പരിസ്ഥിതി, വനം മന്ത്രാലയം
azadi ka amrit mahotsav

12-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിൽ ജനകേന്ദ്രീകൃതവും പ്രായോഗികവുമായ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് ഇന്ത്യ

प्रविष्टि तिथि: 18 AUG 2026 3:28PM by PIB Thiruvananthpuram

ഇന്ത്യയുടെ 2026-ലെ ബ്രിക്സ് അധ്യക്ഷതയിൽ ന്യൂഡൽഹിയിൽ നടക്കുന്ന 12-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിലേക്ക്  അംഗരാജ്യങ്ങളിലെ മന്ത്രിമാരെയും പ്രതിനിധി സംഘത്തലവൻമാരെയും കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് സ്വാഗതം ചെയ്തു.

ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് മുഖ്യപരിഗണന നൽകുക, 'മനുഷ്യത്വം ആദ്യം' എന്ന മനോഭാവത്തോടെ ജനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനം സ്വീകരിക്കുക, സഹകരണവും സുസ്ഥിരതയും കൈവരിക്കാന്‍ പ്രതിരോധവും നൂതനാശയങ്ങളും വളർത്തിയെടുക്കുക എന്നീ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകളാണ് ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷപദവിയെ മുന്നോട്ടു നയിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ശ്രീ യാദവ് പറഞ്ഞു.  

 

കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ ശോഷണം, മലിനീകരണം, ദുരന്ത സാധ്യതകൾ എന്നിവ ഉയർത്തുന്ന ആഗോള പാരിസ്ഥിതിക വെല്ലുവിളികൾ വികസ്വര രാജ്യങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം രാജ്യങ്ങളിൽ പാരിസ്ഥിതിക പ്രശ്നങ്ങൾ പലപ്പോഴും വിശാല വികസന മുൻഗണനകളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാലാവസ്ഥാ ധനസഹായം, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടല്‍, തദ്ദേശീയ സമൂഹങ്ങളുടെ ശാക്തീകരണം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതിനൊപ്പം കാട്ടുതീ പ്രതിരോധം, തയ്യാറെടുപ്പ്,  മുന്നറിയിപ്പ്, അടിയന്തര പ്രതികരണം, കാട്ടുതീ അതിജീവനവും  വീണ്ടെടുക്കലും എന്നിവയിൽ ശക്തമായ ബ്രിക്സ് സഹകരണത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു.

"പരിസ്ഥിതി പുനരുദ്ധാരണവും മാനവ വികസനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാനാവും" എന്ന ഇന്ത്യയുടെ സമീപനം വ്യക്തമാക്കിയ മന്ത്രി പാരിസ്ഥിതിക പുനരുജ്ജീവനവും ജനപങ്കാളിത്തവും സാമൂഹ്യ ഉടമസ്ഥതയും സംയോജിപ്പിക്കുന്ന ഉദാഹരണങ്ങളായി 'മിഷൻ ലൈഫ്', 'ഏക് പേഡ് മാ കേ നാം'  എന്നീ സംരംഭങ്ങള്‍ എടുത്തുപറഞ്ഞു. പരിഹാരങ്ങള്‍  "ശാസ്ത്രീയമായി ശക്തവും പ്രാദേശികമായി പ്രസക്തവും സാമൂഹികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതുമാണ്" എന്ന് ഉറപ്പാക്കാൻ പരമ്പരാഗത വിജ്ഞാനത്തെയും ആധുനിക ശാസ്ത്രത്തെയും ഒരുമിച്ച് കൊണ്ടുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തെയും ഊർജ സുരക്ഷയെയും പിന്തുണയ്ക്കുന്നതിനൊപ്പം കാലാവസ്ഥാ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതില്‍  ഇന്ത്യ  പുലര്‍ത്തുന്ന പ്രതിബദ്ധതയാണ് 2031-2035 കാലയളവിലെ 'ദേശീയതലത്തിൽ നിർണയിക്കപ്പെട്ട സംഭാവനകൾ'  പ്രതിഫലിപ്പിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.  

 

ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷതയ്ക്ക് കീഴിലെ നാല് മുൻഗണനാ വിഷയങ്ങൾ മന്ത്രി വിശദീകരിച്ചു: സുസ്ഥിര ജീവിതശൈലിയുടെ പ്രോത്സാഹനം,  വനവൽക്കരണവും കാട്ടുതീ പ്രതിരോധവും ദുരന്ത നിവാരണവും, ചാക്രിക സമ്പദ്‌വ്യവസ്ഥ, കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടല്‍ എന്നിവയാണ് ഈ മുന്‍ഗണനകള്‍. ലളിതവും  ശക്തവുമായ  ബോധ്യത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് വ്യക്തമാക്കിയ ശ്രീ യാദവ് പരിസ്ഥിതി പ്രവർത്തനങ്ങൾ ജനകേന്ദ്രീകൃതവും സുസ്ഥിരവുമായിരിക്കണമെന്നും   അവ പ്രായോഗികവും വികസ്വര രാജ്യങ്ങളുടെ യാഥാർത്ഥ്യങ്ങളോട് പ്രതികരിക്കുന്നതുമാകണമെന്നും അഭിപ്രായപ്പെട്ടു.  

 

ഇന്ത്യയുടെ അധ്യക്ഷതയിൽ കൈവരിച്ച പുരോഗതി മാസങ്ങൾ നീണ്ട ചർച്ചകളുടെയും കൂടിയാലോചനകളുടെയും സഹകരണത്തിൻ്റെയും ഫലമാണെന്ന് മന്ത്രി പറഞ്ഞു. ജനവിഭാഗങ്ങളെ അവഗണിക്കാതെ പ്രതിരോധശേഷി കെട്ടിപ്പടുക്കാനും, ഉത്തരവാദിത്തത്തോടെ നൂതനാശയങ്ങൾ പിന്തുടരാനും, സുസ്ഥിരതയെ വികസനത്തിൻ്റെ കേന്ദ്രബിന്ദുവാക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. വൈജ്ഞാനിക  ശൃംഖലകൾ, സാങ്കേതിക കൈമാറ്റങ്ങൾ, പരിശീലനം, സാങ്കേതിക സഹകരണം, ശക്തമായ സ്ഥാപന പങ്കാളിത്തം എന്നിവയിലൂടെ  സഹകരണത്തെ കൂട്ടായ പ്രവർത്തന ശേഷിയാക്കി മാറ്റാൻ ബ്രിക്സിന് കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. 

 സംയുക്ത മന്ത്രിതല പ്രസ്താവന  അംഗീകരിച്ചും നാല് വിജ്ഞാന സമാഹാരങ്ങൾ  പുറത്തിറക്കിയുമാണ് 12-ാമത് ബ്രിക്സ് പരിസ്ഥിതി മന്ത്രിമാരുടെ യോഗത്തിന് സമാപനം കുറിച്ചത്.  സംയുക്ത മന്ത്രിതല പ്രസ്താവനയിൽ ഉൾപ്പെട്ട നാല് സുപ്രധാന രേഖകൾ താഴെ:

 

  • സുസ്ഥിര ജീവിതശൈലിയിൽ വിജ്ഞാന വിനിമയം, ഗവേഷണം, നൂതനാശയങ്ങൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബ്രിക്സ് സ്ഥാപനങ്ങളുടെ ശൃംഖലയ്ക്കുള്ള മാർഗരേഖ  

  • മരുഭൂമീകരണത്തിനെതിരായ പോരാട്ടം, സുസ്ഥിര ഭൂവിനിയോഗ പരിപാലനം, ആവാസവ്യവസ്ഥാ പ്രതിരോധം എന്നിവയ്ക്കായി ബ്രിക്സ്  സംയോജിത ഭൂപ്രകൃതി പരിപാലന തത്വങ്ങൾ

  • ബ്രിക്സ് രാജ്യങ്ങളിലുടനീളം കാട്ടുതീ തയ്യാറെടുപ്പുകൾക്കും പ്രതികരണങ്ങൾക്കും പൊതു ധാരണാരേഖ

  • പരമ്പരാഗത വിജ്ഞാനത്തിലധിഷ്ഠിതമായ ജനകേന്ദ്രീകൃത-സാമൂഹ്യ പങ്കാളിത്ത പ്രവര്‍ത്തനങ്ങളിലൂടെ കാലാവസ്ഥാ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന ബ്രിക്സ് തത്വങ്ങൾ

 

മന്ത്രിതല യോഗത്തിൻ്റെ ഭാഗമായി വിജ്ഞാനപ്രദമായ പാനൽ ചർച്ചകളും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു:

 

  • കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ബ്രിക്സ് ഉന്നതതല സംവാദം (ജനകേന്ദ്രീകൃത, കമ്മ്യൂണിറ്റി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍): ജനകേന്ദ്രീകൃതവും സുസ്ഥിരവുമായ  ചട്ടക്കൂടിലൂടെ പരമ്പരാഗത അറിവുകളെയും പ്രാദേശിക രീതികളെയും ആധുനിക ശാസ്ത്രവുമായും സാങ്കേതികവിദ്യയുമായും സംയോജിപ്പിച്ച് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാന്‍ സാഹചര്യമൊരുക്കുക.  

  • സംയോജിത ഭൂപ്രകൃതി അധിഷ്ഠിത ഹരിതവൽക്കരണം (പ്രതിരോധശേഷിയാര്‍ന്ന ഭൂപ്രകൃതി, സുസ്ഥിര വികസനം എന്നിവയുമായി ബന്ധപ്പെട്ട ബ്രിക്സ് രാജ്യങ്ങളുടെ അനുഭവങ്ങൾ പങ്കിടൽ): വിജയകരമായ ഭൂപ്രകൃതി പുനരുദ്ധാരണ സംരംഭങ്ങളും വിജ്ഞാന കൈമാറ്റവും അംഗരാജ്യങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുക.

 

പരിപാടിയുടെ ഭാഗമായി മിഷൻ ലൈഫ് സംരംഭത്തിൻ്റെ നേട്ടങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ-ഇൻ്ററാക്ടീവ് പവലിയൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഒരുക്കി.   നൂതന സാങ്കേതികവിദ്യകളിലൂടെ സുസ്ഥിര ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങളുടെ സമഗ്ര അനുഭവമാണ് ഇത് പ്രതിനിധികൾക്ക് നൽകിയത്. കൂടാതെ ദ്വിദിന യോഗങ്ങളുടെ ഭാഗമായി ഇന്ത്യൻ കലാകാരന്മാർ അവതരിപ്പിച്ച മനോഹരമായ സാംസ്കാരിക പരിപാടികൾ ഇന്ത്യൻ സംസ്കാരത്തിൻ്റെ വർണാഭമായ നേർക്കാഴ്ചയൊരുക്കി. 

 
 
***
 

(रिलीज़ आईडी: 2300951) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Marathi , हिन्दी , Tamil , Kannada , English , Urdu , Bengali , Bengali-TR , Gujarati , Telugu