വനിതാ, ശിശു വികസന മന്ത്രാലയം
azadi ka amrit mahotsav

പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരം 2026: നാമനിർദ്ദേശങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31

प्रविष्टि तिथि: 09 JUN 2026 3:48PM by PIB Thiruvananthpuram

2026-ലെ പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്കാരത്തിന് (PMRBP) വനിതാ ശിശു വികസന മന്ത്രാലയം ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.
 

പുരസ്കാരത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാനുള്ള സൗകര്യം 2026 ഏപ്രിൽ ഒന്ന് മുതൽ ആരംഭിച്ചിട്ടുണ്ട്. ഈ പുരസ്കാരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 31 ആണ്. നാമനിർദ്ദേശങ്ങൾ   https://awards.gov.in. എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

ഇന്ത്യയിൽ സ്ഥിരതാമസക്കാരായ, ഇന്ത്യൻ പൗരത്വമുള്ള 5 നും 18 നും ഇടയിൽ പ്രായമുള്ള (2026 ജൂലൈ 31-ലെ പ്രായം അടിസ്ഥാനമാക്കി) കുട്ടികൾക്ക് പുരസ്കാരത്തിന് അപേക്ഷിക്കാൻ അർഹതയുണ്ട്. സ്വയം  നാമനിർദ്ദേശം സമർപ്പിക്കുന്നതും മൂന്നാം കക്ഷിയുടെ ശുപാർശ വഴി നാമനിർദ്ദേശം സമർപ്പിക്കുന്നതും സ്വീകാര്യമാണ്. അപേക്ഷകർ അവരുടെ അടിസ്ഥാന വ്യക്തിഗത വിവരങ്ങളും പുരസ്കാര വിഭാഗവും പൂരിപ്പിക്കേണ്ടതുണ്ട്, ഒപ്പം അടുത്തകാലത്ത് എടുത്ത അവരുടെ ഫോട്ടോയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.  കൂടാതെ, അപേക്ഷകർ കൈവരിച്ച നേട്ടത്തെക്കുറിച്ചും  സമൂഹത്തിൽ അതുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചുമുള്ള ഒരു വിവരണവും (1000 വാക്കുകൾ വരെ) ഇതോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്.


ആറ് മേഖലകളിൽ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച കുട്ടികളെയാണ് പ്രധാനമന്ത്രി രാഷ്ട്രീയ ബാല  പുരസ്കാരം നൽകി ആദരിക്കുന്നത്. നാമനിർദ്ദേശത്തിനായുള്ള വിഭാഗങ്ങൾ താഴെ പറയുന്നവയാണ്:

• ധീരത: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തുകയോ മികച്ച ധീരത പ്രകടിപ്പിക്കുകയോ ചെയ്ത കുട്ടികൾ.

• കായികം : ദേശീയ അല്ലെങ്കിൽ അന്തർദ്ദേശീയ തലത്തിലുള്ള മത്സരങ്ങളിൽ പുരസ്കാരങ്ങൾ നേടിയ കുട്ടികൾ.

• സാമൂഹിക സേവനം : സമൂഹത്തിലെ വിവിധ മേഖലകളിൽ പരിഷ്കരണങ്ങൾ കൊണ്ടുവരുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിനും, പിന്നാക്കം നിൽക്കുന്നവരെ സഹായിക്കുന്നതിനും മാതൃകാപരമായ പ്രവർത്തനങ്ങൾ ആരംഭിക്കുകയും, ദേശീയ താത്പര്യങ്ങൾക്കായി നിലകൊള്ളുകയും ചെയ്ത കുട്ടികൾ.

• ശാസ്ത്രവും സാങ്കേതികവിദ്യയും: നൂതനാശയങ്ങൾ, ഗവേഷണം, അല്ലെങ്കിൽ പ്രവർത്തന മാതൃകകൾ വികസിപ്പിച്ചെടുത്ത കുട്ടികൾ.

• പരിസ്ഥിതി: സുസ്ഥിര ജീവിതരീതികൾ, പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങൾ, പരിസ്ഥിതി സൗഹൃദ നൂതനാശയങ്ങൾ എന്നിവ നടപ്പാക്കിയ കുട്ടികൾ.

• കലയും സംസ്കാരവും: അസാധാരണമായ കഴിവുകൾ പ്രകടിപ്പിക്കുകയും സംഗീതം, നൃത്തം, എഴുത്ത്, ചിത്രരചന, അഭിനയം അല്ലെങ്കിൽ മറ്റ് കലകളിൽ മികവ് പുലർത്തുകയും ചെയ്ത കുട്ടികൾ.


ഈ ഉന്നത ബഹുമതിക്ക് അർഹരായ കുട്ടികളെ കണ്ടെത്താനും അവരെ നാമനിർദ്ദേശം ചെയ്യാനും വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, മാതാപിതാക്കൾ, പരിശീലകർ, പൊതുജനങ്ങൾ എന്നിവരോട്  വനിതാ ശിശുവികസന മന്ത്രാലയം അഭ്യർത്ഥിക്കുന്നു. അർഹരായ എല്ലാ കുട്ടികൾക്കും തിളങ്ങാൻ ഒരു ദേശീയ വേദി ലഭിക്കുന്നുണ്ടെന്ന് ഇതിലൂടെ നമുക്ക് ഉറപ്പാക്കാം.

 

***


(रिलीज़ आईडी: 2270865) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Bengali-TR , Assamese , Gujarati , Tamil , Telugu , Kannada