ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ് സിസ്റ്റം (വിനിമയ്) ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 09 JUN 2026 8:22PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ്  സിസ്റ്റം (എൽ.പി.എം.എസ് - 'വിനിമയ്') ഉദ്ഘാടനം ചെയ്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, സെക്രട്ടറി (ബോർഡർ മാനേജ്‌മെൻ്റ്), ലാൻഡ് പോർട്ട്സ് അതോറിറ്റി ഓഫ് ഇന്ത്യ ചെയർമാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
 


 
2014-ന് ശേഷം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ ലാൻഡ് പോർട്ട് അതോറിറ്റിക്ക് പുതിയ ദിശാബോധം നൽകിയതായി ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. സുരക്ഷാ കേന്ദ്രീകൃതമായ സമീപനത്തിനപ്പുറം, ലാൻഡ് പോർട്ടുകളെ സുരക്ഷയ്ക്കായുള്ള പ്രതിരോധത്തിൻ്റെ ആദ്യ നിരയായും, വ്യാപാരം സുഗമമാക്കുന്നതിനുള്ള മാർഗ്ഗമായും, ജനങ്ങൾ തമ്മിലുള്ള ബന്ധം ഉറപ്പാക്കുന്നതിനുള്ള പാലമായും വികസിപ്പിച്ചെടുത്തു. അതേസമയം, അതിർത്തി പ്രദേശങ്ങളുടെ സമഗ്ര വികസനത്തിനും, നിയമപരമായ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനും, അതിർത്തി ഗ്രാമങ്ങളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള കുടിയേറ്റം പോലുള്ള വെല്ലുവിളികൾ പരിഹരിക്കുന്നതിനും ലാൻഡ് പോർട്ടുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതിർത്തികൾ കടന്നുള്ള ആളുകളുടെ എളുപ്പത്തിലുള്ള സഞ്ചാരം ഇരു രാജ്യങ്ങളിലേയും ജനങ്ങൾ തമ്മിലുള്ള പരസ്പര വിശ്വാസം ശക്തിപ്പെടുത്തുകയും സാംസ്കാരിക കൈമാറ്റം വർദ്ധിപ്പിക്കുകയും ചെയ്തു. ഇന്ത്യയെപ്പോലെ വിശാലമായ കര അതിർത്തികളുള്ള ഒരു രാജ്യത്ത്, അതിർത്തി മാനേജ്‌മെൻ്റ്  സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്മാർട്ട് ബോർഡറുകൾ എന്ന ആശയത്തിന് കീഴിൽ ഇന്ത്യയുടെ അതിർത്തികൾ സുരക്ഷിതമാക്കുന്നതിനായി ആഭ്യന്തര മന്ത്രാലയം നാല് തലങ്ങളിലുള്ള തന്ത്രം ആവിഷ്‌കരിച്ച് വരികയാണെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഈ സ്മാർട്ട് ബോർഡർ ദർശനം യാഥാർത്ഥ്യമാക്കുന്നതിൽ ലാൻഡ് പോർട്ട്സ് അതോറിറ്റി നിർണായക പങ്ക് വഹിക്കും. സുരക്ഷയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, എല്ലാ പങ്കാളികളുടേയും ആവശ്യങ്ങൾ കണക്കിലെടുത്താണ് ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ്  സിസ്റ്റം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട് ബോർഡർ സംരംഭത്തോടൊപ്പം ചേർന്ന്, ഈ സംവിധാനം ശക്തവും സുരക്ഷിതവുമായ അതിർത്തി മാനേജ്‌മെൻ്റ് ചട്ടക്കൂട് സൃഷ്ടിക്കാൻ  സഹായിക്കും. എൽ.പി.എം.എസ്സും സ്മാർട്ട് ബോർഡർ സംരംഭവും ഒത്തുചേർന്ന് കൂടുതൽ സുരക്ഷിതവും ആധുനികവുമായ ഒരു അതിർത്തി മാനേജ്‌മെൻ്റ്  സംവിധാനം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ശക്തവും സുരക്ഷിതവുമായ ഒരു ചട്ടക്കൂട് സ്ഥാപിക്കുന്നത് ഉറപ്പാക്കുന്നതിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 


 
എല്ലാ പങ്കാളികളേയും ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരുന്ന, ലാൻഡ് പോർട്ട്സ് അതോറിറ്റി അതിൻ്റെ  ലാൻഡ് പോർട്ടുകൾക്കായി ആധുനികവും, ഡിജിറ്റലായതും, സംയോജിതവും, തത്സമയ വിവരങ്ങൾ ലഭ്യമാക്കുന്നതുമായ ഒരു മാനേജ്‌മെൻ്റ്  സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ്  സിസ്റ്റത്തിലൂടെ, ലാൻഡ് പോർട്ടുകൾ സ്ഥാപിച്ചതിന് പിന്നിലെ പ്രധാന ദർശനമാണ് ലാൻഡ് പോർട്ട്സ് അതോറിറ്റി പൂർത്തീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. വരും ദിവസങ്ങളിൽ, ലാൻഡ് പോർട്ട് മാനേജ്‌മെൻ്റ്  സിസ്റ്റത്തെ രാജ്യത്തിൻ്റെ സ്മാർട്ട് സെക്യൂരിറ്റി ഗ്രിഡിൻ്റെ അവിഭാജ്യ ഘടകമാക്കും, അതുവഴി നമ്മുടെ സാമ്പത്തിക സുരക്ഷ മാത്രമല്ല, ഭൗതിക സുരക്ഷയും ഉറപ്പാക്കും. ലാൻഡ് പോർട്ട്സ് അതോറിറ്റിയുടെ ഈ സംരംഭം സ്മാർട്ട് ബോർഡറുകൾ എന്ന ദർശനം പൂർണ്ണമായി യാഥാർത്ഥ്യമാക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചരക്കുകൾ, യാത്രക്കാർ, വാഹനങ്ങൾ എന്നിവയുടെ മാനേജ്‌മെൻ്റിനായി ഈ സംവിധാനം ഒരു സംയോജിത ഡിജിറ്റൽ പ്ലാറ്റ്‌ഫോം നൽകും. ഇത് വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുകയും വിവരങ്ങളുടെ കൈമാറ്റം കൂടുതൽ  സുഗമമാക്കുകയും ചെയ്യും. ഏകദേശം 90 ശതമാനം പേപ്പർ ജോലികളും ഇല്ലാതാകും. സിംഗിൾ ഇലക്ട്രോണിക് വിൻഡോയും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) അടിസ്ഥാനമാക്കിയുള്ള ഗേറ്റ് ഓപ്പറേഷൻ സിസ്റ്റവും വലിയ തോതിൽ സമയം ലാഭിക്കാൻ സഹായിക്കും. ട്രക്കുകളുടെ കാത്തിരിപ്പ് സമയം ഏകദേശം 40 ശതമാനം മുതൽ 60 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്, അതേസമയം ഗേറ്റിലെ പരിശോധനാ സമയം 22 ശതമാനം  മുതൽ 35 ശതമാനം വരെ കുറയും. ഇത് വ്യാപാരം വർദ്ധിപ്പിക്കുക മാത്രമല്ല, വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയും ഇരു രാജ്യങ്ങളിലേയും പൗരന്മാർക്കിടയിൽ മികച്ച ഏകോപനവും ഇടപെടലും സാംസ്കാരിക കൈമാറ്റവും സുഗമമാക്കുകയും ചെയ്യും.
 


 
എൽ.പി.എം.എസ്സിലൂടെ, ഐ‌.സി‌.ഇ‌.ജി‌.എ‌.ടി.ഇ, മോട്ടോർ വെഹിക്കിൾ സിസ്റ്റം, സി.ബി.ഐ.സി, ബി.എസ്.എഫ്, ഡി.ജി.എഫ്.ടി, യു.ഐ.ഡി.എ.ഐ, യു.എൽ.ഐ.പി എന്നിവയ്ക്കിടയിൽ ഒരു പൊതു പ്ലാറ്റ്‌ഫോമിൽ തത്സമയ വിവരങ്ങൾ പങ്കിടുന്നത് അതിർത്തികളിൽ പ്രവർത്തിക്കുന്ന ഏജൻസികൾ തമ്മിലുള്ള ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ പങ്കാളികൾക്കിടയിൽ ഏകോപനവും വിവര കൈമാറ്റവും സാധ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം രാജ്യത്തിന് വളരെയധികം ഗുണം ചെയ്യുമെന്നും ഇത് വികസനത്തിന് ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 12 വർഷത്തിനിടെ ലാൻഡ് പോർട്ടുകളിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2014-ൽ ലാൻഡ് പോർട്ടുകൾ വഴിയുള്ള വ്യാപാരം 5,000 കോടി രൂപയായിരുന്നെങ്കിൽ, ഇപ്പോൾ അത് 16 മടങ്ങ് വർദ്ധിച്ച്  83,000 കോടി രൂപയായി ഉയർന്നു. നിലവിൽ 15 ലാൻഡ് പോർട്ടുകൾ പ്രവർത്തനക്ഷമമാണെന്നും അടുത്ത രണ്ട് മൂന്ന് വർഷത്തിനുള്ളിൽ 11 ലാൻഡ് പോർട്ടുകൾ കൂടി പ്രവർത്തനക്ഷമമാകുമെന്ന്  പ്രതീക്ഷിക്കുന്നതായും  ശ്രീ ഷാ കൂട്ടിച്ചേർത്തു.
 


 
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക:   https://pib.gov.in/PressReleasePage.aspx?PRID=2270897
 
 
****

(रिलीज़ आईडी: 2270950) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Gujarati , Odia , Tamil , Telugu , Kannada