രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ഇന്ത്യാ-റൊമാനിയ ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തു

प्रविष्टि तिथि: 24 JUL 2026 2:58PM by PIB Thiruvananthpuram
ബുക്കാറെസ്റ്റിൽ ഇന്ന് (2026 ജൂലൈ 24) നടന്ന ഇന്ത്യാ-റൊമാനിയ ബിസിനസ് ഫോറത്തെ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു അഭിസംബോധന ചെയ്തു. റൊമാനിയൻ പ്രസിഡന്റ് നികുഷോർ ഡാൻ , റൊമാനിയൻ ഗവണ്മെന്റിന്റെ പ്രതിനിധികൾ, ഇരു രാജ്യങ്ങളിലെയും വ്യവസായ പ്രമുഖർ, വ്യവസായ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു 
 
യൂറോപ്പിന്റെ തന്ത്രപ്രധാനമായ സ്ഥാനത്തുള്ള റൊമാനിയ, മികവുറ്റ മാനവവിഭവശേഷി, അത്യാധുനിക വ്യവസായ ശേഷി, യൂറോപ്യൻ യൂണിയനുമായുള്ള ശക്തമായ ബന്ധം എന്നിവ കാരണം ഇന്ത്യയുടെ സ്വാഭാവികവും മൂല്യവത്തായതുമായ പങ്കാളിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. റൊമാനിയ മികച്ച നിക്ഷേപ കേന്ദ്രം മാത്രമല്ല, വിശാലമായ യൂറോപ്യൻ വിപണിയിലേക്കുള്ള കവാടം കൂടിയാണ്. ഈ ഫോറത്തിൽ വലിയൊരു ഇന്ത്യൻ വ്യവസായ സംഘം പങ്കെടുക്കുന്നത്, റൊമാനിയ നൽകുന്ന അവസരങ്ങളിൽ ഇന്ത്യൻ വ്യവസായ ലോകത്തിനുള്ള വളരുന്ന വിശ്വാസത്തെയും ശക്തമായ പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള താല്പര്യത്തെയുമാണ് പ്രതിഫലിപ്പിക്കുന്നത് .
 
ഇരുരാജ്യങ്ങളും തമ്മിലുള്ള ആധുനിക പങ്കാളിത്തത്തിന്റെ കേന്ദ്രബിന്ദു വാണിജ്യ-സാമ്പത്തിക സഹകരണമാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഏതാണ്ട് 200 കോടി ജനങ്ങളുള്ള വിപണിയും 25 ട്രില്യൺ ഡോളറിന്റെ സാമ്പത്തിക വലുപ്പവുമുള്ള ഇന്ത്യ-ഇ.യു സ്വതന്ത്ര വ്യാപാര കരാർ, ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക പങ്കാളിത്തങ്ങളിലൊന്നാണ്. വ്യാപാരം ശക്തമാക്കാനും, നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാനും, പ്രതിരോധശേഷിയുള്ള വിതരണ ശൃംഖലകൾ സൃഷ്ടിക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്. ഈ കരാറിന്റെ വേഗത്തിലുള്ളതും കാര്യക്ഷമവുമായ നിർവഹണം വളരെ നിർണായകമാണെന്ന് അവർ ഊന്നിപ്പറഞ്ഞു. ഇത് ബിസിനസുകൾക്ക് കൂടുതൽ സുതാര്യമായ അന്തരീക്ഷം നൽകുകയും, പുതിയ അവസരങ്ങൾ തുറക്കുകയും, MSME-കൾക്കും സ്റ്റാർട്ടപ്പുകൾക്കും നവീകരണ സംരംഭകർക്കും വലിയ സഹായമാകുകയും ചെയ്യും.
 
ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വേളയോടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് "വികസിത് ഭാരത് 2047എന്ന ദർശനം. ഈ യാത്ര അന്താരാഷ്ട്ര പങ്കാളിത്തങ്ങൾക്കും നിക്ഷേപങ്ങൾക്കും സാങ്കേതിക സഹകരണത്തിനും വൻ അവസരങ്ങളാണ് മുന്നോട്ടുവെക്കുന്നത്.
 
ലളിതമാക്കിയ നികുതി വ്യവസ്ഥകളിലൂടെയും, ഉൽപ്പാദനബന്ധിത പ്രോത്സാഹന പദ്ധതികളിലൂടെയും (PLI) കൂടുതൽ സുതാര്യവും നിക്ഷേപ സൗഹൃദവുമായ അന്തരീക്ഷം ഒരുക്കാൻ ഇന്ത്യ നിരവധി നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് രാഷ്ട്രപതി വ്യക്തമാക്കി.
ഊർജ്ജ സുരക്ഷ, ഹരിത ഊർജ്ജത്തിലേക്കുള്ള മാറ്റം എന്നിവയിൽ ഇന്ത്യയ്ക്കും റൊമാനിയയ്ക്കും ബൃഹത്തായ സഹകരണ സാധ്യതകളുണ്ട്. രാസവസ്തു, വളം നിർമ്മാണ മേഖലകളിൽ റൊമാനിയക്കുള്ള ശേഷി കണക്കിലെടുക്കുമ്പോൾ ഈ രംഗത്തും സഹകരണത്തിന് സാധ്യതയുണ്ട്. സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, സൈബർ സുരക്ഷ, ഗവേഷണം, അത്യാധുനിക സാങ്കേതികവിദ്യകൾ എന്നിവയിലുള്ള റൊമാനിയയുടെ കരുത്തിന് പൂരകമാണ് ഇന്ത്യയുടെ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യം , കരുത്തുറ്റ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ, വിവരസാങ്കേതിക വിദ്യയിലെ നേതൃത്വo എന്നിവ . തുറമുഖങ്ങൾ, റെയിൽവേ, ദേശീയപാതകൾ, ലോജിസ്റ്റിക്സ് പാർക്കുകൾ, മൾട്ടി-മോഡൽ ഗതാഗതം എന്നിവയുൾപ്പെടെയുള്ള ഗതാഗത, ചരക്ക് നീക്കമേഖലകളിലും ഇരുരാജ്യങ്ങളിലെയും കമ്പനികൾക്ക് ഒന്നിച്ചു പ്രവർത്തിക്കാനാവും . കൂടാതെ ഔഷധ നിർമ്മാണം, ആരോഗ്യ സംരക്ഷണം, കൃഷി, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിലും സഹകരണം ശക്തമാക്കാം.
 
ഇന്ത്യയിലെയും റൊമാനിയയിലെയും ബിസിനസ് സമൂഹങ്ങൾ ഈ പുതിയ അവസരങ്ങൾ മുതലാക്കി വിജയകരമായ വാണിജ്യ പങ്കാളിത്തങ്ങളാക്കി മാറ്റുമെന്ന് രാഷ്ട്രപതി പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളർച്ചാ യാത്രയിൽ സജീവമായി പങ്കാളികളാകാൻ റൊമാനിയൻ കമ്പനികളോട് അവർ അഭ്യർത്ഥിച്ചു. ഇരുരാജ്യങ്ങളിലെയും ബിസിനസുകൾക്ക് കരുത്തുറ്റ വിതരണ ശൃംഖലകൾ നിർമ്മിക്കാനും, തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കാനും, ജനങ്ങൾക്ക് സുസ്ഥിരമായ സമൃദ്ധി ഉറപ്പാക്കാനും കഴിയുമെന്നും അവർ കൂട്ടിച്ചേർത്തു.
 
 
രാഷ്ട്രപതിയുടെ പ്രസംഗം കാണാൻ ദയവായി ഇവിടെ ക്ലിക്ക് ചെയ്യുക.
 
***
 

(रिलीज़ आईडी: 2289103) आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Gujarati , Tamil