പാര്‍ലമെന്ററികാര്യ മന്ത്രാലയം
azadi ka amrit mahotsav

പാര്‍ലമെൻ്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ഗവണ്മെന്റ് യോഗം ചേര്‍ന്നു

प्रविष्टि तिथि: 19 JUL 2026 4:20PM by PIB Thiruvananthpuram

പാർലമെൻ്റിൻ്റെ 2026-ലെ വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി, രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒരു യോഗം ഇന്ന് (2026 ജൂലൈ 19) ന്യൂഡൽഹിയിലെ പാർലമെൻ്റ് സമുച്ചയത്തില്‍ നടന്നു. കേന്ദ്ര പാർലമെൻ്ററി, ന്യൂനപക്ഷകാര്യ മന്ത്രി ശ്രീ കിരൺ റിജിജുവാണ് യോഗം വിളിച്ചുചേർത്തത്. രാജ്യസഭാ നേതാവ് കൂടിയായ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു-രാസവള മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ, നിയമ-നീതിന്യായ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പാർലമെൻ്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അർജ്ജുൻ റാം മേഘ്‌വാൾ, പാർലമെൻ്ററി കാര്യ, വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാർ ഉൾപ്പെടെ 40 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 58 നേതാക്കളാണ് ഈ യോഗത്തിൽ പങ്കെടുത്തത്.

യോഗത്തിൻ്റെ തുടക്കത്തിൽ, രാജ്യരക്ഷാ മന്ത്രി ശ്രീ രാജ്‌നാഥ് സിംഗ് ആമുഖ പ്രസംഗം നടത്തുകയും യോഗത്തിൽ പങ്കെടുത്ത എല്ലാ നേതാക്കളേയും സ്വാഗതം ചെയ്യുകയും ചെയ്തു. തുടർന്ന് പാർലമെൻ്ററി കാര്യ മന്ത്രി യോഗനടപടികൾക്ക് നേതൃത്വം നൽകി. പാർലമെൻ്റിൻ്റെ 2026-ലെ വർഷകാല സമ്മേളനം 2026 ജൂലൈ 20 തിങ്കളാഴ്ച ആരംഭിക്കുമെന്നും, ഗവണ്മെന്റ് കാര്യങ്ങളുടെ ആവശ്യകതകൾക്ക് വിധേയമായി സമ്മേളനം 2026 ആഗസ്റ്റ് 13 വ്യാഴാഴ്ച സമാപിച്ചേക്കാമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. 25 ദിവസത്തെ കാലയളവിലായി ആകെ 19 തവണ സഭ ചേരും.

വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിലെ നിയമനിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങൾ പാർലമെൻ്റിൻ്റെ ഇരു സഭകളുടേയും സെക്രട്ടേറിയേറ്റുകൾ 2026 ജൂലൈ 16-ന് ബുള്ളറ്റിൻ ഭാഗം-II ൽ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ശ്രീ റിജിജു അറിയിച്ചു.

പാർലമെൻ്റിൻ്റെ സുഗമമായ പ്രവർത്തനത്തിന് എല്ലാ നേതാക്കളുടേയും സഹകരണം അദ്ദേഹം അഭ്യർത്ഥിച്ചു. കൂടാതെ, പാർലമെൻ്റിൻ്റെ ഇരുസഭകളുടേയും നടപടി ചട്ടങ്ങൾ അനുവദിക്കുന്നതനുസരിച്ച് പ്രധാനപ്പെട്ട മറ്റ് വിഷയങ്ങളും സഭയിൽ ചർച്ച ചെയ്യാൻ ഗവണ്മെന്റ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ ഉന്നയിക്കാൻ സാധ്യതയുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് രാഷ്ട്രീയ പാർട്ടി നേതാക്കൾ അവരുടെ കാഴ്ചപ്പാടുകൾ പങ്കുവെക്കുകയും പാർലമെൻ്റിൻ്റെ സുഗമമായ നടത്തിപ്പിന് ഗവണ്മെന്റുമായി സഹകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. നേതാക്കൾ ഉന്നയിച്ച എല്ലാ വിഷയങ്ങളും പാർലമെൻ്ററി കാര്യ മന്ത്രി രേഖപ്പെടുത്തുകയും, യോഗത്തിൽ പങ്കെടുത്തതിനും കാഴ്ചപ്പാടുകൾ പങ്കുവെച്ചതിനും സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിനും എല്ലാ നേതാക്കൾക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

യോഗത്തിൽ പങ്കെടുത്തതിനും നിർദ്ദേശങ്ങൾ പങ്കുവെച്ചതിനും സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിനും ശ്രീ രാജ്‌നാഥ് സിംഗ് എല്ലാ നേതാക്കൾക്കും നന്ദി അറിയിച്ചു.

***

 


(रिलीज़ आईडी: 2286355) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada