വാണിജ്യ വ്യവസായ മന്ത്രാലയം
azadi ka amrit mahotsav

നിർണായകമായ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ വ്യാപാര സഹകരണത്തിൽ പുതുവഴികൾ തുറന്ന് ഇന്ത്യയും ഒമാനും

പോസ്റ്റഡ് ഓണ്‍: 01 JUN 2026 3:46PM by PIB Thiruvananthpuram

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) പ്രാബല്യത്തിൽ വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലിനെ പ്രതിനിധീകരിക്കുകയും വ്യാപാരം, നിക്ഷേപം, തന്ത്രപരമായ സഹകരണം എന്നിവയിൽ പുതുയുഗത്തിന് തുടക്കം കുറിക്കുകയും ചെയ്യുന്ന കരാറാണിത്.

2025 ഡിസംബർ 18-ന് മസ്‌കറ്റിൽ വെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെയും സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദിൻ്റെയും സാന്നിധ്യത്തിലാണ് ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവച്ചത്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, കരാർ 2026 ജൂൺ 1-ന് പ്രാബല്യത്തിൽ വന്നു.

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിൻ്റെയും ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സാലിഹ് അൽ ഷിബാനിയുടെയും സാന്നിധ്യത്തിലാണ് കരാർ പ്രവർത്തനക്ഷമമായത്. കരാർ പ്രാബല്യത്തിൽ വന്നതിൻ്റെ ആഘോഷങ്ങളുടെ ഭാഗമായി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള കാർഷിക ഉത്പന്നങ്ങളുടെയും രത്നങ്ങളുടെയും ആഭരണങ്ങളുടെയും ആദ്യ കയറ്റുമതി നടന്നു. കരാർ പ്രകാരമുള്ള കുറഞ്ഞ കസ്റ്റംസ് തീരുവയുടെ ആനുകൂല്യങ്ങൾ ഇതിന് ലഭിച്ചു.

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. വിപുലമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മുഖേന വിശാലമായ ജിസിസി വിപണിയിലേക്കുള്ള തന്ത്രപരമായ കവാടമായി ഒമാൻ വർത്തിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷത്തിൽ 11.18 ബില്യൺ യുഎസ് ഡോളറിലെത്തി, 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 10.61 ബില്യൺ യുഎസ് ഡോളറായിരുന്നു. ഘടനാപരമായ ചർച്ചാ പ്രക്രിയയിലൂടെ വിജയകരമായി സമാപിച്ച കരാർ, ജിസിസി സമ്പദ്‌ വ്യവസ്ഥകളിലുടനീളം ഇന്ത്യയുടെ വളരുന്ന സാമ്പത്തിക, വ്യാപാര സ്വാധീനത്തെയും തന്ത്രപരമായ സാന്നിധ്യത്തെയും ശക്തിപ്പെടുത്തുന്നു. ചരക്കുകൾ, സേവനങ്ങൾ, പ്രൊഫഷണൽ മൊബിലിറ്റി, നിയന്ത്രണ സഹകരണം, താരിഫ് ഇതര നിയന്ത്രണങ്ങൾ തടയുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ, വ്യാപാര കരാറിലെ സഹകരണ അധ്യായങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കേവലം തീരുവ കുറയ്ക്കുക എന്നതിനപ്പുറം ഒരു ദീർഘകാല സാമ്പത്തിക ഘടന കെട്ടിപ്പടുക്കുന്നതിന് ഇത് ഏറെ സഹായകമാണ്.

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഒമാൻ. വിപുലമായ തുറമുഖ അടിസ്ഥാന സൗകര്യങ്ങൾ മുഖേന വിശാലമായ ജിസിസി വിപണിയിലേക്കുള്ള തന്ത്രപരമായ കവാടമായി ഒമാൻ വർത്തിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷത്തിൽ 11.18 ബില്യൺ യുഎസ് ഡോളറിലെത്തി, 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 10.61 ബില്യൺ യുഎസ് ഡോളറായിരുന്നു.

ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ആഴത്തിലുള്ള സഹകരണത്തിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണ് ഇന്ത്യ-ഒമാൻ  സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ. ഉത്പാദന മത്സരക്ഷമത, തൊഴിലവസര സൃഷ്ടി, സേവന കയറ്റുമതി, ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവയെ പിന്തുണയ്ക്കുന്ന, സ്ഥിരതയാർന്നതും വിശ്വസനീയവും വൈവിധ്യപൂർണ്ണവുമായ വ്യാപാര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുകയെന്ന ഇന്ത്യയുടെ വിശാലമായ തന്ത്രത്തെ ഇത് പ്രതിഫലിപ്പിക്കുന്നു.

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൻ്റെ പ്രവർത്തനക്ഷമതയെക്കുറിച്ച് സംസാരിക്കവേ ശ്രീ പിയൂഷ് ഗോയൽ പറഞ്ഞു:

"ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ, ഒമാനുമായുള്ള ഇന്ത്യയുടെ സഹകരണത്തിലെ നിർണായമായാ നാഴികക്കല്ലാണ്. കർഷകർ, മത്സ്യത്തൊഴിലാളികൾ, യുവാക്കൾ, വനിതകൾ, സംരംഭകർ, സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ തുടങ്ങി എല്ലാവർക്കും നേട്ടങ്ങൾ നൽകുന്ന വ്യാപാര പങ്കാളിത്തങ്ങൾ കെട്ടിപ്പടുക്കുക എന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദർശനത്തെ ഇത് പ്രതിഫലിപ്പിക്കുന്നു. ഈ കരാർ ഗൾഫ് മേഖലയിലെ സാമ്പത്തിക, തന്ത്രപരമായ സ്വാധീനം ഗണ്യമായി ശക്തിപ്പെടുത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യും. ഇന്ത്യയുടെ കയറ്റുമതിയുടെ 99.38% ത്തിനും നികുതിരഹിത പ്രവേശനം ലഭിക്കുന്നതിനാൽ, കരാർ ഇന്ത്യൻ കയറ്റുമതിക്കാർക്കും പ്രൊഫഷണലുകൾക്കും പുതിയ അവസരങ്ങൾ തുറക്കുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വിശ്വസനീയ പങ്കാളിയാണ് ഒമാൻ. കൂടാതെ ഇന്ത്യൻ ജനതയെ ഗൾഫ് മേഖലയുമായും കിഴക്കൻ ആഫ്രിക്കയുമായും ബന്ധിപ്പിക്കുന്ന കണ്ണിയായി വർത്തിക്കുകയും വ്യാപാരം, യാത്ര, സഹകരണം എന്നിവ സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ അവസരങ്ങൾ വർദ്ധിക്കും, കൂടാതെ പ്രാദേശിക, ആഗോള മൂല്യ ശൃംഖലകളിലേക്കുള്ള ഇന്ത്യയുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തും. തൊഴിൽ മേഖലകൾക്ക് ഗണ്യമായ നേട്ടങ്ങൾ ഉറപ്പാക്കുന്നതിലൂടെ, തൊഴിലവസര സൃഷ്ടിയെ പിന്തുണയ്ക്കുകയും നിക്ഷേപം വർദ്ധിപ്പിക്കുകയും ഇന്ത്യൻ സംരംഭങ്ങളെ മുൻഗണനാ വിപണി പ്രവേശനം ആസ്വദിക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാരുമായി തുല്യനിലയിൽ മത്സരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യും".

വിതരണ ശൃംഖല വൈവിധ്യവത്ക്കരണം, ഉത്പാദന ശൃംഖലകളിലെ മാറ്റങ്ങൾ, പുതിയ സാമ്പത്തിക ഇടനാഴികളുടെ ആവിർഭാവം എന്നിവയിലൂടെ ആഗോള വ്യാപാര രീതികൾ പുനഃക്രമീകരിക്കപ്പെടുന്ന സമകാലിക ഘട്ടത്തിൽ, ഈ ഘടനാപരമായ മാറ്റങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യയെയും ഒമാനെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സുസജ്ജമാക്കുന്നതായി വാണിജ്യ സെക്രട്ടറി ശ്രീ രാജേഷ് അഗർവാൾ പറഞ്ഞു. വ്യാപാരം, സേവനങ്ങൾ, നിക്ഷേപം, ലോജിസ്റ്റിക്സ് എന്നിവയിലുടനീളം സമന്വയം വളർത്തിയെടുക്കുന്നതിലൂടെ, കരാർ കൂടുതൽ പ്രതിരോധശേഷിയുള്ള മൂല്യ ശൃംഖലകൾക്കും, കൂടുതൽ സാമ്പത്തിക മത്സരശേഷിക്കും, പ്രാദേശിക-ആഗോള പ്രസക്തിയുള്ള തന്ത്രപരമായ പങ്കാളിത്തത്തിനുമുള്ള ഒരു ചട്ടക്കൂട് സൃഷ്ടിക്കുന്നു. പരസ്പര പൂരക ശക്തികൾ, ആഴത്തിലുള്ള നിയന്ത്രണ സഹകരണം, വളർച്ചയ്ക്കുള്ള സമാന പ്രതിബദ്ധത എന്നിവയിലൂന്നിയ ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഉഭയകക്ഷി സാമ്പത്തിക സഹകരണത്തിന് പുതിയ ഊർജ്ജം പകരും. താരിഫ് കുറയ്ക്കുന്നതിലൂടെ വിപണി പ്രവേശനം മെച്ചപ്പെടുത്തുകയും, സേവനങ്ങളുടെ വ്യാപാരം സുഗമമാക്കുകയും, ഇരു വിപണികളിലും പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് കൂടുതൽ പ്രവചനാത്മകത ഉറപ്പാക്കുകയും ചെയ്യുന്ന വിധത്തിൽ ഈ കരാർ പ്രവർത്തിക്കുന്നു.

ഗൾഫിലേക്കുള്ള കവാടം: വികസിത ഇന്ത്യ 2047 സാക്ഷാത്ക്കരിക്കാൻ  വ്യാപാരം, സേവനങ്ങൾ, സമൃദ്ധി എന്നിവയുടെ വ്യാപനം

ചരക്ക് വ്യാപാരം: പരിവർത്തനാത്മകമായ 99.38% നികുതിരഹിത പ്രവേശനം

  • ഒമാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 99.38% ത്തിനും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നികുതി രഹിത പ്രവേശനം ഉറപ്പാക്കുന്നു. ഒമാൻ്റെ 98.08% ഉത്പന്നങ്ങൾക്കും കരാർ ബാധകമാണ്. വ്യാപാരം ചെയ്യപ്പെടുന്ന മിക്ക സാധനങ്ങൾക്കും കുറഞ്ഞ തീരുവകളോ മുൻഗണനാ തീരുവകളോ ബാധകമാകും, ഗൾഫ് മേഖലയിൽ ഇന്ത്യ നേടിയ ഏറ്റവും സമഗ്രമായ വിപണി പ്രവേശനമായി ഇത് മാറും.
  • ഇന്ത്യൻ കയറ്റുമതിക്കാർക്ക് വിശ്വാസ്യതയും മത്സരക്ഷമതയും ഉറപ്പ് നൽകിക്കൊണ്ട് എല്ലാ നികുതിരഹിത ഇളവുകളും ഉടനടി പ്രാബല്യത്തിൽ വരും.
  • നേരത്തെ, എംഎഫ്എന്നിന് കീഴിൽ, ഇന്ത്യൻ കയറ്റുമതിയുടെ 15.33% മാത്രമേ ഒമാനിലേക്ക് തീരുവയില്ലാതെ പ്രവേശിച്ചിരുന്നുള്ളൂ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലൂടെ, ഒമാൻ്റെ ഏകദേശം 28 ബില്യൺ യുഎസ് ഡോളറിൻ്റെ ഇറക്കുമതി വിപണിയിൽ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഗണ്യമായ മത്സരക്ഷമത കൈവരിക്കാൻ കഴിഞ്ഞു.
  • രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, തുകൽ, പാദരക്ഷകൾ, സമുദ്രോത്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പന്നങ്ങൾ, സംസ്കരിച്ച ഭക്ഷണ പദാർത്ഥങ്ങൾ, ഔഷധങ്ങൾ തുടങ്ങിയ തൊഴിൽ-തീവ്ര മേഖലകളിൽ മത്സരശേഷി വർദ്ധിപ്പിച്ചുകൊണ്ട് എംഎസ്എംഇ-കൾ, ഉത്പാദനം, തൊഴിൽ എന്നിവയ്ക്ക് ഈ കരാർ ഗണ്യമായി പ്രോത്സാഹനമേകുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഒമാനുമായി മുൻഗണനാ വ്യാപാര ക്രമീകരണങ്ങളില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള വിതരണക്കാരേക്കാൾ തുല്യമോ മികച്ചതോ ആയ നിബന്ധനകളിലാണ് ഇന്ത്യൻ കയറ്റുമതിക്കാർ ഇപ്പോൾ മത്സരിക്കുന്നത്.
  • ഒമാനിലെ സൊഹാർ, ദുകം, സലാല എന്നിവിടങ്ങളിലെ തന്ത്രപ്രധാനമായ ലോജിസ്റ്റിക്സ് ഹബ്ബുകൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഒമാനിലേക്ക് മാത്രമല്ല, വിശാലമായ ജിസിസി, കിഴക്കൻ ആഫ്രിക്കൻ വിപണികളിലേക്കും മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുന്നു.

സംവേദനാത്മക മേഖലകളുടെ കൃത്യതയാർന്ന വിപണി പ്രവേശനവും സംരക്ഷണവും

  • സംവേദനാത്മക മേഖലകൾക്ക് ആവശ്യമായ ശക്തമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിനൊപ്പം, ഒമാനിൽ നിന്നുള്ള ഇറക്കുമതിയുടെ 94.81% മൂല്യവും ഉൾക്കൊള്ളുന്ന 77.79% ഉത്പന്ന വിഭാഗങ്ങളിൽ ഇന്ത്യ തീരുവ ഉദാരവൽക്കരണം വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • സംരക്ഷിത ഉത്പന്നങ്ങളിൽ പാലുത്പന്നങ്ങൾ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഭക്ഷ്യ എണ്ണകൾ, എണ്ണക്കുരുക്കൾ, റബ്ബർ, തുകൽ, സുഗന്ധവ്യഞ്ജനങ്ങൾ, പ്രധാന കാർഷിക ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കൽ പട്ടികയിൽ ഉൾപ്പെടുന്നു.
  • ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും പ്രാദേശിക ഉൽപ്പാദനത്തിൻ്റെ മത്സരശേഷി നിലനിർത്തുന്നതിനുമായി സംവേദനാത്മക വ്യാവസായിക, കാർഷിക ഇറക്കുമതികളുടെ പരിധികളും വില നിയന്ത്രണങ്ങളും കരാറിൽ ഉൾപ്പെടുന്നു.
  • ശ്രദ്ധാപൂർവ്വമുള്ള രൂപകൽപ്പനയിലൂടെ  വ്യാപാര നേട്ടങ്ങൾ, ഭക്ഷ്യസുരക്ഷ, കർഷക താത്പര്യങ്ങൾ, ഗ്രാമീണ ഉപജീവന മാർഗ്ഗങ്ങൾ എന്നിവ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെയും കയറ്റുമതി വർദ്ധിപ്പിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തെയും സന്തുലിതമാക്കുന്നു.

സമുദ്രോത്പന്നങ്ങൾ: പ്രാദേശിക സമുദ്രോത്പന്ന മൂല്യ ശൃംഖലകളിൽ ഇന്ത്യയുടെ സാന്നിധ്യം വർദ്ധിപ്പിക്കുന്നു

  • ചെമ്മീൻ, മത്സ്യം, കട്ടിൽ ഫിഷ് തുടങ്ങിയ എല്ലാ സമുദ്രോത്പന്നങ്ങളും ഇനി നികുതിയില്ലാതെ കയറ്റുമതി ചെയ്യാം, നേരത്തെ ഉണ്ടായിരുന്ന 5% നികുതി ഇല്ലാതായി.
  • 2025-ൽ ഒമാൻ 35.3 ദശലക്ഷം യുഎസ് ഡോളറിൻ്റെ സമുദ്രോത്പന്നങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ഇന്ത്യ 10 ദശലക്ഷം യുഎസ് ഡോളർ മാത്രമാണ് കയറ്റുമതി ചെയ്തത്, ഇത് ഒമാനിലേക്കുള്ള ഗണ്യമായ കയറ്റുമതി സാധ്യതകൾ വ്യക്തമാക്കുന്നു.
  • ആന്ധ്രാപ്രദേശ്, കേരളം, തമിഴ്നാട്, ഗുജറാത്ത് തുടങ്ങിയ പ്രധാന തീരദേശ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കയറ്റുമതിയിൽ ഈ കരാർ വലിയ തോതിൽ വർദ്ധനവ് വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • മത്സരശേഷി, വേഗത്തിലുള്ള അനുമതികൾ, ഗൾഫ് മേഖലയിലെ ഭക്ഷ്യ വിതരണ ശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവ ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്കാർക്ക് ഗുണകരമാകും.

രത്നങ്ങളും ആഭരണങ്ങളും: ആഗോള ആഭരണ വ്യാപാരത്തിൽ ഇന്ത്യയുടെ നേതൃത്വം ഊട്ടിയുറപ്പിക്കും

  • രത്നങ്ങളുടെയും ആഭരണങ്ങളുടെയും ഇറക്കുമതി തീരുവ ആദ്യ ദിനം മുതൽ ഒഴിവാക്കി.
  • ഇറ്റലി, തുർക്കി, തായ്‌ലൻഡ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എതിരാളികളേക്കാൾ ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഘടനാപരമായ വിലനിർണ്ണയ നേട്ടം ലഭിക്കുന്നു.
  • ഒമാൻ പ്രതിവർഷം 1.07 ബില്യൺ യുഎസ് ഡോളറിൻ്റെ രത്നങ്ങളും ആഭരണങ്ങളും ഇറക്കുമതി ചെയ്യുന്നു. അതേസമയം ഇന്ത്യ 2025 ൽ 25.78 ദശലക്ഷം യുഎസ് ഡോളറിൻ്റെ അത്തരം ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു, ഇതിൽ 18.48 ദശലക്ഷം യുഎസ് ഡോളറിൻ്റെ മിനുക്കിയ പ്രകൃതിദത്ത വജ്രങ്ങളും 6.67 ദശലക്ഷം യുഎസ് ഡോളറിൻ്റെ സ്വർണ്ണാഭരണങ്ങളും ഉൾപ്പെടുന്നു.
  • മൂന്ന് വർഷത്തിനുള്ളിൽ ഈ മേഖലയിലെ ഇന്ത്യയുടെ കയറ്റുമതി ആറ് മടങ്ങ് വർദ്ധിച്ച് 150 ദശലക്ഷം യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ഇന്ത്യൻ വിതരണക്കാർക്ക് ഒമാൻ്റെ ഇറക്കുമതി തീരുവ നേരിടുന്ന എതിരാളികളേക്കാൾ വിലസ്ഥിരതയും മത്സരക്ഷമതയും ലഭിക്കും.
  • സൂറത്ത്, ജയ്പൂർ, മുംബൈ, കൊൽക്കത്ത, ചെന്നൈ തുടങ്ങിയ വജ്ര, രത്ന കേന്ദ്രങ്ങൾക്ക് ഈ വളർച്ചയുടെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് രത്ന, ആഭരണ മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും ഈ മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

കൃഷിയും സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങളും: ഇന്ത്യയുടെ കാർഷിക ശക്തി പ്രയോജനപ്പെടുത്തി ആഗോള വിപണികൾ ലക്ഷ്യമിടുന്നു  

  • ഒമാനിലേക്ക് കാർഷിക ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയ്ക്ക് 17.8% വിഹിതമുണ്ട്. 2025 ൽ മൊത്തം കാർഷിക കയറ്റുമതി 552.85 ദശലക്ഷം യുഎസ് ഡോളറിലെത്തിയപ്പോൾ, പ്രതിവർഷം 9.13% വളർച്ച കൈവരിച്ചു. APEDA-പട്ടികയിലെ ഉത്പന്നങ്ങളുടെ കയറ്റുമതി പ്രതിവർഷം 12.36% വളർച്ച കൈവരിച്ച് 477 ദശലക്ഷം യുഎസ് ഡോളറിലെത്തി.
  • ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നത് തേൻ, സുഗന്ധ വ്യഞ്ജനങ്ങൾ, കശുവണ്ടി, ബസുമതി അരി, വെണ്ണ, മധുര ബിസ്‌ക്കറ്റുകൾ തുടങ്ങിയ കയറ്റുമതി ഉത്പന്നങ്ങളിൽ മത്സരിക്കാനുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തുന്നു.
  • ഒമാനിലെ കന്നുകാലി മാംസത്തിൻ്റെ ഇറക്കുമതിയുടെ 94% ത്തിലധികവും മുട്ട ഇറക്കുമതിയുടെ 98% ത്തിലധികവും ഇന്ത്യയിൽ നിന്നാണ്. ഇത് ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട കാർഷിക കയറ്റുമതി കേന്ദ്രങ്ങളിലൊന്നായി ഒമാനെ മാറ്റുന്നു.
  • ബസുമതി, പുഴുക്കലരി, കശുവണ്ടി പരിപ്പ്, ഉള്ളി, ഉരുളക്കിഴങ്ങ്, സോയാബീൻ മീൽ, മധുരമുള്ള ബിസ്‌ക്കറ്റുകൾ, വെണ്ണ, ശീതീകരിച്ച എല്ലില്ലാത്ത കന്നുകാലി മാംസം, മുട്ട തുടങ്ങിയ പ്രധാന കയറ്റുമതി ഉത്പന്നങ്ങൾ കർഷകർക്കും, ഭക്ഷ്യ സംസ്‌കരണക്കാർക്കും, കാർഷിക കയറ്റുമതിക്കാർക്കും വിപുലവും വികസിതവുമായ അവസരങ്ങൾ നൽകുന്നു.
  • അൽഫോൻസോ, കേസർ, ദശേരി തുടങ്ങിയ മാമ്പഴ ഇനങ്ങൾ ഇറക്കുമതി തീരുവയില്ലാതെ കയറ്റുമതി ചെയ്യാൻ കഴിയുന്നതിനാൽ ഗൾഫ് വിപണികളിൽ കൂടുതൽ മത്സരക്ഷമതയുള്ളതായിരിക്കും.
  • ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവയുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലുടനീളമുള്ള കർഷകർ, കാർഷിക സംസ്‌കരണ വിദഗ്ധർ, ഭക്ഷ്യ കയറ്റുമതിക്കാർ എന്നിവർക്ക് ഈ കരാർ പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഔഷധ നിർമ്മാണം: നിയന്ത്രണ മാനദണ്ഡങ്ങളിലെ മുന്നേറ്റത്തിലൂടെ വിപണി പ്രവേശനം മെച്ചപ്പെടുത്തുന്നു

  • പെൻസിലിൻസ്, സ്ട്രെപ്റ്റോമൈസിൻസ്, ടെട്രാസൈക്ലിനുകൾ എന്നിവയുൾപ്പെടെയുള്ള മരുന്നുകൾ, വാക്സിനുകൾ, ഔഷധ ചേരുവകൾ എന്നിവയ്ക്ക് കരാറിലൂടെ നികുതിരഹിത പ്രവേശനം ഉറപ്പാക്കുന്നു.
  • ഒമാനിലെ ഔഷധ വിപണിയുടെ മൂല്യം 2025-ൽ 302.84 ദശലക്ഷം യുഎസ് ഡോളറായിരുന്നു, 2031 ആകുമ്പോഴേക്കും ഇത് 473.71 ദശലക്ഷം യുഎസ് ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു (CAGR 6.6%), ഇത് ഇന്ത്യയിലെ ഔഷധ കയറ്റുമതിക്കാർക്ക് ഗണ്യമായ അവസരങ്ങൾ നൽകുന്നു.
  • USFDA, EMA, UK MHRA, TGA എന്നിവ അംഗീകരിച്ച മരുന്നുകൾക്ക് പരിശോധന കൂടാതെ 90 ദിവസത്തിനുള്ളിൽ വിപണന അംഗീകാരം ലഭിക്കും, പരിശോധന ആവശ്യമെങ്കിൽ 270 പ്രവൃത്തി ദിനങ്ങൾക്കുള്ളിൽ അംഗീകാരം ലഭിക്കും.
  • GMP മാനദണ്ഡങ്ങളും പരിശോധനാ റിപ്പോർട്ടുകളും അംഗീകരിക്കുന്നത് നിയന്ത്രണ ആവശ്യകതകൾ കുറയ്ക്കാൻ സഹായിക്കുകയും ഇന്ത്യൻ ഔഷധ കയറ്റുമതിക്കാരെ അതിവേഗം വിപണികളിൽ പ്രവേശിക്കാൻ അനുവദിക്കുകയും ചെയ്യുന്നു.
  • ഗൾഫ് ആരോഗ്യ സംരക്ഷണ വിപണിയിലെ പ്രവചനാത്മകമായ നിയന്ത്രണങ്ങൾ, വേഗത്തിലുള്ള അംഗീകാര പ്രക്രിയകൾ, ശക്തമായ മത്സരശേഷി എന്നിവയിൽ നിന്ന് ഇന്ത്യൻ  ഔഷധ കമ്പനികൾക്ക് നേട്ടമുണ്ടാകും.
  • വരും വർഷങ്ങളിൽ ഒമാൻ്റെ ഔഷധ വിപണി ഗണ്യമായി വളരുമെന്ന് പ്രതീക്ഷിക്കുന്നു, അത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് സുപ്രധാന അവസരങ്ങൾ പ്രദാനം ചെയ്യും.

ഇലക്ട്രോണിക്സ്, എന്‍ജിനീയറിങ് ഉല്പന്നങ്ങൾ: ഇന്ത്യയുടെ നിര്‍മ്മാണ മേഖലയിലെ കയറ്റുമതി നേട്ടം ശക്തിപ്പെടുത്താന്‍ സമ്പൂര്‍ണ നികുതി സ്ഥിരത 

 

  • 5% വരെ എംഎഫ്എൻ തീരുവകള്‍ക്ക് പകരമായി എല്ലാ എന്‍ജിനീയറിങ് ഉല്പന്നങ്ങൾക്കും നികുതിരഹിത വിപണി പ്രവേശനം ലഭിക്കും.

  • യന്ത്ര സാമഗ്രികള്‍, വാഹനങ്ങള്‍, വൈദ്യുതോപകരണങ്ങൾ, ഇരുമ്പും ഉരുക്കും, വ്യാവസായിക യന്ത്രങ്ങള്‍ എന്നിവ പ്രയോജനം ലഭിക്കുന്ന പ്രധാന മേഖലകളിൽ ഉൾപ്പെടുന്നു.

  • 2025-ൽ ഒമാൻ ഏകദേശം 1.7 ബില്യൺ യുഎസ് ഡോളർ മൂല്യം വരുന്ന ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ ഇറക്കുമതി ചെയ്തു. ഇന്ത്യൻ നിർമാതാക്കൾക്ക് ഇത് വലിയ അവസരങ്ങൾ നൽകുന്നു. ഒമാനിലേക്ക് ഇന്ത്യ നടത്തുന്ന ഇലക്ട്രോണിക്സ് കയറ്റുമതി 146 ദശലക്ഷം യുഎസ് ഡോളറായിരുന്നു; ബോർഡുകളും കാബിനറ്റുകളും സ്റ്റാറ്റിക് കൺവെർട്ടറുകളും ടിവി റിസപ്ഷൻ ഉപകരണങ്ങളുമടക്കം എല്ലാ ഇലക്ട്രോണിക്സ് വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിലെ സമ്പൂര്‍ണ നികുതി സ്ഥിരത ഈ വലിയ വ്യത്യാസം ഇല്ലാതാക്കാൻ ലക്ഷ്യമിടുന്നു.  

  • ഉൽപ്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതി ചട്ടക്കൂടിന് കീഴിൽ പ്രവർത്തിക്കുന്നവർ ഉൾപ്പെടെ ഇന്ത്യൻ ഇലക്ട്രോണിക്സ്, എന്‍ജിനീയറിങ് കയറ്റുമതിക്കാർക്ക് കൂടുതൽ വിപണി വിഹിതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

  • ഇന്ത്യയുടെ എന്‍ജിനീയറിങ് കയറ്റുമതിയുടെ പ്രധാന ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2025-26 സാമ്പത്തിക വർഷം ഇത് 875.83 ദശലക്ഷം യുഎസ് ഡോളറിലെത്തി. യന്ത്രസാമഗ്രികള്‍, വൈദ്യുതോപകരണങ്ങൾ, വാഹനങ്ങള്‍, ഇരുമ്പും ഉരുക്കും, ഇരുമ്പിതര ലോഹങ്ങൾ എന്നിവ ഇതിലുൾപ്പെടുന്നു. നേരത്തെയുണ്ടായിരുന്ന 0 മുതല്‍ 5% വരെ എംഎഫ്എൻ തീരുവകള്‍ക്ക് പകരമായി എല്ലാ എന്‍ജിനീയറിങ് ഉല്പന്നങ്ങൾക്കും നികുതിരഹിത വിപണി പ്രവേശനം ലഭിക്കും. ഒമാനിലേക്കുള്ള എന്‍ജിനീയറിങ് കയറ്റുമതി 2030-ഓടെ 1.3 മുതല്‍ 1.6 ബില്യൺ യുഎസ് ഡോളര്‍ വരെ ഉയരുമെന്നാണ് പ്രവചനം. അടിസ്ഥാനസൗകര്യ പദ്ധതികള്‍ക്ക് ഉപയോഗിക്കുന്ന ഇരുമ്പും ഉരുക്കും, ഇലക്ട്രിക് - വ്യാവസായിക യന്ത്രങ്ങള്‍, മോട്ടോർ വാഹനങ്ങൾ (5% താരിഫ് ഒഴിവാക്കി), ചെമ്പ് ഉല്പന്നങ്ങൾ എന്നിവയിലാണ് പ്രധാന നേട്ടങ്ങൾ പ്രതീക്ഷിക്കുന്നത്.

 

സേവനങ്ങൾ: സേവന മേഖലയ്ക്ക് പുതിയ അതിരുകള്‍ നിര്‍ണയിച്ച് ഒമാൻ്റെ എക്കാലത്തെയും മികച്ച വാഗ്ദാനം

 

  • 2024-ലെ 863 ദശലക്ഷം യുഎസ് ഡോളറിൻ്റെ ഉഭയകക്ഷി സേവന വ്യാപാരത്തില്‍ ഇന്ത്യയ്ക്ക് 447 ദശലക്ഷം യുഎസ് ഡോളറിൻ്റെ വ്യാപാര മിച്ചമുണ്ടായിരുന്നു. ഒമാൻ്റെ ആഗോള സേവന ഇറക്കുമതി 12.52 ബില്യൺ യുഎസ് ഡോളറായിരുന്നു. എന്നാൽ ഈ ഇറക്കുമതിയുടെ 5.31% മാത്രമായിരുന്നു ഇന്ത്യയുടെ വിഹിതം. ഇതുവരെ പ്രയോജനപ്പെടുത്താത്ത വലിയ സാധ്യതകളെയാണ് ഇത് സൂചിപ്പിക്കുന്നത്.

  • സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന് കീഴിൽ 127 സേവന ഉപമേഖലകളിലുടനീളം വിപുലവും ആഴമേറിയതുമായ വിപണി പ്രവേശന പ്രതിബദ്ധതകൾ ഒമാൻ ഏറ്റെടുത്തിട്ടുണ്ട്. ഈ പ്രതിബദ്ധതകൾ ജിഎടിഎസ്/ബെസ്റ്റ് എഫ്ടിഎ-പ്ലസ് പ്രതിബദ്ധതകളെ പ്രതിഫലിപ്പിക്കുന്നു. ഏതൊരു ജിസിസി രാജ്യവും ഇന്ത്യയ്ക്ക് നൽകുന്ന ഏറ്റവും സമഗ്രമായ സേവന വാഗ്ദാനമാണിത്.  

  • കംപ്യൂട്ടറും അനുബന്ധ സേവനങ്ങളും, പ്രൊഫഷണൽ സേവനങ്ങൾ, എന്‍ജിനീയറിങ്, ആരോഗ്യ പരിപാലനം,  വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങൾ, നിർമാണം, വിനോദസഞ്ചാരം, ടെലി കമ്യൂണിക്കേഷൻസ് എന്നിവ പ്രധാന മേഖലകളിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടറും അനുബന്ധ സേവനങ്ങളും, പ്രൊഫഷണൽ സേവനങ്ങൾ (നിയമപരം, അക്കൗണ്ടിങ്, എന്‍ജിനീയറിങ്, മെഡിക്കൽ - അനുബന്ധ സേവനങ്ങൾ), ദൃശ്യ-ശ്രാവ്യ സേവനങ്ങൾ, മറ്റ് വ്യാപാര സേവനങ്ങൾ, ഗവേഷണ വികസന സേവനങ്ങൾ, ടെലി കമ്യൂണിക്കേഷൻ സേവനങ്ങൾ, നിര്‍മാണ സേവനങ്ങൾ, വിദ്യാഭ്യാസ സേവനങ്ങൾ, പരിസ്ഥിതി സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, ധനകാര്യ സേവനങ്ങൾ, വിനോദസഞ്ചാര - യാത്രാ അനുബന്ധ സേവനങ്ങൾ എന്നിവയാണവ.

  • പ്രധാന ഉപമേഖലകളിലെ എംഎഫ്എൻ പ്രതിബദ്ധതകൾ ഉറപ്പാക്കുന്നതിലൂടെ ഒമാൻ ഏതെങ്കിലും മൂന്നാം രാജ്യത്തിന് നൽകുന്ന കൂടുതൽ അനുകൂലമായ പരിഗണനകൾ സ്വയമേവ ഇന്ത്യയ്ക്കും ലഭ്യമാകും.

  • ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാറുകളുടെ ചരിത്രത്തിലാദ്യമായി നിശ്ചിത വിഭാഗങ്ങളിലെ പ്രൊഫഷണലുകൾക്ക് ഒമാൻ നിർബന്ധിത പ്രതിബദ്ധതകൾ നൽകിയിട്ടുണ്ട്. അക്കൗണ്ടിങ്, എന്‍ജിനീയറിങ്, വൈദ്യശാസ്ത്രം, ഐടി, വിദ്യാഭ്യാസം, നിര്‍മാണം എന്നീ വിഭാഗങ്ങളിലെ ജീവനക്കാര്‍ ഇതിലുൾപ്പെടുന്നു.

  • മികച്ച യാത്രാ സൗകര്യ വ്യവസ്ഥകൾ 6000-ത്തോളം ഇന്ത്യ-ഒമാൻ സംയുക്ത സംരംഭങ്ങൾക്ക് പ്രയോജനം ചെയ്യും. വ്യാപാര സംബന്ധമായി സന്ദര്‍ശിക്കുന്നവര്‍ക്ക്  90 ദിവസം വരെ ഒമാനിൽ തങ്ങാം. സ്വതന്ത്ര പ്രൊഫഷണലുകൾക്ക് 180 ദിവസം വരെ താമസിക്കാം. കോര്‍പ്പറേറ്റ് തലത്തില്‍ സ്ഥലംമാറ്റം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 4 വർഷം വരെ തുടരാം. ഈ വ്യവസ്ഥകൾ ഇന്ത്യയിലെ പ്രൊഫഷണൽ തൊഴിലാളികൾക്ക് വ്യക്തവും നിയമപരമായി നടപ്പാക്കാവുന്നതുമായ യാത്രാ സൗകര്യങ്ങള്‍ നൽകുന്നു.

  • ഭാവിയിൽ സാമൂഹ്യസുരക്ഷാ കരാര്‍ സംബന്ധിച്ച ചർച്ചകൾ നടത്താന്‍ ഈ കരാറില്‍ വ്യവസ്ഥയുണ്ട്. പരസ്പര സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളുടെ തുടർച്ച ഉറപ്പാക്കുന്ന ഈ വ്യവസ്ഥ ഒമാനിലെ ഇന്ത്യൻ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഇരട്ട വിഹിതം നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യും.

 

സമര്‍ത്ഥ നിയന്ത്രണങ്ങളും വ്യാപാരം സുഗമമാക്കലും

 

  • ഇന്ത്യയുടെ കയറ്റുമതി പരിശോധന സമിതി നൽകുന്ന സർട്ടിഫിക്കറ്റുകൾ സ്വീകരിക്കുന്നത് ഒമാന്‍ നിര്‍ബന്ധമാക്കി.  ആവർത്തിച്ചുണ്ടാകുന്ന പരിശോധനകള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.  

  • ഇന്ത്യയുടെ എൻപിഒപി ഓർഗാനിക് സർട്ടിഫിക്കേഷനും ഹലാൽ സർട്ടിഫിക്കേഷൻ സംവിധാനങ്ങളും ഒമാൻ അംഗീകരിച്ചിട്ടുണ്ട്.

  • പ്രത്യേക എസ്‌പിഎസ്, ടിബിടി അധ്യായങ്ങൾ തീരുവ ഇതര തടസ്സങ്ങൾ കുറയ്ക്കുകയും സുതാര്യതയും നിയന്ത്രണ സഹകരണവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

  • സാധാരണ ചരക്കുനീക്ക അനുമതിയിലെ സമയപരിധികളും പെട്ടെന്ന് കേടാകുന്ന സാധനങ്ങൾക്ക് ഏര്‍പ്പെടുത്തിയ അതിവേഗ സംവിധാനങ്ങളും കാര്യക്ഷമത വർധിപ്പിക്കുകയും കയറ്റുമതിക്കാരുടെ ചരക്കുനീക്ക ചെലവുകൾ കുറയ്ക്കുകയും ചെയ്യുന്നു.

 

നിക്ഷേപം: സാമ്പത്തിക ഘടന ശക്തിപ്പെടുത്തല്‍ 

 

  • സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നിക്ഷേപം സുഗമമാക്കാന്‍ ഘടനാപരമായ ചട്ടക്കൂട് സ്ഥാപിക്കുകയും നിർമ്മാണം, ചരക്കുനീക്കം, ഊര്‍ജ്ജം, സേവനങ്ങൾ എന്നിവയുൾപ്പെടെ മുൻഗണനാ മേഖലകളിലെ നിക്ഷേപങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.  

  • കുറഞ്ഞ നിയമപാലന വ്യവസ്ഥകളും നിയന്ത്രണങ്ങളിലെ സ്ഥിരതയും മെച്ചപ്പെട്ട വിപണി പ്രവേശനവും ഇന്ത്യയുടെ എംഎസ്എംഇ മത്സരശേഷി ഗണ്യമായി ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • ജിസിസി മൂല്യ ശൃംഖലകളിലേക്കുള്ള മെച്ചപ്പെട്ട സംയോജനത്തിലൂടെ സ്റ്റാർട്ടപ്പുകള്‍ക്കും സ്ത്രീകൾ, സംരംഭകർ, സേവന പ്രൊഫഷണലുകൾ എന്നിവർക്കും പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 

ഉഭയകക്ഷി വ്യാപാരം: ശക്തമായ മുന്നേറ്റം, വ്യാപാരത്തിന് പുതിയ ഉണർവ്

 

ഇന്ത്യയും ഒമാനും തമ്മിലെ ഉഭയകക്ഷി വ്യാപാരം 2025-26 സാമ്പത്തിക വർഷം 11.18 ബില്യൺ യുഎസ് ഡോളറിലെത്തി ശക്തമായ വളർച്ചാ മുന്നേറ്റം തുടരുന്നു. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ നടപ്പിലാകുന്നതോടെ മെച്ചപ്പെട്ട വിപണി പ്രവേശനം, സഹകരണം, നിക്ഷേപ പ്രവാഹം, ആഴമേറിയ സാമ്പത്തിക സമന്വയം എന്നിവയിലൂടെ വരും വർഷങ്ങളിൽ ഉഭയകക്ഷി വ്യാപാരം ഗണ്യമായ വിപുലീകരണത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

ഇന്ത്യയും ഒമാനും തമ്മിൽ വ്യാപാരം, നിക്ഷേപം, സേവനങ്ങൾ, ചരക്കുനീക്കം, നിയന്ത്രണ പങ്കാളിത്തം എന്നിവ ഉൾക്കൊള്ളുന്ന ശക്തമായ സാമ്പത്തിക ഘടന ഈ കരാർ സ്ഥാപിക്കുന്നു. 2047-ല്‍ വികസിത ഇന്ത്യയെന്ന കാഴ്ചപ്പാടിന് കീഴിൽ ഇന്ത്യയെ ആഗോളതലത്തിൽ സംയോജിതവും സുസ്ഥിരവും മത്സരശേഷി പുലര്‍ത്തുന്നതുമായ സമ്പദ്‌ വ്യവസ്ഥയാക്കി മാറ്റുന്ന യാത്രയിലെ മറ്റൊരു സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍. 

 

****


( റിലീസ് ഐ.ഡി: 2267725) സന്ദര്‍ശക കൗണ്ടര്‍ : 9
ഈ റിലീസ് വായിക്കുക: English , Urdu , Marathi , हिन्दी , Gujarati , Kannada