ഗ്രാമീണ വികസന മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രമന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ്റെ അധ്യക്ഷതയിൽ നടന്ന ‘രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനം’, ‘വികസിത ഗ്രാമങ്ങൾ– വികസിത ഭാരതം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവർത്തനരേഖയ്ക്ക് രൂപം നൽകി

प्रविष्टि तिथि: 29 JUN 2026 5:30PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ പൂസാ കാമ്പസിൽ 'ഗ്രാമവികസനത്തിലൂടെ രാഷ്ട്രപുരോഗതി' എന്ന പ്രമേയത്തിൽ  നടന്ന ദ്വിദിന രാഷ്ട്രീയ ഗ്രാമീൺ വികാസ് സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ, കേന്ദ്ര ഗ്രാമവികസന, കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ 29 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗ്രാമവികസന മന്ത്രിമാരുമായി വിപുലമായ ചർച്ചകൾ നടത്തി. പ്രധാന ഗ്രാമവികസന പദ്ധതികളുടെ നടത്തിപ്പും പുരോഗതിയും വിലയിരുത്തുക മാത്രമല്ല, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും മാർഗ്ഗനിർദ്ദേശത്തിലും ‘വികസിത ഗ്രാമം – വികസിത ഭാരതം’ എന്ന ദർശനം യാഥാർത്ഥ്യമാക്കുന്നതിനുള്ള കൃത്യമായ തന്ത്രങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു. ഗ്രാമങ്ങൾ എന്നത് കേവലം മണ്ണും വയലുകളും നാട്ടുകവലകളും നിറഞ്ഞ പ്രദേശം മാത്രമല്ലെന്നും, അവ ഇന്ത്യയുടെ കരുത്തിനേയും, ചൈതന്യത്തേയും രാജ്യത്തിൻ്റെ ആത്മാവിനെയുമാണ് പ്രതിനിധീകരിക്കുന്നതെന്നും സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ചൗഹാൻ പറഞ്ഞു. ഗ്രാമങ്ങൾ സമൃദ്ധവും സ്വയംപര്യാപ്തവും വികസിതവുമായി മാറാതെ സമ്പന്നവും വികസിതവുമായ  ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കഴിയില്ലെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം, ഗ്രാമീണ ഇന്ത്യയുടെ പുരോഗതി കൂടാതെ രാജ്യത്തിൻ്റെ പുരോഗതി അസാധ്യമാണെന്നും കൂട്ടിച്ചേർത്തു.

 




 

29 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള മന്ത്രിമാരുടെ ചരിത്രപരമായ സംഗമം

ഗ്രാമവികസനത്തിൻ്റെ ഭാവിയെക്കുറിച്ച് മാത്രം ചർച്ച ചെയ്യുന്നതിനായി 29 സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ഗ്രാമവികസന മന്ത്രിമാരും, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും, നയരൂപകർത്താക്കളും ചരിത്രത്തിലാദ്യമായി ഒരു പൊതുവേദിയിൽ ഒത്തുകൂടി. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ശ്രീ കേശവ് പ്രസാദ് മൗര്യ, ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ശ്രീ വിജയ് ശർമ്മ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗ്രാമവികസന മന്ത്രിമാർ, മറ്റ് മുതിർന്ന പ്രതിനിധികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവെച്ച് വികസനം ത്വരിതപ്പെടുത്തുക, ഭരണനിർവ്വഹണം മെച്ചപ്പെടുത്തുക, രാജ്യത്തുടനീളമുള്ള ഗ്രാമീണ ജനതയുടെ ക്ഷേമത്തിനായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച ഈ സംഗമം  സഹകരണ ഫെഡറലിസത്തിൻ്റെ യഥാർഥ മനോഭാവമാണ് പ്രതിഫലിപ്പിച്ചത്.

 




 

വികസിത ഭാരതത്തിനായി വികസിത ഗ്രാമങ്ങൾ എന്ന ദർശനം

ഇന്ത്യയുടെ വികസന യാത്രയിൽ ഗ്രാമങ്ങൾക്കുള്ള നിർണ്ണായക പങ്കിനെക്കുറിച്ച്  അടിവരയിട്ടു പറഞ്ഞ ശ്രീ ചൗഹാൻ, ഗ്രാമങ്ങൾ സാമ്പത്തികമായി സ്വയംപര്യാപ്തത കൈവരിക്കുകയും തൊഴിലധിഷ്ഠിതമാകുകയും മികച്ച അടിസ്ഥാന സൗകര്യങ്ങളും അവശ്യ പൊതുസേവനങ്ങളും കൊണ്ട് സജ്ജമാകുകയും ചെയ്യുമ്പോൾ മാത്രമേ വികസിത ഭാരതം എന്ന ദർശനം സാക്ഷാത്കരിക്കാൻ കഴിയൂ എന്ന് വ്യക്തമാക്കി. ഗ്രാമങ്ങളെ രാജ്യത്തിൻ്റെ  ആത്മാവും കരുത്തും ചൈതന്യവുമായി വിശേഷിപ്പിച്ച അദ്ദേഹം രാജ്യത്തിൻ്റെ മൊത്തത്തിലുള്ള വികസനം നിലകൊള്ളുന്നത് ഗ്രാമങ്ങളുടെ വികസനമെന്ന അടിത്തറയിലാണെന്നും പറഞ്ഞു. ഗ്രാമങ്ങളിൽ നടത്തുന്ന ഓരോ നിക്ഷേപവും ആത്യന്തികമായി സംഭാവന ചെയ്യുന്നത് ഇന്ത്യയുടെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്കും സാമൂഹിക പുരോഗതിക്കും ഒപ്പം രാജ്യത്തിൻ്റെ  അഭിവൃദ്ധിക്കുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

 



 

പുതിയ തൊഴിൽ പദ്ധതി ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കും

നിലവിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (MGNREGS) പകരമായി ‘വികസിത് ഭാരത് - വിബി-ജി റാം -ജി’ പദ്ധതി ജൂലൈ ഒന്ന് മുതൽ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചു. ഈ പുതിയ പദ്ധതിയുടെ നടത്തിപ്പിനായി 95,682 കോടി രൂപയുടെ ഇടക്കാല അനുമതി ഇതിനകം തന്നെ നൽകിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ആവശ്യമായ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും കാലതാമസം കൂടാതെ  പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ട ശ്രീ ചൗഹാൻ ഇത്തരം നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നത് പദ്ധതിയുടെ സുഗമമായ നടപ്പാക്കലും രാജ്യത്തുടനീളമുള്ള ഗ്രാമീണ കുടുംബങ്ങൾക്ക് അതിൻ്റെ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ ലഭിക്കുന്നതിനും സഹായകരമാകുമെന്നും പറഞ്ഞു.


ലഖ്പതി ദീദി ദൗത്യത്തിന് പുതുജീവൻ

സമ്മേളനത്തിനിടെ, സ്വയംസഹായ സംഘങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വനിതകൾക്കായുള്ള  ‘ലഖ്പതി ദീദി ഡാഷ്‌ബോർഡ്’ പുറത്തിറക്കുകയും ‘ഷീ ലീപ്‌സ്’ (സെൽഫ് ഹെൽപ്പ് എൻ്റർപ്രണർ - ലൈവ്‌ലിഹുഡ്‌സ് ആൻഡ് എൻ്റർപ്രൈസ് ആപ്ലിക്കേഷൻ ഫോർ പ്രോസ്‌പെരിറ്റി ആൻഡ് സസ്റ്റൈനബിലിറ്റി) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൻ്റെ  ഉദ്ഘാടനവും നടന്നു. ലഖ്പതി ദീദിമാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യം മൂന്ന് കോടിയിൽ നിന്ന്  ആറ് കോടി സ്ത്രീകളായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉയർത്തിയതായി ശ്രീ ചൗഹാൻ പറഞ്ഞു. ഈ മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം കോടി രൂപയുടെ ബാങ്ക് വായ്പാ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ സംരംഭം സ്ത്രീകളുടെ സാമ്പത്തിക ഉൾച്ചേർക്കൽ  ശക്തിപ്പെടുത്തുമെന്നും സംരംഭകത്വം പ്രോത്സാഹിപ്പിക്കുമെന്നും സുസ്ഥിരമായ ഉപജീവന അവസരങ്ങൾ സൃഷ്ടിക്കുമെന്നും പറഞ്ഞ അദ്ദേഹം ഇത് ദശലക്ഷക്കണക്കിന് ഗ്രാമീണ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യം നൽകാനും ഗ്രാമീണ അഭിവൃദ്ധിയിലേക്ക് സജീവമായി സംഭാവന ചെയ്യുന്നവരുമായി മാറാൻ പ്രാപ്തരാക്കുകയും ചെയ്യുമെന്ന് കൂട്ടിച്ചേർത്തു.


പദ്ധതി നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക

ഗ്രാമീണ വികസന പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനായുള്ള നിരവധി മുൻഗണനാക്രമങ്ങൾ ശ്രീ ചൗഹാൻ വിശദീകരിച്ചു. പദ്ധതികളുടേയും പണമിടപാടുകളുടേയും കാലതാമസം ഒഴിവാക്കാൻ സംസ്ഥാനങ്ങൾ അവരുടെ സാമ്പത്തിക വിഹിതം സമയബന്ധിതമായി അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമവികസനവുമായി ബന്ധപ്പെട്ട ഒഴിവുള്ള തസ്തികകൾ
ദീർഘകാലം ഒഴിഞ്ഞുകിടക്കുന്നത് പദ്ധതി നടത്തിപ്പിൻ്റെ ശേഷിയെ ദുർബലപ്പെടുത്തുമെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഈ തസ്തികകൾ എത്രയും വേഗം നികത്തേണ്ടതിൻ്റെ  ആവശ്യകതയും ഊന്നിപ്പറഞ്ഞു. ഉദ്യോഗസ്ഥരുടെ അടിക്കടിയുള്ള സ്ഥലംമാറ്റങ്ങൾ പദ്ധതികളുടെ തുടർച്ചയേയും ഉത്തരവാദിത്തത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ചുമതലകൾ വഹിക്കുന്ന ഉദ്യോഗസ്ഥരെ കുറഞ്ഞത് രണ്ട് മുതൽ മൂന്ന് വർഷം വരെയെങ്കിലും ഒരേ തസ്തികയിൽ നിലനിർത്തണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. അർഹരായ ഗുണഭോക്താക്കൾക്ക് സർക്കാർ പദ്ധതികളെക്കുറിച്ച് പൂർണ്ണമായ അറിവ് ലഭിക്കുന്നതിന് വിപുലമായ പൊതുജന ബോധവൽക്കരണ പ്രചാരണങ്ങൾ നടത്തേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം എടുത്തുപറഞ്ഞു. ഉത്തരവാദിത്തം ഉറപ്പാക്കേണ്ടതിൻ്റെ പ്രാധാന്യം എടുത്തുപറഞ്ഞ ശ്രീ ചൗഹാൻ, എല്ലാ പദ്ധതികളിലും സുതാര്യതയും കാര്യക്ഷമതയും സേവന വിതരണവും മെച്ചപ്പെടുത്തുന്നതിനായി സോഷ്യൽ ഓഡിറ്റിംഗ് ശക്തമാക്കണമെന്നും നിർമ്മിതബുദ്ധി അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കണമെന്നും ആഹ്വാനം ചെയ്തു.


ഭവന, റോഡ്, നൈപുണ്യ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി

പ്രധാൻ മന്ത്രി ആവാസ് യോജന-ഗ്രാമീൺ, പ്രധാൻ മന്ത്രി ഗ്രാം സഡക് യോജന, ദീൻദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജന എന്നിവയുടെ പുരോഗതി വിലയിരുത്തിയ കേന്ദ്രമന്ത്രി, പല സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും എന്നാൽ മറ്റു ചില സംസ്ഥാനങ്ങൾ പദ്ധതി നടത്തിപ്പ് വേഗത്തിലാക്കുകയും നിലവിലുള്ള പോരായ്മകൾ പരിഹരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞു. ഗ്രാമീണ ഭവന പദ്ധതിക്ക് കീഴിൽ അർഹരായ ഭൂമിയില്ലാത്ത ഗുണഭോക്താക്കൾക്ക് ഭൂമി ലഭ്യമാക്കുന്നതിന് അദ്ദേഹം പ്രത്യേക ഊന്നൽ നൽകുകയും തീർപ്പുകൽപ്പിക്കാത്ത എല്ലാ ഭവന അപേക്ഷകളും എത്രയും വേഗം തീർപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. അർഹതയുള്ള എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സ്ഥിരം വീട് ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, അർഹതയുള്ള ഒരു ഗുണഭോക്താവിനും ഈ ആനുകൂല്യം നിഷേധിക്കപ്പെടരുതെന്നും പറഞ്ഞു.



മികച്ച മാതൃകകൾ പങ്കുവെക്കാനും പരിഷ്കാരങ്ങൾ നടപ്പിലാക്കാനുമുള്ള ആഹ്വാനം

മൾട്ടി-ചാനൽ മാർക്കറ്റിംഗ് മാതൃകകൾ, സമൂഹികാടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ, കുടുംബ ഉപജീവന വായ്പാ പദ്ധതികൾ എന്നിവയുൾപ്പെടെ ജാർഖണ്ഡ്, ബിഹാർ, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വിജയകരമായി നടപ്പിലാക്കിയ വിവിധ സംരംഭങ്ങളെക്കുറിച്ച്  പരാമർശിച്ച ശ്രീ ചൗഹാൻ, ഈ മികച്ച മാതൃകകൾ രേഖപ്പെടുത്തുമെന്നും അവ എല്ലാ സംസ്ഥാനങ്ങളുമായി പങ്കുവെക്കുമെന്നും പറഞ്ഞു. വിജയകരമായ ഇത്തരം നൂതനാശയങ്ങൾ രാജ്യത്തുടനീളം മാതൃകയാക്കാൻ ഇത് സഹായിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. പല പദ്ധതികളിലും ഭരണപരമായ നടപടിക്രമങ്ങളിലും ഇനിയും ഗണ്യമായ മെച്ചപ്പെടുത്തലിന് സാധ്യതയുണ്ടെന്ന് അദ്ദേഹം തുറന്നുസമ്മതിച്ചു. സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിൻ്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകിയ അദ്ദേഹം, നിലവിലുള്ള ചട്ടങ്ങളോ നടപടിക്രമങ്ങളോ കാരണം എന്തെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ, ആവശ്യമായ ഇടങ്ങളിൽ ഉചിതമായ ഭേദഗതികൾ കൊണ്ടുവരുന്നതിനായി ഗ്രാമവികസന മന്ത്രാലയം കേന്ദ്ര മന്ത്രിസഭയുമായും ധനകാര്യ മന്ത്രാലയവുമായും കൂടിയാലോചിച്ച് പ്രവർത്തിക്കുമെന്ന് അറിയിച്ചു.


ജലക്ഷാമം, കാലവർഷം എന്നിവ സംബന്ധിച്ച ജാഗ്രതാ നിർദ്ദേശം

സാധാരണയിൽ കുറഞ്ഞ മഴ ലഭിക്കാനുള്ള സാധ്യതയിൽ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര ഗ്രാമവികസന, കൃഷി, കർഷക ക്ഷേമ മന്ത്രി, 14 സംസ്ഥാനങ്ങളോട് ജാഗ്രത പാലിക്കാനും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ മുൻകൂട്ടി തയ്യാറെടുക്കാനും അഭ്യർത്ഥിച്ചു. ജലസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനും ആവശ്യമെങ്കിൽ ഗ്രാമീണ മേഖലകളിൽ അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മതിയായ  തയ്യാറെടുപ്പുകൾ നടത്താനും അദ്ദേഹം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. മുൻകൂട്ടിയുള്ള ആസൂത്രണം, കുറഞ്ഞ മഴമൂലം ഉണ്ടാകുന്ന ഏത് വെല്ലുവിളികളേയും ഫലപ്രദമായി നേരിടാൻ സർക്കാരുകളെ പ്രാപ്തരാക്കുമെന്നും ഒപ്പം ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളും കാർഷിക പ്രവർത്തനങ്ങളും സുരക്ഷിതമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പങ്കാളിത്തത്തിലൂടെയുള്ള പരിവർത്തനത്തിൻ്റെ സന്ദേശം

ഇത് മത്സരത്തിനുള്ള സമയമല്ലെന്നും മറിച്ച് പങ്കാളിത്തത്തിനും കൂട്ടായ പ്രവർത്തനത്തിനുമുള്ള സമയമാണെന്നും ശ്രീ ചൗഹാൻ പറഞ്ഞു. കേന്ദ്ര സർക്കാർ നയരൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സംസ്ഥാനങ്ങൾ അത് ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പഞ്ചായത്തുകൾ താഴേത്തട്ടിൽ നേതൃത്വം നൽകണമെന്നും പൗരന്മാർ വികസന പ്രക്രിയയിൽ സജീവ പങ്കാളികളാകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത്തരമൊരു സഹകരണ മാതൃകയ്ക്ക് മാത്രമേ ഗ്രാമീണ ഇന്ത്യയുടെ ഭാവിയെ പരിവർത്തനം ചെയ്യാനും  രാജ്യത്തുടനീളമുള്ള ഗ്രാമീണ സമൂഹങ്ങളുടെ ജീവിതനിലവാരവും സാമ്പത്തിക സാധ്യതകളും അടിസ്ഥാനപരമായി മെച്ചപ്പെടുത്താനും സാധിക്കൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


യുവജനങ്ങളേയും നൂതനാശയങ്ങളേയും പ്രോത്സാഹിപ്പിക്കുന്നു

വിബി- ജി റാം ജി സംരംഭത്തിന് കീഴിൽ സംഘടിപ്പിച്ച ലോഗോ ഡിസൈൻ, ക്വിസ്, ഡിജിറ്റൽ ഉള്ളടക്ക മത്സരങ്ങളിലെ വിജയികളെ അനുമോദിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്. ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗ്രാമവികസന മേഖലയിലെ നൂതനാശയങ്ങൾ, നൂതന മാതൃകകൾ, ഉയർന്നുവരുന്ന സമീപനങ്ങൾ എന്നിവയെക്കുറിച്ചുള്ള നിരവധി പ്രസിദ്ധീകരണങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.  നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും യുവ പ്രതിഭകളെ അംഗീകരിക്കുന്നതിനും ഗ്രാമവികസന മേഖലയിൽ പുതിയ ചിന്തകൾ വളർത്തിയെടുക്കുന്നതിനുമുള്ള സർക്കാരിൻ്റെ പ്രതിബദ്ധത അടിവരയിടുന്നതായിരുന്നു ഈ ചടങ്ങ്.

 

****

 


(रिलीज़ आईडी: 2279236) आगंतुक पटल : 4
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Gujarati , Odia , Tamil , Telugu , Kannada