പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റുമായി ശ്രീ ഹർദീപ് സിംഗ് പുരി ചർച്ച നടത്തി; ഇന്ത്യയുടെ ഊർജ്ജ വൈവിധ്യവൽക്കരണ തന്ത്രത്തിൽ വെനസ്വേലയ്ക്കുള്ള പ്രാധാന്യം വീണ്ടും ഉറപ്പിച്ചു

प्रविष्टि तिथि: 05 JUN 2026 10:32AM by PIB Thiruvananthpuram

പൊട്രോളിയം, പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡൻ്റ്  ഡെൽസി എലോയിന റോഡ്രിഗസ് ഗോമസുമായി 2026 ജൂൺ നാലിന് ന്യൂഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും വിവിധ പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചെയർപേഴ്സൺമാരും കേന്ദ്ര മന്ത്രിയോടൊപ്പം ഈ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഇരുരാജ്യങ്ങളും തമ്മിൽ ദീർഘകാല ഊർജ്ജ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

ദീർഘകാല സൗഹൃദത്തിൽ വേരൂന്നിയ സ്വാഭാവിക പങ്കാളിത്തമാണ് ഇന്ത്യയും വെനസ്വേലയും തമ്മിലുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. വെനസ്വേലയുടെ ഊർജ്ജ പുനർനിർമ്മാണത്തിന് ഇന്ത്യയുടെ ശക്തമായ പിന്തുണ അദ്ദേഹം ആവർത്തിച്ചു, ഒപ്പം വെനസ്വേലയിലുള്ള ഇന്ത്യൻ കമ്പനികളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാൻ അവർ സന്നദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ഊർജ്ജ വൈവിധ്യവൽക്കരണ തന്ത്രത്തിൽ വെനസ്വേലയ്ക്കുള്ള നിർണ്ണായക പങ്ക് അംഗീകരിച്ചുകൊണ്ട്, വെനസ്വേലയുമായുള്ള ഊർജ്ജ വ്യാപാരം കൂടുതൽ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ താല്പര്യവും അദ്ദേഹം അറിയിച്ചു.

ഇന്ത്യയെ വെനസ്വേലയുടെ വിശ്വസ്ത പങ്കാളിയായി വിശേഷിപ്പിച്ച ആക്ടിംഗ് പ്രസിഡൻ്റ് , വെനസ്വേലയുടെ നവീകരിച്ച എണ്ണ, വാതക മേഖലയിൽ സജീവ പങ്കാളികളാകാൻ ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്തു. ഊർജ്ജ മേഖലയിൽ ഇന്ത്യയും വെനസ്വേലയും തമ്മിലുള്ള പരസ്പര പൂരക സാധ്യതകളെക്കുറിച്ച് അവർ എടുത്തുപറയുകയും, മെച്ചപ്പെട്ട സഹകരണത്തിനുള്ള അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനായി ഇന്ത്യൻ പ്രതിനിധി സംഘത്തെ വെനസ്വേല സന്ദർശിക്കാൻ ക്ഷണിക്കുകയും ചെയ്തു.

പശ്ചാത്തലം

ലോകത്തെ ഏറ്റവും വലിയ തെളിയിക്കപ്പെട്ട എണ്ണ ശേഖരമുള്ള വെനസ്വേല, ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ വിതരണം ചെയ്യുന്ന പരമ്പരാഗത രാജ്യങ്ങളിലൊന്നാണ്. വെനസ്വേലയുടെ സാന്ദ്രതയേറിയ അസംസ്‌കൃത എണ്ണ സംസ്‌കരിക്കാൻ ആവശ്യമായ അത്യാധുനിക സജ്ജീകരണങ്ങൾ ഇന്ത്യയുടെ     ശുദ്ധീകരണ മേഖലയ്ക്കുണ്ട്. ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വിതരണത്തിലെ തടസ്സങ്ങളും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയെ ബാധിച്ച സാഹചര്യത്തിൽ, ഊർജ്ജ വൈവിധ്യവൽക്കരണത്തിനായി ഇന്ത്യ വെനസ്വേലയെ ഒരു തന്ത്രപ്രധാന പങ്കാളിയായി കാണുന്നു. 2026 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ അസംസ്‌കൃത എണ്ണ വിതരണം ചെയ്ത രാജ്യങ്ങളിൽ ഒന്നാണ് വെനസ്വേല എന്നത് ഭാവി സാധ്യതകളുടെ പ്രതിഫലനമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ വെനസ്വേലയിൽ നിന്നുള്ള ഇന്ത്യയുടെ ശരാശരി പ്രതിമാസ ഇറക്കുമതി 64.027 ടിഎംടി ആയിരുന്നത്, 2026-27 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ-മെയ് മാസങ്ങളിൽ 1,047.148 ടിഎംടി ആയി വർദ്ധിച്ചു.


ഇന്ത്യൻ പൊതുമേഖലാ കമ്പനികൾക്ക് 2008 മുതൽ തന്നെ വെനസ്വേലയുടെ എണ്ണ പര്യവേക്ഷണ, ഉത്പാദന മേഖലയിൽ വ്യക്തമായ സാന്നിധ്യമുണ്ട്, ഇത് അവരുടെ ദീർഘകാല പ്രതിബദ്ധത പ്രകടമാക്കുന്നു. ഒറിനോകോ ബെൽറ്റിൽ സ്ഥിതി ചെയ്യുന്ന സാൻ ക്രിസ്റ്റോബൽ, പെട്രോകാരാബോബോ-1 പദ്ധതികളിലായി വെനസ്വേലയുടെ എണ്ണ മേഖലയിൽ ഇന്ത്യ നടത്തിയ ആകെ നിക്ഷേപം ഏകദേശം 1 ബില്യൺ യു.എസ് ഡോളറാണ്.

 
 
****

(रिलीज़ आईडी: 2269318) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Bengali-TR , Gujarati , Tamil , Telugu , Kannada