ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
azadi ka amrit mahotsav

ശക്തമായ സുരക്ഷാ സംവിധാനങ്ങൾ, തത്സമയ നിരീക്ഷണ സൗകര്യം എന്നിവയുടെ പിന്തുണയോടെ രാജ്യവ്യാപകമായി നീറ്റ്-പിജി 2026 പരീക്ഷ വിജയകരമായി നടത്തി

പോസ്റ്റഡ് ഓണ്‍: 30 AUG 2026 1:56PM by PIB Thiruvananthpuram
നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് സംഘടിപ്പിച്ച നീറ്റ്-പിജി 2026 (NEET-PG 2026) പരീക്ഷ ഇന്ന്, 2026 ഓഗസ്റ്റ് 30-ന് രാജ്യവ്യാപകമായി വിജയകരമായി നടത്തി.ന്യായവും സുരക്ഷിതവും സുഗമവുമായ പരീക്ഷാ പ്രക്രിയ ഉറപ്പാക്കുന്നതിനായുള്ള സമഗ്രമായ ലോജിസ്റ്റിക്, സാങ്കേതിക, സുരക്ഷാ, മനുഷ്യവിഭവശേഷി ക്രമീകരണങ്ങളുടെ പിന്തുണയോടെയാണ് പരീക്ഷ നടത്തിയത്.
എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 339 നഗരങ്ങളിലായി 1,111 പരീക്ഷാ കേന്ദ്രങ്ങളിൽ 2,73,096 അപേക്ഷകർക്കാണ് പരീക്ഷ നിശ്ചയിച്ചിരുന്നത്. ആകെ 2,65,980 ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതിയതിൽ ഏകദേശം 2,63,535 ഉദ്യോഗാത്ഥികൾ പരീക്ഷ വിജയകരമായി പൂർത്തിയാക്കി.
 
വിപുലമായ തത്സമയ നിരീക്ഷണവും കർശനമായ സുരക്ഷാ നടപടികളും രാജ്യവ്യാപകമായി നടന്ന ഈ പരീക്ഷയ്ക്ക് പിന്തുണയേകി. പരീക്ഷാ നടത്തിപ്പിന് മേൽനോട്ടം വഹിക്കുന്നതിനായി 2,527 ഫാക്കൽറ്റി അംഗങ്ങളെ സ്വതന്ത്ര മേൽനോട്ടത്തിന് നിയമിച്ചു. കൂടാതെ, ഡീൻമാർ, ഡയറക്ടർമാർ, മെഡിക്കൽ സൂപ്രണ്ടുമാർ, സീനിയർ പ്രൊഫസർമാർ എന്നിവരുൾപ്പെടെ 700-ലധികം മുതിർന്ന ഫാക്കൽറ്റി അംഗങ്ങളെ ഫ്ലയിംഗ് സ്ക്വാഡ് അംഗങ്ങളായി നിയോഗിച്ചു.
 
ഏകോപനവും നിരീക്ഷണവും ശക്തമാക്കുന്നതിന് രാജ്യത്തുടനീളം 16 NBEMS പ്രാദേശിക കമാൻഡ് സെൻ്ററുകൾ പ്രവർത്തിച്ചു.
പരീക്ഷാ കേന്ദ്രങ്ങളിൽ ലൈവ് സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു, ഇത് ദ്വാരകയിലുള്ള NBEMS ആസ്ഥാനത്തെ കമാൻഡ് സെൻ്ററിൽ നിന്ന് തുടർച്ചയായി നിരീക്ഷിച്ചു. തത്സമയ നിരീക്ഷണത്തിനും മേൽനോട്ടത്തിനുമായി NBEMS, TCS എന്നിവയിൽ നിന്നുള്ള 190 ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ചു.
 
NBEMS ആസ്ഥാനത്തെ കമാൻഡ് സെൻ്ററിൽ, NBEMS, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, BEL, ECIL, TCS എന്നിവയിലെ ഉദ്യോഗസ്ഥർ പരീക്ഷാ നടപടികളുടെ അടുത്ത നിരീക്ഷണം ഉറപ്പാക്കി.
പരീക്ഷാ സുരക്ഷ കൂടുതൽ ശക്തമാക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനുമുള്ള നടപടികളുടെ ഭാഗമായി പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ ആധാർ അധിഷ്ഠിത പരിശോധന വിജയകരമായി നടത്തി. പരീക്ഷ സുരക്ഷിതമായും ക്രമമായും നടത്തുന്നതിന് ഗവൺമെൻ്റ്  ഏജൻസികൾ പൂർണ പിന്തുണ നൽകി.
 
രാജ്യത്തുടനീളമുള്ള ഭൂരിഭാഗം ഉദ്യോഗാർത്ഥികൾക്കും പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും, രാജസ്ഥാനിലെ ജയ്പൂരിലുള്ള ഐ.ഓൺ ഡിജിറ്റൽ സോൺ ഐ ഡി സി സിതാപുര സെൻ്ററുകളിൽ (TC Nos. 41682, 41683) അപ്രതീക്ഷിത സാങ്കേതിക തടസ്സം നേരിട്ടു. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ M/s TCS Ltd.-ൻ്റെ  ഭാഗത്തുനിന്നുണ്ടായ ആഭ്യന്തര വൈദുതി വിതരണ പ്രശ്നങ്ങൾ കാരണം അവിടെയുള്ള 2,445 ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ പൂർത്തിയാക്കാൻ സാധിച്ചില്ല.
 
ഇത് മൂലം പരീക്ഷാർഥികൾക്കുണ്ടായ ബുദ്ധിമുട്ടിൽ NBEMS ആത്മാർത്ഥമായി ഖേദിക്കുകയും, നീറ്റ്-പിജി 2026-ൽ പങ്കെടുക്കാൻ അവർക്ക് ന്യായമായ അവസരം ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച്, ബാധിക്കപ്പെട്ട എല്ലാ ഉദ്യോഗാർത്ഥികൾക്കുമുള്ള പുനഃപരീക്ഷ 2026 സെപ്റ്റംബർ 5 ശനിയാഴ്ച വൈകുന്നേരം 3:00 മണിക്ക് രാജസ്ഥാനിലെ ജയ്പൂരിൽ നടത്തുന്നതാണ്. പരീക്ഷാ കേന്ദ്രത്തിൻ്റെ  വിവരങ്ങളും മറ്റ് നിർദ്ദേശങ്ങളും പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികളെ പ്രത്യേകം അറിയിക്കും.
 
339 നഗരങ്ങളിലെ 1,111 കേന്ദ്രങ്ങളിൽ പരീക്ഷ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചത് പരീക്ഷാ അധികൃതർ, മെഡിക്കൽ സ്ഥാപനങ്ങൾ, അധ്യാപകർ, സുരക്ഷാ ഏജൻസികൾ, സാങ്കേതിക സംഘങ്ങൾ, മറ്റ് പങ്കാളികൾ എന്നിവർക്കിടയിലുള്ള വിപുലമായ ഏകോപനത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ സഹകരണത്തെയും ക്ഷമയെയും വിശ്വാസത്തെയും NBEMS അഭിനന്ദിക്കുകയും, നീറ്റ്-പിജി 2026 നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥാപനങ്ങളുടെയും സമർപ്പിത ശ്രമങ്ങളെ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.
 
****

( റിലീസ് ഐ.ഡി: 2304671) സന്ദര്‍ശക കൗണ്ടര്‍ : 14
ഈ റിലീസ് വായിക്കുക: English , Gujarati , Urdu , हिन्दी , Marathi , Assamese , Telugu , Kannada