ധനകാര്യ മന്ത്രാലയം
ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താന്‍ അതിര്‍ത്തി കടന്നുള്ള പണമിടപാട് സംവിധാനത്തിന് തുടക്കം കുറിച്ച് ഇന്ത്യയും നേപ്പാളും
प्रविष्टि तिथि:
11 JUN 2026 3:47PM by PIB Thiruvananthpuram
ഡിജിറ്റൽ സാമ്പത്തിക ബന്ധത്തിനും അയൽപക്ക സഹകരണത്തിനും വലിയ ഊർജം പകർന്ന് അതിര്‍ത്തി കടന്നുള്ള ഔദ്യോഗിക വ്യക്തിഗത പണമിടപാട് സംവിധാനത്തിന് ഇന്ത്യയും നേപ്പാളും 2026 ജൂൺ 6-ന് തുടക്കം കുറിച്ചു.
പുതുതായി പ്രവർത്തനസജ്ജമാക്കിയ ഈ സംവിധാനം ഇന്ത്യയുടെ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസും (യുപിഐ) നേപ്പാളിന്റെ നാഷണൽ പേയ്‌മെന്റ് ഇന്റർഫേസും (എന്‍പിഐ) തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നു. ഈ സംയോജനം ഇരു രാജ്യങ്ങളിലെയും പൗരന്മാർക്ക് മൊബൈൽ ബാങ്കിങ് അപ്ലിക്കേഷനുകളും ഡിജിറ്റൽ വാലറ്റുകളും വഴി തടസ്സമില്ലാതെയും സുരക്ഷിതമായും നേരിട്ട് തത്സമയ പണമിടപാടുകൾ സാധ്യമാക്കുന്നു.
സാമ്പത്തിക ഉൾച്ചേർക്കലിലെ സുപ്രധാന ചുവടുവെപ്പായ യു.പി.ഐ-എൻ.പി.ഐ സംയോജനം ഇന്ത്യയും നേപ്പാളും തമ്മിലെ സാമ്പത്തിക-ഡിജിറ്റൽ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു. അതിര്‍ത്തി കടന്നുള്ള പണമിടപാടുകള്‍ എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കുകയെന്ന പ്രാദേശിക ലക്ഷ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ നടപടി ഇരുരാജ്യങ്ങളും തമ്മിലെ ദീർഘകാല സാമൂഹ്യ-സാമ്പത്തിക ബന്ധങ്ങളെ കൂടുതൽ സുദൃഢമാക്കുന്നു.
സാമ്പത്തിക, ഡിജിറ്റൽ സംയോജനത്തിന് പുതിയ ഊര്‍ജം
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ അന്താരാഷ്ട്ര വിഭാഗമായ എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ് ലിമിറ്റഡും (എന്‍ഐപിഎല്‍) നേപ്പാൾ ക്ലിയറിങ് ഹൗസ് ലിമിറ്റഡും (എന്‍സിഎച്ച്എല്‍) തമ്മിലെ സഹകരണത്തിലൂടെയാണ് ഈ സാങ്കേതിക സംയോജനം യാഥാര്‍ത്ഥ്യമാക്കിയത്.
തന്ത്രപരമായ സ്വാധീനം: യു.പി.ഐ - എൻ.പി.ഐ പണമിടപാട് സംയോജനത്തിന്റെ പ്രധാന സവിശേഷതകൾ
ഇരുരാജ്യങ്ങളും തമ്മിലെ വാണിജ്യ പ്രവർത്തനങ്ങളിൽ വലിയൊരു മാറ്റത്തെ പ്രതിനിധീകരിക്കുന്ന ഈ ഡിജിറ്റൽ പണമിടപാട് സംവിധാനം ഉടന്‍ നല്‍കുന്ന നേട്ടങ്ങൾ:
-
യാത്രാക്ലേശം കുറയ്ക്കുന്നു: വിദേശ കറൻസി മാറ്റിയെടുക്കുന്നതിലെ ബുദ്ധിമുട്ടുകൾ, വലിയ തുക കൈയിൽ സൂക്ഷിക്കൽ, വിദേശ വിനിമയ നിരക്കുകളിലെ അപരിചിതത്വം എന്നിവ ഒഴിവാക്കുന്നു.
-
പ്രാദേശിക വ്യാപാരികൾക്ക് സാമ്പത്തിക ഉണർവ്: സാങ്കേതികവിദ്യ നന്നായി ഉപയോഗിക്കുന്ന നിരവധി ഇന്ത്യൻ സഞ്ചാരികളിലൂടെ ഇടപാടുകള്‍ വർധിക്കുന്നത് നേപ്പാളിലെ വ്യാപാരസംരംഭങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യുന്നു.
-
പ്രവർത്തന കാര്യക്ഷമത: പ്രാദേശിക വ്യാപാരികൾക്ക് പണം കൈകാര്യം ചെയ്യല്‍ സുഗമമാക്കുന്നു. കറൻസി കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട അധിക ചെലവുകൾ കുറയുകയും സുരക്ഷിത തത്സമയ ഇടപാടുകള്‍ സാധ്യമാവുകയും ചെയ്യുന്നു.
-
നേരിട്ടുള്ള തത്സമയ കൈമാറ്റം: അതിർത്തികളിലൂടെ ഭൗതികമായി പണം കൊണ്ടുപോകേണ്ടതിന്റെയോ മന്ദഗതിയില്‍ പ്രവര്‍ത്തിക്കുന്ന പരമ്പരാഗത ബാങ്കിങ് സംവിധാനങ്ങളെ ആശ്രയിക്കുന്നതിൻ്റെയോ ആവശ്യകത ഇല്ലാതാക്കുന്നു.
യു.പി.ഐ സാന്നിധ്യം ലോകമെങ്ങും:
സിംഗപ്പൂർ, യുഎഇ, ഫ്രാൻസ്, മൗറീഷ്യസ്, നേപ്പാൾ, ഭൂട്ടാൻ, ഖത്തർ, ശ്രീലങ്ക, കംബോഡിയ എന്നിങ്ങനെ ഒൻപത് രാജ്യങ്ങളിൽ നിലവിൽ യു.പി.ഐ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യൻ സഞ്ചാരികൾക്ക് പരിചിതമായ സംവിധാനങ്ങളിലൂടെ വിദേശത്ത് തടസ്സമില്ലാതെ ഡിജിറ്റല്‍ പണമിടപാടുകൾ നടത്താൻ ഇത് സൗകര്യമൊരുക്കുന്നു.
***
(रिलीज़ आईडी: 2271769)
आगंतुक पटल : 5