പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ അധിക ശുദ്ധീകരണ ശേഷി പെട്രോൾ, ഡീസൽ ആഭ്യന്തര വിതരണം ഉറപ്പാക്കുന്നു; ചില്ലറ ഇന്ധന ഉപയോഗത്തിൽ അച്ചടക്കം പാലിക്കണമെന്ന് കേന്ദ്ര ഗവണ്മെൻ്റ്

പോസ്റ്റഡ് ഓണ്‍: 27 MAY 2026 8:14PM by PIB Thiruvananthpuram
ചില്ലറ, വ്യാവസായിക മേഖലയിൽ ഉൾപ്പെടെ എല്ലാ ആഭ്യന്തര ആവശ്യങ്ങളും നിറവേറ്റുന്നതിന് രാജ്യത്ത് പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണമുണ്ടെന്ന് ഇന്ത്യാ ഗവണ്മെൻ്റ്  വ്യക്തമാക്കി. പ്രവർത്തനക്ഷമമായ 22 ശുദ്ധീകരണശാലകളിലായി പ്രതിവർഷം 258.1 ദശലക്ഷം ടൺ ശേഷിയുള്ള ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ എണ്ണ ശുദ്ധീകരണ ശേഷിയുള്ള രാജ്യമാണ്. 2025-26 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര ഉപഭോഗം 243.2 ദശലക്ഷം ടണ്ണായിരുന്നു; ഇതേ വർഷം പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതി 61.5 ദശലക്ഷം ടണ്ണും. ഇത് ഇന്ത്യയെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാക്കി മാറ്റി. രാജ്യത്ത് യാതൊരുവിധ ഇന്ധന വിതരണ തടസ്സങ്ങളുമില്ല.
 
 
തടസ്സമില്ലാത്ത പെട്രോൾ, ഡീസൽ വിതരണം ഉറപ്പാക്കുന്നതിനായി കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി പൊതുമേഖല എണ്ണ വിപണന കമ്പനികൾ, സംസ്ഥാന ഗവണ്മെൻ്റുകൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവരുമായി നിരന്തരം ഏകോപനം നടത്തിവരുന്നു. സ്ഥിതിഗതികൾ ഗവണ്മെൻ്റ്  നിരന്തരം വിലയിരുത്തുന്നുണ്ട്. പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി ഇന്ന് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ, ഫിക്കി, സി.ഐ.ഐ എന്നിവരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു. കാര്യങ്ങൾ വ്യക്തമാണ്; എവിടെയും പെട്രോളിയം ഉൽപന്നങ്ങൾക്ക് ദൗർലഭ്യമില്ല. ചിലയിടങ്ങളിൽ, വില വ്യത്യാസം മുതലെടുക്കൽ കാരണം അങ്ങനെയൊരു തോന്നൽ ഉണ്ടാകുന്നുവെന്ന് മാത്രം.
 
ഇതിൻ്റെ പിന്നിലെ പ്രവർത്തന സംവിധാനം ലളിതമാണ്. നിലവിലുള്ള പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിൽ ഉപഭോക്തൃ സംരക്ഷണത്തിൻ്റെ ഭാഗമായി, കേന്ദ്ര ഗവണ്മെൻ്റിൻ്റെ നിർദ്ദേശപ്രകാരം എണ്ണ വിപണന കമ്പനികൾ അന്താരാഷ്ട്ര വിലവർദ്ധനയുടെ ആഘാതം ആഭ്യന്തര, ചില്ലറ  വിപണിയിലേക്ക് പൂർണ്ണമായും കൈമാറ്റം ചെയ്തിട്ടില്ല. പൊതുമേഖലാ എണ്ണക്കമ്പനികൾ നിലവിൽ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിൽപ്പനയിൽ പ്രതിദിനം 550 കോടി രൂപയുടെ നഷ്ടം സഹിക്കുന്നുണ്ട്. ഈ ആനുകൂല്യം ചില്ലറ ഉപഭോക്താക്കൾക്ക് വേണ്ടിയുള്ളതാണ്: അതായത് സാധാരണ കുടുംബങ്ങൾ, ഇരുചക്രവാഹന യാത്രക്കാർ, പമ്പുകളിലെത്തുന്ന കർഷകർ എന്നിവർക്ക് പ്രയോജനം ചെയ്യുന്നു. ഇത് വ്യാവസായിക ആവശ്യങ്ങൾക്കുള്ള സംഭരണത്തിന് ബാധകമല്ല, അവിടെ നിലവിലുള്ള നയമനുസരിച്ച് അന്താരാഷ്ട്ര നിരക്കുകൾക്ക് അനുസരിച്ചാണ് വില ഈടാക്കുന്നത്.
 
വ്യാവസായിക ചാനലിലൂടെ  ഇന്ധനം വാങ്ങുന്നതിന് പകരം റീട്ടെയിൽ പമ്പുകളെ ആശ്രയിക്കുന്ന വ്യാവസായിക ഉപഭോക്താക്കൾ, സാധാരണ പൗരന്മാർക്ക് വേണ്ടിയുള്ള ഈ ആനുകൂല്യം തട്ടിയെടുക്കുകയാണ് ചെയ്യുന്നത്. ഇത് പമ്പുകളിൽ ഇന്ധന ആവശ്യകത അനാവശ്യമായ തോതിൽ വർദ്ധിപ്പിക്കുകയും, സാധാരണഗതിയിൽ ഉണ്ടാകാത്ത പ്രാദേശിക ക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നു.
 
സ്വകാര്യ എണ്ണ വിപണന കമ്പനികൾ നിശ്ചയിച്ച ഉയർന്ന നിരക്കുകൾ കാരണം ഈ മാസം, ഹൈ സ്പീഡ് ഡീസൽ ചില്ലറയായും ഗണ്യമായ തോതിലും വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിൽ ഏകദേശം 38% കുറവ് രേഖപ്പെടുത്തിയതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഈ ഉപഭോക്താക്കൾ പൂർണ്ണമായും പൊതുമേഖലാ എണ്ണക്കമ്പനികളുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറുകയാണ്. ഇതിനൊപ്പം, പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ഗണ്യമായ തോതിൽ വാങ്ങുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ഏകദേശം 29% കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരും റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
 
മേൽപ്പറഞ്ഞ കാര്യങ്ങൾ ഗവണ്മെൻ്റ്  ഗൗരവമായി പരിഗണിക്കുന്നു. ഇത്തരം ലംഘനങ്ങളുടെ രീതികളെയും പ്രത്യാഘാതങ്ങളെയും കുറിച്ച് അംഗങ്ങളെ ബോധവാന്മാരാക്കാൻ വ്യവസായ അസോസിയേഷനുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 
ചില്ലറ ഉപഭോക്താക്കൾക്കായി ഉദ്ദേശിച്ചിട്ടുള്ള ഇന്ധനം ബൾക്ക് ഉപഭോക്താക്കളും പൂഴ്ത്തിവെപ്പുകാരും തട്ടിയെടുക്കുന്നത് തടയാൻ- കള്ളക്കടത്ത്, അനധികൃതമായി സംഭരിക്കൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ വഴിതിരിച്ചുവിടൽ എന്നിവയ്‌ക്കെതിരെയുള്ള അവശ്യ സാധന നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളും അതിൻ കീഴിൽ പുറപ്പെടുവിച്ചിട്ടുള്ള നിയന്ത്രണ ഉത്തരവുകളും അനുസരിച്ച് കർശന നടപടിയെടുക്കാനും പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കാനും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ഗവണ്മെൻ്റ്  അഭ്യർത്ഥിച്ചു.
 
അന്താരാഷ്ട്ര സാഹചര്യങ്ങൾ ഗവണ്മെൻ്റ്  പൂർണ്ണമായും നിരീക്ഷിക്കുന്നു. ഇന്ത്യയുടെ റിഫൈനിംഗ് കരുത്ത്, പൊതുമേഖലാ എണ്ണക്കമ്പനികളുടെ അച്ചടക്കമുള്ള പ്രവർത്തനം, കേന്ദ്ര-സംസ്ഥാന-വ്യവസായ മേഖലകൾ തമ്മിലുള്ള സജീവമായ ഏകോപനം എന്നിവയാണ് ഈ കാലയളവിലെ ഊർജ്ജ സുരക്ഷ ഉറപ്പാക്കിയ പ്രവർത്തന ഘടന. വില വ്യത്യാസം മൂലമുണ്ടാകുന്ന താല്കാലിക പ്രശ്നങ്ങളെ വിതരണ ക്ഷാമമായി തെറ്റിദ്ധരിപ്പിക്കുന്ന കിംവദന്തികൾ തള്ളിക്കളയാനും ഔദ്യോഗിക വാർത്ത ഉറവിടങ്ങൾ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യർത്ഥിക്കുന്നു.
 
***

( റിലീസ് ഐ.ഡി: 2266078) സന്ദര്‍ശക കൗണ്ടര്‍ : 3
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Marathi , Assamese , Gujarati , Tamil , Kannada