വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യൻ മാധ്യമങ്ങളിൽ ഭാവിക്ക് അനുയോജ്യമായ നിർമിതബുദ്ധി ശേഷികൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഐ.ഐ.എം.സി, മാധ്യമ-വിനോദ മേഖലകൾക്കായുള്ള എ.ഐ അക്കാദമി ആരംഭിച്ചു
പോസ്റ്റഡ് ഓണ്‍:
29 MAY 2026 5:16PM by PIB Thiruvananthpuram
ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) ഇന്ന് മാധ്യമ-വിനോദ മേഖലകൾക്കായുള്ള എ.ഐ.എം.ഇ അക്കാദമി (എ.ഐ അക്കാദമി ഫോർ മീഡിയ ആൻഡ് എൻ്റർടെയ്ൻമെൻ്റ്) ആരംഭിച്ചു. ഇത് രാജ്യത്ത് നിർമിതബുദ്ധി അധിഷ്ഠിത മാധ്യമ വിദ്യാഭ്യാസവും കാര്യശേഷി വികസനവും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന സംരംഭമാണ്. ഐ.ഐ.എം.സി വൈസ് ചാൻസലർ ഡോ. പ്രജ്ഞാ പാലിവാൾ ഗൗർ, ഗൂഗിൾ ഡീപ് മൈൻഡ് ഇന്ത്യ സീനിയർ ഡയറക്ടർ ഡോ. മനീഷ് ഗുപ്ത എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിലെ ഐ.ഐ.എം.സി കാമ്പസിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. ചഞ്ചൽ കുമാർ അക്കാദമി ഉദ്ഘാടനം ചെയ്തു. 23 നഗരങ്ങളിലെയും പത്തിലധികം ഇന്ത്യൻ ഭാഷകളിലെയും നൂറിലധികം ന്യൂസ് റൂമുകളെയും മാധ്യമപഠന കലാലയങ്ങളെയും പ്രതിനിധീകരിക്കുന്ന 110-ലധികം ന്യൂസ് റൂം പ്രൊഫഷണലുകൾ, മാധ്യമമേഖലയിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ പരിശീലിപ്പിച്ച പത്ത് ആഴ്ച നീണ്ടുനിന്ന ഹൈബ്രിഡ് എ.ഐ നൈപുണ്യ പരിശീലന പരിപാടിയുടെ വിജയകരമായ പൂർത്തീകരണവും ചടങ്ങിൽ ആഘോഷിച്ചു.

എ.ഐ.എം.ഇ അക്കാദമി: സ്ഥാപനപരമായ ഒരു സുപ്രധാന നാഴികക്കല്ല്
മാധ്യമ, വിനോദ മേഖലകളിൽ നിർമിതബുദ്ധിയുടെ മികവിൻ്റെ ദേശീയ കേന്ദ്രമായാണ് എ.ഐ.എം.ഇ അക്കാദമി വിഭാവനം ചെയ്തിരിക്കുന്നത്. കാര്യക്ഷമത മെച്ചപ്പെടുത്തൽ, ഗവേഷണം, നൂതനാശയങ്ങളും സംരംഭങ്ങളെ വളർത്തിയെടുക്കലും, ഉത്തരവാദിത്തമുള്ള നിർമിതബുദ്ധി നയ വികസനം, തന്ത്രപ്രധാന സഹകരണം എന്നീ അഞ്ച് സ്തംഭ ചട്ടക്കൂടുകളിൽ നിർമ്മിച്ച അക്കാദമി, പരമ്പരാഗത മാധ്യമ പരിശീലനത്തിൽ നിന്ന് ഭാവി ദർശകമായ മാധ്യമ ശേഷിയിലേക്ക് എ.ഐ.എം.സിയെ മാറ്റാൻ ലക്ഷ്യമിടുന്നു. ഇന്ത്യയ്ക്കായുള്ള പ്രത്യേക പരിശീലന മൊഡ്യൂളുകൾ വികസിപ്പിക്കുക, മാധ്യമപ്രവർത്തനത്തിൽ നിർമിതബുദ്ധിയുടെ പ്രായോഗിക ഗവേഷണത്തെ പിന്തുണയ്ക്കുക, ന്യൂസ് റൂം നിർമിതബുദ്ധി ദത്തെടുക്കൽ രീതികൾ രേഖപ്പെടുത്തുക, ഇന്ത്യൻ മാധ്യമ ആവാസവ്യവസ്ഥയിലുടനീളം നിർമിതബുദ്ധിയുടെ ഉത്തരവാദിത്തപരമായ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് അക്കാദമി ലക്ഷ്യമിടുന്നത്.
ന്യൂഡൽഹി, ധെങ്കനാൽ, ജമ്മു, ഐസ്വാൾ, അമരാവതി, കോട്ടയം എന്നിവിടങ്ങളിൽ ആറ് കേന്ദ്രങ്ങളുള്ള ഐ.ഐ.എം.സിയ്ക്ക്, ഇന്ത്യയിലുടനീളം ഭാഷാ-നിർദ്ദിഷ്ട നിർമിതബുദ്ധി ശേഷി വികസിപ്പിക്കുന്നതിൽ സവിശേഷ സ്ഥാനമുണ്ട്. ബഹുഭാഷാ ആശയവിനിമയം, പൊതു സേവന പ്രക്ഷേപണം, ഗ്രാമീണ പ്രേക്ഷകർ, ജനാധിപത്യ വൈവിധ്യം എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ യാഥാർത്ഥ്യങ്ങളെ നിർമിതബുദ്ധി, മാധ്യമങ്ങൾ എന്നിവയെക്കുറിച്ചുള്ള ആഗോള സംവാദതലത്തിലേക്ക് അക്കാദമി ഉയർത്തിക്കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ്: നിർമിതബുദ്ധി നൈപുണ്യം ആർജ്ജിച്ചവരെ അംഗീകരിക്കൽ
ബിരുദദാന ദിനത്തിൽ ശ്രദ്ധാകേന്ദ്രമായിരുന്നു സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ്. ദൂരദർശൻ, ആകാശവാണി (ഓൾ ഇന്ത്യ റേഡിയോ), പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി), പബ്ലിക്കേഷൻസ് ഡിവിഷൻ, ഐ.ഐ.എം.സി എന്നിവിടങ്ങളിൽ നിന്നും പങ്കെടുത്തവർക്ക് നിർമിതബുദ്ധി നൈപുണ്യ പരിശീലന പരിപാടി പൂർത്തിയാക്കിയതിന് ഔദ്യോഗികമായി അംഗീകാരം നൽകി.

സർക്കാർ പൊതു സേവന സ്ഥാപനങ്ങളിൽ നിന്നും സ്വകാര്യ ന്യൂസ് റൂമുകളിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവരെ, അടിസ്ഥാനപരമായ നിർമിതബുദ്ധി സാക്ഷരതയും നോട്ട്ബുക്ക് എൽ.എം, ജെമിനി, എ.ഐ സ്റ്റുഡിയോ, പിൻപോയിൻ്റ് എന്നിവയുൾപ്പെടെയുള്ള ഗൂഗിളിൻ്റെ നിർമിതബുദ്ധി ഉപാധികളിൽ പ്രായോഗിക വൈദഗ്ധ്യവുമുള്ളവരുമാക്കി ഈ പരിപാടി മാറ്റി.
സെക്രട്ടറിയുടെ പ്രസംഗം: പകരക്കാരനായല്ല, ഒരു സഹായിയെന്ന നിലയിൽ നിർമിതബുദ്ധി
ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ. ചഞ്ചൽ കുമാർ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുകയും ഇന്ത്യൻ മാധ്യമങ്ങൾക്കായുള്ള ഈ സംരംഭത്തിൻ്റെ പരിവർത്തനാത്മക പ്രാധാന്യം അടിവരയിടുകയും ചെയ്തു.
''ഇന്നത്തെ ചടങ്ങ് വെറുമൊരു സർട്ടിഫിക്കറ്റ് വിതരണ ചടങ്ങല്ല. ഇന്ത്യൻ മാധ്യമ സ്ഥാപനങ്ങൾ ഭാവിയിലേക്ക് സ്വയം തയ്യാറെടുക്കുന്ന രീതിയിലുള്ള ഒരു വലിയ പരിവർത്തനത്തെ ഇത് അടയാളപ്പെടുത്തുന്നു,' അദ്ദേഹം പറഞ്ഞു. നമ്മുടെ മുന്നിലുള്ള യഥാർത്ഥ ചോദ്യം നിർമിതബുദ്ധി മാധ്യമങ്ങളെ സ്വാധീനിക്കുമോ എന്നതല്ല; ആ പ്രക്രിയ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കൂടുതൽ പ്രധാനപ്പെട്ട ചോദ്യം നമ്മുടെ പത്രപ്രവർത്തകർ, എഡിറ്റർമാർ, മാധ്യമ അധ്യാപകർ, പൊതു ആശയവിനിമയ വിദഗ്ധർ എന്നിവർ ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തത്തോടെയും രാജ്യ കേന്ദ്രീകൃത വീക്ഷണത്തോടെയും നിർമിതബുദ്ധിയെ രൂപപ്പെടുത്തുമോ എന്നതാണ്.'' - അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ പൊതു സേവന മാധ്യമ സ്ഥാപനങ്ങളായ ദൂരദർശൻ, ആകാശവാണി, പി.ഐ.ബി, പബ്ലിക്കേഷൻസ് ഡിവിഷൻ എന്നിവ ഭാഷകളിലും പ്രദേശങ്ങളിലും ഉടനീളം ആശയവിനിമയം നടത്തുന്നതിന് സവിശേഷമായ ഉത്തരവാദിത്തം വഹിക്കുന്നുണ്ടെന്നും ഇത് അവരുടെ നിർമിതബുദ്ധി സന്നദ്ധതയെ പ്രത്യേകിച്ചും നിർണായകമാക്കുമെന്നും സെക്രട്ടറി ഊന്നിപ്പറഞ്ഞു.
'നിർമിതബുദ്ധിയെ ഒരു സഹായിയായി ഉപയോഗിക്കാം, പക്ഷേ എഡിറ്റോറിയൽ ഉത്തരവാദിത്തത്തിന് പകരമായി ഉപയോഗിക്കരുത്. ഇത് വേഗത മെച്ചപ്പെടുത്തിയേക്കാം, പക്ഷേ അത് കൃത്യതയെ തട്ടിയാവരുത്. ഇത് സർഗ്ഗാത്മകതയെ പിന്തുണച്ചേക്കാം, പക്ഷേ ആധികാരികതയെ നഷ്ടപ്പെടുത്തിക്കൊണ്ടാവരുത്. നിർമിതബുദ്ധിയുടെ ഈ യുഗത്തിൽ മനുഷ്യൻ്റെ വിധി ന്യായത്തിൻ്റെ പങ്ക് കൂടുതൽ പ്രധാന്യമർഹിക്കും.'
പ്രധാനമന്ത്രിയുടെ 'എ.ഐ ഇന്ത്യയിൽ നിർമ്മിക്കുക', 'എ.ഐ ഇന്ത്യയ്ക്ക് വേണ്ടി പ്രവർത്തിപ്പിക്കുക' എന്നീ ദേശീയ നയങ്ങളിൽ അധിഷ്ഠിതമായ, 'ക്രിയാത്മകത, പ്രാപ്യത, ഉത്തരവാദിത്തം' എന്നീ തലങ്ങളിലാണ് നിർമിതബുദ്ധിയിലുള്ള കേന്ദ്ര ഗവണ്മെൻ്റിൻ്റെ വിശാല സമീപനമെന്നും സെക്രട്ടറി വിശദീകരിച്ചു.
നിർമിതബുദ്ധി നൈപുണ്യ പരിശീലന പരിപാടിയെക്കുറിച്ച്
ഗൂഗിൾ ന്യൂസ് ഇനിഷ്യേറ്റീവ് നിർമിതബുദ്ധി നൈപുണ്യ പരിശീലന പരിപാടി, ഗൂഗിളിൻ്റെ സഹകരണത്തോടെയും, 'ഹൗ ഇന്ത്യ ലിവ്‌സ്'ൻ്റെ പരിശീലന പിന്തുണയോടെയും ഐ.ഐ.എം.സി ആരംഭിച്ച 10 ആഴ്ചത്തെ ഹൈബ്രിഡ് (ഓൺലൈനായും ഓഫ്‌ലൈനായുമുള്ള) പരിപാടിയായിരുന്നു. സ്വകാര്യ, സർക്കാർ മേഖലകളെ ഉൾക്കൊള്ളുന്ന അച്ചടി, ഡിജിറ്റൽ, പ്രക്ഷേപണ, മേഖലാതല, പ്രാദേശിക വാർത്താകേന്ദ്രങ്ങളിൽ നിന്നുള്ള പങ്കാളികളെ ഇത് ഒരുമിച്ച് കൊണ്ടുവന്നു.
പരിപാടിയുടെ പ്രധാന സവിശേഷതകൾ:
- 23 നഗരങ്ങളിൽ നിന്നും പത്തിലധികം ഭാഷകളിൽ നിന്നുമായി 110-ലധികം പേർ പങ്കെടുത്തു.
- നൂറിലധികം വാർത്താ കേന്ദ്രങ്ങൾ, മാധ്യമ കലാലയങ്ങൾ, പൊതു ആശയവിനിമയ സ്ഥാപനങ്ങൾ
- പങ്കെടുത്ത ഓരോരുത്തർക്കും 40 മണിക്കൂറിലധികം നീണ്ട നിർമിതബുദ്ധി പരിശീലനവും, ഓരോരുത്തർക്കും ഓരോ വിദഗ്ധരെന്ന (1:1) തരത്തിൽ മാർഗനിർദേശവും
- 170 ൽ അധികം എ.ഐ അധിഷ്ഠിത പ്രോജക്ടുകളും പ്രസിദ്ധീകൃത കൃതികളും
- അമ്പതിലധികം വൈബ് കോഡിംഗ് ആപ്ലിക്കേഷനുകൾ (പങ്കെടുക്കുന്നവർ നിർമ്മിച്ച ആപ്പുകൾ)
- രാജ്യവ്യാപകമായുള്ള ആറ് ഐ.ഐ.എം.സി കേന്ദ്രങ്ങളിലൂടെ സമൂഹസമ്പർക്കം.
***
( റിലീസ് ഐ.ഡി: 2266901)
സന്ദര്‍ശക കൗണ്ടര്‍ : 4