പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജൂൺ 20-21 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും


ജൂൺ 20-ന് ഹൂഗ്ലിയിൽ നടക്കുന്ന 'പശ്ചിമ്ബംഗാ ദിവസ്' ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും

റെയിൽവേ, കൃഷി, ഗ്രാമവികസനം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മേഖലകളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും

പശ്ചിമ ബംഗാളിൽ നിരവധി പ്രമുഖ കേന്ദ്ര കാർഷിക പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിക്കും

പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന, അഗ്രി സ്റ്റാക്ക്, നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, പ്രധാൻ മന്ത്രി ധൻ-ധാന്യ കൃഷി യോജന എന്നിവയാണ് ഈ പദ്ധതികൾ

രാജ്യത്തുടനീളമുള്ള 9.44 കോടിയിലധികം കർഷകർക്ക് പ്രയോജനം ലഭിക്കുന്ന, 18,880 കോടി രൂപയുടെ 23-ാമത് പിഎം-കിസാൻ ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും

കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി പോർട്ടിൽ വെച്ച് ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നീ മൂന്ന് നാവികസേനാ കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും

ഇരുനൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് ഈ കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്

ജൂൺ 21-ന് കൊൽക്കത്തയിൽ നടക്കുന്ന 12-ാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകും

2026-ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയം: “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നാണ്

प्रविष्टि तिथि: 19 JUN 2026 11:54AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2026 ജൂൺ 20, 21 തീയതികളിൽ പശ്ചിമ ബംഗാൾ സന്ദർശിക്കും. ജൂൺ 20-ന് ഉച്ചതിരിഞ്ഞ് ഏകദേശം 3:45-ന് ഹൂഗ്ലി ജില്ലയിലെ താരകേശ്വറിൽ നടക്കുന്ന  'പശ്ചിമ്ബംഗാ ദിവസ്' (പശ്ചിമ ബംഗാൾ ദിനം) ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും അദ്ദേഹം നിർവ്വഹിക്കും. ചടങ്ങിൽ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും.

ജൂൺ 21-ന് രാവിലെ 6:30 ഓടെ കൊൽക്കത്തയിൽ നടക്കുന്ന 12-ാമത് അന്താരാഷ്ട്ര യോഗാദിന ആഘോഷങ്ങളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഈ ചടങ്ങിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും.

തുടർന്ന്, രാവിലെ 9:15 ഓടെ കൊൽക്കത്തയിലെ ശ്യാമപ്രസാദ് മുഖർജി പോർട്ടിൽ വെച്ച് ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ഐഎൻഎസ് ദുനാഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രയ് എന്നീ മൂന്ന് നാവികസേനാ കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും. ഈ ചടങ്ങിലും അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്.

പ്രധാനമന്ത്രി ഹൂഗ്ലിയിൽ

പ്രധാനമന്ത്രി 'പശ്ചിമ്ബംഗാ ദിവസ്' (പശ്ചിമ ബംഗാൾ ദിനം) ആഘോഷങ്ങളിൽ പങ്കെടുക്കും. ഡോ. ശ്യാമപ്രസാദ് മുഖർജിയുമായി ബന്ധപ്പെട്ട ചരിത്രപ്രാധാന്യമുള്ള സ്ഥലമായ ഹൂഗ്ലിയിലെ താരകേശ്വറിലാണ് സംസ്ഥാനതല ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

ഈ വർഷത്തെ പശ്ചിമബംഗാൾ ദിവസത്തിന്റെ പ്രമേയം  “പശ്ചിമ ബംഗാൾ: പാരമ്പര്യം, സൗഹാർദ്ദം, വികസനം” എന്നതാണ്. ഇത് സംസ്ഥാനത്തിന്റെ സാംസ്കാരിക സമൃദ്ധിയെയും സാമൂഹിക ഐക്യത്തെയും വികസന ആഗ്രഹങ്ങളെയും പ്രതിഫലിപ്പിക്കുന്നു.

ചടങ്ങിൽ പ്രധാനമന്ത്രി വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും രാഷ്ട്രത്തിന് സമർപ്പിക്കലും തറക്കല്ലിടലും നിർവ്വഹിക്കും. റെയിൽവേ, കൃഷി, ഗ്രാമവികസനം, ഫിഷറീസ്, മൃഗസംരക്ഷണം എന്നീ മേഖലകളിലുടനീളമുള്ള ഈ സംരംഭങ്ങൾ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുകയും, കർഷക ക്ഷേമം വർദ്ധിപ്പിക്കുകയും, സാമൂഹിക-സാമ്പത്തിക വികസനത്തിന് വേഗത കൂട്ടുകയും ചെയ്യും.

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ  23-ാമത് ഗഡു പ്രധാനമന്ത്രി വിതരണം ചെയ്യും. ഈ ഗഡുവിന് കീഴിൽ, രാജ്യത്തുടനീളമുള്ള 9.44 കോടിയിലധികം കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 18,880 കോടിയിലധികം രൂപ നേരിട്ട് കൈമാറും.

പശ്ചിമ ബംഗാളിൽ മാത്രം 45 ലക്ഷത്തിലധികം ഗുണഭോക്താക്കൾക്കായി 900 കോടിയിലധികം രൂപ ക്രെഡിറ്റ് ചെയ്യപ്പെടും; ഇതോടെ ഈ പദ്ധതിക്ക് കീഴിൽ സംസ്ഥാനത്ത് വിതരണം ചെയ്ത ആകെ തുക 15,000 കോടി രൂപ കവിയും. 2019-ൽ പദ്ധതി ആരംഭിച്ചതുമുതൽ രാജ്യവ്യാപകമായി വിതരണം ചെയ്ത ആകെ തുക 4.46 ലക്ഷം കോടി രൂപയിലധികമാകും.

പശ്ചിമ ബംഗാളിൽ നിരവധി പ്രമുഖ കേന്ദ്ര കാർഷിക പദ്ധതികൾക്ക്   പ്രധാനമന്ത്രി തുടക്കം കുറിക്കും. പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന, ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായുള്ള അഗ്രി സ്റ്റാക്ക് , നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്, പ്രധാൻ മന്ത്രി ധൻ-ധാന്യ കൃഷി യോജന എന്നിവയാണ് ഈ പദ്ധതികൾ.

ലോകത്തിലെ ഏറ്റവും വലിയ വിള ഇൻഷുറൻസ് പദ്ധതിയുടെ ആനുകൂല്യങ്ങൾ പശ്ചിമ ബംഗാളിലെ കർഷകരിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി 'പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന' (PMFBY) സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യും. 2026–27 വർഷത്തിൽ, പശ്ചിമ ബംഗാൾ സംസ്ഥാനത്തെ ഏകദേശം 14 ലക്ഷം ഹെക്ടർ കൃഷിഭൂമിയിലായി പടർന്നുകിടക്കുന്ന അമ്പത് ലക്ഷത്തോളം കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം 28,140 കോടി രൂപ ഇൻഷുറൻസ് മൂല്യം കണക്കാക്കുന്ന വിളകൾക്ക് സംരക്ഷണം നൽകുകയും, വലിയ പ്രീമിയം സബ്‌സിഡിയിലൂടെ കർഷകർക്ക് പിന്തുണ ഉറപ്പാക്കുകയും ചെയ്യും.

ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി, പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി 'അഗ്രിസ്റ്റാക്ക്'  ഉദ്ഘാടനം ചെയ്യും. ഇത് വളം വിതരണം, കിസാൻ ക്രെഡിറ്റ് കാർഡുകൾ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം (DBT), കുറഞ്ഞ താങ്ങുവില (MSP) സമ്പ്രദായത്തിന് കീഴിലുള്ള സംഭരണം തുടങ്ങിയ സാക്ഷ്യപ്പെടുത്തിയ കൃഷി സംബന്ധമായ സേവനങ്ങൾക്കായി ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സാധ്യമാക്കും. ഈ സംരംഭം കാർഷിക മേഖലയിലെ ഡിജിറ്റൽ ഭരണത്തെ ശക്തിപ്പെടുത്തുകയും കർഷക കേന്ദ്രീകൃത സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കാൻ സഹായിക്കുകയും ചെയ്യും.

പരമ്പരാഗത ഇന്ത്യൻ രീതികളിൽ അധിഷ്ഠിതമായ, സുസ്ഥിരവും രാസവസ്തുക്കളില്ലാത്തതുമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി പശ്ചിമ ബംഗാളിൽ 'നാഷണൽ മിഷൻ ഓൺ നാച്ചുറൽ ഫാമിംഗ്' (ദേശീയ പ്രകൃതിദത്ത കൃഷി മിഷൻ) ന്  പ്രധാനമന്ത്രി ആരംഭം കുറിക്കും . 2026–27 വർഷത്തേക്ക് അംഗീകരിച്ച വാർഷിക കർമ്മ പദ്ധതി പ്രകാരം, സംസ്ഥാനത്ത് 17,300 ഹെക്ടർ പ്രദേശത്തെ ഉൾപ്പെടുത്തി 346 പ്രകൃതിദത്ത കൃഷി ക്ലസ്റ്ററുകൾ സ്ഥാപിക്കും. അതോടൊപ്പം, പരിസ്ഥിതി സൗഹൃദ കൃഷിരീതികളുടെ വ്യാപനം ശക്തമാക്കുന്നതിനായി ബയോ-ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ (Bio-Input Resource Centres) സ്ഥാപിക്കുകയും 'കൃഷി സഖി'മാരെ സജ്ജരാക്കുകയും ചെയ്യും.

സംയോജിത കാർഷിക വികസനത്തിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പായി, പശ്ചിമ ബംഗാളിൽ 'പ്രധാൻ മന്ത്രി ധൻ-ധാന്യ കൃഷി യോജന'യുടെ (PMDDKY) നടത്തിപ്പിനും പ്രധാനമന്ത്രി തുടക്കം കുറിക്കും. പുരുലിയ, ഡാർജിലിംഗ്, അലിപൂർദുവാർ, ഝാർഗ്രാം എന്നീ ജില്ലകളെ ഉൾപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. കാർഷിക ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തുക, വിള വൈവിധ്യവൽക്കരണവും സുസ്ഥിര കൃഷിയും പ്രോത്സാഹിപ്പിക്കുക, വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ജലസേചന സൗകര്യങ്ങളും ശക്തമാക്കുക, സ്ഥാപനപരമായ വായ്പകളിലേക്കുള്ള പ്രവേശനം വർദ്ധിപ്പിക്കുക, സമഗ്രമായ ഗ്രാമീണ വികസനം ലക്ഷ്യമിട്ട് വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ ഏകോപനം ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സൗത്ത് 24 പർഗാനാസിലെ ഫ്രേസർഗഞ്ചിൽ നവീകരിച്ച് ശേഷി വർദ്ധിപ്പിച്ച മത്സ്യബന്ധന തുറമുഖവും , ബിർഭൂമിലെ സായ്ന്തിയയിൽ പുതുതായി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഈ പദ്ധതികൾ മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും, വിളവെടുപ്പാനന്തര മാനേജ്‌മെന്റ് മെച്ചപ്പെടുത്തുകയും, മത്സ്യ ഉൽപ്പാദകർക്കും വ്യാപാരികൾക്കും മികച്ച വിപണന സൗകര്യങ്ങൾ നൽകുകയും ചെയ്യും.

നാദിയ ജില്ലയിലെ ഹരിങ്കാട്ടയിൽ സ്ഥാപിച്ച ആടുകൾക്കായുള്ള 'റീജിയണൽ സെമൻ പ്രൊഡക്ഷൻ ലബോറട്ടറിയും സെമൻ ബാങ്കും' (Regional Semen Production Laboratory and Semen Bank for Goats) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കേന്ദ്ര മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പിന്റെ നാഷണൽ ലൈവ്സ്റ്റോക്ക് മിഷന് കീഴിൽ സ്ഥാപിതമായ ഈ കേന്ദ്രം, കിഴക്കൻ ഇന്ത്യയിലെ ഇത്തരത്തിലുള്ള ആദ്യത്തെ സൗകര്യമാണ്. ഇത് ശാസ്ത്രീയമായ കന്നുകാലി പ്രജനനം, ജനിതക പുരോഗതി, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കൽ എന്നിവയ്ക്ക് ഗണ്യമായ സംഭാവന നൽകും.

ഏകദേശം 590 കോടി രൂപ ചെലവ് വരുന്ന സുപ്രധാന റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഹൗറ ജില്ലയിലെ 'സംക്രൈൽ-സാന്ത്രാഗച്ചി ലിങ്ക് ലൈൻ പദ്ധതി' (Sankrail–Santragachi Link Line Project) പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കും. കിഴക്കൻ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽ ഇടനാഴികളിലൊന്നിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും പാസഞ്ചർ, ചരക്ക് ട്രെയിനുകളുടെ സുഗമമായ സഞ്ചാരം സാധ്യമാക്കുന്നതിനും ഈ പദ്ധതി പ്രധാന പങ്ക് വഹിക്കും.

ഹൗറയിൽ 300 കിടക്കകളുള്ള പുതിയ ഡിവിഷണൽ റെയിൽവേ ആശുപത്രിയുടെ തറക്കല്ലിടൽ പ്രധാനമന്ത്രി നിർവ്വഹിക്കും. ആധുനിക ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ, അത്യാധുനിക രോഗനിർണ്ണയ സംവിധാനങ്ങൾ, വിദഗ്ധ മെഡിക്കൽ സേവനങ്ങൾ, അടിയന്തര പരിചരണ സൗകര്യങ്ങൾ എന്നിവയോടു കൂടിയ ഈ ആശുപത്രി, റെയിൽവേ ഗുണഭോക്താക്കൾക്കും പ്രദേശത്തെ ജനങ്ങൾക്കും ഉള്ള ആരോഗ്യ സേവനങ്ങളെ ഗണ്യമായി ശക്തിപ്പെടുത്തും.

പൂർബ മേദിനിപൂർ ജില്ലയിലെ ഹൗറിനും  രാധാമോഹൻപൂരിനും ഇടയിലുള്ള റോഡ് ഓവർ ബ്രിഡ്ജിന്റെ (മേൽപ്പാലം) തറക്കല്ലിടലും പ്രധാനമന്ത്രി നിർവ്വഹിക്കും. ഈ പദ്ധതി റെയിൽ-റോഡ് യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുകയും തടസ്സമില്ലാത്ത സുഗമമായ വാഹനഗതാഗതം സാധ്യമാക്കുകയും ചെയ്യും.

പ്രധാൻ മന്ത്രി ഗ്രാം സഡക് യോജനയ്ക്ക് (PMGSY-III) കീഴിൽ വികസിപ്പിച്ച 49 റോഡ് അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിലായി 315 കിലോമീറ്ററിലധികം നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതികൾ ഗ്രാമീണ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും വിപണികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങൾ എന്നിവയിലേക്കുള്ള പ്രവേശനക്ഷമത എളുപ്പമാക്കുകയും സമതുലിതമായ പ്രാദേശിക വികസനത്തിന് സംഭാവന നൽകുകയും ചെയ്യും.

ഈ പദ്ധതികൾ എല്ലാം ചേരുമ്പോൾ, പശ്ചിമ ബംഗാളിലുടനീളം അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും കർഷകരെ ശാക്തീകരിക്കുന്നതിനും ഉപജീവനമാർഗ്ഗങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള ഒരു വലിയ ചുവടുവെപ്പായി ഇത് മാറും. എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച, ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സുസ്ഥിര വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിലൂടെ 'വികസിത് പശ്ചിമ ബംഗാൾ', 'വികസിത് ഭാരതം' എന്ന കാഴ്ചപ്പാടിലേക്ക് ഈ സംരംഭങ്ങൾ ഗണ്യമായ സംഭാവന നൽകും.

പ്രധാനമന്ത്രി കൊൽക്കത്തയിൽ

കൊൽക്കത്തയിലെ റെഡ് റോഡിൽ വെച്ച് നടക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗാദിനത്തിന്റെ ദേശീയതല ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നൽകും. ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയും, ആയിരക്കണക്കിന് യോഗാഭ്യാസികൾക്കൊപ്പം പൊതു യോഗാ പ്രോട്ടോക്കോൾ (Common Yoga Protocol) സെഷനിൽ പങ്കെടുക്കുകയും ചെയ്യും.

2026-ലെ അന്താരാഷ്ട്ര യോഗാദിനത്തിന്റെ പ്രമേയമായ “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്നത് ശാരീരിക ആരോഗ്യം, മാനസിക സുസ്ഥിതി, വൈകാരിക പ്രതിരോധശേഷി, സജീവമായ വാർദ്ധക്യം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ യോഗയുടെ പങ്കിനെ എടുത്തുുകാണിക്കുന്നു; തദ്വാര ഇത് ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് സംഭാവന നൽകുന്നു. ആയുർദൈർഘ്യം വർദ്ധിച്ചുവരുന്നതും ആരോഗ്യകരവും സജീവവും അന്തസ്സുള്ളതുമായ വാർദ്ധക്യത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതുമായ ഈ കാലഘട്ടത്തിൽ ഈ പ്രമേയം ഏറെ പ്രസക്തമാണ്.ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശം 2015-ൽ ഐക്യരാഷ്ട്ര പൊതുസഭ (UNGA) അംഗീകരിച്ചതു മുതൽ, ന്യൂഡൽഹി, ചണ്ഡീഗഡ്, ലഖ്‌നൗ, മൈസൂരു, ന്യൂയോർക്ക് (യുഎൻ ആസ്ഥാനം), ശ്രീനഗർ, വിശാഖപട്ടണം എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ആഘോഷങ്ങൾക്ക് പ്രധാനമന്ത്രി നേതൃത്വം നൽകിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള രണ്ടായിരത്തി അഞ്ഞൂറോളം സ്ഥലങ്ങളിലാണ് യോഗാദിന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിൽ 210-ലധികം ഇന്ത്യൻ മിഷനുകളും നയതന്ത്ര കാര്യാലയങ്ങളും പങ്കാളികളാകുന്നുണ്ട്; ആരോഗ്യം, സൗഹാർദ്ദം, കൂട്ടായ സുസ്ഥിതി എന്നിവയ്ക്കായുള്ള ഒരു ആഗോള പ്രസ്ഥാനമെന്ന നിലയിൽ യോഗയുടെ പദവി ഇത് വീണ്ടും ഉറപ്പിക്കുന്നു.

ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മൂന്ന് നാവികസേനാ കപ്പലുകൾ പ്രധാനമന്ത്രി കമ്മീഷൻ ചെയ്യും - അത്യാധുനിക സ്റ്റെൽത്ത് ഫ്രിഗേറ്റായ (advanced stealth frigate) 'ഐഎൻഎസ് ദുനാഗിരി', വലിയ സർവേ കപ്പലായ  'ഐഎൻഎസ് സംശോധക്', അന്തർവാഹിനി വിരുദ്ധ യുദ്ധ മുങ്ങിക്കപ്പലായ  'ഐഎൻഎസ് അഗ്രയ്' എന്നിവയാണവ.

ഈ കപ്പലുകളുടെ കൂട്ടിച്ചേർക്കൽ രാജ്യത്തിന്റെ പ്രവർത്തന ശേഷി ഗണ്യമായി വർദ്ധിപ്പിക്കുകയും, സമുദ്രമേഖലയെക്കുറിച്ചുള്ള അവബോധം മെച്ചപ്പെടുത്തുകയും, ഭൗമരാഷ്ട്രീയ ഭീഷണികൾക്കെതിരെ നമ്മുടെ തീരദേശ സമുദ്രങ്ങളുടെ സുരക്ഷ ശക്തമാക്കുകയും ചെയ്യും.

മൂന്ന് കപ്പലുകളും ഇന്ത്യൻ നാവികസേനയുടെ 'വാർഷിപ്പ് ഡിസൈൻ ബ്യൂറോ' രൂപകൽപ്പന ചെയ്തതും, കൊൽക്കത്തയിലെ 'ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് & എഞ്ചിനീയേഴ്‌സ്' (GRSE) നിർമ്മിച്ചതുമാണ്. ഇരുനൂറിലധികം ചെറുകിട-ഇടത്തരം സംരംഭങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യവസായ മേഖലയുടെ വിപുലമായ പങ്കാളിത്തത്തോടെയാണ് ഇവ പൂർത്തിയാക്കിയത്. 75 ശതമാനത്തിലധികം തദ്ദേശീയമായ ഉള്ളടക്കത്തോടെ നിർമ്മിച്ച ഈ കപ്പലുകൾ, 'ആത്മനിർഭർ ഭാരത്' (സ്വയം പര്യാപ്ത ഭാരതം) എന്ന കാഴ്ചപ്പാടിനോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ തെളിവ് കൂടിയാണ്.

***

SK


(रिलीज़ आईडी: 2276446) आगंतुक पटल : 11
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , Assamese , English , Urdu , Marathi , हिन्दी , Manipuri , Punjabi , Gujarati , Tamil , Telugu , Kannada