വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗം 2026 ഓഗസ്റ്റ് 21-ന് ചേരും
प्रविष्टि तिथि:
20 AUG 2026 12:43PM by PIB Thiruvananthpuram
ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ 12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തിന് 2026 ഓഗസ്റ്റ് 21-ന് ഇന്ത്യ ആതിഥേയത്വം വഹിക്കും. വിവര-വിനിമയ സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പരിവർത്തനം, നൂതനാശയങ്ങൾ, പ്രതിരോധശേഷിയാര്‍ന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെ സഹകരണം ശക്തിപ്പെടുത്താന്‍ ബ്രിക്സ് അംഗരാജ്യങ്ങളിലെ കമ്യൂണിക്കേഷന്‍സ് മന്ത്രിമാരും മുതിർന്ന പ്രതിനിധികളും യോഗത്തിൽ ഒത്തുചേരും.
കേന്ദ്ര കമ്യൂണിക്കേഷന്‍സ് മന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ യോഗത്തിൽ അധ്യക്ഷനാകും.
"പ്രതിരോധം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവ കെട്ടിപ്പടുക്കാം" എന്ന ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയുടെ മുഖ്യ പ്രമേയത്തിനും "പ്രതിരോധശേഷിയാര്‍ന്ന ഭാവിയ്ക്ക് നൂതനാശയങ്ങളും സഹകരണവും പരിവർത്തനവും " എന്ന ഐസിടി കർമധാരയുടെ പ്രമേയത്തിനും കീഴിലാണ് യോഗം സംഘടിപ്പിക്കുന്നത്. എല്ലാവരെയും ഉൾക്കൊള്ളുന്നതും സുരക്ഷിതവും സുസ്ഥിരവുമായ ഡിജിറ്റൽ വികസനം പ്രോത്സാഹിപ്പിക്കാനും ബ്രിക്സ് രാജ്യങ്ങൾ തമ്മിലെ സാങ്കേതിക സഹകരണം ശക്തിപ്പെടുത്താനുമുള്ള ഇന്ത്യയുടെ പ്രതിബദ്ധത ഈ മുൻഗണനകൾ അടിവരയിടുന്നു.
വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങള്‍, ഭാവി നെറ്റ്‌വർക്കുകൾ, സൈബർ സുരക്ഷ, ശേഷി വികസനം, സമഗ്ര ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെക്കാൻ 12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗം അംഗരാജ്യങ്ങൾക്ക് സുപ്രധാന വേദിയൊരുക്കും. ബ്രിക്സ് രാജ്യങ്ങളിലും വിശാലമായ ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളിലും ഡിജിറ്റൽ പരിവർത്തനത്തെ പിന്തുണയ്ക്കാന്‍ പ്രായോഗിക സഹകരണം മുന്നോട്ടു കൊണ്ടുപോകുന്നതിലും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.
പ്രതിരോധശേഷിയാര്‍ന്ന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ, ഭാവി നെറ്റ്‌വർക്കുകൾ, സൈബർ സുരക്ഷ, ഡിജിറ്റൽ പൊതു അടിസ്ഥാനസൗകര്യങ്ങള്‍, നൂതനാശയങ്ങൾ, ശേഷി വികസനം എന്നിവയിലൂന്നിയ സംരംഭങ്ങളിലൂടെ വിവര-വിനിമയ സാങ്കേതികവിദ്യാ രംഗത്തെ സഹകരണം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. നിർദിഷ്ട 'ബ്രിക്സ് ശേഷി വികസന കേന്ദ്രങ്ങള്‍’, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ മെച്ചപ്പെട്ട സഹകരണം എന്നിവ ഉൾപ്പെടെ ഐസിടി സഹകരണവുമായി ബന്ധപ്പെട്ട ബ്രിക്സ് പ്രവര്‍ത്തക സമിതിയ്ക്ക് കീഴിലെ ചർച്ചകൾക്ക് ടെലികമ്യൂണിക്കേഷൻസ് വകുപ്പ് നേതൃത്വം നൽകിവരുന്നു.
2025-ൽ ബ്രസീലിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന 11-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തിൽ കൈക്കൊണ്ട് തീരുമാനങ്ങളുടെയും സഹകരണ മേഖലകളുടെയും തുടർച്ചയായിരിക്കും ഈ യോഗം. ഐസിടി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ഡിജിറ്റൽ ഭരണനിർവഹണം എന്നിവയിൽ ബ്രിക്സ് അംഗങ്ങൾ തമ്മിലെ തുടർച്ചയായ സഹകരണത്തിന്റെ പ്രാധാന്യം മുൻ യോഗം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
പരിപാടിയുടെ ഭാഗമായി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ എം. സിന്ധ്യ മാധ്യമങ്ങളെ കാണുകയും 12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗത്തിലെ ചർച്ചകളെക്കുറിച്ചും പ്രധാന തീരുമാനങ്ങളെക്കുറിച്ചും വിശദീകരിക്കുകയും ചെയ്യും.
ബ്രിക്സ് ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യമായ ഡിജിറ്റൽ സാങ്കേതികവിദ്യകളും നൂതനാശയങ്ങളും പരിഹാരങ്ങളും പ്രദർശിപ്പിക്കുന്ന 'ഡിജിറ്റൽ ബ്രിക്സ് ഫോറം എക്സ്പോ' കേന്ദ്രമന്ത്രി സന്ദർശിക്കും. ഇന്ത്യയുടെ സാങ്കേതിക ശേഷി ഉയർത്തിക്കാട്ടാനും പങ്കെടുക്കുന്ന രാജ്യങ്ങൾക്കും പങ്കാളികൾക്കുമിടയിൽ കൂടുതൽ ആശയവിനിമയവും വിജ്ഞാന വിനിമയവും സാധ്യമാക്കാനും പ്രദര്‍ശനം അവസരമൊരുക്കും.
12-ാമത് ബ്രിക്സ് കമ്യൂണിക്കേഷന്‍സ് മന്ത്രിമാരുടെ യോഗം ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ്. ഡിജിറ്റൽ രംഗത്ത് ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഇന്ത്യ പുലര്‍ത്തുന്ന പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു. വിവര-വിനിമയ സാങ്കേതികവിദ്യാ രംഗത്തെ ശക്തമായ സഹകരണത്തിലൂടെ കൂടുതൽ സുരക്ഷിതവും സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഡിജിറ്റൽ ഭാവി രൂപപ്പെടുത്താൻ ബ്രിക്സ് രാജ്യങ്ങൾക്ക് സാധിക്കും.
****
(रिलीज़ आईडी: 2301702)
आगंतुक पटल : 3
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Tamil
,
Telugu
,
Gujarati
,
Assamese
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Kannada