രാഷ്ട്രപതിയുടെ കാര്യാലയം
80-ാമത് സ്വാതന്ത്ര്യദിനത്തിന്റെ പൂർവ്വസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന
प्रविष्टि तिथि:
14 AUG 2026 7:53PM by PIB Thiruvananthpuram
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
നമസ്കാരം!
നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ ഈ പൂർവ്വസന്ധ്യയിൽ, ഈ ദേശീയോത്സവത്തോടനുബന്ധിച്ച് നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ, സ്വാതന്ത്ര്യം നേടിയതിന്റെ 80-ാം വർഷത്തിന്റെ ശുഭകരമായ തുടക്കത്തിന് നമ്മുടെ രാജ്യം സാക്ഷ്യം വഹിക്കും. രാജ്യത്തും വിദേശത്തുമായി കഴിയുന്ന എല്ലാ ഇന്ത്യക്കാരും ഈ ഉത്സവം വലിയ സന്തോഷത്തോടെ ആഘോഷിക്കുന്നു. നമ്മുടെ ത്രിവർണപതാക നമ്മുടെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്. അത്യന്തം അഭിമാനത്തോടെയാണ് നാം അത് ഉയർത്തുന്നത്.
1947 ഓഗസ്റ്റ് 15-നാണ് ഭാരതാംബ അധിനിവേശത്തിന്റെ ചങ്ങലകളിൽ നിന്ന് മോചിതയായത്. ഓരോ പൗരനും സ്വതന്ത്ര ഇന്ത്യയുടെ ഭാഗധേയം രൂപപ്പെടുത്തുന്ന ശില്പിയായി മാറി. എല്ലാ പൗരന്മാർക്കും തങ്ങളുടെ അഭിലാഷങ്ങൾ പൂർത്തീകരിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും, ഇന്ത്യയെ ലോകത്തിലെ ഏറ്റവും മുൻനിര രാഷട്രമാക്കുക എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കാനും സാധിക്കുന്നു എന്ന് ഉറപ്പാക്കുന്നതിലാണ് സ്വാതന്ത്ര്യത്തിന്റെ യഥാർത്ഥ അർത്ഥം കുടികൊള്ളുന്നത്.
സമർപ്പണബോധമുള്ള വിദ്യാർത്ഥികളും അധ്യാപകരും, വികസനത്തിനായി പ്രതിജ്ഞാബദ്ധരായ ശാസ്ത്രജ്ഞരും എഞ്ചിനീയർമാരും, ആരോഗ്യ സേവനങ്ങൾ നൽകുന്ന ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും, കഠിനാധ്വാനികളായ തൊഴിലാളികളും നമ്മുടെ അന്നദാതാക്കളായ കർഷകരും തങ്ങളുടെ പരിശ്രമങ്ങളിലൂടെ രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകുന്നു. പ്രതിഭാധനരായ കായികതാരങ്ങൾ, കരകൗശല വിദഗ്ദ്ധർ, കലാകാരന്മാർ, ദീർഘദർശികളായ ചിന്തകർ, സ്വകാര്യ-പൊതു മേഖലകളിലെ കഠിനാധ്വാനികളായ തൊഴിലാളികൾ, ജനങ്ങളെ സേവിക്കാൻ സമർപ്പിതരായ ജനപ്രതിനിധികൾ, നീതിന്യായ വ്യവസ്ഥയിലെ ഉദ്യോഗസ്ഥർ, കർത്തവ്യനിരതരായ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്ന ചെറുതും വലുതുമായ നിക്ഷേപകർ, നിസ്വാർത്ഥരായ സാമൂഹിക പ്രവർത്തകർ, ശുചിത്വ അഭിയാന്റെ മുൻനിര പ്രവർത്തകരായ എല്ലാ സഫായി മിത്രങ്ങളും രാഷ്ട്രത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കുന്നു.
മറ്റ് വിവിധ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധിയായ പൗരന്മാരും, നമ്മുടെ ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന മൗലിക കർത്തവ്യങ്ങൾ വിശ്വസ്തതയോടെ നിർവ്വഹിക്കുന്ന ഓരോ പൗരനും നമ്മുടെ രാഷ്ട്രനിർമ്മാണ പ്രക്രിയയിലെ സജീവ പങ്കാളികളാണ്. അവരിൽ ഓരോരുത്തരെയും ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. മൂന്ന് സായുധ സേനകളിലെയും, സായുധ പോലീസ് സേനകളിലെയും, എല്ലാ പോലീസ് ഉദ്യോഗസ്ഥരുടെയും അചഞ്ചലമായ കർത്തവ്യനിഷ്ഠയെ ഞാൻ പ്രത്യേകമായി പ്രശംസിക്കുന്നു. ആഗോളതലത്തിൽ ഇന്ത്യയുടെ പ്രശസ്തിയും ആദരവും ഉയർത്തുന്ന ഇന്ത്യൻ പ്രവാസികളെയും നമ്മുടെ എംബസികളിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെയും ഞാൻ അഭിനന്ദിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
2047-ൽ നമ്മുടെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷമാകുമ്പോഴേക്കും വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി നാം മുന്നേറുകയാണ്. അന്ത്യോദയത്തിന്റെ ചൈതന്യത്താൽ നയിക്കപ്പെട്ട്, വികസനത്തിന്റെ ഫലങ്ങൾ ഓരോ വ്യക്തിയിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് നമ്മുടെ ദൃഢനിശ്ചയം. നമ്മുടെ സമ്പന്നമായ പാരമ്പര്യവും സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളും ഉൾക്കൊണ്ടുകൊണ്ട്, നവയുഗ വികസനത്തിന്റെ പാതയിലൂടെ നാം മുന്നേറുന്നു. "വയം രാഷ്ട്രേ ജാഗ്രിയാം" എന്ന വേദവാക്യം എപ്പോഴും രാഷ്ട്രത്തെ സേവിക്കാൻ സജ്ജരായിരിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നു.
നമ്മുടെ സ്വാതന്ത്ര്യസമരകാലത്ത്, വ്യത്യസ്ത ആശയങ്ങളുള്ള ജനങ്ങളെ ഒരൊറ്റ പൊതുലക്ഷ്യം — ഇന്ത്യയുടെ സ്വാതന്ത്ര്യം — ഒന്നിപ്പിച്ചു. സ്വദേശി പ്രസ്ഥാനകാലത്ത് ‘വന്ദേ മാതരം’ ജനകീയ ഗാനമായി മാറി. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ എണ്ണമറ്റ ഇന്ത്യക്കാർ നമ്മുടെ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ബാബാസാഹെബ് ഡോ. ഭീംറാവു അംബേദ്കർ സാമൂഹിക പരിഷ്കരണത്തിന്റെയും ദേശ സ്നേഹത്തിന്റെയും പരമോന്നത മാതൃകയായി നിലകൊണ്ടു. നമ്മുടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്കും അതിനുശേഷമുള്ള പുരോഗതിയിലേക്കും നയിച്ച ആദർശങ്ങളുടെ ഉടമകളായ ഭാരതാംബയുടെ ആ മഹത്തായ പുത്രന്മാർക്കും പുത്രിമാർക്കും ഞാൻ വിനയപൂർവം പ്രണാമം അർപ്പിക്കുന്നു.
ഇന്ന്, ഓഗസ്റ്റ് 14-ന്, നാം 'വിഭജന ഭീതി അനുസ്മരണ ദിനം' ആചരിക്കുകയാണ്. വിഭജനത്തിന്റെ ഫലമായുണ്ടായ അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെടുകയോ, നാടുവിടാൻ നിർബന്ധിതരാകുകയോ ചെയ്ത ലക്ഷക്കണക്കിന് ഇന്ത്യക്കാരെ നാം സഗൗരവം ഓർക്കുന്നു. വർഗീയ കലാപങ്ങൾ കാരണം ലക്ഷക്കണക്കിന് ആളുകൾക്ക് അഭയാർത്ഥികളാകേണ്ടി വരികയും വിഭജനത്തിന്റെ ഭീകരതകൾ അനുഭവിക്കേണ്ടി വരികയും ചെയ്തു. എന്നിരുന്നാലും, അവർ തങ്ങളുടെ സ്വത്വം ഉപേക്ഷിച്ചില്ല.
സ്വാതന്ത്ര്യം ലഭിച്ച സമയത്ത്, വിഭജനത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾക്കൊപ്പം, സ്വതന്ത്ര ഇന്ത്യയുമായി 550-ലധികം നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കുക എന്ന അസാധാരണമായ വെല്ലുവിളിയും നിലനിന്നിരുന്നു. സർദാർ പട്ടേൽ രാജവാഴ്ചയ്ക്ക് വിരാമമിടുകയും ആ നാട്ടുരാജ്യങ്ങളെ നമ്മുടെ സ്വതന്ത്ര ജനാധിപത്യവുമായി സംയോജിപ്പിക്കുകയും ചെയ്തു. കൃതാർഥമായ ഒരു രാഷ്ട്രത്തിന് വേണ്ടി, ആധുനിക ഇന്ത്യയുടെ ഐക്യത്തിന്റെ ശില്പിയായ ഉരുക്കുമനുഷ്യൻ സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പവിത്രമായ ഓർമ്മകൾക്ക് മുന്നിൽ ഞാൻ പ്രണാമം അർപ്പിക്കുന്നു.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
ഇന്ത്യയിലെ ജനങ്ങൾ ചേർന്ന് രൂപകൽപ്പന ചെയ്ത ഭരണഘടന ജനപങ്കാളിത്തത്തിന്റെ അടിത്തറയിലാണ് നിലകൊള്ളുന്നത്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ നമ്മുടെ രാജ്യത്തെ ജനങ്ങളിൽ ജനപങ്കാളിത്തത്തിന്റെ ആവേശം എക്കാലവും അന്തർലീനമായിരുന്നു. പുതിയ ഊർജ്ജത്തോടെ, നമ്മുടെ പൗരന്മാർ ജനപങ്കാളിത്തത്തിന്റെ അതേ പാരമ്പര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജനങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെയാണ് ദേശീയ പ്രചാരണങ്ങൾ നടപ്പിലാക്കുന്നത്. ഇത് നമ്മുടെ ജനാധിപത്യത്തിന്റെ ആവേശം പകരുന്ന ഒരു നേട്ടമാണ്.
പദവിയിലും അവസരങ്ങളിലുമുള്ള സമത്വവും വ്യക്തിയുടെ അന്തസ്സും നമ്മുടെ ഭരണഘടനയുടെ വിലമതിക്കാനാവാത്ത ആദർശങ്ങളിൽ ഉൾപ്പെടുന്നു. ഇന്ന്, സാധാരണ പശ്ചാത്തലങ്ങളിൽ നിന്നുള്ള ആളുകൾ നിരവധി മേഖലകളിൽ അസാധാരണമായ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ ഭാരതത്തിൽ എല്ലാവർക്കും വലിയ സ്വപ്നങ്ങൾ കാണാനും അവ സാക്ഷാത്കരിക്കാനും കഴിയുമെന്ന എന്റെ വിശ്വാസം ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നു.
നമ്മുടെ ഭരണഘടന ഭരണ നിർവഹണ വിഭാഗം, നിയമനിർമ്മാണ സഭ, നീതിന്യായവ്യവസ്ഥ എന്നിവയുടെ ഉത്തരവാദിത്തങ്ങൾ വ്യക്തമായി നിർവചിച്ചിട്ടുണ്ട്. ജനങ്ങളുടെ അഭിലാഷങ്ങൾക്ക് ശബ്ദം നൽകുക എന്നത് നിയമനിർമ്മാണ സഭയിലെ അവരുടെ പ്രതിനിധികളുടെ കടമയാണ്. രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും താൽപ്പര്യങ്ങൾക്ക് ഉതകുന്ന നയങ്ങൾ നടപ്പിലാക്കാൻ ഭരണ നിർവഹണ വിഭാഗം ബാധ്യസ്ഥരാണ്. വിഭവങ്ങളുടെ അഭാവം മൂലം ആർക്കും നീതി നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും കടമയാണ്. എല്ലാ പൗരന്മാർക്കും, പ്രത്യേകിച്ച് സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളിൽ പെട്ടവർക്ക്, അന്തസ്സോടെ സമയബന്ധിതമായി നീതി ലഭിക്കാനുള്ള സമത്വപൂർണ്ണമായ അവകാശമുണ്ടായിരിക്കണം.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
ഒരു പതിറ്റാണ്ടിനു മുകളിലുള്ള കാലയളവിനുള്ളിൽ, നമ്മുടെ രാജ്യം ഇനിപ്പറയുന്നവയ്ക്ക് സാക്ഷ്യം വഹിച്ചു:
വേഗത്തിലുള്ളതും സമഗ്രവുമായ വികസനം;
പാരമ്പര്യവും വികസനവും സമന്വയിപ്പിക്കുന്നതിന് മുൻഗണന; കൂടാതെ,
വികസനത്തിന് തടസ്സമായി നിന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള നിരവധിയായ തടസ്സങ്ങൾ നീക്കം ചെയ്യൽ.
നമ്മുടെ രാജ്യം മഹാത്മാ ജ്യോതിബാ ഫൂലെയുടെ 200-ാമത് ജന്മവാർഷികം ആഘോഷിക്കുകയാണ്. സാമൂഹിക നീതി, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സമത്വം എന്നിവയ്ക്കായി മഹാത്മാ ഫൂലെയും ക്രാന്തിജ്യോതി സാവിത്രിഭായി ഫൂലെയും ചരിത്രപരമായ സംഭാവനകൾ നൽകി. അവരുടെ ആശയങ്ങൾ പിന്തുടർന്ന്, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദേശീയതലത്തിൽ സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് മുൻഗണന നൽകിയിട്ടുണ്ട്. സ്ത്രീവിദ്യാഭ്യാസ രംഗത്ത് പുതിയ മാനദണ്ഡങ്ങൾ സൃഷ്ടിക്കപ്പെട്ടു. 25 കോടിയിലധികം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. സാമ്പത്തിക ഉൾച്ചേർക്കലിന്റെ ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയായ 'പ്രധാൻമന്ത്രി ജൻ ധൻ യോജന'യ്ക്ക് കീഴിൽ, ഏകദേശം 59 കോടി അക്കൗണ്ട് ഉടമകൾ ബാങ്കിംഗ് സംവിധാനത്തിന്റെ ഭാഗമായി. ഇതിൽ 32 കോടിയിലധികം അക്കൗണ്ട് ഉടമകൾ സ്ത്രീകളാണ്. 80 കോടിയിലധികം ആളുകൾക്ക് സൗജന്യ റേഷൻ നൽകിക്കൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. 'ആയുഷ്മാൻ ഭാരത് പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന'യ്ക്ക് കീഴിൽ, 60 കോടി ജനങ്ങൾക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിരക്ഷ ലഭ്യമാക്കി. കിസാൻ സമ്മാൻ നിധിയും കിസാൻ ക്രെഡിറ്റ് കാർഡുകളും കൃഷി, ക്ഷീരവികസനം, കോഴിവളർത്തൽ, മത്സ്യബന്ധനം, തേനീച്ചവളർത്തൽ തുടങ്ങിയ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന കർഷകർക്ക് പിന്തുണ നൽകി.
ശക്തമായ സാംസ്‌കാരിക സ്വത്വബോധത്തിൽ അധിഷ്ഠിതമായ വികസനം വേഗത്തിലുള്ളതും സുസ്ഥിരവുമായിരിക്കുമെന്നാണ്
ലോകചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ഇന്ന്, സാംസ്‌കാരിക അഭിമാനബോധം രാജ്യത്തിന്റെ ആന്തരിക ശക്തിയെ വർധിപ്പിക്കുന്നുവെന്ന അവബോധം രാജ്യത്ത് വളർന്നുവരികയാണ്. നമ്മുടെ പൂർവികർ വിജ്ഞാനം, ശാസ്ത്രം, കലയും സംസ്കാരവും, ആത്മീയത, സദാചാരപരമായ പെരുമാറ്റം എന്നിവയുടെ സമ്പന്നമായ പൈതൃകം നമുക്ക് കൈമാറിയിട്ടുണ്ട്. നമ്മുടെ പൈതൃകവും വികസനവും സമന്വയിപ്പിച്ചുകൊണ്ട് നാം മുന്നേറുകയാണ്.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലുതും മികച്ചതുമായ ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ ചെറിയ കടകളിൽ പോലും, വഴിയോര കച്ചവടക്കാർക്കിടയിലും ഡിജിറ്റൽ ഇടപാടുകൾ ഇന്ന് സർവ്വസാധാരണമാണ്. ലോകത്തിലെ തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയിലധികവും നടക്കുന്നത് ഇന്ത്യയിലാണ്. ഇന്ത്യയിലെ ജനങ്ങളും ഗവൺമെന്റും ചേർന്ന് ആഗോള സമൂഹത്തിന് മുന്നിൽ ഡിജിറ്റൽ വിപ്ലവത്തിന്റെ ഒരു മികച്ച മാതൃക അവതരിപ്പിച്ചിരിക്കുന്നു. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ട്, ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ സുതാര്യമായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഗവൺമെന്റിന് സാധിച്ചു.
ഹൈവേകൾ, ജലപാതകൾ, റെയിൽവേ, വ്യോമപാതകൾ എന്നിവയുടെ രൂപത്തിൽ നമ്മുടെ രാജ്യം അഭൂതപൂർവ്വമായ ആധുനിക അടിസ്ഥാനസൗകര്യ വികസനത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് പുതിയ സംരംഭങ്ങൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും, തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്ന യുദ്ധങ്ങളും അസ്ഥിരതയും ഓരോ രാജ്യത്തെയും ബാധിക്കുന്നുണ്ട്. ഇത്തരം വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും, ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി നമ്മുടെ സമ്പദ്‌വ്യവസ്ഥ മുന്നേറുകയാണ്. സാമ്പത്തിക പ്രവചനങ്ങൾ പ്രകാരം, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് ആഗോള ശരാശരി വളർച്ചാനിരക്കിന്റെ ഇരട്ടിയിലധികമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 'ആത്മനിർഭർ ഭാരത് അഭിയാൻ' നമ്മുടെ സാമ്പത്തിക പുരോഗതിയുടെയും ദേശീയ സുരക്ഷയുടെയും അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ട്.
ആധുനിക വികസനത്തിന്റെ പാതയിൽ മുന്നേറുമ്പോഴും, പരിസ്ഥിതി സംരക്ഷണത്തിൽ ആഗോളതലത്തിൽ മുൻനിര പങ്കുവഹിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. 2030-ഓടെ കൈവരിക്കേണ്ട ചില സുസ്ഥിര വികസന ലക്ഷ്യങ്ങൾ നമ്മുടെ രാജ്യം നിശ്ചിത സമയത്തിന് മുൻപുതന്നെ കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി, പുനരുപയോഗ ഊർജ്ജത്തിന്റെ വികസനം അഭൂതപൂർവ്വമായ വേഗത കൈവരിച്ചിരിക്കുന്നു.
ദേശീയ താല്പര്യമാണ് നമ്മുടെ വിദേശനയത്തിന്റെ അടിത്തറ. സമാധാനം,സഹകരണം, സംഭാഷണം , 'വസുധൈവ കുടുംബകം' എന്ന ആദർശം എന്നിവയാണ് നമ്മുടെ വിദേശനയത്തിന്റെ പ്രധാന സ്തംഭങ്ങൾ. സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കുന്നതിനും പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി നാം പല രാജ്യങ്ങളുമായും സ്വതന്ത്ര വ്യാപാര കരാറുകളിൽ (Free Trade Agreements) ഏർപ്പെട്ടിട്ടുണ്ട്. 'ഗ്ലോബൽ സൗത്ത്' രാജ്യങ്ങൾക്കിടയിൽ നാം ഒരു പ്രമുഖ പങ്കുവഹിക്കുന്നുണ്ട്. ലോകവേദിയിൽ നമ്മുടെ രാജ്യത്തിന്റെ പദവി ഉയർന്നിട്ടുണ്ട്. നിയമ അധിഷ്ഠിതമായ ഒരു അന്താരാഷ്ട്ര ക്രമത്തിലാണ് നാം വിശ്വസിക്കുന്നത്. ഐക്യരാഷ്ട്രസഭയിലും മറ്റ് ബഹുമുഖ സംഘടനകളിലും ആഗോള സമൂഹത്തിന് ഉചിതമായ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് നമ്മുടെ ലക്ഷ്യം. നമ്മുടെ രാജ്യത്തിന്റെ ഈ ശ്രമങ്ങൾക്ക് പല രാജ്യങ്ങളിൽ നിന്നും ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
നമുക്കുള്ളതുപോലെ തന്നെ ഭാവി തലമുറകൾക്കും പ്രകൃതിവിഭവങ്ങളിൽ തുല്യ അവകാശമുണ്ട്. ഭാവി തലമുറകൾക്ക് ഈ അവകാശം വിനിയോഗിക്കാൻ കഴിയാത്തവിധം നമ്മുടെ ഏതെങ്കിലും പ്രവൃത്തിമൂലം ഒട്ടും തടസ്സമാകുന്നില്ല എന്ന് നാം ഉറപ്പുവരുത്തണം. പ്രകൃതിയുടെ സമ്പന്നമായ ദാനങ്ങൾ അവർക്കായി അവശേഷിപ്പിക്കാൻ നാം എല്ലാ ശ്രമങ്ങളും നടത്തണം. പരിസ്ഥിതി സംരക്ഷണത്തിലുള്ള നമ്മുടെ വിശ്വാസം നമ്മുടെ പാരമ്പര്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സന്താലി ഭാഷയിലുള്ള ഒരു ലളിതമായ ഗാനം വളരെ ആഴമേറിയ ഒരു സന്ദേശമാണ് നൽകുന്നത്. പണ്ഡിറ്റ് രഘുനാഥ് മുർമു എഴുതിയ ആ ഗാനത്തിലെ ഏതാനും വരികൾ ഇവയാണ്:
"ദാരെ ഗുജുഗ് കൻ നെൽ തേ
മിരു ചെനെയ് രാഗ് ബയാഹ ദയാ ഹായാ ഗെ.
ഗുജുഗ് കൻ അപോവാഗ് ജാതി ധരം ദാരെ
ചെദാഗ് ബാബോൻ രാഗ് ബയാഹ അബോ അനാ നെൽ തേ."
ഈ ഗാനത്തിൽ, ഒരു മരം പൂർണ്ണമായും ഉണങ്ങിപ്പോയത് കണ്ട് സങ്കടത്തോടെ കരയുന്ന ഒരു തത്തയെയാണ് കവി വിവരിക്കുന്നത്. കവി ചോദിക്കുന്നു: "ഓ എന്റെ പ്രിയ സഹോദരന്മാരേ! ഉണങ്ങി നശിക്കുന്ന ഒരു മരം കണ്ട് ആ തത്ത സങ്കടത്തോടെ കരയുന്നു. എന്നാൽ എന്റെ സഹോദരന്മാരേ, മനുഷ്യ സംസ്കാരമാകുന്ന മരം നശിച്ചുപോകുമ്പോൾ നാം മനുഷ്യർ എന്തുകൊണ്ടാണ് ദുഃഖിക്കാത്തത്?" പ്രകൃതിയെയും മാനവിക മൂല്യങ്ങളെയും സംരക്ഷിക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരായിരിക്കണം എന്നതാണ് ഈ ഗാനത്തിന്റെ സന്ദേശം. ആരോഗ്യത്തോടെ വളരുന്ന പച്ചപ്പുള്ള ഒരു മരം മാനവ സമൂഹത്തിന്റെ ധാർമ്മിക ആദർശങ്ങളുടെയും ക്ഷേമത്തിന്റെയും പ്രതീകമാണ്. 'ഏക് പേഡ് മാ കെ നാം' , 'ലൈഫ് സ്റ്റൈൽ ഫോർ എൻവിറോൺമെന്റ്' (LiFE) തുടങ്ങിയ പ്രചാരണങ്ങളുടെ ആത്മാർത്ഥ ആശയത്തെ ഉൾക്കൊണ്ടുകൊണ്ട്, പരിസ്ഥിതിയെ സംരക്ഷിക്കാൻ നാം വ്യക്തിഗതവും കൂട്ടായതുമായ ശ്രമങ്ങൾ നടത്തണം.
എന്റെ പ്രിയപ്പെട്ട സഹപൗരന്മാരെ,
നമ്മുടെ പെൺകുട്ടികൾ വിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നത് കാണുമ്പോൾ എനിക്ക് അളവറ്റ സന്തോഷമുണ്ട്. കൂടാതെ, കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്ന 'ഡ്രോൺ ദീദി'മാർ മുതൽ വ്യോമസേനയിലെ 'ഫൈറ്റർ കോംബാറ്റ് ലീഡർ'മാർ വരെ വിവിധ മേഖലകളിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചുവരികയാണ്. ഗ്ലാസ്‌ഗോയിൽ അടുത്തിടെ സമാപിച്ച കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ നേടിയ ആകെ 13 സ്വർണ്ണ മെഡലുകളിൽ 8 എണ്ണവും നേടിയത് സ്ത്രീകളാണ്. നമ്മുടെ സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിച്ചുകൊണ്ടിരിക്കുകയാണ്. 10 കോടിയിലധികം സ്ത്രീകൾ സ്വയം സഹായ സംഘങ്ങളിൽ അംഗങ്ങളാണ്. 3 കോടി 'ലഖ്പതി ദീദി'മാരെ സൃഷ്ടിക്കുക എന്നൊരു ലക്ഷ്യം നിശ്ചയിച്ചിരുന്നു. ഈ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. ഇപ്പോൾ നമ്മുടെ രാജ്യം 3 കോടി പുതിയ 'ലഖ്പതി ദീദി'മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണ്. 'മുദ്ര യോജന'യ്ക്ക് കീഴിൽ സാമ്പത്തിക സഹായം ലഭിച്ച സംരംഭകരിൽ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളാണ്.
സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തിനായി നടത്തുന്ന പരിശ്രമങ്ങൾക്കൊപ്പം നിരവധി മേഖലകളിൽ അവർ നേതൃപദവികളിലേക്ക് വരുന്നതും നാം കാണുന്നുണ്ട്. സമ്മതിദാനാവകാശം വിനിയോഗിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ വർധന നമ്മുടെ ജനാധിപത്യ രാജ്യത്തിന്റെ ശ്രദ്ധേയമായ നേട്ടമാണ്. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് 2023-ൽ 'നാരീശക്തി വന്ദൻ അധീനിയം' പാസാക്കിയത്. ഈ നിയമത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നത് നേതൃരംഗത്തെ സ്ത്രീകളുടെ പങ്ക് വര്‍ധിപ്പിക്കുകയും നമ്മുടെ ജനാധിപത്യത്തെ എല്ലാവരെയും ഉൾക്കൊള്ളുന്നതാക്കി മാറ്റുകയും ചെയ്യും.
രാജ്യത്തെ ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിന് താഴെയുള്ളവരാണ്. ഈ യുവജനങ്ങളാണ് നമ്മുടെ ഏറ്റവും വിലയേറിയ സമ്പത്ത്. രാജ്യത്തെ യുവജനങ്ങൾ കഴിവും പ്രതിബദ്ധതയും വൈദഗ്ധ്യവുമുള്ളവരാണ്. താഴെത്തട്ടിലെ നിരവധി വെല്ലുവിളികളെ നേരിടാന്‍ രാജ്യത്തെ ചെറുപ്പക്കാർ നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ വികസിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സമൂഹത്തോടും രാജ്യത്തോടുമുള്ള യുവതലമുറയുടെ സമർപ്പണത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ശരാശരി 28 വയസ്സ് മാത്രം പ്രായമുള്ള ഒരു യുവസംഘം അടുത്തിടെ വിജയകരമായി നടത്തിയ റോക്കറ്റ് വിക്ഷേപണത്തിലൂടെ ബഹിരാകാശ പര്യവേഷണത്തിന്റെ പുതിയൊരു ഘട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.
സ്വയംതൊഴിലിന്റെ വഴി തിരഞ്ഞെടുക്കുന്ന നമ്മുടെ യുവജനങ്ങളിൽ പലരും തൊഴിൽ സൃഷ്ടിയുടെ സംസ്കാരം ഉൾക്കൊള്ളുന്നു. യുവ സംരംഭകരുടെ പങ്കാളിത്തം രാജ്യത്ത് ശക്തമായ ഒരു സ്റ്റാർട്ടപ്പ് അന്തരീക്ഷം സൃഷ്ടിക്കാന്‍ വഴിയൊരുക്കി. പ്രമുഖ ആഗോള സംരംഭങ്ങൾ ഇന്ത്യൻ യുവാക്കളുടെ കഴിവിലും സമർപ്പണത്തിലും ആകൃഷ്ടരാവുകയും അവർക്ക് നേതൃത്വപരമായ ചുമതലകൾ നൽകുകയും ചെയ്യുന്നു. അത്തരം യുവ പ്രതിഭകൾ ലോകമെങ്ങും ഇന്ത്യയുടെ യുവശക്തിയുടെ ഖ്യാതി ഉയർത്തിയിട്ടുണ്ട്. നമ്മുടെ യുവതലമുറ ശോഭനവും സമൃദ്ധവുമായ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള എന്റെ വിശ്വാസത്തെ കൂടുതൽ സുദൃഢമാക്കുന്നു.
നമ്മുടെ വിദ്യാർത്ഥികളാണ് രാജ്യത്തിന്റെ ഭാവിയുടെ ശില്പികൾ. ദേശീയ സുരക്ഷ ഉറപ്പാക്കാൻ ഗവണ്‍മെന്റും സമൂഹവും ഒറ്റക്കെട്ടായി നിൽക്കേണ്ടതുപോലെ തന്നെ നമ്മുടെ വിദ്യാർത്ഥികളുടെ വർത്തമാനവും ഭാവിയും സംരക്ഷിക്കാന്‍ സംയുക്തവും ഏകോപിതവുമായ പരിശ്രമങ്ങളിലൂടെ എല്ലാവരും സംഭാവന നൽകേണ്ടതുണ്ട്. പൊതുപരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവസരങ്ങളുടെ വാതായനങ്ങളായി മാറുന്നു. ഈ പരീക്ഷകളിൽ പരിഷ്കാരങ്ങൾ കൊണ്ടുവരാൻ ഗവണ്‍മെന്റ് സമഗ്രമായ നടപടികൾ സ്വീകരിച്ചു വരികയാണ്. പൊതുപരീക്ഷകളിൽ അന്യായമായ മാർഗ്ഗങ്ങളുടെ ഉപയോഗം പൂർണ്ണമായും തടയാനും പരീക്ഷാ സംവിധാനം കൂടുതൽ സുതാര്യവും സുരക്ഷിതവും യുവാക്കൾക്ക് കൂടുതൽ വിശ്വാസയോഗ്യവുമാക്കാനുമാണ് ഈ പരിഷ്കാരങ്ങള്‍ ലക്ഷ്യമിടുന്നത്.
ഗവണ്‍മെന്റ് സംരംഭങ്ങളിലൂടെയും ഉയർന്നുവരുന്ന സാമ്പത്തിക പ്രവർത്തനങ്ങളിലൂടെയും യുവജനങ്ങൾക്ക് പുതിയ അവസരങ്ങളുടെ വിശാല ലോകം തുറക്കപ്പെടുകയാണ്. ഇത്തരം പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്തി നമ്മുടെ യുവാക്കൾക്ക് വിജയത്തിന്റെ പുതിയ പാതകളിലേക്ക് മുന്നേറാനാവും.
നമ്മുടെ യുവജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമമാണ് രാജ്യത്തിന്റെ ഭാവിയുടെ അടിത്തറ. ഉത്സാഹത്തോടെ മുന്നേറാൻ യുവജനങ്ങളെ പ്രോത്സാഹിപ്പിക്കേണ്ട ഉത്തരവാദിത്തം കുടുംബങ്ങൾക്കും സമൂഹത്തിനുമുണ്ട്.
യുവജനങ്ങളുടെ വികസനത്തിന്റെയും രാഷ്ട്രനിർമാണത്തിന്റെയും മാധ്യമമായി കായികരംഗത്തെ നാം മാറ്റുകയാണ്. ഖേലോ ഇന്ത്യ പരിപാടിക്ക് കീഴിൽ താഴെത്തട്ട് മുതൽ ദേശീയ തലം വരെ രാജ്യത്തുടനീളം കായിക ആവാസവ്യവസ്ഥ വികസിപ്പിച്ചുവരുന്നു. കായികരംഗത്തെ പ്രോത്സാഹിപ്പിക്കാന്‍ അഭൂതപൂർവമായ നിക്ഷേപമാണ് ഗവണ്‍മെന്റ് നടത്തുന്നത്. ഈ പരിശ്രമങ്ങൾ മികച്ച ഫലം നൽകുന്നുമുണ്ട്. അന്താരാഷ്ട്ര കായിക മത്സരങ്ങളിലെ ഇന്ത്യന്‍ കായികതാരങ്ങളുടെ പ്രകടനത്തിലും നേട്ടങ്ങളിലും മികച്ച മുന്നേറ്റമാണ് കൈവരിക്കാനായത്.
ലോകത്തെ യുവജനസംഖ്യയില്‍ എറ്റവും മുന്നിട്ടു നില്‍ക്കുന്ന നമ്മുടെ രാജ്യത്ത് മുതിർന്ന പൗരന്മാരുടെ എണ്ണവും വർധിച്ചുവരികയാണ്. മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഗവണ്‍മെന്റ് നിരവധി സംരംഭങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. 70 വയസ്സും അതിന് മുകളിലുമുള്ള ഏകദേശം 6 കോടി മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 5 ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താം. മുതിർന്ന പൗരന്മാരോട് സമൂഹമൊന്നടങ്കം കരുതല്‍ കാണിക്കുകയും അവരില്‍ ആത്മബന്ധത്തിന്റെ വികാരം വളർത്തുകയും അവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കുകയും വേണം.
എന്റെ പ്രിയപ്പെട്ട സഹ പൗരന്മാരേ,
മനുഷ്യത്വത്തിന് ഭീഷണിയായ ശക്തികളെ സത്യവും നീതിയും ഉയർത്തിപ്പിടിച്ച് പരാജയപ്പെടുത്തിയ നമ്മുടെ സുദീർഘ പാരമ്പര്യത്തിൽ നാം അഭിമാനിക്കുന്നു. ജൂലൈ 26 ന് ആചരിച്ച കാർഗിൽ വിജയ് ദിവസിലൂടെയും 2025 മെയ് 7 ന് ആരംഭിച്ച ഓപ്പറേഷൻ സിന്ദൂരിന്റെ ഒന്നാം വാർഷികാചരണത്തിലൂടെയും, ഇന്ത്യൻ സായുധ സേനയുടെ ധീരതയെയും ത്യാഗങ്ങളെയും നാം സ്മരിക്കുന്നു. നമ്മുടെ സായുധ സേനയുടെ അതുല്യമായ ധീരതയെ
നാം അനുസ്മരിച്ചു. ഭീകരതയ്‌ക്കെതിരായ ആ ചരിത്രപരമായ സൈനിക നടപടി കൃത്യതയോടെ പ്രവർത്തിക്കാനുള്ള ഇന്ത്യൻ സായുധ സേനയുടെ ശേഷി പ്രകടമാക്കി. ഭീകരവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും, അവർ എവിടെ ഒളിച്ചാലും, സ്വന്തം പ്രവൃത്തികളുടെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുമെന്ന് സുവ്യക്തവും സുദൃഢവുമായ സന്ദേശം നൽകി. ഭീകരതയ്ക്ക് അഭയം നൽകുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ റദ്ദാക്കിയത് നമ്മുടെ രാജ്യത്തിന്റെ, പ്രത്യേകിച്ച് കർഷകരുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിലെ നിർണായക ചുവടുവയ്പ്പാണ്.
പതിറ്റാണ്ടുകളായി നക്സലിസം രാജ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തിയിരുന്നു. ഇന്ത്യയെ നക്സൽമുക്തമാക്കാൻ സാധിച്ചത് ഒരു പ്രധാന നേട്ടമാണ്. ഒരുകാലത്ത് നക്സലിസം ബാധിച്ചിരുന്ന പ്രദേശങ്ങളിൽ ഇന്ന് വലിയ ഉത്സാഹം ദൃശ്യമാണ്. പ്രസ്തുത പ്രദേശങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം യഥാർത്ഥ്യമായിരിക്കുന്നു. ബസ്തർ ഒളിമ്പിക്സിൽ ധാരാളം കായികതാരങ്ങൾ പങ്കെടുത്തു, നിരവധി കലാകാരന്മാർ ബസ്തർ പാണ്ഡത്തിൽ അവരുടെ പ്രതിഭകൾ പ്രദർശിപ്പിച്ചു, ധാരാളം ആളുകൾ അത് ആസ്വദിച്ചു.
മറാത്ത സൈനിക പാരമ്പര്യവുമായി ബന്ധപ്പെട്ട് ദേശാഭിമാനം സംരക്ഷിക്കുന്നതിനായി നിർമ്മിച്ച 12 കോട്ടകളെ കഴിഞ്ഞ വർഷം യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി. ഈ വർഷം, ഭഗവാൻ ബുദ്ധന്റെ ആദ്യ പ്രഭാഷണം നടന്ന സ്ഥലമായ സാരാനാഥിനെ യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഒരു വശത്ത്, ഭഗവാൻ ബുദ്ധനുമായി ബന്ധപ്പെട്ട ആത്മീയതയുടെ സ്മാരകങ്ങൾ ഭാരതഭൂമിയിലുണ്ട്. മറുവശത്ത്, നമ്മുടെ അഭിമാനവും മഹത്തായ പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി പോരാടാനുള്ള നമ്മുടെ അത്ഭുതകരമായ ശേഷിയുടെ പ്രതീകങ്ങളും നിലനിൽക്കുന്നു.
എൻ്റെ പ്രിയപ്പെട്ട സഹ പൗരന്മാരേ,
ഓരോ ഇന്ത്യക്കാരൻ്റെയും വികസനവും ക്ഷേമവുമാണ് വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം. മഹാനായ തെലുങ്ക് സാഹിത്യകാരൻ ഗുരജദ അപ്പറാവു തൻ്റെ ഒരു ഗാനത്തിലൂടെ ദേശസ്നേഹത്തിൻ്റെ കാലാതീതമായ സന്ദേശം പകർന്നു നൽകി:
ദേശമുനു പ്രേമിച്ചുമണ്ണാ, മാഞ്ചി അണ്ണാടി പെഞ്ചുമണ്ണാ.
ദേശമാൻ്റെ മട്ടി കടോയ്, ദേശമാൻ്റെ മനുഷുലോയ്
മേൽപ്പറഞ്ഞ ഈരടികളുടെ സാരാംശം ഇനിപ്പറയുന്നു:
നമ്മുടെ രാജ്യത്തെ സ്നേഹിക്കുക,
നന്മയെ പോഷിപ്പിക്കുക.
ഒരു രാഷ്ട്രമെന്നാൽ അതിന്റെ ഭൂമി മാത്രമല്ല,
ഒരു രാഷ്ട്രമെന്നാൽ അതിലെ ജനങ്ങൾ കൂടിയാണ്.
സാമൂഹികപങ്കാളിത്തവും സർക്കാരിന്റെ പരിശ്രമവും കൊണ്ട്, ഇന്ത്യയിലുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലെയും, പട്ടണത്തിലെയും, വീടുകളിലെയും ജനങ്ങൾ ആരോഗ്യവാന്മാരും, സന്തോഷവാന്മാരും, സമൃദ്ധിയുള്ളവരുമായി മാറുമെന്ന് ഞാൻ വിശ്വസിക്കുന്നു.
എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശസ്നേഹത്തിന്റെ ഈ മനോഭാവത്തോടെ, സ്വതന്ത്ര ഭാരതത്തെ വികസിത ഭാരതമാക്കി മാറ്റുക എന്ന പവിത്രമായ ദേശീയ ലക്ഷ്യത്തിനായി നമുക്ക് സ്വയം സമർപ്പിക്കാം.
നന്ദി!
ജയ് ഹിന്ദ്!
ജയ് ഭാരത്!
SK
(रिलीज़ आईडी: 2299592)
आगंतुक पटल : 15
इस विज्ञप्ति को इन भाषाओं में पढ़ें:
Tamil
,
Telugu
,
Assamese
,
Bengali
,
Odia
,
English
,
Khasi
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Punjabi
,
Gujarati
,
Kannada