പ്രധാനമന്ത്രിയുടെ ഓഫീസ്
കായിക സഹകരണത്തിനായുള്ള ഇന്ത്യ-ഓസ്‌ട്രേലിയ റോഡ്‌മാപ്പ്
प्रविष्टि तिथि:
10 JUL 2026 10:07AM by PIB Thiruvananthpuram
സമൂഹങ്ങളെ പരസ്പരം ഒന്നിപ്പിക്കുന്നതിനും സഹകരണത്തിന്റെ പുതിയ പാതകൾ തുറക്കുന്നതിനും സഹായിക്കുന്ന, ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ശക്തമായ ഒരു പാലമാണ് കായികം.
കായികരംഗത്തെ സഹകരണത്തിനായി 2023-ൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ ചുവടുപിടിച്ച് രൂപീകരിച്ച ഇന്ത്യ-ഓസ്‌ട്രേലിയ സ്‌പോർട്‌സ് കൊളാബറേഷൻ റോഡ്‌മാപ്പ് നമ്മുടെ ഉഭയകക്ഷി ബന്ധത്തിന്റെ ഈ പ്രധാന അടിത്തറയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രായോഗികവും ഭാവി ലക്ഷ്യമാക്കിയുള്ളതുമായ മുൻഗണനകളും അവസരങ്ങളും നിശ്ചയിക്കുന്നു.
അതായത് 2030-ൽ അഹമ്മദാബാദിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ്, 2032-ൽ ബ്രിസ്‌ബനിലെ ഒളിമ്പിക്‌സ്-പാരാലിമ്പിക്‌സ് ഗെയിംസ്, കൂടാതെ ഭാവിയിൽ ഒളിമ്പിക്‌സ്-പാരാലിമ്പിക്‌സ് ഗെയിംസുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹം എന്നിവയുൾപ്പെടെ വരാനിരിക്കുന്ന അവസരങ്ങളുടെ ദശകത്തെ മനസ്സിലാക്കിക്കൊണ്ട്, ഇരു രാജ്യങ്ങളുടെയും പൊതുവായ മുൻഗണനകൾ, ശേഷികൾ, വിഭവങ്ങൾ എന്നിവയ്ക്ക് അനുസൃതമായി സഹകരിക്കേണ്ട പ്രത്യേക മേഖലകളെ ഈ റോഡ്‌മാപ്പ് തിരിച്ചറിയുന്നു.
ഓസ്‌ട്രേലിയയിലെയും ഇന്ത്യയിലെയും കായിക ഭരണനിർവഹണത്തിലും കായിക മേഖലയുടെ വികസനത്തിലുമുള്ള വ്യത്യാസങ്ങളെ മാനിച്ചുകൊണ്ടും കായിക സംഘടനകൾ, വ്യവസായ സ്ഥാപനങ്ങൾ, സംസ്ഥാന ഗവൺമെന്റുകൾ, സർവ്വകലാശാലകൾ, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയ്ക്ക് മികച്ച കായികതാരങ്ങളെ വാർത്തെടുക്കുന്നതിലും പ്രാദേശിക തലത്തിലുള്ള കായിക വികസനത്തിലുമുള്ള നേതൃത്വപരമായ പങ്ക് തിരിച്ചറിഞ്ഞുകൊണ്ടും ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ എല്ലാ തലങ്ങളിലും ശക്തമായ കായിക പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രസക്തമായ സ്ഥാപനങ്ങൾ തമ്മിലുള്ള ഇടപെടലുകളും സംയുക്ത പ്രവർത്തന രീതികളും സുഗമമാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
ലഭ്യമായ വിഭവങ്ങൾക്കും പ്രധാന കായിക മാമാങ്കങ്ങളുടെ സമയക്രമത്തിനും അനുസൃതമായി മുൻഗണന നൽകിക്കൊണ്ട് പ്രായോഗികവും ഫലപ്രാപ്തിയിലൂന്നിയതുമായ രീതിയിലായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക.
നിലവിലുള്ള പങ്കാളിത്തങ്ങളിലൂടെയും അതോടൊപ്പം ആവശ്യാനുസരണം മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ഫ്ലെക്സിബിൾ സംവിധാനങ്ങളുടെ പിന്തുണയോടെയുമായിരിക്കും സഹകരണം നടപ്പിലാക്കുക. ഇതിലൂടെ ഓരോ പ്രവർത്തനങ്ങൾക്കുമുള്ള വിഭവങ്ങൾ കണ്ടെത്തുന്നതിന്റെ ഉത്തരവാദിത്തം സന്ദർഭങ്ങൾക്കനുസരിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. ഈ സമീപനം പ്രായോഗികവും സുസ്ഥിരവും ഇരുപക്ഷത്തിനും പരസ്പരം പ്രയോജനകരവുമായ ഫലങ്ങൾ ഉറപ്പാക്കുന്നു.
ഈ സാഹചര്യത്തിൽ, ഈ റോഡ്‌മാപ്പിന് കീഴിലുള്ള സഹകരണത്തിനായി താഴെ പറയുന്നവയെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായി തിരിച്ചറിഞ്ഞിട്ടുണ്ട്:
എ. ശേഷി വികസനം:
* മുൻഗണനാടിസ്ഥാനത്തിലുള്ള കായികയിനങ്ങളിൽ ഇന്ത്യയിൽ ഹൈ-പെർഫോമൻസ് സ്‌പോർട്‌സ് സെന്ററുകൾ സ്ഥാപിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനായി സഹകരിക്കുക.
* പാരാ സ്പോർട്സിനെ ഒരു പ്രധാന മുൻഗണനയായും സഹകരണത്തിനുള്ള അവസരമായും അടയാളപ്പെടുത്തുക. ഇതിൽ പാരാ ക്ലാസിഫിക്കേഷൻ, കോച്ചിംഗ്, പെർഫോമൻസ് സപ്പോർട്ട് എന്നിവയിലുള്ള ഓസ്‌ട്രേലിയൻ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതും അനുയോജ്യമായ സാഹചര്യങ്ങളിൽ ഇന്ത്യൻ, ഓസ്‌ട്രേലിയൻ സർവകലാശാലകൾ തമ്മിൽ സാധ്യമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതും ഉൾപ്പെടുന്നു.
* ഓസ്‌ട്രേലിയയുടെ കോച്ച് ഡെവലപ്‌മെന്റ് മാതൃകകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ പരിശീലകരെയും കോച്ച് എഡ്യൂക്കേറ്റർമാരെയും ഓസ്‌ട്രേലിയയിലേക്കും ഓസ്‌ട്രേലിയൻ പരിശീലകരെയും കോച്ച് എഡ്യൂക്കേറ്റർമാരെയും ഇന്ത്യയിലേക്കും എത്തിക്കുന്ന ഇരുവശത്തുനിന്നുമുള്ള കൈമാറ്റങ്ങൾ സുഗമമാക്കുക. കൂടാതെ അനുയോജ്യമായ ഇടങ്ങളിൽ 'ട്രെയിൻ ദി ട്രെയിനർ' സമീപനം ഉപയോഗിക്കുക.
* പരസ്പര പഠനം, മികച്ച മാതൃകകൾ പങ്കുവെക്കൽ എന്നിവ സുഗമമാക്കുന്നതിനും സ്‌കൂൾ സ്‌പോർട്‌സ്, സ്‌പോർട്‌സ് സയൻസ്, കായിക വിദ്യാഭ്യാസത്തിൽ കമ്മ്യൂണിറ്റി പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനുമായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഒരു കായിക വിദ്യാഭ്യാസ കൈമാറ്റ പരിപാടി അവതരിപ്പിച്ചേക്കാം.
* യോഗയുടെയും ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന യോഗാസന സ്പോർട്സ് ഫെഡറേഷനായ വേൾഡ് യോഗാസനയുടെയും ശാരീരിക-മാനസിക ആരോഗ്യ ഗുണങ്ങൾ തിരിച്ചറിഞ്ഞുകൊണ്ട്, ഓസ്‌ട്രേലിയയിൽ അറിവുകൾ പങ്കുവെക്കാനും സഹകരണം വളർത്താനും യോഗയിലെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനുമുള്ള അവസരങ്ങൾ കണ്ടെത്തുക.
* ഇന്ത്യ ഓസ്‌ട്രേലിയ ഹൈ പെർഫോമൻസ് കോച്ച് ഡെവലപ്‌മെന്റ് പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ പരിശീലകരുടെ ശേഷി വർധിപ്പിക്കുന്നതിനായി ഓസ്‌ട്രേലിയൻ സ്‌പോർട്‌സ് കമ്മീഷനുമായി ചേർന്ന് പ്രവർത്തിക്കുക.
* ഇന്ത്യാ ഗവൺമെന്റിന്റെ സാമ്പത്തിക സഹായത്തോടെയുള്ള സ്റ്റുഡന്റ് സ്കോളർഷിപ്പുകൾ വഴി ഓസ്‌ട്രേലിയയിലെ ഹൈ-പെർഫോമൻസ് പ്രോഗ്രാമുകളുടെ ഭാഗമായി കഴിവുറ്റ യുവ ഇന്ത്യൻ കായികതാരങ്ങളെ പിന്തുണയ്ക്കുന്നതിനായി കായിക സംഘടനകളും സർവ്വകലാശാലകളും പോലുള്ള പ്രസക്തമായ ഗവൺമെന്റ് ഇതര പങ്കാളികളിലൂടെയുള്ള അവസരങ്ങൾ തേടുക.
ബി. സംയുക്ത സ്‌പോർട്‌സ് സയൻസ്, ടെക്‌നോളജി ഗവേഷണം:
* കായികതാരങ്ങളുടെ പ്രകടന വിശകലനം, പരിക്കുകൾ തടയൽ, കായിക പോഷകങ്ങൾ, വെയറബിൾ പെർഫോമൻസ് സാങ്കേതികവിദ്യ, റിക്കവറി വിദ്യകൾ, പാരാ സ്പോർട്സ് എന്നിവയിൽ ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും സർവ്വകലാശാലകൾ തമ്മിലുള്ള സംയുക്ത ഗവേഷണ-വികസന പദ്ധതികളെ പ്രോത്സാഹിപ്പിക്കുക.
* സ്പോർട്സ് പാഠ്യപദ്ധതികൾ സംയുക്തമായി വികസിപ്പിക്കുന്നതിന് ഇന്ത്യൻ, ഓസ്‌ട്രേലിയൻ സർവകലാശാലകൾ തമ്മിലുള്ള പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുക.
* 'സ്‌പോർട് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയ'യും ഇന്ത്യയിലെ നാഷണൽ ആന്റി-ഡോപ്പിംഗ് ഏജൻസിയും വേൾഡ് ആന്റി-ഡോപ്പിംഗ് ഏജൻസി (WADA) ഏഷ്യ/ഓഷ്യാനിയ ഓഫീസുമായുള്ള സമ്പർക്കത്തിലൂടെയും യുനെസ്‌കോയുടെ ഇന്റർനാഷണൽ കൺവെൻഷൻ എഗെയ്ൻസ്റ്റ് ഡോപ്പിംഗ് ഇൻ സ്‌പോർട് ഗ്രൂപ്പുകളിലെ പ്രാതിനിധ്യത്തിലൂടെയും WADA-യുടെ നേതൃത്വത്തിലുള്ള ശേഷി വികസന പരിപാടികളെ പിന്തുണച്ചുകൊണ്ട് അന്താരാഷ്ട്ര ഉത്തേജക വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക.
സി. പ്രധാന കായിക മാമാങ്കങ്ങൾ:
* വലിയ കായിക മത്സരങ്ങൾ നടത്തുന്നതിനുള്ള മികച്ച മാതൃകകൾ പരസ്പരം പങ്കുവെക്കുന്നതിനായി ഓസ്‌ട്രേലിയൻ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ദേശീയ കായിക സംഘടനകളുമായും സഹകരിക്കുക.
* ഇരുരാജ്യങ്ങൾക്കും പൊതുതാൽപ്പര്യമുള്ള കായിക ഇനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി (ഉദാഹരണത്തിന് ഓസ്‌ട്രേലിയയിൽ കബഡിയും ഖോ-ഖോയും ഇന്ത്യയിൽ ഓസ്‌ട്രേലിയൻ ഫുട്ബോൾ ലീഗും ബാസ്‌ക്കറ്റ്‌ബോളും) ഇരുരാജ്യങ്ങളിലും പ്രദർശന മത്സരങ്ങളും യുവജന മേളകളും സംഘടിപ്പിക്കുന്നതിനുള്ള അവസരങ്ങൾ തേടുക.
* ഒളിമ്പിക്സ്, പാരാലിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ പ്രധാന കായിക മേളകൾക്ക് മുന്നോടിയായുള്ള ഒരുക്കങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കായിക മാമാങ്കങ്ങൾ നടക്കുന്ന സമയത്തും അതിന് മുന്നോടിയായും സൗകര്യങ്ങൾ, മത്സരങ്ങൾ, സപ്പോർട്ട് നെറ്റ്‌വർക്കുകൾ എന്നിവ പരസ്പരം പങ്കിടുന്നതിനായി ഇന്ത്യൻ-ഓസ്‌ട്രേലിയൻ കായിക സംഘടനകൾക്കിടയിൽ ഔദ്യോഗികവും ഉഭയകക്ഷിപരവുമായ ക്രമീകരണങ്ങൾ സ്ഥാപിക്കുക.
* 2026 ഡിസംബറിൽ ഇന്ത്യയിലെ ചെന്നൈയിൽ വെച്ച് നടക്കാനിരിക്കുന്ന കന്നി ബിഗ് ബാഷ് ലീഗ് (BBL) മത്സരത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യയിൽ വർഷം തോറും BBL മത്സരങ്ങൾ നടത്തുന്നതിനുള്ള ഒരു പ്രതിബദ്ധതയ്ക്കായി ഒന്നിച്ച് പ്രവർത്തിക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയയോടും ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയോടും (BCCI) ആഹ്വാനം ചെയ്യുക.
ഡി. കായിക വ്യവസായ നിക്ഷേപ പ്ലാറ്റ്‌ഫോം:
* കായിക ഉപകരണ നിർമ്മാണം, കായിക മാധ്യമങ്ങളും സംപ്രേഷണവും, ഇവന്റ് മാനേജ്‌മെന്റ്, കായിക മേഖലയിലെ സ്റ്റാർട്ടപ്പുകൾ എന്നിവയിൽ ഇന്ത്യൻ-ഓസ്‌ട്രേലിയൻ കമ്പനികൾ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനായി 2026 ഡിസംബറിൽ മുംബൈയിൽ വെച്ച് ഓസ്‌ട്രേലിയയുടെ സാമ്പത്തിക സഹായത്തോടെ നടക്കുന്ന സ്‌പോർട്‌സ് ഇൻഡസ്ട്രി ഉച്ചകോടി അടിസ്ഥാനമാക്കി മുന്നോട്ട് പോവുക.
* വിവരങ്ങൾ പങ്കുവെക്കുന്ന സെഷനുകളിലൂടെ ഓസ്‌ട്രേലിയൻ കായിക മേഖലയിലെ ബിസിനസുകൾക്ക് ഇന്ത്യൻ കായിക വിപണിയിലും അതുപോലെ തിരിച്ചുമുള്ള അവസരങ്ങൾ സുഗമമാക്കുക.
* മിതമായ വിലയുള്ളതും ഉയർന്ന ഗുണനിലവാരമുള്ളതുമായ ഇന്ത്യൻ കായിക ഉൽപന്നങ്ങളുടെ ഓസ്‌ട്രേലിയയിലേക്കുള്ള കയറ്റുമതി വിപുലീകരിക്കുക.
* പരിശീലനം, കോച്ച് വികസനം, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ്, കായികതാരങ്ങളുടെ ക്ഷേമം, പോഷകാഹാരം, സൈക്കോളജി എന്നിവയുൾപ്പെടെയുള്ള ഹൈ-പെർഫോമൻസ് കായിക മേഖലകളിലെ ഓസ്‌ട്രേലിയൻ വൈദഗ്ധ്യത്തിന്റെ കയറ്റുമതി വിപുലീകരിക്കുക.
ഇ. കായികരംഗത്തെ വനിതാ പങ്കാളിത്തം:
* സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, നേതൃപാടവം, ആരോഗ്യം, സാമൂഹിക ഉൾച്ചേർക്കൽ എന്നിവയ്ക്കുള്ള ശക്തമായ ഒരു മാർഗ്ഗമാണ് കായികരംഗമെന്ന് തിരിച്ചറിഞ്ഞുകൊണ്ട് ഓസ്‌ട്രേലിയൻ സ്‌പോർട്‌സ് കമ്മീഷന്റെ പ്രധാന പ്രോഗ്രാമുകളെ അടിസ്ഥാനമാക്കി വനിതാ കായികതാരങ്ങൾക്കായുള്ള ഉഭയകക്ഷി ടൂർണമെന്റുകൾ ഉൾപ്പെടെ, കായികരംഗത്ത് സ്ത്രീകളുടെ നേതൃത്വം, ആരോഗ്യം, മികച്ച പ്രകടനം, പങ്കാളിത്തം എന്നിവ പ്രോത്സാഹിപ്പിക്കുന്ന സംയുക്ത സംരംഭങ്ങൾക്ക് തുടക്കം കുറിക്കുക.
***
SK
(रिलीज़ आईडी: 2283194)
आगंतुक पटल : 7