ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
ആധാർ ആപ്പ് 5 കോടി ഡൗൺലോഡുകൾ പിന്നിട്ടു; സൗകര്യപ്രദവും ജനകേന്ദ്രീകൃതവുമായ ഡിജിറ്റൽ തിരിച്ചറിയൽ സേവനങ്ങൾ ശക്തിപ്പെടുത്തുന്നു
प्रविष्टि तिथि:
20 AUG 2026 1:45PM by PIB Thiruvananthpuram
ആധാർ ആപ്പ് 50 ദശലക്ഷം (5 കോടി) ഡൗൺലോഡുകൾ എന്ന സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. ഇത് ജനങ്ങൾക്കിടയിൽ സൗകര്യപ്രദവും ഡിജിറ്റൽ അധിഷ്ഠിതവുമായ ആധാർ സേവനങ്ങളുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ പ്രതിഫലിപ്പിക്കുന്നു.
പൊതുജനങ്ങൾക്കും യു.ഐ.ഡി.എ.ഐ.യ്ക്കും ഇടയിലുള്ള ഒരു ഡിജിറ്റൽ ഇടനില സംവിധാനമെന്ന നിലയിൽ ആധാർ ആപ്പിൻ്റെ പങ്ക് കൂടുതൽ വിപുലമാകുന്നതിനെയാണ് ഈ നേട്ടം അടയാളപ്പെടുത്തുന്നത്. മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യൽ, വിലാസം മാറ്റൽ, ഇമെയിൽ അപ്‌ഡേറ്റ് ചെയ്യൽ, ബയോമെട്രിക് ലോക്ക്/അൺലോക്ക് ചെയ്യൽ, ഇ-ആധാർ ഡൗൺലോഡ് എന്നിവയുൾപ്പെടെ കൂടുതൽ സേവനങ്ങൾ തങ്ങളുടെ സ്മാർട്ട്‌ഫോണുകളിലൂടെ നേരിട്ട് പ്രയോജനപ്പെടുത്താൻ ഇത് ആധാർ ഉടമകളെ പ്രാപ്തരാക്കുന്നു.
ആപ്പ് അവതരിപ്പിച്ചതിനുശേഷം ശക്തവും തുടർച്ചയായതുമായ ഉപയോഗമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 60 ലക്ഷത്തിലധികം പേർ ആധാർ ആപ്പ് ഉപയോഗിച്ച് മൊബൈൽ നമ്പർ പുതുക്കിയപ്പോൾ, 15 ലക്ഷത്തിലധികം വിലാസം പുതുക്കലുകളും 23 ലക്ഷത്തിലധികം ഇ-മെയിൽ അപ്‌ഡേറ്റുകളും ആധാർ ആപ്പ് ഉപയോഗിച്ച് നടത്തി.
ആധാർ കേന്ദ്രങ്ങൾ സന്ദർശിക്കേണ്ട ആവശ്യമില്ലാതെ തന്നെ, ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ ഡിജിറ്റലായി പ്രയോജനപ്പെടുത്തുന്നതിൽ ജനങ്ങൾക്കിടയിലുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തെയാണ് ഈ സേവനങ്ങളുടെ സ്വീകാര്യത പ്രതിഫലിപ്പിക്കുന്നത്.
"കാണിക്കുക, പങ്കിടുക, പരിശോധിക്കുക" എന്ന തത്വത്തെ അടിസ്ഥാനമാക്കിയാണ് ആധാർ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് സൗകര്യപ്രദമായ തിരിച്ചറിയൽ പരിശോധന സാധ്യമാക്കുന്നതിനൊപ്പം, തങ്ങളുടെ ആധാർ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നതിൽ ആധാർ ഉടമകൾക്ക് കൂടുതൽ നിയന്ത്രണവും നൽകുന്നു.
ആധാർ ആപ്പിൻ്റെ വളർച്ചക്കൊപ്പം, സുരക്ഷിതവും സൗകര്യപ്രദവുമായ ഓഫ്‌ലൈൻ പരിശോധനാ സംവിധാനവും യു.ഐ.ഡി.എ.ഐ നിരന്തരം വിപുലീകരിച്ചു വരുന്നു. ജനുവരിയിൽ തുടക്കം കുറിച്ചതിനുശേഷം, 200-ലധികം സ്ഥാപനങ്ങളെയാണ് ഓഫ്‌ലൈൻ വെരിഫിക്കേഷൻ സീക്കിംഗ് എൻ്റിറ്റികളായി യു.ഐ.ഡി.എ.ഐ ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളത്.
ആധാർ ഓഫ്‌ലൈൻ സംവിധാനത്തിലൂടെ സുരക്ഷിതവും സമ്മതത്തിലധിഷ്ഠിതവും പേപ്പർരഹിതവുമായ പരിശോധന സാധ്യമാക്കുന്നതിൽ ഈ നാഴികക്കല്ല് വലിയൊരു മുന്നേറ്റത്തെ അടയാളപ്പെടുത്തുന്നു. ഇത് സേവനദാതാക്കളെയും ജനങ്ങളെയും ഒരുപോലെ ശാക്തീകരിക്കുന്നു.
ഈ ഒ.വി.എസ്.ഇ പങ്കാളികളെ ഉൾപ്പെടുത്തിയ നടപടി, ആധാർ ഉടമകളുടെ നിയന്ത്രണത്തിന് മുൻഗണന നൽകുന്നതിനോടൊപ്പം സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നത് ഉറപ്പാക്കുന്നതുമായ ആധാർ അധിഷ്ഠിത, സ്വകാര്യതാ കേന്ദ്രീകൃത ഡിജിറ്റൽ പരിശോധനാ ചട്ടക്കൂടുകളിലുള്ള വർദ്ധിച്ചുവരുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു.
ക്യു.ആർ കോഡ് അധിഷ്ഠിത പരിശോധന, ഡിജിറ്റലായി ഒപ്പിട്ട സുരക്ഷിതമായ രേഖകൾ തുടങ്ങിയ ആധാർ ഓഫ്‌ലൈൻ പരിശോധനാ രീതികൾ പ്രയോജനപ്പെടുത്തുന്നതിലൂടെ, യു.ഐ.ഡി.എ.ഐയുടെ സെൻട്രൽ ഡാറ്റാബേസുമായി തത്സമയ കണക്റ്റിവിറ്റി ആവശ്യമില്ലാതെ തന്നെ ഈ സ്ഥാപനങ്ങൾക്ക് ആധാർ വിവരങ്ങൾ പരിശോധിക്കാൻ ഇനിമുതൽ സാധിക്കും.
ഈ സമീപനം ശക്തമായ ഒരു ജനകേന്ദ്രീകൃത കാഴ്ചപ്പാട് മുന്നോട്ടുവെക്കുന്നു. ഇതിലൂടെ ആധാർ ഉടമകൾക്ക് ആവശ്യമായ ഏറ്റവും ചുരുങ്ങിയ വിവരങ്ങൾ മാത്രം പങ്കുവെക്കാൻ കഴിയുമെന്നതിനാൽ സ്വകാര്യത കൂടുതൽ മെച്ചപ്പെടുന്നു. ലളിതമാക്കിയ ഈ പരിശോധനാ പ്രക്രിയ, സുതാര്യവും സമ്മതത്തിലധിഷ്ഠിതവുമായ ഇടപെടലുകളിലൂടെ ജനവിശ്വാസം വർദ്ധിപ്പിക്കുന്നു.
സുരക്ഷിതവും പ്രാപ്യവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ പൊതുസേവനങ്ങളിലൂടെ ജനജീവിതം കൂടുതൽ സുഗമമാക്കുകയെന്ന വിശാലമായ ലക്ഷ്യത്തോടും കേന്ദ്ര ഗവണ്മെന്റിന്റെ ഡിജിറ്റൽ ഇന്ത്യ ദർശനത്തോടും പൊരുത്തപ്പെടുന്നവയാണ് ഈ സംരംഭങ്ങൾ.
****
(रिलीज़ आईडी: 2301607)
आगंतुक पटल : 5