ചലച്ചിത്രപ്രവർത്തകർ, ചലച്ചിത്ര പ്രേമികൾ, സിനിമാ മേഖലയിലെ വിദഗ്ദ്ധർ, യുവ സർഗ്ഗാത്മക പ്രതിഭകൾ എന്നിവരുടെ ആവേശഭരിതമായ സാന്നിധ്യത്തിൽ 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് (MIFF 2026) ഇന്ന് സമാപനമായി. സിനിമ, കഥപറച്ചിൽ, കലാപരമായ അഭിരുചികൾ, സർഗ്ഗാത്മകത എന്നിവയോടുള്ള അഭിനിവേശമാണ് ഇവരെ ഈ വേദിയിൽ ഒന്നിപ്പിച്ചത്.
ഡോക്യുമെൻ്ററി, ആനിമേഷൻ, ഹ്രസ്വചിത്ര നിർമ്മാണം എന്നിവയിലെ മികവിനെ അംഗീകരിക്കുന്ന 17 പുരസ്‌കാരങ്ങൾ സമാപന ചടങ്ങിൽ വിതരണം ചെയ്തു.
മികച്ച അന്താരാഷ്ട്ര ഡോക്യുമെൻ്ററി ചിത്രത്തിനുള്ള സുവർണ്ണ ശംഖ് പുരസ്കാരവും 10 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും പോളിഷ് ഡോക്യുമെൻ്ററി ചിത്രമായ 'സിൽവർ' കരസ്ഥമാക്കി. സമ്മാനത്തുക ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവും തുല്യമായി പങ്കിടും. സംവിധായിക നതാലിയ കോനിയാർസ്, നിർമ്മാതാവ് മസീജ് കുബിക്കി എന്നിവർക്ക് വേണ്ടി പോളിഷ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മിനിസ്റ്റർ പ്ലീനിപൊട്ടൻഷ്യറിയുമായ മാൽഗോർസാറ്റ വെയ്‌സിസ് ഗോളെബിയാക് പരമോന്നത പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രത്തിനുള്ള രജത ശംഖ് പുരസ്കാരവും 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും 'അണ്ടർ ദ സ്നോ' എന്ന ഇറാനിയൻ ചിത്രം സ്വന്തമാക്കി. ചിത്രത്തിൻ്റെ സംവിധായിക നഫീസ സാരെ, നിർമ്മാതാവായ കൊട്ടുക്കതിര പ്രകാശ് എന്നിവർക്ക് വേണ്ടി ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളിൽ ഒരാളായ ശ്രീ ദീപാങ്കർ പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച അന്താരാഷ്ട്ര ആനിമേഷൻ ചിത്രത്തിനുള്ള രജത ശംഖ് പുരസ്കാരവും 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ജർമ്മൻ ആനിമേഷൻ ചിത്രമായ 'മായാസ് സോംഗ്' നേടി. ക്യാഷ് പ്രൈസ് തുക ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവും തുല്യമായി പങ്കിടും. ചിത്രത്തിൻ്റെ സംവിധായകരായ ഫ്രാൻസിസ്ക ഷോനെൻബെർഗർ, ജയകൃഷ്ണൻ സുബ്രഹ്മണ്യൻ എന്നിവർക്ക് വേണ്ടി ലീഡ് ആനിമേഷൻ കോർഡിനേറ്ററും സ്റ്റുഡിയോ പ്രതിനിധിയുമായ സാനിക കുൽക്കർണി പുരസ്കാരം ഏറ്റുവാങ്ങി.
ദേശീയ മത്സര വിഭാഗത്തിൽ മികച്ച ആനിമേഷൻ ചിത്രത്തിനുള്ള രജത ശംഖ് പുരസ്കാരവും 3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും തമിഴ് ആനിമേഷൻ ചിത്രമായ 'ആംസ്‌ട്രോംഗ് ഫ്രം അങ്കാലമ്മൻ ടെമ്പിൾ സ്ട്രീറ്റ്' സ്വന്തമാക്കി. ചിത്രത്തിൻ്റെ സംവിധായകനും നിർമ്മാതാവുമായ ഭുവനേഷ് എം. കുമാർ പുരസ്‌കാരവും സമ്മാനത്തുകയും ഏറ്റുവാങ്ങി.
മികച്ച ഇന്ത്യൻ ഹ്രസ്വചിത്രത്തിനുള്ള രജത ശംഖ് പുരസ്കാരവും 3 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും 'സ്മോൾ ക്ലൗഡ്സ്' എന്ന ചിത്രം കരസ്ഥമാക്കി. പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് (FTII) നിർമ്മിച്ച ഈ ചിത്രത്തിന് വേണ്ടി FTII വൈസ് ചാൻസലർ ധീരജ് സിംഗ്, സംവിധായകൻ ശുഭം സുമിത് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച ഇന്ത്യൻ ഡോക്യുമെൻ്ററിക്കുള്ള രജത ശംഖ് പുരസ്കാരവും 5 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും 'വായി' എന്ന ഡോക്യുമെൻ്ററി നേടി. സമ്മാനത്തുക സംവിധായകനും നിർമ്മാതാവും തുല്യമായി പങ്കിടും. നിർമ്മാതാവ് ഭരത്ബാല ഗണപതിക്ക് വേണ്ടി ചിത്രത്തിൻ്റെ സംവിധായകൻ സായിനാഥ് എസ്. ഉസ്കൈക്കർ, ജവഹർ ശർമ്മ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം 'ടർട്ടിൽ വാക്കർ' എന്ന ഇന്ത്യൻ ഡോക്യുമെൻ്ററിയിലൂടെ കൃഷ് മഖിജ സ്വന്തമാക്കി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം റഷ്യയിൽ നിന്നുള്ള 'എബൗട്ട് ദ കൗ' എന്ന ഹ്രസ്വചിത്രത്തിലൂടെ എവ്ഗനി സ്മിർനോവ്, മക്സിം സ്മിർനോവ് എന്നിവർ നേടി. ഇവർക്ക് വേണ്ടി ചിത്രത്തിൻ്റെ സംവിധായകൻ ആൻ്റൺ സിമുഖിൻ പുരസ്കാരം ഏറ്റുവാങ്ങി.
അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച ശബ്ദലേഖകനുള്ള പുരസ്കാരം 'ദേവ ആജ് പൻ വായ്' എന്ന ചിത്രത്തിലൂടെ അഭയ് റുംഡെ (പർപ്പിൾ ഹേസ് സ്റ്റുഡിയോ) സ്വന്തമാക്കി.
"വികസിത ഭാരതം / വന്ദേമാതരത്തിൻ്റെ 150 വർഷങ്ങൾ / ഭാരത്@2026" എന്ന പ്രമേയത്തിലുള്ള മികച്ച ഹ്രസ്വചിത്രത്തിനുള്ള പുരസ്കാരം 'ദി ലാസ്റ്റ് ഷെൽട്ടർ' സ്വന്തമാക്കി. ഭരത് അറോറ, രാജേഷ് ഭാട്ടിയ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഏറ്റവും പുതുമയാർന്ന/പരീക്ഷണാത്മക ചിത്രത്തിനുള്ള 'പ്രമോദ് പതി സ്പെഷ്യൽ ജൂറി പുരസ്കാരം' തായ്‌വാനീസ് ചിത്രമായ 'ദി ഹോർഡേഴ്സ്' കരസ്ഥമാക്കി. ചിത്രത്തിൻ്റെ സംവിധായിക ചുവാൻ-യിംഗ് ലിയാവോ പുരസ്കാരം ഏറ്റുവാങ്ങി.
ദേശീയ മത്സര വിഭാഗത്തിൽ മികച്ച ശബ്ദലേഖനത്തിനുള്ള പുരസ്കാരം 'കൊവാർട്ടി' എന്ന ചിത്രത്തിലൂടെ ബിഗ്യാന ദഹാലിന് ലഭിച്ചു.
ദേശീയ മത്സര വിഭാഗത്തിൽ മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം 'മേയ്ഡേ' എന്ന ചിത്രത്തിലൂടെ അഖിൽ കൃഷ്ണൻ നേടി. എഡിറ്റർ അഖിൽ കൃഷ്ണന് വേണ്ടി ചിത്രത്തിൻ്റെ സംവിധായകൻ ശരത് അമ്പാട്ട് പുരസ്കാരം ഏറ്റുവാങ്ങി.
ദേശീയ മത്സര വിഭാഗത്തിൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം 'സ്മോൾ ക്ലൗഡ്സ്' എന്ന ചിത്രത്തിലൂടെ രൺധീർ ബിശ്വാസ് കരസ്ഥമാക്കി.
ഇൻ്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് ഏർപ്പെടുത്തിയ FIPRESCI അന്താരാഷ്ട്ര നിരൂപക പുരസ്കാരം 'ദി ഹഗ് ഓഫ് എംപ്റ്റിനസ്' എന്ന ചിത്രത്തിലൂടെ പ്രദീപ് കെഞ്ചനൂരു സ്വന്തമാക്കി.
മികച്ച വിദ്യാർത്ഥി ചിത്രത്തിനുള്ള ഐ.ഡി.പി.എ പുരസ്കാരം 'ദി ഓൾഡ് ബുൾ നോസ്, ഓർ വൺസ് ന്യൂ' എന്ന ചിത്രത്തിലൂടെ മിലൻ കുമാർ കരസ്ഥമാക്കി.
മികച്ച നവാഗത സംവിധായകനുള്ള ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി പുരസ്കാരം 'റാസ' എന്ന ചിത്രത്തിൻ്റെ സംവിധായിക പൂജ തൊലാനി സ്വന്തമാക്കി.
19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന ചടങ്ങിൽ മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) പ്രിൻസിപ്പൽ ഡയറക്ടർ ജനറൽ ധീരേന്ദ്ര ഓജ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രഭാത്, പ്രമുഖ ചലച്ചിത്ര പ്രവർത്തകൻ അശുതോഷ് ഗോവാരിക്കർ, ഫെസ്റ്റിവൽ ഡയറക്ടറും എൻ.എഫ്.ഡി.സി മാനേജിംഗ് ഡയറക്ടറുമായ പ്രകാശ് മഗ്ദും, മഹാരാഷ്ട്ര സർക്കാരിൻ്റെ മറാത്തി ഭാഷാ-സാംസ്കാരിക കാര്യ സെക്രട്ടറി കിരൺ കുൽക്കർണി, മഹാരാഷ്ട്ര ഗവർണറുടെ ജോയിൻ്റ് സെക്രട്ടറി എസ്. രാമമൂർത്തി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (MIFF 2026) സമാപന ചടങ്ങിൽ സംസാരിച്ച മഹാരാഷ്ട്ര ഗവർണർ ജിഷ്ണു ദേവ് വർമ്മ, ഡോക്യുമെൻ്ററി, ഹ്രസ്വചിത്രം, ആനിമേഷൻ സിനിമകൾ എന്നിവയ്ക്കായി സമർപ്പിക്കപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ വേദികളിലൊന്നായുള്ള മേളയുടെ ശ്രദ്ധേയമായ പ്രയാണത്തെക്കുറിച്ച് എടുത്തുപറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി സർഗ്ഗാത്മക ചിന്തകർക്കും കഥാകൃത്തുക്കൾക്കും ദീർഘദർശികൾക്കും ഒരു സജീവ വേദിയായി മാറിയ മേള, ഒരു ദേശീയ പരിപാടിയിൽ നിന്നും കലാപരമായ മികവും സാംസ്കാരിക വൈവിധ്യവും അർത്ഥവത്തായ കഥപറച്ചിലും ആഘോഷിക്കുന്ന ആഗോള പ്രസ്ഥാനമായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ച് പതിപ്പുകളിലായി മേള കൈവരിച്ച ഗണ്യമായ വളർച്ച അതിൻ്റെ വർദ്ധിച്ചുവരുന്ന പ്രസക്തിയേയും അന്താരാഷ്ട്ര പദവിയേയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2025 മെയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിൽ തുടക്കം കുറിച്ച പ്രഥമ 'ലോക ദൃശ്യ-ശ്രാവ്യ വിനോദ ഉച്ചകോടി (വേവ്സ്) യെക്കുറിച്ചും ഗവർണർ തൻ്റെ പ്രസംഗത്തിൽ പരാമർശിച്ചു. മാധ്യമങ്ങൾ, വിനോദം, ആനിമേഷൻ, ഗെയിമിംഗ്, ഡിജിറ്റൽ ഉള്ളടക്കം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ എന്നിവയ്ക്കായുള്ള ഒരു ആഗോള വേദിയായി വിഭാവനം ചെയ്ത ഈ ഉച്ചകോടി, " സ്രഷ്ടാക്കളെ ബന്ധിപ്പിക്കുക , രാജ്യങ്ങളെ ബന്ധിപ്പിക്കുക" എന്ന പ്രമേയത്തിൽ 90-ലധികം രാജ്യങ്ങളിൽ നിന്നുള്ള സ്രഷ്ടാക്കളേയും നിക്ഷേപകരേയും നയരൂപകർത്താക്കളേയും വ്യവസായ പ്രമുഖരേയും ഒരുമിച്ച് കൊണ്ടുവന്നു. "ഇന്ത്യയിൽ സൃഷ്ടിക്കുക, ലോകത്തിനായി സൃഷ്ടിക്കുക" എന്ന ദർശനം മുന്നോട്ട് കൊണ്ടുപോകുന്നതോടൊപ്പം, സൃഷ്ടിപരമായ സമ്പദ്‌വ്യവസ്ഥയുടേയും ഡിജിറ്റൽ കഥപറച്ചിലിൻ്റേയും ആഗോള കേന്ദ്രമായി മാറാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിന് വേവ്സ് ഉച്ചകോടി കരുത്തുപകർന്നതായും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സൃഷ്ടിപരമായ അല്ലെങ്കിൽ "ഓറഞ്ച് സമ്പദ്‌വ്യവസ്ഥ"യുടെ പ്രാധാന്യം എടുത്തുപറഞ്ഞ, ശ്രീ ജിഷ്ണു ദേവ് വർമ്മ ചലച്ചിത്ര വ്യവസായത്തെ അതിൻ്റെ ഏറ്റവും ശക്തമായ സ്തംഭങ്ങളിലൊന്നായി വിശേഷിപ്പിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും നവീകരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അപ്പുറം, സിനിമകൾ നയതന്ത്രത്തിൻ്റെ ശക്തമായ ഉപകരണങ്ങളായി പ്രവർത്തിക്കുന്നുണ്ടെന്നും, ഇത് രാജ്യങ്ങൾക്ക് അവരുടെ മൂല്യങ്ങൾ, പാരമ്പര്യങ്ങൾ, അഭിലാഷങ്ങൾ എന്നിവ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കാൻ പ്രാപ്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യാഥാർത്ഥ്യങ്ങൾ പകർത്താനും ചരിത്രം സംരക്ഷിക്കാനും മുൻവിധികളെ ചോദ്യം ചെയ്യാനും സാമൂഹിക മാറ്റത്തിന് പ്രചോദനമാകാനുമുള്ള ഡോക്യുമെൻ്ററികളുടെ കഴിവിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
ഹ്രസ്വചിത്രങ്ങളുടേയും ആനിമേഷൻ്റേയും പ്രാധാന്യവും മഹാരാഷ്ട്ര ഗവർണർ അടിവരയിട്ടു പറഞ്ഞു. ഹ്രസ്വചിത്രങ്ങൾ പരീക്ഷണങ്ങൾക്കും വളർന്നുവരുന്ന പ്രതിഭകൾക്കും വേദി നൽകുമ്പോൾ, വിദ്യാഭ്യാസം, ആശയവിനിമയം, സാംസ്കാരിക സംരക്ഷണം, സൃഷ്ടിപരമായ ആവിഷ്കാരം എന്നിവയ്ക്കുള്ള ശക്തമായ മാധ്യമമായി ആനിമേഷൻ വികസിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതികവിദ്യയിലൂടെയും ഭാവനയിലൂടെയും സങ്കീർണ്ണമായ ആശയങ്ങൾ ആകർഷകവും എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാകുന്നതുമായ രീതിയിൽ അവതരിപ്പിക്കാൻ ആനിമേഷൻ സഹായിക്കുന്നു.
ഈ പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്കാരിക പരിപാടിക്ക് മുംബൈ തുടർച്ചയായി ആതിഥേയത്വം വഹിക്കുന്നതിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, സിനിമ, കല, സർഗ്ഗാത്മകത എന്നിവയുടെ മുൻനിര കേന്ദ്രമെന്ന മഹാരാഷ്ട്രയുടെ പദവി വീണ്ടും ഉറപ്പിച്ചു. യുവജനങ്ങളേയും, പ്രത്യേകിച്ച് ഗ്രാമീണ-ഗോത്രവർഗ്ഗ സമൂഹങ്ങളിൽ നിന്നുള്ളവരേയും, വനിതാ ചലച്ചിത്ര പ്രവർത്തകരേയും അവരുടെ സവിശേഷമായ കഥകൾ പങ്കുവെയ്ക്കാൻ കൂടുതൽ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതികവിദ്യ വലിയൊരു സഹായമാണെന്ന് അംഗീകരിക്കുമ്പോൾ തന്നെ, നിർമ്മിതബുദ്ധിയുടെ (എഐ) ഉത്തരവാദിത്തപരമായ ഉപയോഗത്തിനായി അദ്ദേഹം അഭ്യർത്ഥിക്കുകയും ചലച്ചിത്ര പ്രവർത്തകരുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. പുരസ്കാര ജേതാക്കളേയും പങ്കെടുത്തവരേയും അഭിനന്ദിച്ച അദ്ദേഹം, അർത്ഥവത്തായ കഥപറച്ചിൽ സംവാദങ്ങൾക്കും സഹാനുഭൂതിക്കും സാമൂഹിക തലത്തിലുള്ള അനുകൂല മാറ്റങ്ങൾക്കുമുള്ള ശക്തമായ ചാലകശക്തിയായി നിലകൊള്ളുന്നുവെന്ന് ഓർമ്മിപ്പിച്ചു.
മേളയിലെ വിവിധ വേദികളിൽ ഈ ആഴ്ച ഉടനീളം കാണികളിൽ നിന്നുണ്ടായ പ്രതികരണം ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ എന്നിവയുൾപ്പെടെയുള്ള ഫീച്ചറേതര സിനിമകളുടെ ശാശ്വതമായ പ്രസക്തിയെ വീണ്ടും ഉറപ്പിക്കുന്നതാണെന്ന് സ്വാഗതപ്രസംഗത്തിൽ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഡീഷണൽ സെക്രട്ടറി പ്രഭാത് പറഞ്ഞു. ഈ വലിയ ജനപങ്കാളിത്തമാണ് ചലച്ചിത്രമേളയുടെ വിജയത്തിൻ്റെ യഥാർത്ഥ അളവുകോലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ (എൻഎഫ്‌ഡിസി) മാനേജിംഗ് ഡയറക്ടർ ശ്രീ പ്രകാശ് മഗ്ദും ചടങ്ങിൽ എം.ഐ.എഫ്.എഫ് റിപ്പോർട്ട് പുറത്തിറക്കി. ഏറ്റവും ശക്തമായ സത്യങ്ങൾ വിളിച്ചുപറയുന്നത് വലിയ സ്ക്രീനുകളിലല്ല, മറിച്ച് ഏറ്റവും ചെറുതും സത്യസന്ധവുമായ ഫ്രെയിമുകളിലാണെന്ന് അദ്ദേഹം തൻ്റെ പ്രസംഗത്തിൽ പറഞ്ഞു. ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ എന്നിവ ലോകത്തിൻ്റെ യാഥാർത്ഥ്യങ്ങളിൽ നിന്ന് മുഖം തിരിക്കാത്ത ചലച്ചിത്ര രൂപങ്ങളാണ്, പകരം അവ ആ യാഥാർത്ഥ്യങ്ങളുടെ സ്വാധീനത്തെ പ്രേക്ഷകരിലേക്ക് പ്രതിഫലിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള 1,459 ചിത്രങ്ങളുടെ എൻട്രികളുമായി എം.ഐ.എഫ്.എഫ് 2026-ന് അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചതെന്ന് അദ്ദേഹം അറിയിച്ചു. മത്സര വിഭാഗത്തിൽ 13 രാജ്യങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരെ പ്രതിനിധീകരിച്ച് 52 അന്താരാഷ്ട്ര എൻട്രികളും 92 ദേശീയ എൻട്രികളും ഉൾപ്പെടെ ആകെ 144 ചിത്രങ്ങൾ ഉണ്ടായിരുന്നു. മത്സരേതര വിഭാഗത്തിൽ 46 പങ്കാളിത്ത രാജ്യങ്ങളിൽ നിന്നുള്ള 106 അന്താരാഷ്ട്ര ചിത്രങ്ങളും 96 ദേശീയ ചിത്രങ്ങളും ഉൾപ്പെടെ ആകെ 202 ചിത്രങ്ങൾ പ്രദർശിപ്പിച്ചു, ഇവയെല്ലാം കൂടി മൊത്തം 83 മണിക്കൂറിലധികം നീണ്ടുനിന്ന പ്രദർശനങ്ങളാണ് കാഴ്ചവെച്ചത്. ഈ ചിത്രങ്ങൾ മൊസൈക്, ബെസ്റ്റ് ഓഫ് ഫെസ്റ്റ്, ബുസാൻ നെക്സ്റ്റ് വേവ്, ഓസ്കാർ ജേതാക്കൾ, റെയ്മണ്ട് ക്രുമേ റെട്രോസ്പെക്റ്റീവ്, എൻ.എഫ്.ഡി.സി ഷോകേസ്, എക്കോസ് ഫ്രം നോർത്ത് ഈസ്റ്റ്, മറാത്തി ഫിലിംസ് , ഐ.എഫ്.എഫ്.ഐ സി.എം.ഒ.ടി തുടങ്ങിയ 24 ക്യൂറേറ്റ് ചെയ്ത സെഗ്‌മെൻ്റുകളിലായാണ് സംഘടിപ്പിച്ചത്. ഇത് പ്രശസ്തമായ സൃഷ്ടികളേയും വളർന്നുവരുന്ന പ്രതിഭകളേയും പ്രാദേശിക വേരുകളുള്ള കഥപറച്ചിലുകളേയും ഒരൊറ്റ വേദിയിൽ അണിനിരത്തി. സെൻ്റിനറി ട്രിബ്യൂട്ട് വിഭാഗത്തിന് കീഴിൽ മാസ്റ്റർ ഫിലിം മേക്കർ ഡേവിഡ് ആറ്റൻബറോയുടെ രണ്ട് ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇതിഹാസ ചലച്ചിത്രപ്രവർത്തകരായ ശ്യാം ബെനഗൽ, ഫോട്ടോഗ്രാഫർ രഘു റായ്, ഡോക്യുമെൻ്ററി മാസ്റ്റർ ഫ്രെഡറിക് വൈസ്മാൻ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ 'ഹോമേജ്' വിഭാഗത്തിൽ, ഫീച്ചറേതര സിനിമകൾ ഇന്നും എന്തുകൊണ്ടാണ് നിലനിൽക്കുന്നത് എന്ന് പ്രേക്ഷകരെ ഓർമ്മിപ്പിച്ചതായി എൻ.എഫ്.ഡി.സി എം.ഡി പറഞ്ഞു. എം.ഐ.എഫ്.എഫി-ൻ്റെ ഈ പതിപ്പിൽ പുതുതായി ക്യൂറേറ്റ് ചെയ്ത രണ്ട് വിഭാഗങ്ങളും അവതരിപ്പിച്ചു. ഈ മേഖലയിൽ നിന്നുള്ള ഏഴ് ചിത്രങ്ങൾ പ്രദർശിപ്പിച്ച 'എക്കോസ് ഫ്രം നോർത്ത് ഈസ്റ്റ്', ഫിലിം സിറ്റി മഹാരാഷ്ട്രയുമായി സഹകരിച്ച് 19 ചിത്രങ്ങൾ അവതരിപ്പിച്ച 'മറാത്തി ഫിലിംസ്' എന്നിവയാണവ. ഇത് ഇന്ത്യൻ സിനിമയിലെ വൈവിധ്യമാർന്ന പ്രാദേശിക ശബ്ദങ്ങൾ ആഘോഷിക്കുന്നതിനുള്ള എം.ഐ.എഫ്.എഫി-ൻ്റെ പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്തുന്നു.
19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരശ്ശീല വീഴുമ്പോൾ, കഥപറച്ചിലിൻ്റേയും സർഗ്ഗാത്മകതയുടേയും ചലച്ചിത്ര മികവിൻ്റേയും അന്തസ്സത്ത ചലച്ചിത്ര പ്രവർത്തകർക്കും പ്രേക്ഷകർക്കും ഒരുപോലെ തുടർന്നും പ്രചോദനമേകും. സിനിമകൾ ആത്മാവിന് ആഹാരമാണെങ്കിൽ, ശക്തമായ ആഖ്യാനങ്ങൾ, വൈവിധ്യമാർന്ന കാഴ്ചപ്പാടുകൾ, പരിവർത്തനാത്മകമായ ആശയങ്ങൾ എന്നിവയാൽ മുംബൈ ചലച്ചിത്രമേള വീണ്ടും മനസ്സുകളെ സമ്പുഷ്ടമാക്കിയിരിക്കുകയാണ്. മേളയുടെ ഈ അധ്യായത്തിന് ഇവിടെ സമാപനമാകുമ്പോഴും, അർത്ഥവത്തായ സിനിമകളെ ആഘോഷിക്കുന്നതിനുള്ള യാത്ര തുടരുകയാണ്. ചലച്ചിത്ര പ്രേമികൾ ഇനി ഉറ്റുനോക്കുന്നത് 57-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും (IFFI) ഒപ്പം 2028-ൽ നടക്കുന്ന എം.ഐ.എഫ്.എഫി-ൻ്റെ അടുത്ത പതിപ്പിലേക്കുമാണ്. ലോകമെമ്പാടുമുള്ള കഥാകൃത്തുക്കളെ സ്വാഗതം ചെയ്യുന്നതിനായി അന്ന് തിരശ്ശീല വീണ്ടും ഉയരുമ്പോൾ, മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കാനും പ്രചോദിപ്പിക്കാനും ശാശ്വതമായ സ്വാധീനം ചെലുത്താനുമുള്ള സിനിമകളുടെ അനശ്വരമായ കരുത്ത് അത് വീണ്ടും അടിവരയിട്ടുറപ്പിക്കും.