വിദ്യാഭ്യാസ മന്ത്രാലയം
2026-ലെ പ്രധാനമന്ത്രി റിസര്‍ച്ച് ചെയർ (പിഎംആര്‍സി) പദ്ധതിയിലേക്ക് കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു
प्रविष्टि तिथि:
02 JUN 2026 2:00PM by PIB Thiruvananthpuram
ലോകപ്രശസ്ത സർവകലാശാലകളിലെയും ലബോറട്ടറികളിലെയും ഗവേഷണ സ്ഥാപനങ്ങളിലെയും വ്യാവസായിക കേന്ദ്രങ്ങളിലെയും മികച്ച ഇന്ത്യൻ വംശജരായ ഗവേഷകർ, ശാസ്ത്രജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, പ്രൊഫഷണലുകൾ എന്നിവരെ രാജ്യത്തെ പ്രമുഖ സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ദേശീയ ലബോറട്ടറികളിലേക്കും ഗവേഷണ കേന്ദ്രങ്ങളിലേക്കും ആകർഷിക്കുന്നതിനായി രൂപകല്പന ചെയ്ത പ്രമുഖ ദേശീയ സംരംഭം - പ്രധാനമന്ത്രി റിസർച്ച് ചെയർ 2026-ലേക്ക് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു.
ദേശീയ മുൻഗണന പ്രകാരം നിശ്ചയിച്ച 13 തന്ത്രപ്രധാന മേഖലകളില്‍ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഗവേഷണം, വികസനം, നൂതനാശയം, സാങ്കേതിക ആവാസവ്യവസ്ഥ എന്നിവയുമായി ആഗോള ഇന്ത്യൻ പ്രതിഭകളെ പദ്ധതി ബന്ധിപ്പിക്കും.
ഉൾപ്പെടുന്ന മേഖലകള്‍:
-
അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (എഐ, ക്വാണ്ടം കംപ്യൂട്ടിങ് & സൂപ്പർ കംപ്യൂട്ടിങ്)
-
അര്‍ധചാലകങ്ങള്‍
-
ഊർജം, സുസ്ഥിരത, കാലാവസ്ഥാ വ്യതിയാനം
-
സൈബർ സുരക്ഷ
-
ആരോഗ്യ പരിപാലനവും ആരോഗ്യസാങ്കേതികവിദ്യയും
-
ബയോടെക്നോളജി
-
അത്യാധുനിക പദാർത്ഥങ്ങളും നിർണായക ധാതുക്കളും
-
ബഹിരാകാശവും പ്രതിരോധവും
-
വരുംതലമുറ ആശയവിനിമയങ്ങൾ
-
നിർമാണവും നാലാം വ്യവസായ വിപ്ലവവും
-
കാര്‍ഷിക ഭക്ഷ്യ സാങ്കേതികവിദ്യകള്‍
-
സമുദ്ര സമ്പദ്‍വ്യവസ്ഥ
-
ആണവോര്‍ജം
മുന്‍നിര സ്ഥാപനങ്ങള്‍, ആതിഥേയ സ്ഥാപനങ്ങള്‍, പിഎംആർസി ഗവേഷകര്‍ എന്നീ മൂന്ന് പ്രധാന സ്തംഭങ്ങളിലധിഷ്ഠിതമായ പദ്ധതി ലക്ഷ്യാധിഷ്ഠിതവും ദേശീയതലത്തിൽ പ്രസക്തവും സ്വാധീനം ചെലുത്തുന്നതുമായ ഗവേഷണം ഉറപ്പാക്കാനാണ് രൂപകല്പന ചെയ്തിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായ ഉന്നതതലസമിതി മേൽനോട്ടം വഹിക്കുന്ന കർശന പ്രക്രിയയിലൂടെ പദ്ധതിയുടെ ഭാഗമാകുന്ന സ്ഥാപനങ്ങളെയും ഗവേഷകരെയും തിരഞ്ഞെടുക്കും.
പിഎംആർസി ഗവേഷകര്‍ക്ക് ഫെലോഷിപ്പും ഗവേഷണ ധനസഹായ പിന്തുണയും ലഭിക്കും. കൂടാതെ ലബോറട്ടറികളിലേക്കും ഗവേഷണ അടിസ്ഥാന സൗകര്യങ്ങളിലേക്കും പ്രവേശനവും ഇന്ത്യയിലെ പ്രമുഖ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാന്‍ അവസരങ്ങളും ലഭിക്കും.
അന്താരാഷ്ട്ര അക്കാദമിക സഹകരണങ്ങൾ, ആഗോളതലത്തിൽ നേട്ടങ്ങൾ കൈവരിച്ച ഗവേഷകരുമായും പ്രൊഫഷണലുകളുമായും കൂടിക്കാഴ്ചകള്‍, മുൻഗണനാ മേഖലകളിൽ വിപുലീകരിച്ച ഗവേഷണ-നൂതനാശയ പ്രവർത്തനങ്ങൾ എന്നിവയിലൂടെ പദ്ധതിക്ക് കീഴിലെ ആതിഥേയ സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
തുടക്കക്കാരായ ഗവേഷകർക്ക് യങ് റിസർച്ച് ഫെലോകൾ, പരിചയസമ്പന്നരായ ഗവേഷകർക്ക് സീനിയർ റിസർച്ച് ഫെലോകൾ, ആഗോളതലത്തിൽ നേട്ടങ്ങൾ കൈവരിച്ച ഗവേഷക നേതാക്കൾക്ക് റിസർച്ച് ചെയർമാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങൾക്ക് കീഴിലാണ് പദ്ധതി പങ്കാളിത്ത അവസരങ്ങൾ നൽകുന്നത്.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ, ഒസിഐ കാർഡ് ഉടമകൾ, ഇന്ത്യൻ വംശജരായ വ്യക്തികൾ എന്നിവരുൾപ്പെടെ ഇന്ത്യൻ വംശജരായ പ്രശസ്ത ഗവേഷകരും ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും പിഎംആർസി പദ്ധതിക്ക് കീഴിൽ അർഹരായ ഗവേഷകരില്‍ ഉൾപ്പെടുന്നു. ഗവേഷണം, നൂതനാശയം, സാങ്കേതികവിദ്യ എന്നിവയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച പ്രമുഖ ആഗോള സ്ഥാപനങ്ങളിലെയും വ്യാവസായിക കേന്ദ്രങ്ങളിലെയും ഇന്ത്യൻ വംശജരായ മികച്ച ഗവേഷകരെയും പ്രൊഫഷണലുകളെയും ആകർഷിക്കുകയാണ് പദ്ധതി ലക്ഷ്യം.
എൻഐആർഎഫ് ഓവറോൾ / എന്‍ജിനീയറിങ് വിഭാഗങ്ങളിൽ ആദ്യ 100 റാങ്കിലോ എൻഐആർഎഫ് ഗവേഷണ വിഭാഗത്തിൽ ആദ്യ 50 റാങ്കിലോ ഉള്‍പ്പെട്ട സർക്കാർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്രസാങ്കേതിക വകുപ്പ് (DST), ബയോടെക്‌നോളജി വകുപ്പ് (DBT), ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസില്‍ (ICMR), ശാസ്ത്ര വ്യാവസായിക ഗവേഷണ കൗണ്‍സില്‍ (CSIR), തുടങ്ങിയ ഏജൻസികൾക്ക് കീഴിലെ പ്രമുഖ ദേശീയ ലബോറട്ടറികളും ഗവേഷണ സ്ഥാപനങ്ങളും അർഹരായ ആതിഥേയ സ്ഥാപനങ്ങളില്‍ ഉൾപ്പെടുന്നു.
വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചിത മേഖലകളിൽ പദ്ധതി നടപ്പാക്കുന്നതിന് പിന്തുണ നല്‍കാന്‍ ഏഴ് പ്രമുഖ സ്ഥാപനങ്ങളെ മുന്‍നിര സ്ഥാപനങ്ങളായി തിരഞ്ഞടുത്തിട്ടുണ്ട്.
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡൽഹി
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ്
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാൺപൂർ
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ്
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഇന്ത്യൻ സ്കൂൾ ഓഫ് മൈൻസ്) ധൻബാദ്
-
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു
ഗവേഷകര്‍ക്കും ആതിഥേയ സ്ഥാപനങ്ങള്‍ക്കും 2026 ജൂൺ 1 മുതൽ പിഎംആർസി പോർട്ടലിൽ അപേക്ഷ സമര്‍പ്പിക്കാം.
വിശദമായ മാർഗനിർദേശങ്ങൾക്കും യോഗ്യതാ മാനദണ്ഡങ്ങൾക്കും അപേക്ഷാ നടപടിക്രമങ്ങൾക്കും സന്ദർശിക്കുക: https://pmrc.education.gov.in/
ഗവേഷണത്തിന്റെയും നൂതനാശയങ്ങളുടെയും രാഷ്ട്രനിർമാണത്തിന്റെയും പുതിയ അധ്യായത്തിന്റെ ഭാഗമാകാം; സ്വയംപര്യാപ്തവും വികസിതവുമായ ഭാരതത്തിലേക്കുള്ള പ്രയാണത്തില്‍ പങ്കുചേരാം.
(रिलीज़ आईडी: 2268008)
आगंतुक पटल : 16