ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ.അമിത് ഷാ ന്യൂഡൽഹിയിൽ നാർക്കോ-കോർഡിനേഷൻ സെൻ്ററിൻ്റെ (NCORD) പത്താമത് ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു; ‘ ലഹരി നിയന്ത്രണത്തിനായുള്ള ദർശനരേഖ (2026-2029)’ പ്രകാശനം ചെയ്തു
प्रविष्टि तिथि:
26 JUN 2026 5:08PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ന്യൂഡൽഹിയിൽ നാർക്കോ-കോർഡിനേഷൻ സെൻ്ററിൻ്റെ പത്താമത് ഉന്നതതല യോഗത്തിൽ അധ്യക്ഷത വഹിച്ചു. 'ലഹരി നിയന്ത്രണത്തിനായുള്ള ദർശനരേഖ (2026-2029)', 'എൻസിബി വാർഷിക റിപ്പോർട്ട്-2025' എന്നിവ ആഭ്യന്തര മന്ത്രി പ്രകാശനം ചെയ്തു. അതോടൊപ്പം ജമ്മുവിലെയും ഗുവാഹത്തിയിലെയും എൻസിബി മേഖല ഓഫീസുകളുടെ ഇ-ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. 6,000 കോടി രൂപ വിലമതിക്കുന്ന 2,09,500 കിലോഗ്രാം മയക്കുമരുന്ന് നശിപ്പിക്കുന്നതിനായുള്ള രണ്ടാഴ്ചത്തെ 'ഓൺലൈൻ ഡ്രഗ്സ് ഡിസ്പോസൽ കാമ്പെയ്‌ൻ' ശ്രീ. അമിത് ഷാ ഉദ്ഘാടനം ചെയ്തു.

ലഹരിക്കെതിരായ പോരാട്ടത്തിൽ നമ്മുടെ രാജ്യം ഇന്ന് ഒരു നിർണ്ണായക വഴിത്തിരിവിലാണെന്നും, ലഹരി നമ്മെ തോൽപ്പിക്കുമോ അതോ നാം ലഹരിയെ പരാജയപ്പെടുത്തുമോ എന്ന് തീരുമാനിക്കുന്നതാണ് വരുന്ന മൂന്ന് വർഷങ്ങളാണെന്നും യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. രാജ്യത്തിൻ്റെ അടുത്ത 100 വർഷത്തെ ഭാവിക്ക് വേണ്ടി, ദൃഢനിശ്ചയത്തോടെയും കൂട്ടായ പരിശ്രമത്തോടെയും നാം ഈ പോരാട്ടത്തിൽ വിജയിക്കണമെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഈ പോരാട്ടം ഏതെങ്കിലും ഒരു വകുപ്പിനോ, സംസ്ഥാനത്തിനോ, ഗവൺമെൻ്റിനോ , വ്യക്തിക്കോ മാത്രമായി നയിക്കാനാകില്ല. പകരം, എല്ലാ സംസ്ഥാനങ്ങളും അവയുടെ ബന്ധപ്പെട്ട വകുപ്പുകളും ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഒത്തുചേരേണ്ടതുണ്ട്. പൊതുജനങ്ങളെ പ്രചോദിപ്പിക്കുന്ന വ്യക്തികളെയും രാജ്യത്തിൻ്റെ ഭാവി രൂപപ്പെടുത്തുന്ന യുവാക്കളെയും നമ്മുടെ സ്ത്രീശക്തിയെയും ഈ പോരാട്ടത്തിൽ നാം പങ്കാളികളാക്കണം. എങ്കിൽ മാത്രമേ ഈ പോരാട്ടത്തിൽ നമുക്ക് പൂർണ്ണ വിജയം കൈവരിക്കാൻ കഴിയൂ. ലഹരി മരുന്ന് പ്രശ്നം കേവലം ക്രമസമാധാന പ്രശ്നമോ പൊതുജനാരോഗ്യ പ്രശ്നമോ മാത്രമല്ലെന്ന് ശ്രീ. ഷാ ഊന്നിപ്പറഞ്ഞു. ഇത് രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷ, സാമൂഹിക സുസ്ഥിരത, സാമ്പത്തിക താല്പര്യങ്ങളുടെ സംരക്ഷണം, നമ്മുടെ യുവാക്കളുടെ ഭാവി, അതുവഴി രാജ്യത്തിൻ്റെ ഭാവി എന്നിവയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ പ്രശ്നത്തിന്മേൽ പൂർണ്ണ വിജയം നേടുക എന്നത് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും കൂട്ടായ ദേശീയ ലക്ഷ്യമായിരിക്കണം.

ലഹരിക്കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, ലഹരി -ഭീകരവാദത്തിനായുള്ള സാമ്പത്തിക സഹായം, അതിർത്തി കടന്നുള്ള ഭീകരവാദ ശൃംഖലകൾക്കുള്ള ധനസഹായം എന്നിവയോടൊപ്പം, അതിവേഗം വളരുന്ന ഒരു 'ലഹരി - ഭീകരവാദ സംവിധാനം' ആയി മാറിയിട്ടുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. നമ്മുടെ രാജ്യത്തിൻ്റെ ആഭ്യന്തര സുരക്ഷയ്ക്കും സാമ്പത്തിക സംരക്ഷണത്തിനും യുവതലമുറയുടെ ഭാവിക്കും വേണ്ടി ഈ വിപത്തിനെതിരെ നാം പൂർണ്ണ വിജയം നേടിയേ തീരൂ. ഭൂമിശാസ്ത്രപരമായി ' മരണ ത്രികോണം , 'മരണ വക്രം ' (Death Crescent) എന്നിവയ്ക്ക് നടുവിലാണ് സ്ഥിതി ചെയ്യുന്നത്. ഡ്രോൺ വഴിയുള്ള നിക്ഷേപങ്ങൾ, സമുദ്രമാർഗ്ഗമുള്ള കണ്ടെയ്നർ കാർഗോ, ഡാർക്ക്നെറ്റ്, ക്രിപ്റ്റോ പേയ്‌മെൻ്റുകൾ, ഓർഡർ അനുസരിച്ചുള്ള വിതരണ മാതൃകകൾ, പാഴ്സൽ ഷിപ്പ്‌മെൻ്റുകൾ തുടങ്ങിയ അത്യാധുനിക രീതികൾ അവലംബിച്ചുകൊണ്ട് ലഹരിക്കടത്തുകാർ നമ്മുടെ പോരാട്ടത്തെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കിയിരിക്കുന്നു. ഇന്ന് ലഹരി കുറ്റവാളികൾ സാങ്കേതികവിദ്യയുടെ കരുത്തുറ്റ,ശക്തമായ ശൃംഖലയായി മാറിയിരിക്കുന്നു. വിവിധ മേഖലകളെ ബാധിക്കുന്ന ഒരു കുറ്റകൃത്യമായിട്ടാണ് ലഹരി ശൃംഖലകൾ ഇപ്പോൾ നമുക്ക് മുന്നിലുള്ളത്. ഈ കഠിനമായ പോരാട്ടത്തോടുള്ള നമ്മുടെ പ്രതികരണം കൂട്ടായതും, സംഘടിതവും, കൃത്യമായ പദ്ധതികളോട് കൂടിയതും, ആധുനികവും, ഇൻ്റലിജൻസ് അധിഷ്ഠിതവുമായിരിക്കണം. നമ്മുടെ സമീപനം സാങ്കേതികവിദ്യയിൽ ഊന്നിയുള്ളതായിരിക്കണം, കൂടാതെ ലഹരി ശൃംഖലകൾക്കെതിരെ സഹിഷ്ണുതയില്ലാത്ത യുദ്ധം തന്നെ നാം നയിക്കണം. എങ്കിൽ മാത്രമേ ഈ പ്രശ്നത്തിനെതിരെ നമുക്ക് വിജയം ഉറപ്പാക്കാൻ സാധിക്കൂ.

ലഹരിക്കടത്തിൽ ഏർപ്പെടുന്നവരോട് തികച്ചും കർശനമായ സമീപനവും, ലഹരിക്ക് ഇരയായവരോട് സഹാനുഭൂതിയോടെയുള്ള സമീപനവും പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. നമ്മുടെ കാരുണ്യത്തിനും നന്മയ്ക്കും മാത്രമേ ലഹരിക്ക് അടിമപ്പെടുന്ന കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയൂ എന്നും, നാം അവരുടെ കൈപിടിച്ച് ശരിയായ പാതയിലേക്ക് അവരെ നയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് ഇവിടെ നടത്തിയ അവതരണത്തിൽ , നമ്മുടെ പോരാട്ടത്തെ നാല് പ്രധാന സ്തംഭങ്ങളായി വളരെ വ്യക്തമായി വിഭജിച്ചിട്ടുണ്ടെന്നും, ഓരോ സ്തംഭത്തിന് കീഴിലുമുള്ള ഉപ-സ്തംഭങ്ങളും കൃത്യമായി നിർവചിച്ചിട്ടുണ്ടെന്നും ശ്രീ. അമിത് ഷാ പറഞ്ഞു. ഓരോ ഉപ-സ്തംഭത്തിനും നിശ്ചിത ലക്ഷ്യങ്ങളും അവ കൈവരിക്കാനുള്ള സമയപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഒരു വർഷത്തിനുശേഷം നാം ഈ പദ്ധതി അവലോകനം ചെയ്യുകയും, ആവശ്യാനുസരണം ഇതിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്യും. തുടർന്ന്, ഈ പോരാട്ടത്തിൻ്റെ അവസാന രണ്ട് വർഷങ്ങളിലേക്ക് പുതിയ കരുത്തോടെ നാം മുന്നോട്ട് പോകും.
മയക്കുമരുന്ന് നശിപ്പിക്കാനുള്ള രണ്ടാഴ്ചത്തെ കാമ്പെയ്ൻ ഇന്ന് ആരംഭിച്ചതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അറിയിച്ചു. ഒരൊറ്റ ദിവസം കൊണ്ട് 6,000 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് നശിപ്പിക്കുന്നത് വലിയൊരു നേട്ടമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (NCB) വാർഷിക റിപ്പോർട്ടും ഇന്ന് പ്രകാശനം ചെയ്തു. ഇതോടൊപ്പം, ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള കർമപദ്ധതിയുടെ ദർശനരേഖയും പുറത്തിറക്കി. എൻസിബിയുടെ ഗുവാഹത്തി, ജമ്മു മേഖല ഓഫീസുകളുടെ ഉദ്ഘാടനവും ഇന്ന് നടന്നു. ഇതുവരെ 15,876 ജില്ലാതല എൻകോർഡ് (NCORD) യോഗങ്ങളും, 266 സംസ്ഥാനതല യോഗങ്ങളും, 7 എക്സിക്യൂട്ടീവ് കമ്മിറ്റി യോഗങ്ങളും നടന്നിട്ടുണ്ട്. ഇന്ന് നാം പത്താമത് ഉന്നത തല യോഗമാണ് ചേരുന്നത്. NCORD യോഗങ്ങൾ ഫലപ്രാപ്തിയിൽ എത്തിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഡയറക്ടർ ജനറൽമാരും (DGP) യോജിച്ചുള്ള ശ്രമങ്ങൾ നടത്തണം.
2047-ഓടെ വികസിത ഇന്ത്യ എന്ന ദർശനം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്നോട്ടുവെച്ചിട്ടുണ്ടെന്നും, അതോടൊപ്പം ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യം നമുക്ക് നൽകിയിട്ടുണ്ടെന്നും ശ്രീ. അമിത് ഷാ പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 2026 മുതൽ 2029 വരെ തയ്യാറാക്കിയിട്ടുള്ള കർമ്മ പദ്ധതി നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്:
എൻഫോഴ്‌സ്‌മെൻ്റ് , ഇൻ്റലിജൻസ്, ഓപ്പറേഷൻസ്; അസംസ്കൃത വസ്തുക്കളുടെയും സിന്തറ്റിക് ഡ്രഗ്സിൻ്റെയും നിയന്ത്രണം;
ഉപയോഗവും ദൂഷ്യഫലങ്ങളും കുറയ്ക്കൽ;
,ശേഷി വികസനം, ഏകോപനം, നിരീക്ഷണം എന്നിവയാണ് അവ.
മയക്കുമരുന്ന് ശൃംഖലയെ പൂർണ്ണമായി തകർക്കുന്നതിനായി കൃത്യമായ ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ലക്ഷ്യാധിഷ്ഠിത നടപടികൾ സ്വീകരിക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഉത്പാദന ഘട്ടത്തിൽ തന്നെ ലഹരി വസ്തുക്കൾ തടയുന്നതിനുള്ള തന്ത്രം നാം സ്വീകരിക്കേണ്ടതുണ്ട്. ലഹരിയുടെ ഉപയോഗവും ദൂഷ്യഫലങ്ങളും കുറയ്ക്കുന്നതിനുള്ള പ്രചാരണം സമൂഹ പങ്കാളിത്തം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവയിലൂടെ മുന്നോട്ട് കൊണ്ടുപോകും. മുഴുവൻ സംവിധാനത്തെയും പ്രാപ്തവും, ഏകോപിതവും, ഉത്തരവാദിത്വമുള്ളതും, ആധുനികവുമാക്കുന്നതിനാണ് നാലാമത്തെ സ്തംഭമായ 'ശേഷി വികസനം, ഏകോപനം, നിരീക്ഷണം' രൂപീകരിച്ചിരിക്കുന്നത്.
' ഗവൺമെൻ്റിൻ്റെ സമ്പൂർണ്ണ പങ്കാളിത്തമുള്ള സമഗ്ര ഗവൺമെൻ്റ് , ' സമഗ്ര സമൂഹം എന്നിവ അടിസ്ഥാനമാക്കിയാണ് ഈ കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിലെ ഓരോ പൗരൻ്റെയും പങ്കാളിത്തം ഉൾപ്പെടുന്നുണ്ട്; എന്നാൽ പൗരന്മാർക്ക് പ്രചോദനം നൽകേണ്ടത് എല്ലാ സംസ്ഥാന ഗവൺമെൻ്റുകളും കേന്ദ്ര ഗവൺമെൻ്റിൻ്റെ വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരുമാണ് . ഈ കർമ്മ പദ്ധതിയുടെ വിജയവും അതിൻ്റെ ലക്ഷ്യങ്ങൾ കൃത്യസമയത്ത് കൈവരിക്കുക എന്നതും എല്ലാവരുടെയും കൂട്ടായ ഉത്തരവാദിത്വമാണ്. ഇതിനായി കൃത്യമായ ഒരു നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ലഹരിക്കെതിരെയുള്ള പോരാട്ടത്തെ മൂന്ന് വാക്കുകളിൽ വിവരിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു കണ്ടെത്തുക(detect), തകർക്കുക (Disrupt ), നിർമ്മാർജ്ജനം ചെയ്യുക (Destroy ). വിദേശത്തുനിന്ന് രാജ്യത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്നവർ, അതിർത്തികളിൽ നിന്ന് സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നവർ, സംസ്ഥാനങ്ങളിൽ നിന്ന് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നവർ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ലഹരിസംഘങ്ങളെയും നാം നശിപ്പിക്കേണ്ടതുണ്ട്.. ഇതിനായി അതിർത്തി പ്രദേശങ്ങളിലും സമാധാനാന്തരീക്ഷം തകരാൻ സാധ്യതയുള്ള ജില്ലകളിലും ഇൻ്റലിജൻസ്, സാങ്കേതിക ഇൻ്റലിജൻസ്, കമ്മ്യൂണിറ്റി പോലീസിംഗ് എന്നിവ ഉപയോഗിക്കണം. ഡാർക്ക് വെബ്, ഹവാല ഇടപാടുകൾ, ക്രിപ്റ്റോ ഇടപാടുകൾ, തുറമുഖങ്ങളുടെയും വിമാനത്താവളങ്ങളുടെയും ഉപയോഗം എന്നിവ നിരീക്ഷിക്കുന്നതിനായി ഒരു സംയുക്ത പദ്ധതി തയ്യാറാക്കാൻ നമ്മുടെ എല്ലാ ധനകാര്യ ഏജൻസികളും പൂർണ്ണ ഏകോപനത്തോടെ പ്രവർത്തിക്കണം.
'തകർക്കുക ' എന്നതിന് കീഴിൽ, ലഹരിക്കടത്തുകാരുടെ ഉറവിടങ്ങൾ, യാത്രാമാർഗ്ഗങ്ങൾ, സാമ്പത്തിക സഹായങ്ങൾ, അവരുടെ നേതൃത്വം എന്നിവയെ നിയമത്തിൻ്റെ പൂർണ്ണശക്തി ഉപയോഗിച്ച് എല്ലാ തലത്തിലും നാം ശക്തമായി നേരിടണം. നിയമവിരുദ്ധമായ ലഹരി വസ്തുക്കൾ നശിപ്പിക്കുന്നതിനുള്ള കാമ്പെയ്ൻ നാം ആരംഭിക്കേണ്ടതുണ്ട്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലബോറട്ടറികൾ കണ്ടെത്താനും അവ കർശനമായി നശിപ്പിക്കാനുമുള്ള ഒരു സംവിധാനം ഏജൻസികൾ വികസിപ്പിച്ചെടുക്കണം. ' നിയന്ത്രിത വിതരണ പ്രവർത്തനം (controlled delivery operations) പോലുള്ള പുതിയ ലഹരിക്കടത്ത് രീതികളെ പ്രതിരോധിക്കാനുള്ള വഴികൾ കണ്ടെത്തുകയും, നിരന്തരമായ നിരീക്ഷണത്തിലൂടെ അവയ്ക്കെതിരെ കൃത്യമായി നിയമനടപടികൾ സ്വീകരിക്കുകയും വേണം. പിഎംഎൽഎ , ഇഡി എന്നിവയിലൂടെ ലഹരിക്കടത്തുകാർക്കെതിരെ കർശനമായ സാമ്പത്തിക അന്വേഷണങ്ങൾ നടത്തണമെന്ന് ശ്രീ ഷാ പറഞ്ഞു. ഇതിലൂടെ അവരുടെ ശൃംഖലകൾ തകർക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
' നിർമാർജനം ചെയ്യുക ' എന്നതിന് കീഴിൽ, ഈ ശൃംഖലകൾ ഇനി ഒരിക്കലും പ്രവർത്തിക്കാത്ത വിധം നാം അവയെ ദാക്ഷിണ്യമില്ലാതെ നശിപ്പിക്കണം. പിടിക്കപ്പെടുന്ന പ്രധാന സൂത്രധാരന്മാരെ ഒരു കാരണവശാലും രക്ഷപ്പെടാൻ അനുവദിക്കരുത്. ഇതിനാവശ്യമായ എല്ലാ വ്യവസ്ഥകളും നമ്മുടെ നിയമങ്ങളിൽ ഇതിനകം തന്നെയുണ്ട്. ലഹരിവിമുക്തമാക്കലിലൂടെയും പുനരധിവാസത്തിലൂടെയും ലഹരിയുടെ ഉപയോഗം (demand) കുറയ്ക്കുകയും, ലഹരിയുടെ വിതരണം പൂർണ്ണമായി നശിപ്പിക്കുന്നതിലേക്ക് മുന്നേറുകയും വേണം. ഈ മൂന്ന് വാക്കുകളുടെ – കണ്ടെത്തുക,തകർക്കുക, നിർമാർജനം ചെയ്യുക – അടിത്തറയിലാണ് ഈ സമ്പൂർണ്ണ കർമ്മ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എല്ലാ മന്ത്രാലയങ്ങളും, എല്ലാ സംസ്ഥാനങ്ങളും, എല്ലാ വകുപ്പുകളും ഒത്തുചേർന്ന് ലഹരിക്കെതിരെ സഹിഷ്ണുത രഹിത നയം പ്രാവർത്തികമാക്കാൻ കൂട്ടായി മുന്നോട്ട് പോകണമെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. പ്രധാനപ്പെട്ട എൻഡിപിഎസ് കേസുകളിൽ സാമ്പത്തിക അന്വേഷണം സംസ്ഥാന പോലീസ് മേധാവിമാർ നിർബന്ധമാക്കണം. കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണം കണ്ടെത്തുക, അത് മരവിപ്പിക്കുക, കണ്ടുകെട്ടുക, ജയിലിൽ കിടക്കുമ്പോൾ പോലും അത് പ്രതികളിലേക്ക് തിരികെ എത്തുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ പ്രക്രിയകളെല്ലാം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയും നിർവഹിക്കണം . പ്രധാന കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക കോടതികൾ സ്ഥാപിക്കുന്നതിനും ആവശ്യത്തിന് ജഡ്ജിമാരെ ഉറപ്പാക്കുന്നതിനും പ്രതിദിന വാദം കേൾക്കുന്നതിന് മുൻഗണന നൽകുന്നതിനും ആഭ്യന്തര മന്ത്രാലയം എല്ലാ ഹൈക്കോടതികളുമായും ചർച്ച നടത്തിയിട്ടുണ്ട്. തത്സമയ വിവരശേഖരണം ഉറപ്പാക്കാതെ നമുക്ക് ലഹരിക്കടത്തിലെ പണത്തിൻ്റെ ഉറവിടം ഫലപ്രദമായി കണ്ടെത്താനാകില്ല.അതിനാൽ, തത്സമയ വിവരങ്ങൾ പങ്കുവെക്കുന്നത് ഉറപ്പാക്കണം.
അസംസ്കൃത വസ്തുക്കളുടെയും സൈക്കോട്രോപിക് പദാർത്ഥങ്ങളുടെയും പട്ടിക നാം പുനരവലോകനം ചെയ്യേണ്ടതുണ്ടെന്നും ലഹരി ധന സഹായത്തിനെതിരെ ഫലപ്രദമായ നടപടി ഉറപ്പാക്കണമെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം ' ലഹരി മുക്ത ഇന്ത്യ , ജനബോധവൽക്കരണ പരിപാടികൾ, ജനപങ്കാളിത്തം, ചികിത്സാ-പുനരധിവാസ സേവനങ്ങൾ എന്നിവ വ്യാപിപ്പിക്കണം. എങ്കിൽ മാത്രമേ ലഹരിയുടെ ഉപയോഗം വിജയകരമായി കുറയ്ക്കാൻ നമുക്ക് കഴിയൂ. ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വഴിമാറിപ്പോകുന്നുണ്ടോ എന്നും ഓൺലൈൻ ഫാർമസികളുടെ പ്രവർത്തനങ്ങളും ആരോഗ്യ മന്ത്രാലയം കർശനമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾ 'ലഹരിമുക്ത കാമ്പസ് ചട്ടക്കൂട് നടപ്പിലാക്കണം. ഇതിനോടൊപ്പം, എല്ലാവരുടെയും പങ്കാളിത്തത്തോടെ ഈ ആശയം മുന്നോട്ട് കൊണ്ടുപോകണം. മാതാപിതാക്കൾക്കും അധ്യാപകർക്കുമിടയിൽ അവബോധം ഉറപ്പാക്കണം.
ലഹരിസംഘങ്ങളെ കണ്ടെത്തുന്നതിനായി NCRB, NFSU, DFSS, I4C, NATGRID എന്നീ ഏജൻസികൾ അതത് തലങ്ങളിൽ വിപുലമായ പ്രവർത്തനങ്ങൾ നടത്തണമെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. സംസ്ഥാനങ്ങൾ തങ്ങളുടെ ANTF - ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിനെ മുഴുവൻ സമയ യൂണിറ്റുകളാക്കി മാറ്റുകയും അവയെ സമർപ്പിതവും, മികച്ച വിഭവങ്ങളുള്ളതും, സജ്ജീകരണങ്ങളുള്ളതും, ഉത്തരവാദിത്വമുള്ളതുമായ യൂണിറ്റുകളാക്കി മാറ്റുകയും വേണം. സംസ്ഥാന പോലീസ് മേധാവിമാർ ഇതിൽ വ്യക്തിപരമായ താല്പര്യമെടുക്കണം. വലിയ തോതിലുള്ള മയക്കുമരുന്ന് പിടികൂടുന്ന കേസുകളിൽ, സാമ്പത്തിക അന്വേഷണവും അതിൻ്റെ പരസ്പര ബന്ധങ്ങളും കണ്ടെത്തുന്നത് അന്വേഷണത്തിൻ്റെ സുപ്രധാന ഭാഗമായി മാറണം; കാരണം ഇത് കണ്ടെത്താതെ നമുക്ക് ആ ശൃംഖലയെ സമ്പൂർണ്ണമായി തകർക്കാൻ കഴിയില്ല. സംസ്ഥാന-ജില്ലാ തലങ്ങളിലുള്ള എൻകോർഡ് (NCORD) യോഗങ്ങൾ കൃത്യമായ ഫലം നൽകുന്ന രീതിയിലായിരിക്കണം, അവ ഫലപ്രദമായി നിരീക്ഷിക്കപ്പെടുകയും വേണം. ശക്തമായ കുറ്റപത്രങ്ങൾക്കും ഫലപ്രദമായ പ്രോസിക്യൂഷനും വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലേക്ക് നാം നീങ്ങണം.പ്രത്യേക എൻഡിപിഎസ് (NDPS) കോടതികൾ സ്ഥാപിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവിമാർ അതത് ആഭ്യന്തര വകുപ്പുകൾ വഴി ഹൈക്കോടതികളെ സമീപിക്കണം. ലഹരിയുടെ ഉപയോഗം കുറയ്ക്കുന്നതിനും, ചികിത്സ, പുനരധിവാസം, ബോധവൽക്കരണ പരിപാടികൾ എന്നിവയ്ക്കും, മാതാപിതാക്കൾ, പ്രൊഫസർമാർ, അധ്യാപകർ എന്നിവർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ഓരോ സംസ്ഥാനവും ഓരോ വകുപ്പിലും നോഡൽ ഓഫീസറെ നിയമിക്കണം. ഇതോടൊപ്പം, രാജ്യം വിട്ട കുറ്റവാളികളെ സിബിഐ (CBI) മുഖേന തിരികെ എത്തിക്കുന്നതിനുള്ള ഒരു കാമ്പെയ്ൻ നാം ആരംഭിച്ചിട്ടുണ്ട്.അതിൽ വലിയ വിജയം നേടാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് ഒളിച്ചുകഴിയുന്ന, നിങ്ങളുടെ സംസ്ഥാനങ്ങളിലെ ലഹരിക്കടത്തുകാരെയും ഗുണ്ടാസംഘങ്ങളെയും ലക്ഷ്യമിട്ട് റെഡ് കോർണർ നോട്ടീസുകൾ പുറപ്പെടുവിക്കാനും, സിബിഐയുടെയും മറ്റ് ഏജൻസികളുടെയും സഹായത്തോടെ അവരെ തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കാനും എല്ലാ സംസ്ഥാന ഗവൺമെൻ്റുകളോടും കേന്ദ്ര ആഭ്യന്തര മന്ത്രി അഭ്യർത്ഥിച്ചു.
2004 നും 2014 നും ഇടയിൽ 40,000 കോടി രൂപയുടെ (26 ലക്ഷം കിലോഗ്രാം സിന്തറ്റിക് ഡ്രഗ്സ്) മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. എന്നാൽ 2014 മുതൽ 2026 വരെയുള്ള കാലയളവിൽ 1,84,000 കോടി രൂപയുടെ (1 കോടി 18 ലക്ഷം കിലോഗ്രാം) മയക്കുമരുന്നാണ് പിടിച്ചെടുത്തത് . നമ്മുടെ കാമ്പെയ്ൻ വിജയകരമായി മുന്നോട്ട് പോകുന്നു എന്നാണ് ഇത് കാണിക്കുന്നത്. 2004 മുതൽ 2014 വരെ 8,000 കോടി രൂപയുടെ (3,26,000 കിലോഗ്രാം) മയക്കുമരുന്നാണ് നശിപ്പിച്ചതെങ്കിൽ, 2014 നും 2026 നും ഇടയിൽ 89,896 കോടി രൂപയുടെ (42,47,000 കിലോഗ്രാം) മയക്കുമരുന്ന് നശിപ്പിക്കപ്പെട്ടു. സമാനമായി, നിയമവിരുദ്ധമായ ലഹരി സസ്യകൃഷികൾ നശിപ്പിക്കുന്നതും നാം വർദ്ധിപ്പിച്ചിട്ടുണ്ട്. 2020-ൽ നിയമവിരുദ്ധമായി കൃഷി ചെയ്തിരുന്ന 10,000 ഏക്കർ കറുപ്പ്( ഒപ്പിയം) കൃഷിയാണ് നശിപ്പിച്ചതെങ്കിൽ, 2025-ൽ 42,282 ഏക്കർ നശിപ്പിച്ചു. 2004 നും 2014 നും ഇടയിൽ 1,73,000 കേസുകളിലായി 1,95,000 അറസ്റ്റുകൾ നടന്നു. എന്നാൽ 2014 മുതൽ 2026 വരെ 8,75,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും 10,97,000 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നാം ആത്മാർത്ഥമായി ശ്രമിച്ചാൽ വിജയം ഉറപ്പായും കൈവരിക്കാനാകും എന്ന് ഈ കണക്കുകൾ തെളിയിക്കുന്നു. മോദി ഗവൺമെൻ്റ് നമ്മുടെ ശ്രമങ്ങളെ കൃത്യമായ ലക്ഷ്യങ്ങളിലേക്ക് കേന്ദ്രീകരിക്കുകയും, സമയബന്ധിതമാക്കുകയും, ലഹരിക്കെതിരായ പോരാട്ടത്തിൻ്റെ എല്ലാ വശങ്ങളും തിരിച്ചറിഞ്ഞ് ഈ കർമ്മ പദ്ധതി തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
നാം ഈ പോരാട്ടം ഒത്തൊരുമയോടെയും ഐക്യത്തോടെയും നയിച്ചാൽ വിജയം ഉറപ്പായും നമ്മുടേതായിരിക്കുമെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ മയക്കുമരുന്ന് ശൃംഖലകളെ തുടച്ചുനീക്കുന്നതിൽ നാം വലിയ പുരോഗതി കൈവരിക്കും. ഈ മൂന്ന് വർഷത്തേക്ക് ഏവരും വ്യക്തമായ ഒരു ലക്ഷ്യം നിശ്ചയിച്ച്, കൂട്ടായ പരിശ്രമങ്ങളോടെ കഠിനാധ്വാനം ചെയ്യുകയും, നിശ്ചിത സമയപരിധികളും പൊതു തന്ത്രങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്താൽ നമ്മുടെ വിജയം സുനിശ്ചിതമാണ്.
***
(रिलीज़ आईडी: 2278304)
आगंतुक पटल : 7
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
Khasi
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada