സഹകരണ മന്ത്രാലയം
സഹകരണ മന്ത്രാലയത്തിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു
प्रविष्टि तिथि:
06 JUL 2026 6:48PM by PIB Thiruvananthpuram
സഹകരണ മന്ത്രാലയത്തിന്റെ അഞ്ചാം സ്ഥാപക ദിനാഘോഷത്തെ കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി ശ്രീ അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ അഭിസംബോധന ചെയ്തു. ദേശീയ സഹകരണ സ്ഥാപനങ്ങൾ, സഹകരണ ഫെഡറേഷനുകൾ, സഹകരണ ബാങ്കുകൾ, ക്ഷീര സഹകരണ സംഘങ്ങൾ, ഭാരത് ടാക്സി, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ തുടങ്ങി സഹകരണ മേഖലയുമായി ബന്ധപ്പെട്ട നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്ത് ഒരു സ്വതന്ത്ര സഹകരണ മന്ത്രാലയം രൂപീകരിക്കുകയെന്ന ചരിത്രപരമായ തീരുമാനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൈക്കൊണ്ട ദിവസമാണിതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ അനുസ്മരിച്ചു. ഇന്ത്യൻ ഭരണഘടനയനുസരിച്ച് 'സഹകരണം' ഒരു സംസ്ഥാന വിഷയമാണെന്നും കേന്ദ്ര മന്ത്രാലയം രൂപീകരിക്കുന്നതിലൂടെ കേന്ദ്ര ഗവൺമെന്റ് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുമെന്നുമായിരുന്നു അഞ്ചുവർഷം മുൻപ് സഹകരണ മന്ത്രാലയം രൂപീകരിച്ചപ്പോൾ ഉയർന്നുവന്ന ഏറ്റവും വലിയ വിവാദമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹകരണ മന്ത്രാലയം പ്രവർത്തിച്ചത് സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടാനല്ല, മറിച്ച് സംസ്ഥാനങ്ങളെ സഹായിക്കാനും നയരൂപീകരണത്തിൽ പിന്തുണയ്ക്കാനും പുരോഗതിക്ക് വഴിയൊരുക്കാനും വേണ്ടിയാണെന്ന് തെളിയിച്ചതായി അദ്ദേഹം വ്യക്തമാക്കി. മുൻവിധികളോടെയും നിഷേധാത്മക ചിന്താഗതിയോടെയും ഇതിനെ സമീപിച്ചവരുടെ അനുമാനങ്ങൾ പൂർണമായും തെറ്റാണെന്ന് തെളിയിക്കുന്ന നിരവധി നടപടികൾക്കാണ് സഹകരണ മന്ത്രാലയം തുടക്കം കുറിച്ചതെന്ന് ശ്രീ ഷാ പറഞ്ഞു.

കഴിഞ്ഞ 62 വർഷമായി സഹകരണ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൃഷി മന്ത്രാലയത്തിന് കീഴിൽ ഒരു ജോയിന്റ് സെക്രട്ടറി തലത്തിൽ മാത്രമാണ് കൈകാര്യം ചെയ്തിരുന്നതെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. എന്നാൽ ഇന്ന് ഒരു പൂർണ സ്വതന്ത്ര സഹകരണ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളെയും രാജ്യത്തെ 8.30 ലക്ഷം സഹകരണ സംഘങ്ങളെയും ഒരുമിച്ച് മുന്നോട്ടുനയിക്കുകയാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിരവധി നാഴികക്കല്ലുകൾ കൈവരിച്ചതിനൊപ്പം സഹകരണ വ്യവസ്ഥയെ ആധുനികവും സുതാര്യവും സാങ്കേതികവിദ്യാധിഷ്ഠിതവും മത്സരക്ഷമവുമാക്കി മാറ്റാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ് സഹകരണമെന്നത് പ്രാഥമിക മേഖലയിൽ മാത്രം പരിമിതപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ കാർഷിക വായ്പ, ക്ഷീരോല്പാദനം, വളം വിതരണം, ഗ്രാമീണ സേവനങ്ങൾ എന്നിവയെ പ്രാഥമിക തലം മുതൽ ദേശീയ തലം വരെ പരസ്പരം ബന്ധിപ്പിച്ചു. ഒപ്പം ദ്വിതീയ, തൃതീയ മേഖലകളെയും സഹകരണവുമായി ബന്ധിപ്പിക്കാന്‍ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. സംഭരണം, ഉല്പാദനം, കയറ്റുമതി, ജൈവ ഉല്പാദനം, പരമ്പരാഗത വിത്തുകളുടെ ഉല്പാദനം, ഉയർന്ന ഉല്പാദനക്ഷമതയുള്ള വിത്തുകളുടെ വികസനം, ഡിജിറ്റൽ സേവനങ്ങൾ, ബാങ്കിങ്, മൊബിലിറ്റി, ലോജിസ്റ്റിക്സ്, ഹരിത ഊർജം തുടങ്ങിയ മേഖലകളെല്ലാം കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സഹകരണ ശൃംഖലയുടെ ഭാഗമായി മാറിയിട്ടുണ്ട്. സഹകരണ മന്ത്രാലയത്തിന്റെ സജീവ ഇടപെടലുകൾ കാരണം പുതുതായി രൂപീകരിച്ച മൂന്ന് ദേശീയ സഹകരണ സംഘങ്ങൾ ഉൾപ്പെടെ ആകെ ഒൻപത് ദേശീയതല സഹകരണ സംഘങ്ങൾ നിലവിൽ വന്നതായി മന്ത്രി അറിയിച്ചു. ഈ ഒൻപത് സൊസൈറ്റികളിലൂടെ ഒൻപത് വ്യത്യസ്ത മേഖലകളിലായി രാജ്യ വികസനത്തെ ഗ്രാമങ്ങളുമായി ബന്ധിപ്പിക്കാൻ സഹകരണ മേഖലയ്ക്ക് സാധിച്ചു. ഇഫ്കോ, ക്രിബ്കോ, അമുൽ, എൻഡിഡിബി എന്നിവ സഹകരണ പ്രസ്ഥാനത്തിന് ആഗോളതലത്തിൽ വലിയ സ്വീകാര്യതയും അന്തസ്സും നേടിക്കൊടുത്തതുപോലെ പുതുതായി രൂപീകരിച്ച ഒൻപത് ദേശീയ സഹകരണ സംഘങ്ങളും അന്താരാഷ്ട്ര തലത്തില്‍ വലിയ സഹകരണ സ്ഥാപനങ്ങളായി വളരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

അഞ്ചുവർഷത്തെ പ്രവർത്തനത്തിനിടെ അഞ്ച് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രാലയം നടപടികൾ കൈക്കൊണ്ടതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ആദ്യ സ്തംഭത്തിന് കീഴിൽ സ്ഥാപനപരമായ പരിഷ്കാരങ്ങൾ, സദ്ഭരണം, സുതാര്യത എന്നിവ ശക്തിപ്പെടുത്തി. ഇതിനായി സഹകരണ മേഖലയുടെ സംയോജിത വിവരശേഖരം തയാറാക്കിയിട്ടുണ്ട്. ഇന്ന് ഓരോ സംസ്ഥാനത്തെയും സഹകരണ രജിസ്ട്രാർമാർക്ക് ഏത് ഗ്രാമത്തിലാണ് പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഇല്ലാത്തതെന്നും എവിടെയാണ് ക്ഷീര സഹകരണ സംഘങ്ങളില്ലാത്തതെന്നും എവിടെയാണ് അർബൻ ഹൗസിങ് സൊസൈറ്റി ഇല്ലാത്തതെന്നുമെല്ലാം വ്യക്തമായ വിവരങ്ങളുണ്ട്. ഈ കുറവുകളെല്ലാം ഇപ്പോൾ കണ്ടെത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാകും സഹകരണ മേഖല ഇനി മുന്നോട്ട് നീങ്ങുക. 30 മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന 8,58,000 സഹകരണ സംഘങ്ങളും അവയിലെ 32 കോടി അംഗങ്ങളും ഇപ്പോൾ ഒരൊറ്റ വിവരശേഖരത്തില്‍ ലഭ്യമാണ്. എല്ലാ സഹകരണ സംഘങ്ങളുടെയും ഓഡിറ്റ് നില, വിറ്റുവരവ്, എബിസി ഗ്രേഡിങ് എന്നിവയും ഇതിലുണ്ട്. സംസ്ഥാന സഹകരണ രജിസ്ട്രാർമാർക്ക് ഈ വിവരശേഖരമുപയോഗിച്ച് സൊസൈറ്റികൾ, ജില്ലാ സഹകരണ ബാങ്കുകൾ, സംസ്ഥാന ഡയറികൾ എന്നിവയെ നവീകരിക്കാനും നിലവിലെ കുറവുകൾ നികത്താനും സാധിക്കും. ഈ വർഷം സഹകരണ സ്ഥാപനങ്ങൾക്കായി ഒരു റാങ്കിങ് ചട്ടക്കൂട് ആരംഭിച്ചിട്ടുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. ഇതിലൂടെ ഓരോ മേഖലയിലും മികച്ച പ്രവർത്തനം നടത്തുന്ന ആദ്യ അഞ്ച് സഹകരണ സംഘങ്ങളെ കണ്ടെത്തുകയും അവർക്ക് റാങ്ക് നൽകുകയും ചെയ്യും. മാതൃകാപരമായ അവരുടെ പ്രവർത്തനം മറ്റ് സ്ഥാപനങ്ങൾക്ക് പ്രചോദനമാകുന്ന രീതിയിൽ ഉയർത്തിക്കാട്ടുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2002-ലെ മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് നിയമത്തില്‍ 50 പ്രധാന ഭേദഗതികൾ വരുത്തിയതായും ഇത് സഹകരണ വ്യവസ്ഥയെ ഒന്നടങ്കം കൂടുതൽ സുതാര്യവും ജനാധിപത്യപരവുമാക്കിയെന്നും കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. മള്‍ട്ടി-സ്റ്റേറ്റ് സഹകരണ സ്ഥാപനങ്ങളുടെ നേതൃത്വം സഹകരണ മേഖലയുമായി ബന്ധപ്പെട്ടവരുടെ കൈകളിൽ തുടരുമ്പോഴും ഭരണവും നടത്തിപ്പും പ്രൊഫഷണൽ രീതിയിലാണ് നിർവഹിക്കപ്പെടുന്നതെന്നാണ് ഈ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പഠനം വ്യക്തമാക്കുന്നത്. വിജയകരമായ ഈ മാതൃക സ്വീകരിക്കുന്നതിനാണ് 'ത്രിഭുവൻ സഹകാരി സര്‍വകലാശാല' ആരംഭിച്ചതെന്നും ശ്രീ ഷാ പറഞ്ഞു.
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തുകയായിരുന്നു രണ്ടാമതായി സ്വീകരിച്ച നടപടിയെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് ബംഗാൾ ഉൾപ്പെടെ രാജ്യം മുഴുവന്‍ ഈ മാതൃകാ നിയമാവലികള്‍ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തുടനീളം പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ ഇപ്പോൾ ഒരൊറ്റ മാതൃകാ നിയമാവലി ചട്ടക്കൂടിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇന്ന് 55,000 സഹകരണ സംഘങ്ങള്‍ പൊതുസേവന കേന്ദ്രങ്ങൾ വഴി ഗ്രാമീണർക്ക് 300-ലധികം സേവനങ്ങൾ നൽകിവരുന്നു. റെയിൽവേ ടിക്കറ്റ് ബുക്കിങ്, ജനന-മരണ രജിസ്ട്രേഷൻ, പ്രധാനമന്ത്രിയുടെ വിവിധ പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കൽ, പണമിടപാടുകള്‍ സ്വീകരിക്കൽ എന്നിവയെല്ലാം ഈ കേന്ദ്രങ്ങളില്‍ ലഭ്യമാണ്. ഇത്തരത്തില്‍ 300 വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ 55,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി രാജ്യത്ത് സിഎസ്‍സി സേവനങ്ങൾ ലഭ്യമാക്കുന്നു.
സഹകരണ മേഖലയിലെ വായ്പാ ഒഴുക്ക് വർധിപ്പിക്കുകയായിരുന്നു മൂന്നാമത്തെ പ്രധാന ദൗത്യമെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളെ ആധുനിക ബാങ്കിങ് സേവനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ പണമിടപാടുകള്‍ അവതരിപ്പിക്കുകയും സൈബർ സുരക്ഷ ഉറപ്പാക്കുകയും ചെയ്തു. ഇ-കെവൈസി ആരംഭിച്ചു. ഡിജിറ്റൽ വായ്പകള്‍ പോലുള്ള സംവിധാനങ്ങളിലൂടെ നഗര സഹകരണ ബാങ്കുകളും ജില്ലാ സഹകരണ ബാങ്കുകളും ക്രമേണ മുന്നോട്ട് കുതിക്കുകയാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഈ ബാങ്കുകളുടെ ആകെ നിഷ്ക്രിയ ആസ്തി 12.8 ശതമാനത്തിൽ നിന്ന് 6.2 ശതമാനമായി കുറയ്ക്കാനും അറ്റ നിഷ്ക്രിയ ആസ്തി 5.1 ശതമാനത്തിൽ നിന്ന് 0.7 ശതമാനമായി കുറയ്ക്കാനും സാധിച്ചു.
സഹകരണ മേഖലയുടെ വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തിയതായും കേന്ദ്ര സഹകരണ മന്ത്രി പറഞ്ഞു. കയറ്റുമതിക്കും ജൈവ ഉല്പാദനത്തിനും മൂന്ന് പുതിയ സഹകരണ സംഘങ്ങൾ രൂപീകരിച്ചു. ക്ഷീരമേഖലയിൽ ചാക്രിക സമ്പദ്‍വ്യവസ്ഥ 100 ശതമാനവും പ്രായോഗികമാക്കുന്നതിന് മൂന്ന് സഹകരണ സംഘങ്ങൾ കൂടി രൂപീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം ഉപ്പ് മേഖലയിലേക്കും പ്രവേശിച്ചു.
ജൈവ ഉല്പാദനം പ്രോത്സാഹിപ്പിക്കേണ്ടത് ഇന്ന് ഏറെ പ്രധാനമാണ്. രാസവളങ്ങളുടെ ഉപയോഗം നിർത്തുന്നത് ഉല്പാദനം കുറയ്ക്കുമെന്നത് തെറ്റിദ്ധാരണയാണ്. രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നത് ഉല്പാദനം കുറയ്ക്കുന്നില്ലെന്നും പകരം ഉല്പാദനം വർധിക്കുന്നതിനൊപ്പം മണ്ണ് സംരക്ഷിക്കപ്പെടുമെന്നും കഴിഞ്ഞ അഞ്ച് വർഷം തെളിയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി വ്യക്തമാക്കി.
'അന്നദാതാവിനെ' 'ഊർജദാതാവായി' മാറ്റുകയെന്ന പ്രധാനമന്ത്രി മോദിയുടെ ലക്ഷ്യം മുന്നോട്ടുകൊണ്ടുപോകാനാണ് സഹകരണമേഖല ആഗ്രഹിക്കുന്നതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ന് ഉദ്ഘാടനം ചെയ്ത 'ഗോമയ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്' കന്നുകാലി തീറ്റ, മൃഗസംരക്ഷണം, കൃത്രിമ ബീജസങ്കലനം, ചാണക സംസ്കരണം, ജൈവവളങ്ങൾ, പുനരുപയോഗ ഊർജോല്പാദനം എന്നിവയിലൂടെ ക്ഷീരമേഖലയിൽ സമ്പൂർണ ചാക്രിക സമ്പദ്‍വ്യവസ്ഥ പ്രോത്സാഹിപ്പിക്കും. 'ക്ഷീരവിപ്ലവം 2.0' വഴി സഹകരണ ഡയറികളുടെ കരുത്തുറ്റ ശൃംഖല സൃഷ്ടിക്കാനാണ് നാം ആഗ്രഹിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനകം പാലുല്പാദിപ്പിക്കുന്ന കർഷകരുടെ എണ്ണം കുറഞ്ഞത് 35 ശതമാനമെങ്കിലും വർധിപ്പിക്കാൻ ലക്ഷ്യമിടണമെന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ഡയറി ഫെഡറേഷനുകളോട് ശ്രീ ഷാ അഭ്യര്‍ത്ഥിച്ചു. ഇതിനർത്ഥം 35 ശതമാനം കൂടുതൽ ഗ്രാമങ്ങളിൽ പുതിയ പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ രൂപീകരിക്കണമെന്നും പ്രാഥമിക ക്ഷീരസംഘങ്ങൾ സ്ഥാപിക്കണമെന്നും ഗ്രാമത്തിലെ ഒരു കർഷകൻ പോലും പാൽ വിതരണ ഡയറി ശൃംഖലയ്ക്ക് പുറത്താകരുതെന്നുമാണ്. സഹകരണ പഞ്ചസാര മേഖലയിൽ പഞ്ചസാരയും മൊളാസസിൽ നിന്നുള്ള എഥനോളും മുതൽ ബഗാസ്, ഊർജം, പ്രസ്സ്മഡ്, ജൈവവളം, സൾഫർ ഉല്പാദനം വരെ സമ്പൂർണ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ഈ പരീക്ഷണം വിജയകരമായിരുന്നു. ഇതിന് സഹകരണ സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. ക്ലസ്റ്റർ അധിഷ്ഠിത സഹകരണ സംഘങ്ങൾ വഴി ഓരോ ഡയറിയും സ്വന്തം നിക്ഷേപം നടത്തുന്നതിന് പകരം ഈ സംവിധാനം കരിമ്പിന്റെ അന്തിമ ഉപയോഗം വരെ മുഴുവൻ പ്രക്രിയയും കൈകാര്യം ചെയ്യുകയും പഞ്ചസാര മില്ലുകൾക്ക് ലാഭം തിരികെ നൽകുകയും ചെയ്യുന്നു.
ഉയർന്ന കരിമ്പ് വിലയില്‍ നികുതി ഇളവ് ഉറപ്പാക്കുകയും പഴയ നികുതി തർക്കങ്ങൾ പരിഹരിക്കുകയും ചെയ്തതായി കേന്ദ്ര സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. കരിമ്പ് മേഖലയിൽ മാത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കർഷകരുടെ 46,000 കോടി രൂപയുടെ ആദായനികുതിയാണ് ഒഴിവാക്കി നൽകിയത്. യന്ത്രസാമഗ്രികളുടെ ഉല്പാദനത്തിന് 'നാഷണൽ ഹെവി എന്‍ജിനീയറിങ് കോ-ഓപ്പറേറ്റീവ്' പുനരുജ്ജീവിപ്പിക്കാന്‍ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. ഡയറി യന്ത്രങ്ങൾ, പ്രാഥമിക ഡയറികൾക്കുള്ള യന്ത്രങ്ങൾ, ഗ്യാസ് ഉല്പാദന യന്ത്രങ്ങൾ, വളം നിർമാണ യന്ത്രങ്ങൾ എന്നിവ നിർമിക്കുന്നതിലൂടെ ഈ സഹകരണ സംഘം മുന്നോട്ട് കുതിക്കും. 'ഭാരത് ടാക്സി'യും വളരെ ശക്തമായി മുന്നേറുകയാണ്. അടുത്ത രണ്ട് വർഷത്തിനകം ഭാരത് ടാക്സി രാജ്യത്തെ 500-ലേറെ നഗരങ്ങളിലും എല്ലാ സംസ്ഥാനങ്ങളിലും ലഭ്യമാകും. ഇത് നമ്മുടെ സഹപ്രവര്‍ത്തകരെ ചൂഷണത്തിൽ നിന്ന് മോചിപ്പിക്കും.
കാർഷിക വായ്പയുടെ ഏകദേശം 20 ശതമാനവും വളം വിതരണത്തിന്റെ 35 ശതമാനവും പഞ്ചസാര ഉല്പാദനത്തിന്റെ 31 ശതമാനവും ഇന്ന് സഹകരണ സംഘങ്ങൾ വഴിയാണെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഭാരത് ടാക്സിയുടെ മാതൃകയിൽ വരും ദിവസങ്ങളിൽ 'യൂട്ടിലിറ്റി അഗ്രഗേറ്റർ കോ-ഓപ്പറേറ്റീവ്' കൂടുതൽ വികസിപ്പിക്കാൻ പോവുകയാണ്. ഇതിനൊപ്പം ഇഫ്കോ-ടോക്കിയോയുമായി ചേർന്ന് രണ്ടുതരം ഇൻഷുറൻസ് പദ്ധതികളും വിജയകരമായി നടപ്പാക്കി ഒരു സഹകരണ ലൈഫ് ഇൻഷുറൻസ് കമ്പനി രൂപീകരിക്കും. ഇത് ഇൻഷുറൻസ് മേഖലയിലും സഹകരണത്തെ ശക്തമായി മുന്നോട്ട് നയിക്കും. സഹകരണമേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾ ഓരോ നിമിഷവും ഓരോ ദിവസവും ഓരോ മാസവും ഓരോ വർഷവും ശക്തിപ്പെടുത്തുന്നതിനായിരുന്നു കഴിഞ്ഞ അഞ്ചുവർഷങ്ങള്‍. എല്ലാവരെയും ഒരുമിച്ച് ചേർത്ത് സഹകരണ മന്ത്രാലയം ഈ ദിശയിൽ അക്ഷീണ പ്രവർത്തനങ്ങളാണ് നിരന്തരം കാഴ്ചവെച്ചത്.
ചടങ്ങിന്റെ തുടക്കത്തിൽ ഭാരതീയ ജനസംഘം സ്ഥാപകനും മുൻ കേന്ദ്രമന്ത്രിയുമായ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികത്തിൽ ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു.
***
(रिलीज़ आईडी: 2281901)
आगंतुक पटल : 9