ഭവന, നഗരദാരിദ്ര ലഘൂകരണ മന്ത്രാലയം
13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന് ജൂൺ 11-12 തീയതികളിൽ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിക്കും
പോസ്റ്റഡ് ഓണ്‍:
01 JUN 2026 5:42PM by PIB Thiruvananthpuram
ഇന്ത്യയുടെ അധ്യക്ഷതയിൽ 2026 ജൂൺ 11, 12 തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് 13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറം സംഘടിപ്പിക്കുമെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
2026-ലെ ഇന്ത്യയുടെ ബ്രിക്സ് അധ്യക്ഷ പദവിക്ക് കീഴിലുള്ള ഒരു പ്രധാന മന്ത്രിതല പരിപാടിയാണിത്. പ്രധാനമന്ത്രിയുടെ 'മനുഷ്യത്വം ആദ്യം' എന്ന കാഴ്ചപ്പാടിൽ നിന്നും, 'പങ്കാളിത്തം, നൂതനാശയം, സഹകരണം, സുസ്ഥിരത എന്നിവയ്ക്കായി നിർമ്മിക്കുക' എന്ന പ്രമേയത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
‘ജനങ്ങൾക്ക് വേണ്ടിയുള്ള നഗരങ്ങൾ: എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിരോധശേഷിയുള്ളതുമായ നഗര ഭാവിക്കായുള്ള ബ്രിക്സ് സഹകരണം’ എന്നതാണ് ഈ നഗരവൽക്കരണ ഫോറത്തിൻ്റെ പ്രധാന പ്രമേയം. നഗരങ്ങളുടെ ആസൂത്രണം, ഭരണം, വികസനം എന്നിവയിൽ ജനങ്ങൾക്ക് പ്രധാനസ്ഥാനം നൽകുന്ന ഇന്ത്യയുടെ സമീപനത്തെയാണ് ഈ പ്രമേയം പ്രതിഫലിപ്പിക്കുന്നതെന്ന് വാർത്താ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ പാരമ്പര്യവും നേതൃത്വവും
ബ്രിക്സ് നഗരവൽക്കരണ ഫോറത്തിന് ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ചത് 2013-ൽ ന്യൂഡൽഹിയിലായിരുന്നു. ഇതോടെയാണ് നഗരവൽക്കരണം ബ്രിക്സ് സഹകരണ അജണ്ടയുടെ ഭാഗമായത്. തുടർന്ന് 2016-ൽ വിശാഖപട്ടണത്ത് വെച്ച് സുസ്ഥിര നഗരവികസനം, സ്മാർട്ട് സിറ്റികൾ, നഗര പ്രതിരോധശേഷി എന്നിവയിൽ ഊന്നൽ നൽകി ഇന്ത്യ വീണ്ടും ഈ ഫോറത്തിന് ആതിഥേയത്വം വഹിച്ചു. ആഗോള മഹാമാരിക്ക് ശേഷമുള്ള നഗരങ്ങളുടെ വീണ്ടെടുക്കലിന് പ്രാധാന്യം നൽകിക്കൊണ്ട് 2021-ൽ ഇന്ത്യ വെർച്വൽ രൂപത്തിലും ഈ ഫോറം സംഘടിപ്പിച്ചു.
2026-ൽ നടക്കുന്ന 13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറത്തോടെ, ഇന്ത്യ നാലാം തവണയാണ് ഈ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ബ്രിക്സ് രാജ്യങ്ങൾക്ക് നഗര നയങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാനും, പൊതുവായ മുൻഗണനകൾ കണ്ടെത്താനും, ബ്രിക്സ് നടപടിക്രമങ്ങളിലേക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനുമുള്ള ഒരു ഔദ്യോഗിക മന്ത്രിതല വേദിയായി ഈ ഫോറം പ്രവർത്തിക്കുന്നു.
ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ പൊതുവായ നഗര മുൻഗണനകൾ
പല ബ്രിക്സ് രാജ്യങ്ങളും അതിവേഗ നഗര വളർച്ച കൈവരിക്കുന്നതോടൊപ്പം ഭവന നിർമ്മാണം, ഗതാഗതം, കാലാവസ്ഥാ വ്യതിയാന ഭീഷണികൾ, മുനിസിപ്പൽ ശേഷി, നഗര ധനകാര്യം, സേവന വിതരണം തുടങ്ങിയ പൊതുവായ വെല്ലുവിളികൾ നേരിടുന്ന ഒരു സുപ്രധാന സമയത്താണ് ഈ ഫോറം നടക്കുന്നതെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
എല്ലാവരെയും ഉൾക്കൊള്ളുന്ന നഗരവികസനം, കാലാവസ്ഥയെയും ദുരന്തങ്ങളെയും പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, ശക്തമായ മുനിസിപ്പൽ സ്ഥാപനങ്ങൾ, മികച്ച നഗര ഭരണത്തിനായുള്ള ഡിജിറ്റൽ നവീകരണം എന്നിവയിലായിരിക്കും ഫോറം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക.
നിശ്ചിത പരിപാടികളും പ്രതീക്ഷിക്കുന്ന ഫലങ്ങളും
രണ്ട് ദിവസങ്ങളിലായി നടക്കുന്ന 13-ാമത് ബ്രിക്സ് നഗരവൽക്കരണ ഫോറത്തിൽ ബ്രിക്സ് അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, നയരൂപകർത്താക്കൾ, നഗരവികസന വിദഗ്ധർ എന്നിവർ പങ്കെടുക്കും. പതിനൊന്ന് ബ്രിക്സ് അംഗരാജ്യങ്ങളെയും മന്ത്രിതല പ്രതിനിധി സംഘങ്ങളുമായി പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
ഒന്നാം ദിവസം ഉദ്ഘാടന സമ്മേളനവും ബ്രിക്സ് രാജ്യങ്ങളുടെ നഗര മുൻഗണനകളെക്കുറിച്ചുള്ള പൊതുവായ ഉന്നതതല പ്ലീനറി സമ്മേളനവും നടക്കും. കൂടാതെ, ഇന്ത്യയുടെ നഗര പരിവർത്തനം നേരിട്ട് മനസ്സിലാക്കുന്നതിനായി പ്രതിനിധികൾക്ക് ന്യൂഡൽഹിയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളിലേക്ക് ഫീൽഡ് സന്ദർശനവും ഉണ്ടായിരിക്കും.
രണ്ടാം ദിവസം, ഫോറത്തിൻ്റെ മുൻഗണനാ മേഖലകളെക്കുറിച്ചുള്ള പാനൽ ചർച്ചകൾ നടക്കും. അംഗരാജ്യങ്ങൾ തങ്ങളുടെ അനുഭവങ്ങൾ ചർച്ചകളിൽ പങ്കുവെക്കും. ഇതിന് പുറമെ രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകളും നടക്കും.
ഈ ചർച്ചകൾ നഗരവൽക്കരണ വെല്ലുവിളികൾക്ക് പൊതുവായ നയപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും, എല്ലാവരെയും ഉൾക്കൊള്ളുന്നതും ജനകേന്ദ്രീകൃതവുമായ നഗരങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബ്രിക്സ് കുടുംബത്തിൽ നിന്നുള്ള പ്രതിനിധികളെ ന്യൂഡൽഹിയിലേക്ക് സ്വാഗതം ചെയ്യുന്നതിനും യഥാർത്ഥത്തിൽ ജനങ്ങൾക്ക് വേണ്ടിയുള്ള നഗരങ്ങൾക്കായി ഒന്നിച്ച് പ്രവർത്തിക്കുന്നതിനും ഇന്ത്യ സജ്ജമായിരിക്കുന്നതായി കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
***
( റിലീസ് ഐ.ഡി: 2267709)
സന്ദര്‍ശക കൗണ്ടര്‍ : 13