ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

ഗുജറാത്തിലെ ഭുജിൽ ഇന്ത്യ-പാക് അതിർത്തിയിലെ ജി-7 ഔട്ട്പോസ്റ്റില്‍ ഉദ്യോഗസ്ഥരുമായി സംവദിച്ച് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ; ജി-7, ജി-13 അതിർത്തി ഔട്ട്പോസ്റ്റുകൾ ഉദ്ഘാടനം ചെയ്തു

प्रविष्टि तिथि: 29 MAY 2026 4:53PM by PIB Thiruvananthpuram

ഗുജറാത്തിലെ ഭുജിൽ ഇന്ന് രണ്ട് അതിർത്തി ഔട്ട്പോസ്റ്റുകൾ ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അതിര്‍ത്തിരക്ഷാ സേനയിലെ (ബിഎസ്എഫ്) ഉദ്യോഗസ്ഥരുമായി സംവദിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്ര പട്ടേൽ, ആഭ്യന്തര സഹമന്ത്രി ശ്രീ ഹർഷ് സംഘ്‍വി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇൻ്റലിജൻസ് ബ്യൂറോ ഡയറക്ടർ, ബോർഡർ മാനേജ്‌മെൻ്റ് സെക്രട്ടറി, ബിഎസ്എഫ് ഡയറക്ടർ ജനറൽ എന്നിവരും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 

അങ്ങേയറ്റം കഠിനമായ കാലാവസ്ഥയിലും ദുർഘടമായ ഭൂമിശാസ്ത്ര സാഹചര്യങ്ങളിലുമാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ ജീവിക്കുന്നതെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. ഈ സ്ഥലം സന്ദർശിക്കുമ്പോഴും ഇന്ത്യയുടെ അതിർത്തികള്‍ക്ക് അവർ പുഞ്ചിരിയോടെ കാവലേകുന്നത് കാണുമ്പോഴും അവരുടെ ജോലിയെ അപേക്ഷിച്ച് സ്വന്തം തൊഴില്‍ വളരെ ലളിതമാണെന്ന് പലര്‍ക്കും തോന്നിപ്പോകും. ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് തളർച്ചയില്ലെങ്കിൽ ക്ഷീണം തോന്നാൻ നമുക്ക് യാതൊരു അവകാശവുമില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ഊന്നിപ്പറഞ്ഞു.  

 

രൂപീകരിച്ചത് മുതല്‍ കഴിഞ്ഞ 60 വർഷമായി രാജ്യത്തെ ഏറ്റവും വെല്ലുവിളിയേറിയ രണ്ട് അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കുന്ന വലിയ ഉത്തരവാദിത്തം ബിഎസ്എഫ് നിറവേറ്റുന്നതായി ശ്രീ അമിത് ഷാ പറഞ്ഞു. ഈ അതിർത്തികളിൽ വിന്യസിച്ചിരിക്കുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് -45 ഡിഗ്രി മുതൽ +45 ഡിഗ്രി വരെ താപനിലയെ അതിജീവിച്ച് സാധ്യമായ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിലയിടങ്ങളില്‍ കച്ചിൻ്റെ ദുർഘടമായ മരുഭൂമിയും സർ ക്രീക്കിലെയും ഹരാമി നാലയിലെയും ചതുപ്പുനിലങ്ങളുമുണ്ട്. മറ്റു ചില സാഹചര്യങ്ങളില്‍ ഉയർന്ന താപനില സഹിച്ച് രാജസ്ഥാനിലെ മണൽത്തിട്ടകളിലും ബിഎസ്എഫ് ഉദ്യോഗസ്ഥർക്ക് ചുമതലകൾ നിർവഹിക്കേണ്ടിവരുന്നു. കശ്മീരിലെ മഞ്ഞുമലകളും സുന്ദർബനിലെ വനങ്ങളും മുതൽ ഗംഗാസാഗറിൻ്റെ തീരങ്ങളിലേക്കും മേഘാലയയിലെയും അസമിലെയും കുന്നുകളും വനങ്ങളും നിറഞ്ഞ പ്രദേശങ്ങളിലേക്കും വ്യാപിച്ചുകിടക്കുന്ന ബിഎസ്എഫ് കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി "പ്രതിരോധത്തിൻ്റെ ആദ്യനിര" എന്ന നിലയില്‍ പ്രശംസനീയമായി ഉത്തരവാദിത്തം നിറവേറ്റിയതായി ശ്രീ ഷാ വ്യക്തമാക്കി. സേനയിലെ രണ്ടായിരം ഉദ്യോഗസ്ഥർ രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്തിട്ടുണ്ട്. ഇക്കാരണത്താലാണ് ഇന്ത്യാ ഗവണ്മെൻ്റും രാജ്യത്തെ 140 കോടി ജനങ്ങളും ബിഎസ്എഫിനെ അത്യാദരവോടെ കാണുന്നതും അവര്‍ക്ക് രാജ്യത്ത് സമാധാനത്തോടെ ഉറങ്ങാനാവുന്നതും.  

 

WhatsApp Image 2026-05-29 at 16.13.50.jpeg

 

ബിഎസ്എഫ് ഉദ്യോഗസ്ഥർ നിർവഹിക്കുന്ന കഠിനമായ ചുമതലകളെക്കുറിച്ച് പൊതുജനങ്ങൾക്ക് ഉൾക്കാഴ്ച നൽകുകയെന്ന ലക്ഷ്യത്തോടെ ബനസ്‌കന്തയിൽ ഒരു കേന്ദ്രം സ്ഥാപിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം രണ്ടര ലക്ഷത്തിലേറെ പേര്‍ ബിഎസ്എഫ് ചുമതലകളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും ഈ കേന്ദ്രം സന്ദർശിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഎസ്എഫ് പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ കാഴ്ചപ്പാടുകൾ തേടാന്‍ തുടക്കത്തിൽ ഫീഡ്‌ബാക്ക് ഫോമുകൾ ഉപയോഗിച്ച് സർവേ നടത്തിയിരുന്നു. ആ സമയത്ത് സ്വന്തം ആണ്‍മക്കളും പെണ്‍മക്കളും വളർന്നു വരുമ്പോൾ ബിഎസ്എഫിൽ ചേരുന്നത് വലിയ അഭിമാനമാണെന്ന് പല സ്ത്രീകളും കുറിച്ചു. രാജ്യത്തിന് വേണ്ടി ഇത്രയും കഠിനമായ ജീവിതം നയിക്കുകയെന്നത് തീർച്ചയായും വലിയ കാര്യമാണ്. ഫീഡ്‌ബാക്ക് ഫോം രാജ്യത്തെ പൗരന്മാർക്കായി ഇപ്പോള്‍ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്.

 

കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ശേഷം ബിഎസ്എഫിൻ്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തപ്പോൾ ഹരാമി നാല, സർ ക്രീക്ക് മേഖലകൾ സുരക്ഷാ സന്നദ്ധതയുടെ കാര്യത്തിൽ അല്പം പിന്നിലാണെന്ന് കണ്ടെത്തിയതായി ശ്രീ അമിത് ഷാ പറഞ്ഞു. വാച്ച്ടവറുകൾ, മേഖലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാതകള്‍, കുടിവെള്ള വിതരണം, മെഡിക്കൽ സൗകര്യങ്ങൾ, താമസ സൗകര്യങ്ങൾ, പുതിയ വേലി നിര്‍മാണം എന്നിവയുടെ ജോലികൾ ആരംഭിച്ച് വിവിധ തലങ്ങളില്‍ 'ചോർച്ചയില്ലാത്ത' സുരക്ഷാ ശൃംഖല സ്ഥാപിക്കാന്‍ സമഗ്ര കർമപദ്ധതി രൂപീകരിച്ചതായി ആഭ്യന്തര മന്ത്രി ചൂണ്ടിക്കാട്ടി. അടുത്ത രണ്ട് വർഷത്തിനകം ശത്രുക്കള്‍ക്ക് കണ്ണുവെട്ടിക്കാനാകാത്ത വിധം ഈ പ്രദേശം എന്നെന്നേക്കും സുരക്ഷിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  

 

WhatsApp Image 2026-05-29 at 16.28.27.jpeg

 

സർ ക്രീക്ക്, ഭുജ് മേഖലകളില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥർ പാറ പോലെ ശക്തമായി ഉറച്ചുനിൽക്കുന്നതായും ഭുജിലെ ജനങ്ങളുടെ പൂർണ സുരക്ഷ അവർ ഉറപ്പാക്കുന്നതായും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. സൈനികർക്ക് ഏറ്റവും കുറഞ്ഞ തോതിലുള്ള  ബുദ്ധിമുട്ടുകൾ മാത്രമാണ് നേരിടേണ്ടിവരുന്നതെന്ന്  ഉറപ്പാക്കാനാവശ്യമായ സൗകര്യങ്ങൾ നൽകുമെന്നും അദ്ദേഹം അറിയിച്ചു. മോദി ഗവണ്മെൻ്റ് ഇതിനായി രാപകൽ പ്രയത്നിക്കുകയാണ്. ബജറ്റ് പരിമിതികൾ ആശങ്കയായിരുന്നില്ലെന്നും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ യാതൊരു മടിയും കാണിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൽഫലമായി മേഖലയിൽ വിവിധ ഘട്ടങ്ങളായി ശക്തമായ സുരക്ഷാ ശൃംഖല സ്ഥാപിക്കുന്നതിൽ നാം വിജയിച്ചു. പ്രദേശത്ത് വിജയകരമായി വാച്ച്ടവറുകൾ നിർമിക്കുകയും മുഴുവൻ അതിര്‍ത്തി ഔട്ട്പോസ്റ്റ് പ്രദേശവും തറനിരപ്പില്‍നിന്ന് ഉയർത്തുകയും ചെയ്തു.

 

ബിഎസ്എഫ് രൂപീകരണത്തിൻ്റെ 60-ാം വർഷം അതിർത്തി സുരക്ഷാ സങ്കൽപ്പത്തെ പൂർണമായി സാക്ഷാത്കരിക്കാൻ തീരുമാനിച്ചതായി ശ്രീ അമിത് ഷാ പറഞ്ഞു. വരും ദിവസങ്ങളിൽ നാമൊരു ചതുർഭുജ സുരക്ഷാ ശൃംഖല സ്ഥാപിക്കുകയും കേവല അതിർത്തി സുരക്ഷയെന്ന പരമ്പരാഗത സമീപനത്തിന് പകരം 'ഭൂപ്രദേശത്തിൻ്റെ സുരക്ഷ'യെന്ന പുതിയ സങ്കൽപ്പം അവതരിപ്പിക്കുകയും ചെയ്യും. ഇതുവഴി ബിഎസ്എഫ് ഉദ്യോഗസ്ഥർക്കൊപ്പം പൊതുജനങ്ങളും പൊതു ഭരണ നിര്‍വഹണ വിഭാഗവും പ്രാദേശിക പൊലീസും സൈന്യവും പരസ്പരം പങ്കിടുന്ന പ്രാഥമിക ഉത്തരവാദിത്തം അനിവാര്യമായി വരുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാർട്ട് ബോർഡർ സുരക്ഷാ പദ്ധതിയ്ക്ക് കീഴിൽ അതിർത്തി സുരക്ഷാ ശൃംഖലകൾ ശക്തിപ്പെടുത്താന്‍ ശ്രമങ്ങൾ നടന്നു വരികയാണെന്ന് ശ്രീ ഷാ അറിയിച്ചു. ഈ സംരംഭത്തിൽ ആയിരക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഉൾപ്പെടുന്നു. ഡ്രോണുകളുടെയും റഡാറുകളുടെയും വാച്ച്ടവറുകളുടെയും അത്യാധുനിക സാങ്കേതികവിദ്യയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വിന്യാസം ശക്തമായ സുരക്ഷാ ശൃംഖല രൂപീകരിക്കാന്‍ സഹായിക്കുമെന്നും ഇതോടെ  രാജ്യാതിർത്തികൾ ലംഘിക്കാൻ ആരും ധൈര്യപ്പെടില്ലെന്നും  അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

 

ബിഎസ്എഫിന് അധിക ചുമതലകൾ നൽകുന്നത് പരിഗണിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. രാജ്യത്തിൻ്റെ സുരക്ഷാ ശൃംഖലയിലെ ഏറ്റവും വലിയ കുറവ് പശ്ചിമ ബംഗാൾ അതിർത്തിയിലെ അപൂർണമായ വേലി പൂര്‍ത്തിയാക്കുകയായിരുന്നു. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ മാറ്റാൻ കഴിയില്ലെങ്കിലും അതിർത്തി വേലി നിര്‍മിക്കാനാവുന്ന അനുവദിച്ച പ്രദേശങ്ങളിൽ പോലും ഭൂമി ഏറ്റെടുക്കുന്നതിൽ നേരത്തെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു. എന്നാൽ ഈയിടെ പശ്ചിമ ബംഗാളിലെ ജനങ്ങളുടെ അനുഗ്രഹത്തോടെ ഞങ്ങളുടെ പാർട്ടി സംസ്ഥാനത്ത് സർക്കാർ രൂപീകരിച്ചു. അധികാരമേറ്റ് വെറും ഒരാഴ്ചയ്ക്കകം അതിർത്തിയില്‍ വേലി നിര്‍മാണത്തിന് ഭൂമി അനുവദിക്കാൻ മുഖ്യമന്ത്രി തത്വത്തിൽ തീരുമാനമെടുക്കുകയും  ഇതിനകം ചില മേഖലകളില്‍ ഭൂമി കൈമാറുകയും ചെയ്തിട്ടുണ്ട്. വേലി നിര്‍മാണം പൂർത്തിയാകുന്നതോടെ നുഴഞ്ഞുകയറ്റം തടയുന്നതിൽ നാം വിജയിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. കൂടാതെ വനപ്രദേശങ്ങളിലും നദീതീരങ്ങളിലും ഈ വഴികളിലൂടെയുണ്ടാകുന്ന നുഴഞ്ഞുകയറ്റം തടയാ‍ന്‍ സാങ്കേതിക സംവിധാനങ്ങളോടെ  അതിര്‍ത്തിവേലി സ്ഥാപിക്കുന്ന ജോലികൾ വേഗത്തിലാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ മുഴുവൻ അതിർത്തിയും സുരക്ഷിതമാക്കപ്പെടും. ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ വീര്യത്തിനും ധീരതയ്ക്കും കര്‍ത്തവ്യത്തോട് അവര്‍ പുലര്‍ത്തുന്ന അചഞ്ചലമായ ഭക്തിക്കും നമുക്ക് നന്ദി രേഖപ്പെടുത്താം.  

 

WhatsApp Image 2026-05-29 at 16.28.28.jpeg

 

രാജ്യം ഒന്നടങ്കം ബിഎസ്എഫ് ഉദ്യോഗസ്ഥരുടെ വീര്യത്തെ ആദരിക്കുന്നുവെന്നും അവരെ അഭിവാദ്യം ചെയ്യുന്നുവെന്നും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. അവർ കാരണമാണ് ഗുജറാത്തിലെ പ്രസ്തുത മേഖലയില്‍ ഇന്ന് സമാധാനം നിലനിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  

 

***


(रिलीज़ आईडी: 2266910) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Bengali-TR , Assamese , Gujarati , Odia , Tamil , Telugu , Kannada