംപ്ലോയീസ് പ്രൊവിഡൻ്റ്  ഫണ്ട്സ് ആൻഡ് മിസലേനിയസ് പ്രൊവിഷൻസ് (EPF & MP) ആക്ടിൻ്റെ   സെക്ഷൻ 17 അല്ലെങ്കിൽ 2020-ലെ സാമൂഹ്യ സുരക്ഷാ കോഡ്  (CoSS) സെക്ഷൻ 143 പ്രകാരം ഔപചാരിക ഇളവ് ഉത്തരവ് ലഭിച്ചിട്ടില്ലാത്തതുമായ പ്രൊവിഡൻ്റ്  ഫണ്ട് (PF) ട്രസ്റ്റുകൾക്ക്, അവരുടെ എക്സംപ്റ്റ് സ്റ്റാറ്റസ് മുൻകാല പ്രാബല്യത്തോടെ ക്രമപ്പെടുത്തുന്നതിനുള്ള ഒറ്റത്തവണ അവസരമാണ് ഈ ആംനസ്റ്റി വ്യവസ്ഥകൾ നൽകുന്നത്.

പൊതുമാപ്പിന് (ആംനസ്റ്റി) അപേക്ഷിക്കേണ്ട രീതി, നടപടിക്രമപരമായ ആവശ്യകതകൾ തുടങ്ങിയവ ഉൾപ്പെടെയുള്ള വിശദമായ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ 11.07.2026-ന് പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. വിജ്ഞാപനം പുറപ്പെടുവിച്ച തീയതി മുതൽ ആറ് മാസത്തേക്കാണ് ആംനസ്റ്റി വ്യവസ്ഥകൾ പ്രാബല്യത്തിലുള്ളത്, അതായത് 28.12.2026 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്. എക്സംപ്റ്റ് സ്റ്റാറ്റസിൻ്റെ   മുൻകാല പ്രാബല്യത്തോടെയുള്ള റെഗുലറൈസേഷനു പുറമേ, 2020-ലെ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (CoSS) പ്രകാരം നിർദ്ദേശിച്ചിട്ടുള്ള കുറഞ്ഞ ജീവനക്കാരുടെ എണ്ണം, കുറഞ്ഞ കോർപ്പസ് തുക, മൂന്ന് വർഷത്തെ അനുവർത്തന വ്യവസ്ഥ എന്നിവ ഉൾപ്പെടെയുള്ള ചില നിബന്ധനകളിൽ നിന്നും PF ട്രസ്റ്റുകൾക്ക് ഇളവ് ലഭിക്കും. PF ട്രസ്റ്റിൻ്റെ   എക്സംപ്റ്റ് സ്റ്റാറ്റസ് മുൻകാല പ്രാബല്യത്തോടെ ക്രമവത്ക്കരിച്ച ശേഷം, ബന്ധപ്പെട്ട സ്ഥാപനത്തിന് എക്സംപ്റ്റ് സ്ഥാപനമായി (PF ട്രസ്റ്റ് മുഖേന PF കൈകാര്യം ചെയ്യുന്ന സ്ഥാപനം) തുടരുകയോ, അല്ലെങ്കിൽ അൺഎക്സംപ്റ്റ് സ്ഥാപനമായി (സാധാരണ EPFO സംവിധാനം പിന്തുടരുന്ന സ്ഥാപനം) തുടരുകയോ ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കും.

എംപ്ലോയീസ് പ്രൊവിഡൻ്റ്  ഫണ്ട് ഓർഗനൈസേഷൻ (EPFO), ആംനസ്റ്റി വ്യവസ്ഥകളെക്കുറിച്ച് അപേക്ഷകർക്ക് ആവശ്യമായ ബോധവത്ക്കരണം നൽകുന്നതിനും, അപേക്ഷാ നടപടിക്രമം ഉൾപ്പെടെയുള്ള മുഴുവൻ പ്രക്രിയയിലും ഫീൽഡ് ഓഫീസുകൾ മുഖേന ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി വിവിധ നടപടികൾ സ്വീകരിച്ചുവരുന്നു. ഇതിൻ്റെ   ഭാഗമായി, പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പങ്കാളികളുമായി EPFO നിലവിൽ ആശയവിനിമയവും ഏകോപനവും നടത്തിവരികയാണ്. ഇതിൻ്റെ   ഭാഗമായി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളുമായി EPFO ബന്ധപ്പെട്ടിട്ടുണ്ട്. ICAI-യിലെ അംഗങ്ങളായ ചാർട്ടേഡ് അക്കൗണ്ടൻ്റുമാർ (CAs) നിരവധി സ്ഥാപനങ്ങളുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റും ഇൻകം ടാക്സ് ഓഡിറ്റും നിർവഹിക്കുന്നവരാണ്. ഇവരിൽ പലർക്കും PF ട്രസ്റ്റുകൾ രൂപീകരിച്ചിട്ടുള്ള സ്ഥാപനങ്ങളെ തിരിച്ചറിയാനും, ആംനസ്റ്റി പദ്ധതി പ്രയോജനപ്പെടുത്താൻ സാധ്യതയുള്ള PF ട്രസ്റ്റുകളെ കണ്ടെത്താനും കഴിയും. അതിനാൽ, ആംനസ്റ്റി വ്യവസ്ഥകൾ തങ്ങളുടെ അംഗങ്ങൾക്കിടയിൽ പ്രചരിപ്പിച്ച്, അർഹരായ PF ട്രസ്റ്റുകളിൽ നിന്ന് പദ്ധതിക്ക് മികച്ച പ്രതികരണം ഉറപ്പാക്കുന്നതിനായി EPFO, ICAI-യോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിന് പുറമെ, EPFO-യുടെ ഉത്തർപ്രദേശ് സോണൽ ഓഫീസ്, കൊൽക്കത്ത സോണൽ ഓഫീസ് എന്നിവയുൾപ്പെടെയുള്ള ഫീൽഡ് ഓഫീസുകൾ ബന്ധപ്പെട്ട പങ്കാളികളുമായി ചേർന്ന് സെമിനാറുകളും ശില്പശാലകളും സംഘടിപ്പിച്ച് ആംനസ്റ്റി പദ്ധതിയെക്കുറിച്ച് ബോധവൽക്കരണവും മാർഗ്ഗനിർദ്ദേശവും നൽകിവരുന്നു.

കൂടാതെ, ആദായനികുതി നിയമപ്രകാരം അംഗീകാരം ലഭിച്ചിട്ടുള്ള PF ട്രസ്റ്റുകളുടെ വിശദാംശങ്ങൾ ലഭ്യമാക്കുന്നതിനായി EPFO, ആദായനികുതി വകുപ്പിനെ സമീപിച്ചിട്ടുണ്ട്. ആദായനികുതി നിയമപ്രകാരം ഒരു PF ട്രസ്റ്റിന് അംഗീകാരം നൽകുന്നതിന് മുമ്പ്, ബന്ധപ്പെട്ട സ്ഥാപനം 1952-ലെ EPF & MP ആക്ട് അല്ലെങ്കിൽ 2020-ലെ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി (CoSS) പ്രകാരം EPF പരിരക്ഷയ്ക്ക് വിധേയമാണോ എന്നും, ആവശ്യമായ ഇളവ് ലഭിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണമെന്നാണ് EPFO ആവശ്യപ്പെട്ടിരിക്കുന്നത്. അതോടൊപ്പം, EPFO-യിൽ നിന്ന് ഔപചാരികമായ ഇളവ് ഉത്തരവ് ലഭിച്ചിട്ടില്ലാത്ത PF ട്രസ്റ്റുകൾക്ക് നിലവിൽ ആദായനികുതി നിയമപ്രകാരം നൽകിയിട്ടുള്ള അംഗീകാരം പിൻവലിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും EPFO ആദായനികുതി വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

11.07.2026 ലെ EPFO സർക്കുലറിൽ പറഞ്ഞിരിക്കുന്ന വിശദാംശങ്ങൾ അനുസരിച്ച് സ്ഥാപനങ്ങളുടെ PF ട്രസ്റ്റുകൾക്ക് പൊതുമാപ്പ് പദ്ധതിക്ക് അപേക്ഷിക്കാം.(https://www.epfo.gov.in EPFO എന്ന വെബ്സൈറ്റിൽ ഇത് ലഭ്യമാണ്)

****


( റിലീസ് ഐ.ഡി: 2305975) സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക: Gujarati , English , Urdu , हिन्दी , Manipuri , Kannada