ഉപരാഷ്ട്രപതിയുടെ കാര്യാലയം
വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് അംഗങ്ങളുടെ 'ഹർ ഘർ തിരംഗ' ബൈക്ക് റാലി ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു
प्रविष्टि तिथि:
12 AUG 2026 11:03AM by PIB Thiruvananthpuram
ദേശീയഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പാർലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത 'ഹർ ഘർ തിരംഗ' ബൈക്ക് റാലി ഉപരാഷ്ട്രപതി ശ്രീ സി.പി. രാധാകൃഷ്ണൻ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ദേശീയ അഭിമാനം, ഐക്യം, ജനപങ്കാളിത്തം എന്നിവയുടെ സന്ദേശമുയർത്തി ഭാരത് മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി മേജർ ധ്യാൻചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ സമാപിച്ചു.
വന്ദേമാതരം മാതൃരാജ്യത്തോടുള്ള സ്നേഹത്തെ ഒരു ദേശീയ കർത്തവ്യമാക്കി മാറ്റി എന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവിന്റെ ശക്തമായ പ്രകടനമായി മാറിയെന്നും സദസ്സിനെ അഭിസംബോധന ചെയ്യവേ ഉപരാഷ്ട്രപതി പറഞ്ഞു. അതിലെ അനശ്വരമായ വാക്കുകൾ എണ്ണമറ്റ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ധൈര്യം, ത്യാഗം, പ്രത്യാശ എന്നിവ പകർന്നുനൽകിയതായും അദ്ദേഹം ഓർമിപ്പിച്ചു.
ആൻഡമാൻ -നിക്കോബാർ ദ്വീപുകളിലേക്കുള്ള തന്റെ സമീപകാല സന്ദർശനത്തെ അനുസ്മരിക്കവേ , നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിലേക്കും ചരിത്രപ്രസിദ്ധമായ സെല്ലുലാർ ജയിലിലേക്കും നടത്തിയ സന്ദർശനം വളരെ വികാരഭരിതമായിരുന്നുവെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.1943-ൽ നേതാജി ത്രിവർണ്ണ പതാക ഉയർത്തിയതും സെല്ലുലാർ ജയിലിൽ തടവിലാക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളും അദ്ദേഹം അനുസ്മരിച്ചു.'വന്ദേമാതരം' എന്ന് ഉറക്കെ വിളിച്ചുകൊണ്ടാണ് അവരിൽ പലരും തൂക്കുമരത്തിലേറിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ വന്ദേമാതരം എന്ന ദേശീയഗീതം രാജ്യത്തുടനീളം സൃഷ്ടിച്ച സ്വാധീനം വ്യക്തമാക്കവേ, തമിഴ്‌നാട്ടിൽ നിന്നുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും നേതാക്കളുടെയും സംഭാവനകളെയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ സ്മരിച്ചു. വി.ഒ. ചിദംബരം പിള്ള, സുബ്രഹ്മണ്യ ശിവ, തിരുപ്പൂർ കുമരൻ, വാഞ്ചിനാഥൻ എന്നിവരുടെയും, വന്ദേമാതരത്തിന്റെ ആവേശവും സന്ദേശവും ജനങ്ങളിലേക്കെത്തിച്ച ദേശീയ കവി സുബ്രഹ്മണ്യ ഭാരതിയുടെയും ത്യാഗങ്ങളെ അദ്ദേഹം അനുസ്മരിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022-ൽ തുടക്കം കുറിച്ച 'ഹർ ഘർ തിരംഗ' അഭിയാൻ ഇന്ന് ജനകീയ പ്രസ്ഥാനമായി മാറിയെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. തിരംഗ യാത്രകൾ, ബൈക്ക്-സൈക്കിൾ റാലികൾ, സാംസ്കാരിക പരിപാടികൾ എന്നിവയിലൂടെ ജനങ്ങൾ ഇതിൽ സജീവമായി പങ്കാളികളാകുന്നുണ്ട്. ത്രിവർണ പതാക ഭാരതാംബയോടുള്ള ഐക്യബോധത്തിന് ദൃശ്യരൂപം നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സ്വന്തം മണ്ഡലങ്ങളിൽ ഈ പ്രചാരണം വ്യാപിപ്പിക്കാനും ദേശീയപതാക അഭിമാനത്തോടെ ഉയർത്താൻ ജനങ്ങൾക്ക് പ്രചോദനമാകാനും എം.പി.മാരോടും ജനപ്രതിനിധികളോടും ആഹ്വാനം ചെയ്തു.
കേന്ദ്രമന്ത്രിമാരായ ശ്രീ ഗജേന്ദ്ര സിംഗ് ഷെഖാവത്, ശ്രീ രാജീവ് രഞ്ജൻ സിംഗ്, ശ്രീ വീരേന്ദ്ര കുമാർ, ശ്രീ ജി. കിഷൻ റെഡ്ഡി, ശ്രീ കിരൺ റിജിജു, ശ്രീ ജിതേന്ദ്ര സിംഗ് എന്നിവരും പാർലമെന്റ് അംഗങ്ങളും മറ്റ് ജനപ്രതിനിധികളും റാലിയിൽ പങ്കെടുത്തു.
***
(रिलीज़ आईडी: 2298155)
आगंतुक पटल : 15