റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് സുരക്ഷിതവും ശുദ്ധവുമായ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിനായി കുടിവെള്ള ടാങ്കുകളും ഫിൽട്രേഷൻ സംവിധാനങ്ങളും വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള പ്രത്യേക ശുചിത്വ യജ്ഞത്തിന് ഇന്ത്യൻ റെയിൽവേ തുടക്കം കുറിച്ചു.
ഇന്ത്യൻ റെയിൽവേയിലുടനീളം കുടിവെള്ളത്തിന്റെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനുള്ള സമഗ്ര കർമ്മപദ്ധതിയുടെ ഭാഗമാണ് ഈ ഉദ്യമം. പൈപ്പിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ പരിശോധനയെ മാത്രം ആശ്രയിക്കാതെ, ജലസ്രോതസ്സിലും ഉപയോഗിക്കുന്ന സ്ഥലത്തും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനൊപ്പം കുടിവെള്ള വിതരണ സംവിധാനത്തിന്റെയാകെ നിരന്തര പരിശോധനയ്ക്കും പരിപാലനത്തിനും ഈ കർമ്മപദ്ധതി ഊന്നൽ നൽകുന്നു.
ഈ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി, ജലസ്രോതസ്സുകൾ, ജലശുദ്ധീകരണ-ഫിൽട്രേഷൻ പ്ലാന്റുകൾ, ഭൂഗർഭ-ഓവർഹെഡ് ടാങ്കുകൾ, പി.വി.സി (PVC) ടാങ്കുകൾ, വാട്ടർ ബൂത്തുകൾ, ടാപ്പുകൾ, ശുദ്ധജല വിതരണ കേന്ദ്രങ്ങൾ എന്നിവ റെയിൽവേ സോണുകൾ അടിസ്ഥാനമാക്കി സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കും. എല്ലാ കുടിവെള്ള ടാങ്കുകളിലെയും നിലവിലുള്ള വെള്ളം മാറ്റി , ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത്, ടാങ്ക് കഴുകി അണുവിമുക്തമാക്കും. ടാങ്കുകൾക്ക് ഉറപ്പുള്ള അടപ്പുകൾ തയ്യാറാക്കുകയും, വായു സഞ്ചാരത്തിനുള്ള വെന്റുകളും ഓവർഫ്ലോ പോയിന്റുകളും പക്ഷികൾ, മൃഗങ്ങൾ, പായൽ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും
പരിഹാര നടപടികൾ ആവശ്യമുള്ള പ്രശ്നങ്ങളും ഈ യജ്ഞത്തിലൂടെ കണ്ടുപിടിക്കും. തകരാറിലായ ടാങ്കുകളും പൈപ്പ് ലൈനുകളും ഫിൽട്ടറുകളും ആവശ്യമുള്ളിടത്തെല്ലാം അറ്റകുറ്റപ്പണി നടത്തുകയോ മാറ്റുകയോ ചെയ്യും. ഒപ്പം കുടിവെള്ള സംവിധാനങ്ങളും കുടിവെള്ളമല്ലാത്ത മറ്റ് ആവശ്യങ്ങൾക്കുള്ള ജലസംവിധാനങ്ങളും തമ്മിൽ കലരുന്നില്ലെന്ന് (cross-connection) ഉറപ്പാക്കുകയും ചെയ്യും. വെള്ളം പാഴാകുന്നത് തടയുന്നതിനായി കുടിവെള്ള ശൃംഖലയുടെ ഭാഗമായ എല്ലാ പൈപ്പ് ലൈനുകളിലെയും ചോർച്ചകൾ പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
ജല ഗുണനിലവാര പരിപാലനം ശക്തിപ്പെടുത്തൽ:
സമഗ്ര കർമ്മപദ്ധതിയുടെ ഭാഗമായി, വാട്ടർ കൂളറുകളുടെയും ജലശുദ്ധീകരണ സംവിധാനങ്ങളുടെയും സമഗ്ര പരിശോധന നടത്തുവാൻ റെയിൽവേ ബോർഡ്, റെയിൽവേ സോണുകൾക്ക് നിർദ്ദേശം നൽകി. കൂളറുകളിലെ വാട്ടർ ടാങ്കുകൾ പൂർണ്ണമായി വൃത്തിയാക്കുകയും, കൂളറുകൾ, പൈപ്പ് ലൈനുകൾ, ടാപ്പുകൾ എന്നിവയിലെ ചോർച്ചകൾ ഉടൻ പരിഹരിക്കുകയും ചെയ്യും. കൂടാതെ, വാട്ടർ കൂളർ വിതരണ കേന്ദ്രങ്ങൾക്ക് ചുറ്റും 100 ശതമാനം ശുചിത്വം ഉറപ്പാക്കും .
വാട്ടർ കൂളറുകളിലെ യുവി/ആർഓ (UV/RO) ശുദ്ധീകരണ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ആവശ്യമായ സ്ഥലങ്ങളിൽ അവ ലഭ്യമാക്കുകയും ചെയ്യും. കൃത്യമായ ഇടവേളകളിൽ പരിപാലനം, സർവീസിംഗ്, ഓവർഹോളിംഗ്, ഫിൽട്ടർ കാൻഡിലുകളുടെയും മറ്റ് ഘടകങ്ങളുടെയും സമയബന്ധിതമായ മാറ്റം എന്നിവ നിശ്ചിത സമയങ്ങളിൽ നടപ്പിലാക്കും. നിലവിലെ അവസ്ഥയും ആവശ്യകതയും മുൻനിർത്തി പുതിയ യുവി/ആർഓ സംവിധാനങ്ങൾ സ്ഥാപിക്കുന്നതും തകരാറിലായവ മാറ്റുന്നതും മിഷൻ മോഡിൽ ഏറ്റെടുക്കും.
ഇത്തരം സൗകര്യങ്ങളിലൂടെ വിതരണം ചെയ്യുന്ന കുടിവെള്ളം ആവശ്യമായ സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വാട്ടർ വെൻഡിംഗ് മെഷീനുകൾക്കും (Water Vending Machines) ക്ലീനിംഗ്, ശുദ്ധീകരണം, ഗുണനിലവാര മാനദണ്ഡങ്ങൾ ബാധകമായിരിക്കും.
സാധ്യമാകുന്നിടത്തെല്ലാം സ്രോതസ്സുകൾ, ശുദ്ധീകരണത്തിന് ശേഷമെത്തിക്കുന്ന ഔട്ട്‌ലെറ്റുകൾ, ടാങ്കുകൾ, കൂളറുകൾ, വെൻഡിംഗ് മെഷീനുകൾ, തെരഞ്ഞെടുത്ത ടാപ്പുകൾ അല്ലെങ്കിൽ ബൂത്തുകൾ എന്നിവയുൾപ്പെടെ നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിന്നും ഉദ്യോഗസ്ഥർ ജല സാമ്പിളുകളെടുത്ത് ഭൗതിക, രാസ, ബാക്ടീരിയോളജിക്കൽ പരിശോധനകൾ നടത്തും. ദിവസേനയുള്ള റെസിഡ്യുവൽ ക്ലോറിൻ (residual-chlorine) നിരീക്ഷണവും നടത്തും. കൂടാതെ ആവശ്യമുള്ളിടത്ത് ഉടനടി വീണ്ടും ക്ലോറിനേഷൻ നടത്തുകയോ മറ്റ് പരിഹാര നടപടികൾ സ്വീകരിക്കുകയോ ചെയ്യും.
അടിസ്ഥാന സൗകര്യങ്ങളുടെ നിരീക്ഷണവും പരിഹാര നടപടികളും:
പുതിയ ഉപരിതല, ഭൂഗർഭ ടാങ്കുകളുടെ നിർമ്മാണത്തിനും പഴയവ മാറ്റുന്നതിനുമായി ഇതിനകം അനുമതി ലഭിച്ച പ്രവൃത്തികൾ കൃത്യമായി നിരീക്ഷിക്കാനും അവ വേഗത്തിലാക്കാനും റെയിൽവേ ബോർഡ് സോണൽ റെയിൽവേകൾക്ക് നിർദ്ദേശം നൽകി. ഇത്തരം അനുവദിച്ച പ്രവൃത്തികളുടെ ഒരു സംഗ്രഹം തയ്യാറാക്കുകയും, ആവശ്യമുള്ളിടത്ത് പുതിയ അനുമതികൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കുടിവെള്ള വിതരണ ശൃംഖലയുടെ വിവിധ ഘട്ടങ്ങളിലുണ്ടാകുന്ന മലിനീകരണം കണ്ടെത്താനും തടയാനുമായി, സ്രോതസ്സുകളിലും ടാപ്പുകളിലും ഉപയോഗിക്കാവുന്ന ഫിൽട്രേഷൻ ഉൾപ്പെടെയുള്ള അനുയോജ്യമായ അരിക്കൽ -ശുദ്ധീകരണ സംവിധാനങ്ങൾക്ക് രൂപം നൽകിവരുന്നു.
ഓരോ സ്റ്റേഷനിൽ നിന്നും കണ്ടെത്തിയ പ്രശ്നങ്ങളുടെയും സ്വീകരിച്ച പരിഹാര നടപടികളുടെയും വിവരങ്ങൾ സോണൽ റെയിൽവേകൾ സമർപ്പിക്കും. ഈ സംവിധാനം പോരായ്മകൾ വ്യവസ്ഥാപിതമായി നിരീക്ഷിക്കാൻ സഹായിക്കുകയും, പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.
റെയിൽവേ കോളനികളിലെയും ജോലിസ്ഥലങ്ങളിലെയും കുടിവെള്ള അടിസ്ഥാന സൗകര്യങ്ങൾക്കും സമാനമായ നടപടികൾ പ്രത്യേക കർമ്മപദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ഇതിലൂടെ യാത്രക്കാർക്ക് മാത്രമല്ല സുരക്ഷിതവും ശുചിത്വമുള്ളതുമായ കുടിവെള്ള ലഭ്യത ജീവനക്കാർക്കും മറ്റുള്ളവർക്കും ഉറപ്പാക്കുന്നു.
ഈ സംയോജിത നടപടികളിലൂടെ, കുടിവെള്ള വിതരണ സംവിധാനത്തിലുടനീളം മുൻകരുതൽ പരിശോധന, അടിസ്ഥാന സൗകര്യ പരിപാലനം, ശുചീകരണവും അണുനശീകരണവും, ജല ഗുണനിലവാര പരിശോധന, പരിഹാര നടപടിക്രമങ്ങൾ എന്നിവ ഇന്ത്യൻ റെയിൽവേ ശക്തിപ്പെടുത്തി വരുന്നു. യാത്രക്കാർക്കും റെയിൽവേ ജീവനക്കാർക്കും സുരക്ഷിതവും ശുദ്ധവും ശുചിത്വമുള്ളതുമായ കുടിവെള്ളത്തിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.