പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
പി.എം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന 50 ലക്ഷത്തിലധികം പുരപ്പുറ സൗര പാനലുകള്‍ സ്ഥാപിച്ച് ചരിത്രനേട്ടം കൈവരിച്ചു
प्रविष्टि तिथि:
04 AUG 2026 2:26PM by PIB Thiruvananthpuram
രാജ്യത്തുടനീളം 50.06 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പുരപ്പുറ സൗര പാനലുകള്‍ സ്ഥാപിച്ച് കൊണ്ട് പി.എം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന (സൗജന്യ വൈദ്യുത പദ്ധതി) ഒരു നാഴികക്കല്ല് പിന്നിട്ടു.
തുടക്കമിട്ട്, വെറും രണ്ട് വര്‍ഷത്തിനുള്ളില്‍ കൈവരിച്ച ഈ നേട്ടം കഴിഞ്ഞ ദശാബ്ദത്തില്‍ രേഖപ്പെടുത്തിയ 7.94 ലക്ഷം പുരപ്പുറ സൗര പാനലുകള്‍ സ്ഥാപിച്ചതുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഗണ്യമായ കുതിപ്പ് അടയാളപ്പെടുത്തുന്നു. 75,021 കോടി രൂപയുടെ പദ്ധതി വിഹിതത്തോടെ ലോകത്തിലെ ഏറ്റവും വലിയ പുരപ്പുറ സൗര പദ്ധതിയുടെ ദ്രുതഗതിയിലുള്ള നിര്‍വഹണത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. കേന്ദ്ര നവ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന് കീഴിലുള്ള, കേന്ദ്രസര്‍ക്കാരിന്റെ ഒരു മുന്‍നിര പുരപ്പുറ സൗര സോളാര്‍ പദ്ധതിയാണ് പി.എം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴില്‍, ഇന്ന് ഓരോ ആറ് ദിവസത്തിലും ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനമേകിക്കൊണ്ട് ലോകമെങ്ങുമുള്ളവയില്‍ ഏറ്റവും വളര്‍ച്ച പ്രാപിക്കുന്ന ശുദ്ധ ഊര്‍ജ്ജ പദ്ധതികളില്‍ ഒന്നായി ഇത് മാറിയിരിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ പാനലുകള്‍ സ്ഥാപിക്കുന്നതിന്റെ വേഗത 3.2 മടങ്ങ് വര്‍ദ്ധിച്ചു, 2025 ഒക്ടോബറില്‍ പ്രതിദിനം 5,038 ആയിരുന്ന പാനല്‍സ്ഥാപനം 2026 ജൂലൈയില്‍ ഏകദേശം 16,328 ആയി ഉയര്‍ന്നു.
2026 ജൂലൈയില്‍ മാത്രം 5.06 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു, പദ്ധതി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ കണക്കാണിത്.
ഈ കുതിപ്പിനെ പിന്തുണയ്ക്കുന്നതിനായി, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിലൂടെ 28,024 കോടി രൂപ സബ്സിഡി നേരിട്ട് ഗുണഭോക്താക്കള്‍ക്ക് നല്‍കി. തല്‍ഫലമായി, 19 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ തുകരഹിത വൈദ്യുതി ബില്ലുകള്‍ ലഭിക്കുന്നു, ഇത് കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യതയെ ഗണ്യമായി ലഘൂകരിക്കുന്നു.2024-25 സാമ്പത്തിക വര്‍ഷത്തില്‍ 12 ലക്ഷത്തിലധികം കുടുംബങ്ങള്‍ മിച്ച വൈദ്യുതി വില്‍പ്പനയിലൂടെ 421 കോടി രൂപ സമ്പാദിച്ചു, ഇതിലൂടെ ഗ്രിഡിലേക്ക് വൈദ്യുതി തിരികെ നല്‍കുന്ന കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം ഏകദേശം 3,500 രൂപയുടെ അധിക വരുമാനം ലഭ്യമാക്കുന്നു.
പ്രയോജനക്ഷമതാധിഷ്ഠിത സമാഹരണമാതൃക (യൂട്ടിലിറ്റി ലെഡ് അഗ്രഗേഷന്‍ മോഡല്‍)യ്ക്ക് കീഴില്‍ 4 സംസ്ഥാനങ്ങളിലുടനീളം പി.എം.എ.വൈ, ബി.പി.എല്‍, എസ്.സി/ എസ്.ടി കുടുംബങ്ങള്‍ക്കായി 1.6 ലക്ഷം പാനല്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി. 12 സംസ്ഥാനങ്ങളില്‍ ഈ മാതൃക വ്യാപിപ്പിക്കാന്‍ അനുമതി ലഭ്യമാവുകയും ചെയ്തു.
താരിഫ് സബ്‌സിഡി ബാധ്യത കുറയ്ക്കുന്നതിനൊപ്പം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് പുരപ്പുറ സൗര വൈദ്യുതി ലഭ്യമാക്കുന്നതിനും ഈ മാതൃക സഹായിക്കുന്നു. 21.87 ലക്ഷം അപേക്ഷകര്‍ക്ക് റിപ്പോ നിരക്കും 50 ബേസിസ് പോയിന്റുകളും ചേര്‍ത്ത് 5.75 ശതമാനം വായ്പ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്, ഇതില്‍ 17.5 ലക്ഷം പാനല്‍ സ്ഥാപനം ഇതിനകം വായ്പാധനസഹായം വഴി പൂര്‍ത്തിയാക്കിയിട്ടുണ്ട്, ജന്‍ സമര്‍ഥ് സംയോജനത്തിലൂടെ കടലാസ് രഹിത വായ്പാനടപടിക്രമങ്ങളും സാധ്യമാക്കുന്നു.
രാജ്യത്തുടനീളം ഈ പദ്ധതി വിപുലമായൊരു വിപണന,തൊഴില്‍ ആവാസവ്യവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ആകെ 34,219 രജിസ്റ്റര്‍ ചെയ്ത വിതരണക്കാരുള്ളതില്‍ 29,469 പേരും സജീവമായി പ്രവര്‍ത്തിക്കുന്നു.പുരപ്പുറ സൗര മൂല്യ ശൃംഖലയെ പിന്തുണയ്ക്കുന്ന കാര്യക്ഷമതാ വര്‍ദ്ധക പരിപാടികള്‍ പ്രകാരം 2.32 ലക്ഷത്തിലധികം ആളുകള്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ഈ പദ്ധതി പ്രകാരം ഇതുവരെ മൊത്തത്തില്‍ 14.8 ജിഗാവാട്ട് പുരപ്പുറ സൗര ശേഷി പ്രവര്‍ത്തനക്ഷമമാക്കി.
അപേക്ഷ മുതല്‍ സബ്സിഡി വിതരണം വരെ 100 ശതമാനവും ഓണ്‍ലൈനായി, ആദ്യന്ത ഡിജിറ്റല്‍ പ്രക്രിയയിലൂടെയാണ് ഈ പദ്ധതി പ്രവര്‍ത്തിക്കുന്നത്. അതിനാൽ ഉപഭോക്താക്കൾ നേരിട്ട് കടലാസ് രേഖകൾ സമർപ്പിക്കുകയോ ഓഫീസുകൾ സന്ദർശിക്കുകയോ ചെയ്യേണ്ടതില്ല
കടലാസ് രഹിത വായ്പകള്‍ക്കായുള്ള ജന്‍ സമര്‍ഥ് സംയോജനം, 15 ദിവസത്തിനുള്ളില്‍ സബ്സിഡി വിതരണം അനുവദിക്കുന്ന പി.എഫ്.എം.എസ് സംയോജനം, തടസ്സരഹിത നടപടിക്രമങ്ങള്‍ക്കായി 80-ലധികം വൈദ്യുത വിതരണ കമ്പനികളുമായുള്ള എ.പി.ഐ സംയോജനം, ദേശീയ പോര്‍ട്ടല്‍ വഴിയുള്ള ഡിജിറ്റല്‍ നെറ്റ് മീറ്ററിംഗ് കരാര്‍, ഉപഭോക്താക്കള്‍ക്ക് ദൃശ്യമായ സ്റ്റാര്‍ റേറ്റിങ്ങുകള്‍ വാഗ്ദാനം ചെയ്യുന്ന വെന്‍ഡര്‍ വിലയിരുത്തല്‍ ചട്ടക്കൂട് എന്നിവയിലൂടെ ഇത് സാധ്യമാക്കി. ഡി.സി.ആര്‍ പോര്‍ട്ടലുമായുള്ള സംയോജനം ആഭ്യന്തര ഉള്ളടക്ക അനുസരണം ഉറപ്പാക്കുന്നു.
സൗര പാനലുകളുടെ ഉപയോഗം എളുപ്പമാക്കുന്നതിന്, 10 കിലോവാട്ട് വരെയുള്ള പുരപ്പുറ സൗര പാനലുകള്‍ക്കായി ഒരു കല്‍പ്പിത അനുമതി (ഡീമ്ഡ് അപ്രൂവല്‍), പ്രാവര്‍ത്തികതാ ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്, കൂടാതെ 32 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പുരപ്പുറ സൗര പാനലുകള്‍ക്കുള്ള അപേക്ഷാ നിരക്കുകളും നെറ്റ് മീറ്ററിംഗ് നിരക്കുകളും ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുത വിതരണ കമ്പനികള്‍(ഡിസ്‌കോമുകള്‍)ക്ക് പ്രോത്സാഹനമായി 3,807.6 കോടി രൂപയും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഏകദേശം 104 കോടി രൂപയും അനുവദിച്ചു. 46 നഗരങ്ങളിലായി ഒരു നഗര ത്വരിത പദ്ധതി (സിറ്റി ആക്‌സിലറേറ്റര്‍ പ്രോഗ്രാം)ആരംഭിച്ചു. കൂടാതെ വിതരണക്കാര്‍ക്കുള്ള ഉത്തരവാദിത്ത ചട്ടക്കൂടിന് കീഴില്‍ ഏകദേശം 23,000 മൂന്നാം കക്ഷി ഗുണനിലവാര പരിശോധനകള്‍ നടത്തി.
1,418 മെഗാവാട്ട് ശേഷിയുള്ള പ്രയോഗക്ഷമമായ ഏകദേശം 41,542 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ കേന്ദ്ര മന്ത്രാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, അതില്‍ 872 മെഗാവാട്ട് ശേഷിയുള്ള 25,255 കെട്ടിടങ്ങള്‍ ഇതിനകം സൗരോര്‍ജ്ജവല്‍ക്കരിച്ചു. 4,400 മെഗാവാട്ട് ശേഷിയുള്ള പ്രയോഗക്ഷമമായ ഏകദേശം 3,20,000 സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സംസ്ഥാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1,450 മെഗാവാട്ട് ശേഷിയുള്ള 81,329 കെട്ടിടങ്ങള്‍ ഇതിനകം സൗരോര്‍ജ്ജവല്‍ക്കരിച്ചു. ആകെ 1.06 ലക്ഷം സര്‍ക്കാര്‍ കെട്ടിടങ്ങള്‍ ഇതുവരെ സൗരോര്‍ജ്ജവല്‍ക്കരിച്ചു. സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സൗരോര്‍ജ്ജവല്‍ക്കരണ പദ്ധതികളിലെ പണമിടപാട് നഷ്ടസാധ്യതകള്‍ കുറയ്ക്കുന്നതിലൂടെയും സമയബന്ധിതമായ പണമിടപാടുകള്‍ ഉറപ്പാക്കുന്നതിലൂടെയും പുനരുപയോഗ ഊര്‍ജ്ജ സേവന കമ്പനി(ആര്‍.ഇ.എസ്.സി.ഒ) ലേലക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പണമിടപാട് സുരക്ഷാ സംവിധാനവും അവതരിപ്പിച്ചിട്ടുണ്ട്.
50 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ഇപ്പോള്‍ പ്രയോജനം ലഭിക്കുന്നതും സൗര പാനലുകള്‍ സ്ഥാപിക്കുന്നത് ത്വരിതഗതിയില്‍ പുരോഗമിക്കുന്നതും കണക്കിലെടുത്താല്‍, വികേന്ദ്രീകൃതവും പൗര കേന്ദ്രീകൃതവുമായ ശുദ്ധ ഊര്‍ജ്ജ സ്വീകാര്യതയില്‍ ആഗോള നേതാവെന്ന ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് പി.എം സൂര്യ ഘര്‍: മുഫ്ത് ബിജ്ലി യോജന. അതേസമയം, ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഊര്‍ജ്ജ സുരക്ഷയും ഊര്‍ജ്ജ സ്വാതന്ത്ര്യവുമെന്ന ഇരട്ട ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു.
***
(रिलीज़ आईडी: 2294599)
आगंतुक पटल : 14