ആഭ്യന്തരകാര്യ മന്ത്രാലയം
ദേശീയ സൈബർ കുറ്റകൃത്യ ഹെൽപ്പ് ലൈൻ നമ്പർ 1930 അവലോകനം ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ, അത് മെച്ചപ്പെടുത്താൻ നിർദ്ദേശിച്ചു
प्रविष्टि तिथि:
17 JUN 2026 8:04PM by PIB Thiruvananthpuram
ദേശീയ സൈബർ കുറ്റകൃത്യ ഹെൽപ്പ്‌ലൈൻ 1930, ന്യൂഡൽഹിയിൽ നടന്ന ഉന്നതതല യോഗത്തിൽ അവലോകനം ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ ഈ സംവിധാനം കൂടുതൽ മികച്ചതാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന്, പ്രത്യേകിച്ച് സൈബർ സാമ്പത്തിക തട്ടിപ്പുകളിൽ നിന്ന് പൗരന്മാർക്ക് ഉടനടി ആശ്വാസം നൽകുന്നതിനായി രൂപീകരിച്ച വിവിധ പൗര കേന്ദ്രീകൃത സംവിധാനങ്ങളെക്കുറിച്ചും യോഗം അവലോകനം ചെയ്തു.

സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, പ്രത്യേകിച്ച് സാമ്പത്തിക സൈബർ തട്ടിപ്പുകൾ ലളിതവും കാലതാമസമില്ലാത്തതുമായ രീതിയിൽ രജിസ്റ്റർ ചെയ്യാൻ പൗരന്മാരെ പ്രാപ്തരാക്കുന്നതിനുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായി, 1930 എന്ന ദേശീയ സൈബർ കുറ്റകൃത്യ ഹെൽപ്പ് ലൈൻ മാറിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഹെൽപ്പ് ലൈൻ വഴി സഹായം തേടുന്ന ഓരോ പൗരനും സമയബന്ധിതമായ പിന്തുണ ലഭിക്കണമെന്നും ഒരു പരാതിയും ശ്രദ്ധിക്കപ്പെടാതെയോ തീർപ്പാക്കാതെയോ പോവരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
1930 ഹെൽപ്പ്ലൈൻ സംവിധാനത്തിൻ്റെ കാര്യക്ഷമത, പ്രതികരണ ശേഷി, സേവന വിതരണം എന്നിവ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിർമ്മിത ബുദ്ധി (എ.ഐ) ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ സ്വീകരിച്ച് സമഗ്രമായി ആധുനികവത്‌കരിക്കാനും പുതുക്കാനും ശ്രീ. അമിത് ഷാ നിർദ്ദേശിച്ചു. പുതുക്കിയ സംവിധാനം പരാതി രജിസ്‌ട്രേഷൻ വേഗത്തിലാക്കാനും, വിവേകപൂർണമായ ഫോൺകോൾ കൈമാറ്റം നടത്താനും, പൗരന്മാരുടെ പരാതികൾ ഫലപ്രദമായി കൈകാര്യം ചെയ്യാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രതികരിക്കുന്നതിനുമുള്ള സുരക്ഷിതവും സാങ്കേതികവിദ്യാധിഷ്ഠിതവും പൗരകേന്ദ്രീകൃതവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കാൻ മോദി ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ (1930) കോൾ സെൻ്ററുകൾ സാങ്കേതികവിദ്യയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.
ഹാർഡ്വെയർ-സാങ്കേതിക നവീകരണങ്ങൾക്ക് ആവശ്യമായ പിന്തുണ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകും. അതേസമയം, പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഈ കേന്ദ്രങ്ങളിൽ മതിയായ മനുഷ്യ വിഭവ ശേഷി ഉറപ്പാക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിക്കും.

കാര്യക്ഷമമായ കോൾ കൈകാര്യവും കോളുകൾ ഉചിതമായ തലങ്ങളിലേക്ക് സുഗമമായി ഫോർവേഡ് ചെയ്യുന്നതും ഉറപ്പാക്കുന്നതിനായി എല്ലാ സംസ്ഥാനതല 1930 കോൾ സെൻ്ററുകളും ശക്തമായ സംവേദനാത്മക ശബ്ദ പ്രതികരണ (ഐ.വി.ആർ) സംവിധാനങ്ങളാൽ നവീകരിക്കണമെന്നും ശ്രീ. അമിത് ഷാ നിർദ്ദേശിച്ചു.
ദേശീയ സൈബർ കുറ്റകൃത്യ പ്രതികരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ, മതിയായ മനുഷ്യവിഭവ ശേഷിയും കോൾ കൈകാര്യം ചെയ്യൽ ശേഷിയുമുള്ള ഒരു ദേശീയ തല 1930 കോൾ സെൻ്റർ സ്ഥാപിക്കാൻ ശ്രീ. അമിത് ഷാ നിർദ്ദേശിച്ചു. സംസ്ഥാന തലത്തിൽ പ്രതികരണം ലഭ്യമാവാത്ത കോളുകൾ കൈകാര്യം ചെയ്യുന്നതും ഓരോ ഇരയ്ക്കും സമയബന്ധിതമായ സഹായം ലഭിക്കുന്നതും പരാതികൾ വേഗത്തിൽ രജിസ്റ്റർ ചെയ്യുന്നതും ഈ ദേശീയ കോൾ സെൻ്റർ ഉറപ്പാക്കും.
സൈബർ സാമ്പത്തിക തട്ടിപ്പുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രധാന സംരംഭമായ പൗരന്മാർക്ക് സാമ്പത്തിക സൈബർ തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിനും അത് കൈകാര്യം ചെയ്യുന്നതിനുമുള്ള സംവിധാനത്തിൻ്റെ (സി.എഫ്.സി.എഫ്.ആർ.എം.എസ്) പ്രകടനവും യോഗം അവലോകനം ചെയ്തു. ബാങ്കിംഗ് ശൃംഖലയിലൂടെയുള്ള വഞ്ചനാപരമായ സാമ്പത്തിക ഇടപാടുകൾ വേഗത്തിൽ തടയുന്നതിന് ഈ സംവിധാനം സഹായിക്കുകയും അതുവഴി ഇരകൾക്ക് പണം സുരക്ഷിതമാക്കുന്നതിനും അത് തിരികെ ലഭ്യമാക്കുന്നതിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
സൈബർ സാമ്പത്തിക തട്ടിപ്പ് കേസുകൾ വേഗത്തിൽ പരിഹരിക്കുന്നതിനായി 2026 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം ഒരു മാനദണ്ഡവത്കൃത പ്രവർത്തന നടപടിക്രമം (എസ്.ഒ.പി) പുറപ്പെടുവിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ബാങ്കിംഗ് സംവിധാനത്തിനുള്ളിൽ തടഞ്ഞുവെച്ചിരിക്കുന്ന പണം തട്ടിപ്പിന് ഇരകളായ പൗരന്മാർക്ക് എത്രയും വേഗം തിരികെ നൽകുന്നതിനായി, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, നിയമ നിർവ്വഹണ ഏജൻസികൾ, മറ്റ് പങ്കാളികൾ എന്നിവർക്കിടയിൽ ഏകോപിത പ്രവർത്തനം എസ്.ഒ.പി ഉറപ്പാക്കുന്നു. ഈ മാനദണ്ഡവത്കൃത പ്രവർത്തന നടപടിക്രമം നടപ്പാക്കുന്നത് ഉറപ്പാക്കാൻ സുപ്രീം കോടതി എല്ലാ ഹൈക്കോടതികളോടും നിർദ്ദേശിച്ചിട്ടുണ്ട്.
സി.എഫ്.സി.എഫ്.ആർ.എം.എസിന് കീഴിൽ വികസിപ്പിച്ചെടുത്ത ധന പുനഃസ്ഥാപന സംവിധാനം (എം.ആർ.എം), പരാതി പരിഹാര സംവിധാനം (ജി.ആർ.എം) എന്നിവ പതിവായി അവലോകനം ചെയ്യാൻ ശ്രീ. അമിത് ഷാ അവലോകന യോഗത്തിനിടെ നിർദ്ദേശം നൽകി. പരാതികൾ സമയബന്ധിതമായി പരിഹരിക്കുന്നതിനും ഇരകൾക്ക് ഫണ്ട് വേഗത്തിൽ പുനഃസ്ഥാപിച്ച് നൽകുന്നതിനും ഈ സംവിധാനങ്ങളുടെ ഫലപ്രദമായ നടത്തിപ്പ് സംസ്ഥാന തലത്തിൽ പതിവായി നിരീക്ഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായി ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുന്ന കേസുകളിൽ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കണമെന്നും അത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ശ്രീ ഷാ പറഞ്ഞു. ഇതുവരെ, ഒരു ലക്ഷത്തോളം പൗരന്മാർക്ക് ധന പുനഃസ്ഥാപന, പരാതി പരിഹാര സംവിധാനങ്ങളുടെ പ്രയോജനം ലഭ്യമായിട്ടുണ്ട്.
മാനദണ്ഡവത്കൃത പ്രവർത്തന നടപടിക്രമം പ്രകാരം, ധന പുനഃസ്ഥാന, പരാതി പരിഹാര ചട്ടക്കൂടിന് കീഴിൽ സൈബർ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം തിരികെ നൽകാൻ സാധ്യതയുള്ള ഏകദേശം 94 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ ഇതുവരെ ഉൾപ്പെടുത്തിയതായി ഉദ്യോഗസ്ഥർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചു.
സാമ്പത്തിക തട്ടിപ്പുകൾക്ക് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്ന മ്യൂൾ ബാങ്ക് അക്കൗണ്ടുകളുടെ (തട്ടിപ്പിന് മറ്റ് വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകൾ ഉപയോഗിക്കൽ) പ്രശ്‌നം പരിഹരിക്കുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ ആവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു. സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരകളാവുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം, സംസ്ഥാന ഗവണ്മെൻ്റുകൾ, നിയമ നിർവ്വഹണ ഏജൻസികൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത ശ്രമങ്ങളിലൂടെ, വേഗത്തിലും ഫലപ്രദവുമായ സഹായം ഉറപ്പാക്കുന്നതിനൊപ്പം നമ്മുടെ സൈബർ സുരക്ഷാ ചട്ടക്കൂട് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
***
(रिलीज़ आईडी: 2274481)
आगंतुक पटल : 3