വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
എൻ. എഫ്. ഡി. സി-എൻ. എഫ്. എ. ഐ. എന്നിവയുടെ ആർക്കൈവൽ പ്രിസർവേഷൻ വഴി മലയാള ക്ലാസിക് ചിത്രമായ 'കിരീടം' 4K ദൃശ്യമികവോടെ ബിഗ് സ്ക്രീനിലേക്കെത്തിക്കുന്നു
പോസ്റ്റഡ് ഓണ്‍:
09 JUL 2026 12:41PM by PIB Thiruvananthpuram
മലയാള സിനിമയിലെ ക്ലാസിക് ചിത്രമായ 'കിരീടം' ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെ പുനഃസൃഷ്ടിച്ച 4K പതിപ്പിൽ 2026 ജൂലൈ 10-ന് ഇന്ത്യയിലും വിദേശത്തുമുള്ള തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. നാഷണൽ ഫിലിം ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ - നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ എന്നിവർ ചേർന്നാണ് ചിത്രം പുനഃസൃഷ്ടിച്ചത്. സെവൻ ആർട്സ് ഇൻ്റർനാഷണൽ ലിമിറ്റഡുമായി സഹകരിച്ച് NFDC അവതരിപ്പിക്കുന്ന ഈ ചിത്രം വിതരണം ചെയ്യുന്നത് ഹൈസിൻ ഗ്ലോബൽ വെഞ്ച്വേഴ്‌സ് ആണ്.

ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെ എടുത്തുകാട്ടുന്നതാണ് ഈ പുനഃസൃഷ്ടി. 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻ്റെ യഥാർത്ഥ ക്യാമറ നെഗറ്റീവ് കാലപ്പഴക്കം കൊണ്ട് നശിച്ചുപോയതിനാൽ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, നാഷണൽ ഫിലിം ആർക്കൈവ്സ് ഓഫ് ഇന്ത്യ മുപ്പതിലധികം വർഷങ്ങളായി ചിത്രത്തിൻ്റെ ഒരു 35mm റിലീസ് പ്രിൻ്റ് സുരക്ഷിതമായി സംരക്ഷിച്ചു പോന്നിരുന്നു. ഈ ആർക്കൈവൽ പ്രിൻ്റാണ് പിന്നീട് സിനിമയുടെ 4K പുനഃസൃഷ്ടിക്ക് അടിസ്ഥാനമായത്.

സിബി മലയിൽ സംവിധാനം ചെയ്ത് എ. കെ. ലോഹിതദാസ് തിരക്കഥയെഴുതിയ 'കിരീടം' എന്ന സിനിമയിൽ മോഹൻലാൽ സേതുമാധവനായും തിലകൻ ഹെഡ് കോൺസ്റ്റബിൾ അച്യുതൻ നായരായും വേഷമിടുന്നു. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൃഷ്ടികളിലൊന്നായാണ് ഈ ചിത്രം കണക്കാക്കപ്പെടുന്നത്.
ഛായാഗ്രാഹകൻ എസ്. കുമാർ, സംവിധായകൻ സിബി മലയിൽ എന്നിവരുടെ മേൽനോട്ടത്തിൽ ഹൈ-റെസല്യൂഷൻ സ്കാനിംഗ്, ഡിജിറ്റൽ ഇമേജ് പുനഃസൃഷ്ടി, കളർ ഗ്രേഡിംഗ് എന്നിവ ഉൾപ്പെടുത്തിയാണ് ഈ ചിത്രത്തിൻ്റെ പുതിയ പതിപ്പ് തയ്യാറാക്കിയത്. ഡോൾബി അറ്റ്‌മോസ് ശബ്ദസംവിധാനത്തോടെ ചിത്രം റീമാസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ബോണി അസ്സനാർ ക്രിയേറ്റീവ് വിഷനറി ഹെഡ് ആയി പ്രവർത്തിച്ച ഈ ചിത്രത്തിൻ്റെ തിയേറ്റർ പതിപ്പ് പ്രസാദ് കോർപ്പറേഷനും ഹൈ സ്റ്റുഡിയോസും ചേർന്നാണ് പൂർത്തിയാക്കിയത്.
ചിത്രത്തിൻ്റെ ഒരു റിലീസ് പ്രിൻ്റ് പതിറ്റാണ്ടുകളായി സുരക്ഷിതമായി സംരക്ഷിച്ചു പോന്നതുകൊണ്ടാണ് ഈ സിനിമ വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കാൻ കഴിഞ്ഞതെന്ന് NFDC മാനേജിംഗ് ഡയറക്ടർ പ്രകാശ് മഗ്ദൂം പറഞ്ഞു. ഇന്ത്യയുടെ ചലച്ചിത്ര പൈതൃകം സംരക്ഷിക്കുന്നതിൽ NFDC-NFAI എന്നിവക്കുള്ള പ്രതിബദ്ധതയാണ് ഈ പുനഃസൃഷ്ടിയിലൂടെ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ചലച്ചിത്ര പൈതൃക ദൗത്യത്തിന് കീഴിൽ ഈ ചിത്രത്തിൻ്റെ പ്രിൻ്റ് സംരക്ഷിക്കുകയും സിനിമ പുനഃസൃഷ്ടിക്കുകയും ചെയ്തതിന് സംവിധായകൻ സിബി മലയിൽ NFDC-NFAI-യോട് നന്ദി രേഖപ്പെടുത്തി. ചിത്രത്തിൻ്റെ പഴയകാല ആരാധകരും പുതിയ തലമുറയിലെ പ്രേക്ഷകരും ഈ പുനഃസൃഷ്ടിച്ച പതിപ്പ് ബിഗ് സ്ക്രീനിൽ ഒരുപോലെ ആസ്വദിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലാണ് പുനഃസൃഷ്ടിച്ച ചിത്രത്തിൻ്റെ ലോക പ്രീമിയർ നടന്നത്. അവിടെ പ്രേക്ഷകരിൽ നിന്നും ചലച്ചിത്ര പ്രവർത്തകരിൽ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.
രാജ്യത്തിൻ്റെ സമ്പന്നമായ ദൃശ്യ-ശ്രാവ്യ പൈതൃകം സംരക്ഷിക്കുന്നതിനും പുനഃസൃഷ്ടിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഇന്ത്യ ഗവണ്മെന്റിൻ്റെ ദർശനത്തെ NFDC–NFAI മുന്നോട്ട് കൊണ്ടുപോകുകയാണ്. ശാസ്ത്രീയമായ സംരക്ഷണം, ഡിജിറ്റൈസേഷൻ, പുനഃസൃഷ്ടി എന്നിവയിലൂടെ പകരം വെക്കാനാവാത്ത ചലച്ചിത്ര സൃഷ്ടികൾ വരുംതലമുറകൾക്ക് ലഭ്യമാകുമെന്ന് ഈ സംഘടന ഉറപ്പാക്കുന്നു. ഒപ്പം, കാലാതീതമായ ഇത്തരം ക്ലാസിക് ചിത്രങ്ങളെ ബിഗ് സ്ക്രീനിലൂടെ സമകാലിക പ്രേക്ഷകരിലേക്ക് വീണ്ടും എത്തിക്കാനും ഇതിലൂടെ കഴിയുന്നു.
****
( റിലീസ് ഐ.ഡി: 2282874)
സന്ദര്‍ശക കൗണ്ടര്‍ : 53
ഈ റിലീസ് വായിക്കുക:
Punjabi
,
Kannada
,
English
,
Gujarati
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Tamil
,
Telugu