ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം
azadi ka amrit mahotsav

ഉത്സവകാലത്ത് പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചു

प्रविष्टि तिथि: 21 AUG 2026 5:28PM by PIB Thiruvananthpuram
രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി റീട്ടെയില്‍ വിപണിയില്‍ പഞ്ചസാര വിലയില്‍ ഗണ്യമായ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2026 ജൂലൈ 20ന് കിലോഗ്രാമിന് 48 രൂപ 18 പൈസ ആയിരുന്ന ശരാശരി വില ഓഗസ്റ്റ് 20 ആയപ്പോഴേക്കും 55 രൂപ 70 പൈസയായി ഉയര്‍ന്നു.

 നിലവിലെ സാഹചര്യം സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഉപഭോക്താക്കള്‍ക്ക് പഞ്ചസാരയുടെ ആവശ്യത്തിന് ലഭ്യതയും സ്ഥിരതയുള്ള വിലയും ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

പഞ്ചസാര വില വര്‍ദ്ധനയ്ക്ക് കാരണം എഥനോള്‍ ആണെന്ന വാദം ശരിയല്ല.

സമീപകാലത്തുണ്ടായ പഞ്ചസാര വിലവര്‍ദ്ധനവിന് കാരണം എഥനോള്‍ ഉല്‍പ്പാദനത്തിനായി പഞ്ചസാര വകമാറ്റി ഉപയോഗിച്ചതാണെന്ന് പറയുന്നത് ശരിയല്ല.

വാസ്തവത്തില്‍, എഥനോള്‍ ഉല്‍പ്പാദനത്തിനായി മാറ്റിവെക്കുന്ന പഞ്ചസാരയുടെ വിഹിതം 2022-23 ലെ 12%ല്‍ നിന്ന് 2025-26 ആയപ്പോഴേക്കും ഏകദേശം 9% ആയി കുറയുകയാണ് ചെയ്തത്. കൂടാതെ, രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന എഥനോളിന്റെ മുക്കാല്‍ ഭാഗത്തോളവും (ഏകദേശം 75%) ഇപ്പോള്‍ ധാന്യങ്ങളില്‍ നിന്നാണ്, പ്രത്യേകിച്ച് ചോളത്തില്‍ നിന്നാണ് നിര്‍മ്മിക്കുന്നത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഭ്യന്തര ഉല്‍പ്പാദനം, വരാനിരിക്കുന്ന ഉത്സവകാലം പ്രമാണിച്ചുള്ള വര്‍ദ്ധിച്ച ആവശ്യകത, കാലാവസ്ഥാ വ്യതിയാനം മൂലം കരിമ്പ് കൃഷിക്കുണ്ടായ നാശനഷ്ടങ്ങള്‍, ആഗോളതലത്തില്‍ പഞ്ചസാര ലഭ്യതയിലുണ്ടായ കുറവ്, വ്യവസായ രംഗത്തെ ചില വിഭാഗങ്ങളുടെ പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും ഉള്‍പ്പെടെയുള്ള വിവിധ ഘടകങ്ങളാണ്  നിലവിലെ പഞ്ചസാര വില വര്‍ദ്ധനവിന് കാരണം.

പഞ്ചസാര ഉല്‍പ്പാദനം പ്രാരംഭ കണക്കുകൂട്ടലുകളേക്കാള്‍ കുറവ്

കരിമ്പ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളുടെ ആദ്യ കണക്കുകൂട്ടല്‍ പ്രകാരം ഏകദേശം 343 എല്‍.എം.ടി  ഉല്‍പ്പാദനമാണ് പ്രതീക്ഷിച്ചിരുന്നതെങ്കില്‍, നിലവിലെ സീസണിലെ പഞ്ചസാര ഉല്‍പ്പാദനം ഏകദേശം 306 എല്‍.എം.ടി മാത്രമായിരിക്കുമെന്നാണ് വിലയിരുത്തല്‍.

കരിമ്പിനെ ബാധിക്കുന്ന ചോപ്പഴുകല്‍, ടോപ്പ് ബോറര്‍ എന്നീ രോഗങ്ങളും, അമിത മഴ മൂലമുണ്ടായ വെള്ളപ്പൊക്കവുമാണ് ഉല്‍പ്പാദനത്തെ ബാധിച്ചത്.

പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉല്‍പ്പാദനമാണെങ്കിലും, ഒക്ടോബറില്‍ പുതിയ കരിമ്പ് സംസ്‌കരണ സീസണ്‍  ആരംഭിക്കുന്നത് വരെ രാജ്യത്തെ ആഭ്യന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ആവശ്യമായ പഞ്ചസാര ശേഖരം നിലവിലുണ്ട്.


ആഗോളതലത്തിലും പഞ്ചസാര വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

പഞ്ചസാര ലഭ്യതയിലുണ്ടായ കുറവ് ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല, മറിച്ച് ഇതൊരു ആഗോള പ്രതിഭാസമാണ്.

2026-27 വര്‍ഷത്തില്‍ ആഗോളതലത്തില്‍ ഏകദേശം 33 എല്‍.എം.ടി  പഞ്ചസാരയുടെ ക്ഷാമമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പ്രതികൂല കാലാവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ ആഗോള ഉല്‍പ്പാദന പ്രതീക്ഷകളെ കൂടുതല്‍ ബാധിച്ചിട്ടുണ്ട്.

തല്‍ഫലമായി, അന്താരാഷ്ട്ര വിപണിയില്‍ പഞ്ചസാര വില ഗണ്യമായി വര്‍ധിച്ചു. 2026 ജൂണ്‍ 30ന് ടണ്ണിന് 474 ഡോളര്‍ ആയിരുന്ന വില 2026 ഓഗസ്റ്റ് 20 ആയപ്പോഴേക്കും 552 ഡോളറായി  ഉയര്‍ന്നു. രണ്ട് മാസത്തിനുള്ളില്‍ 16 ശതമാനത്തിലധികം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എഥനോള്‍ പദ്ധതി കര്‍ഷകരെ സഹായിക്കുകയും പഞ്ചസാര മില്ലുകളെ ശാക്തീകരിക്കുകയും ചെയ്തു.

ഇന്ത്യയില്‍ സാധാരണയായി പ്രതിവര്‍ഷം 320340 എല്‍.എം.ടി  പഞ്ചസാര ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. അതേസമയം, രാജ്യത്തെ ആഭ്യന്തര ഉപഭോഗം ഏകദേശം 280290 എല്‍.എം.ടി മാത്രമാണ്. ഉല്‍പ്പാദനം അധികമാകുന്ന വര്‍ഷങ്ങളില്‍, ഈ അധിക സ്‌റ്റോക്ക് പഞ്ചസാര മില്ലുകളുടെ ഫണ്ടുകള്‍ മരവിപ്പിക്കാനും കരിമ്പ് കര്‍ഷകര്‍ക്കുള്ള പണം നല്‍കുന്നത് വൈകാനും കാരണമായേക്കാം.

അധികമായി വരുന്ന പഞ്ചസാര എഥനോള്‍ നിര്‍മ്മാണത്തിനായി വകമാറ്റി ഉപയോഗിക്കുക വഴി ഈ ഘടനാപരമായ പ്രശ്‌നത്തിന് പരിഹാരം കാണാനും അതോടൊപ്പം പഞ്ചസാര മില്ലുകളുടെ സാമ്പത്തിക ഭദ്രത മെച്ചപ്പെടുത്താനും കഴിഞ്ഞു.


പ്രത്യക്ഷത്തില്‍ തന്നെ ഇതിന്റെ ഫലങ്ങള്‍ വ്യക്തമാണ്. 2026 ഓഗസ്റ്റ് 20 വരെയുള്ള കണക്കനുസരിച്ച്, 2025-26 സീസണിലെ കരിമ്പ് കുടിശ്ശികയുടെ 97 ശതമാനവും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു കഴിഞ്ഞു.

പഞ്ചസാര മില്ലുകളുടെ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സഹായിച്ചു. 2014നും 2021നും ഇടയില്‍ ഏകദേശം 14,600 കോടി രൂപ സബ്‌സിഡിയായി പഞ്ചസാര വ്യവസായത്തിന് നല്‍കിയിരുന്നെങ്കില്‍, 2021-22 ന് ശേഷം അത്തരം സബ്‌സിഡികളൊന്നും പ്രഖ്യാപിക്കേണ്ടി വന്നിട്ടില്ല.

അതേസമയം, ഉപഭോക്താക്കള്‍ക്കുള്ള പഞ്ചസാര വില ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 2024 ഓഗസ്റ്റിനും 2026 ജൂലൈയ്ക്കും ഇടയില്‍ പ്രതിവര്‍ഷം ഏകദേശം 3 ശതമാനം മാത്രമാണ് വില വര്‍ദ്ധിച്ചത്.

പൂഴ്ത്തിവെപ്പിനെതിരെയും വിതരണം വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.


ചില പഞ്ചസാര മില്ലുകളും വ്യാപാരികളും നടത്തുന്ന കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെപ്പുമാണ് അടുത്തിടെയുണ്ടായ വിലവര്‍ധനവിന് മറ്റൊരു കാരണമെന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്:

*2026 ഓഗസ്റ്റ് 1 മുതല്‍ നവംബര്‍ 30 വരെ രാജ്യത്തുടനീളമുള്ള പഞ്ചസാര വ്യാപാരികള്‍ക്ക് 400 ടണ്‍ സ്‌റ്റോക്ക് പരിധി ഏര്‍പ്പെടുത്തി.

*സെപ്റ്റംബര്‍ 1 മുതല്‍ വന്‍കിട ഉപഭോക്താക്കള്‍ക്ക്  15 ദിവസത്തെ ഉപഭോഗത്തിന് ആവശ്യമായതില്‍ കൂടുതല്‍ പഞ്ചസാര സ്‌റ്റോക്ക് കൈവശം വെക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

*പൂഴ്ത്തിവെപ്പും കൃത്രിമ ക്ഷാമവും തടയുന്നതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘങ്ങള്‍ മില്ലുകളില്‍ നേരിട്ടെത്തി പഞ്ചസാരയുടെ സ്‌റ്റോക്ക് പരിശോധിച്ചുവരുന്നു.

*ഒരു മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍, ആഭ്യന്തര വിപണിയിലെ ലഭ്യത വര്‍ധിപ്പിക്കുന്നതിനായി 10 എല്‍.എം.ടി  റോ ഷുഗര്‍  നികുതിരഹിതമായി ഇറക്കുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

*2026 ഒക്ടോബര്‍ 15 മുതല്‍ കരിമ്പ് സംസ്‌കരണ സീസണ്‍  ആരംഭിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും പഞ്ചസാര മില്ലുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സാധാരണ ഒക്ടോബറില്‍ ലഭിക്കുന്ന 34 എല്‍.എം.ടി ഉല്‍പ്പാദനം ഇതിലൂടെ 10 എല്‍.എം.ടിയില്‍ അധികമായി ഉയരുമെന്നും, ഉത്സവ സീസണില്‍ ലഭ്യത വര്‍ധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഉപഭോക്താക്കളുടെയും കരിമ്പ് കര്‍ഷകരുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പഞ്ചസാരയുടെ സ്‌റ്റോക്ക്, വില, വിപണിയിലെ രീതികള്‍ എന്നിവ സര്‍ക്കാര്‍ തുടര്‍ച്ചയായി നിരീക്ഷിക്കുകയും, കര്‍ഷകര്‍ക്കുള്ള കുടിശ്ശിക കൃത്യസമയത്ത് നല്‍കുന്നത് ഉറപ്പാക്കുകയും ചെയ്യും.  മാത്രമല്ല, പൂഴ്ത്തിവെപ്പും അനാവശ്യ വിലക്കയറ്റവും തടയാന്‍ ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ തുടര്‍ന്നും സ്വീകരിക്കും.
***

(रिलीज़ आईडी: 2302188) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Telugu , Kannada