ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

പ്രധാന വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഇമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാംമോഹൻ നായിഡു കിഞ്ജരാപ്പുവും അവലോകനം ചെയ്തു

प्रविष्टि तिथि: 08 JUL 2026 4:27PM by PIB Thiruvananthpuram
പ്രധാന വിമാനത്താവളങ്ങളിലെ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, ഇമിഗ്രേഷൻ സംവിധാനങ്ങൾ എന്നിവ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷായും കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ശ്രീ രാംമോഹൻ നായിഡു കിഞ്ജരാപ്പുവും ചേർന്ന് അവലോകനം ചെയ്തു. യോഗത്തിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, സിവിൽ വ്യോമയാന മന്ത്രാലയ സെക്രട്ടറി, കേന്ദ്ര വ്യവസായ സുരക്ഷാ സേന (CISF) ഡയറക്ടർ ജനറൽ, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയർമാൻ, ആഭ്യന്തര മന്ത്രാലയത്തിലെയും സിവിൽ വ്യോമയാന മന്ത്രാലയത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

മാനവ വിഭവശേഷി ചെലവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തുടനീളമുള്ള എല്ലാ വിമാനത്താവളങ്ങളിലും ഘട്ടം ഘട്ടമായി ഒരു ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം (ATRS) സ്ഥാപിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ നിർദ്ദേശിച്ചു. പുതിയ വിമാനത്താവളങ്ങളിൽ ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റം സ്ഥാപിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തിലെ പ്രവേശന കവാടങ്ങൾ, ചെക്ക്-ഇൻ കൗണ്ടറുകൾ, സുരക്ഷാ പരിശോധന, ഇമിഗ്രേഷൻ കൗണ്ടറുകൾ തുടങ്ങിയ എല്ലാ പ്രക്രിയകളും ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനുള്ള സമഗ്ര പദ്ധതി തയ്യാറാക്കാൻ കേന്ദ്ര ആഭ്യന്തര സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. വിമാനത്താവളത്തിലെ ഓരോ ഘട്ടത്തിലും, കാലതാമസമോ തിരക്കോ കൂടാതെ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ യാത്രാനുഭവം നൽകുന്നതിന് ഓരോ ടച്ച് പോയിൻ്റിനും ഒരു ഏകോപിത പദ്ധതി ഇതിനകം തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവിൽ നിർമ്മാണത്തിലിരിക്കുന്ന 21 വിമാനത്താവളങ്ങളുടെയും ബാക്കിയുള്ള 41 വിമാനത്താവളങ്ങളുടെയും വികസനത്തിന് അവ കൈകാര്യം ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തെ അടിസ്ഥാനമാക്കി മുൻഗണന നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എല്ലാ വികസന പ്രവർത്തനങ്ങളും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി (BCAS) നിശ്ചയിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തണമെന്നും വാണിജ്യ മേഖലകൾ അംഗീകൃത പരിധിക്കുള്ളിൽ തുടരുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 62 വിമാനത്താവളങ്ങളിലെയും വികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

യാത്രക്കാരുടെ തിരക്കും വ്യോമ ഗതാഗതവും അടിസ്ഥാനമാക്കി എല്ലാ വിമാനത്താവളങ്ങളിലെയും എയ്‌റോബ്രിഡ്ജുകളുടെ എണ്ണത്തിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ ശ്രീ അമിത് ഷാ വ്യോമ ഗതാഗത മന്ത്രാലയത്തിന് നിർദ്ദേശം നൽകി. നിലവിൽ 16 പ്രധാന വിമാനത്താവളങ്ങളിൽ ലഭ്യമായ ബാഗേജ് ഡ്രോപ്പ് സൗകര്യം കൂടുതൽ തിരക്കുള്ള മറ്റ് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. എക്‌സ്‌റേ സ്‌ക്രീനിംഗിനായി വിന്യസിച്ചിരിക്കുന്ന കേന്ദ്ര വ്യവസായ സുരക്ഷാ സേന (CISF) ഉദ്യോഗസ്ഥർക്ക് നിർദ്ദേശിച്ചിട്ടുള്ള വിദ്യാഭ്യാസ യോഗ്യതകളിൽ വിട്ടുവീഴ്ച്ച ചെയ്യരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മാത്രമേ എക്സ്-റേ സ്ക്രീനിംഗ് ചുമതലകൾ നിർവഹിക്കാൻ നിയോഗിക്കാവൂവെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

2027 ഓടെ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് (FRRO) ഓഫീസുകൾ പ്രവർത്തനക്ഷമമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. അഗർത്തല, ജെവാർ വിമാനത്താവളങ്ങളിലെ അംഗീകൃത ഇമിഗ്രേഷൻ ചെക്ക്‌പോസ്റ്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലേഴ്‌സ് പ്രോഗ്രാം (FTI-TTP) ജനപ്രിയമാക്കുന്നതിന്, അന്താരാഷ്ട്ര ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർക്ക് വാട്ട്‌സ്ആപ്പ് സന്ദേശം അയയ്ക്കുന്നതിനും FTI-TTP-യിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നതിനും വിമാനക്കമ്പനികളുമായി സഹകരിച്ച് ഒരു സംവിധാനം സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
 
പ്രധാന വിമാനത്താവളങ്ങളിലെ എല്ലാ ടച്ച് പോയിൻ്റുകളിലും യാത്രക്കാരുടെ കാത്തിരുപ്പ് സമയം വിലയിരുത്തുന്നതിനും കുറയ്ക്കുന്നതിനും, തിരക്കേറിയ യാത്രാ കാലയളവുകളിൽ സിവിൽ വ്യോമയാന മന്ത്രാലയത്തിൻ്റെയും കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെയും ആഭിമുഖ്യത്തിൽ സ്വതന്ത്രമായ മൂന്നാം കക്ഷി പഠനങ്ങൾ സംഘടിപ്പിക്കണമെന്ന് ശ്രീ അമിത് ഷാ നിർദ്ദേശിച്ചു.
 
***

(रिलीज़ आईडी: 2282598) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Kannada