വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
പിഎം-വാണി (PM-WANI) നവീകരിക്കുന്നു: പൊതു വൈ-ഫൈ കൂടുതൽ ലളിതവും ജനസൗഹൃദവുമാക്കാൻ സുപ്രധാന പരിഷ്കാരങ്ങൾ
പോസ്റ്റഡ് ഓണ്‍:
26 MAY 2026 12:05PM by PIB Thiruvananthpuram
ഇന്ത്യയുടെ ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും പൗരന്മാർക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത് കൂടുതൽ സുഗമമാക്കുന്നതിനുമായി, ടെലികമ്മ്യൂണിക്കേഷൻ വകുപ്പ്, പിഎം-വാണി (Prime Minister’s Wi-Fi Access Network Interface) പദ്ധതിക്ക് കീഴിൽ ജനസൗഹൃദപരമായ നിരവധി പരിഷ്കാരങ്ങൾ അവതരിപ്പിച്ചു.
പുതിയ പരിഷ്കാരങ്ങളിൽ ഇവ ഉൾപ്പെടുന്നു :
* ലാപ്ടോപ്പുകൾക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കുമായി ക്യുആർ കോഡ് അധിഷ്ഠിത തിരിച്ചറിയൽ സ്ഥിരീകരണം.
* 15, 30, 60 മിനിറ്റുകൾക്കായി ഹ്രസ്വകാല വൈ-ഫൈ പ്ലാനുകൾ.
* വിശ്വസനീയത ഉറപ്പുവരുത്തുന്നതിനും എളുപ്പത്തിൽ തിരിച്ചറിയുന്നതിനുമായി പിഎം-വാണി ഹോട്ട്‌സ്‌പോട്ട് നാമങ്ങളുടെ (SSID) ഏകീകരണം.
2026 മെയ് 22-ലെ 1/PM-WANI/2026, 2/PM-WANI/2026 എന്നീ സർക്കുലറുകൾ വഴിയാണ് ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയിരിക്കുന്നത്.
ഈ സർക്കുലറുകൾ പുറപ്പെടുവിച്ച തീയതി മുതൽ എട്ട് ആഴ്ചയ്ക്കുള്ളിൽ പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ പിഎം-വാണിയുടെ പങ്കാളികളോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇതിലൂടെ 2026 ജൂലൈ മാസത്തോടെ ഈ പുതിയ സവിശേഷതകൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാകും.
എല്ലാ പൗരന്മാർക്കും താങ്ങാനാവുന്ന നിരക്കിൽ സുഗമമായും ഡിജിറ്റൽ കണക്റ്റിവിറ്റി നൽകുകയെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള ഗവൺമെന്റിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിഷ്കാരങ്ങൾ.
കേന്ദ്ര വാർത്താവിനിമയ, വടക്കുകിഴക്കൻ മേഖല വികസന മന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിൽ, പിഎം-വാണി സംവിധാനം വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിക്കുകയാണ്. ലഭ്യത, പരസ്പര പ്രവർത്തനക്ഷമത, എളുപ്പത്തിലുള്ള ഉപയോഗം എന്നിവ മെച്ചപ്പെടുത്തുന്നതിലും, സേവനം ജനങ്ങളിലേക്ക് എത്തിക്കുന്നതിലുമാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പിഎം-വാണി പദ്ധതിയുടെ നടത്തിപ്പ് വേഗത്തിലാക്കുന്നതിനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമായി വാർത്താവിനിമയ, ഗ്രാമവികസന സഹമന്ത്രി ഡോ. ചന്ദ്രശേഖർ പെമ്മസാനി അടുത്തിടെ വകുപ്പ് ഉദ്യോഗസ്ഥരുമായും പങ്കാളികളുമായും വിപുലമായ അവലോകന യോഗങ്ങൾ നടത്തിയിരുന്നു.
ഈ പരിഷ്കാരങ്ങളെക്കുറിച്ച് ഡോ. പെമ്മസാനി ഇങ്ങനെ പറഞ്ഞു :"പിഎം-വാണി എന്നത് സാർവത്രിക പൊതു വൈ-ഫൈ ലഭ്യത ഉറപ്പാക്കുന്നതിനുള്ള പ്ലാറ്റ്‌ഫോമാണ്. ഇതിന്റെ ഉപയോഗം ഞങ്ങൾ കൂടുതൽ എളുപ്പമുള്ളതാക്കുന്നു. ക്യുആർ കോഡ് അധിഷ്ഠിത ലോഗിൻ വഴി, നിങ്ങളുടെ ഫോണിലെ ഒരു കോഡ് സ്‌കാൻ ചെയ്‌തുകൊണ്ട് ലാപ്ടോപ്പിലേക്ക് എളുപ്പത്തിൽ വൈ-ഫൈ ബന്ധിപ്പിക്കാൻ സാധിക്കും. ചുരുങ്ങിയ സമയത്തേക്ക് മാത്രം ഇന്റർനെറ്റ് ആവശ്യമുള്ള ഉപഭോക്താക്കൾക്കായി 15, 30, 60 മിനിറ്റുകൾ ദൈർഘ്യമുള്ള ഹ്രസ്വകാല പ്ലാനുകൾ നൽകാൻ ഞങ്ങൾ ഹോട്ട്‌സ്‌പോട്ട് ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്."
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ പൊതു വൈ-ഫൈ എന്നത് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾ, യാത്രക്കാർ, ജീവനക്കാർ, പ്രൊഫഷണലുകൾ, ചെറുകിട വ്യാപാരികൾ എന്നിവർക്ക് വലിയൊരു സഹായമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാന പരിഷ്കാരങ്ങൾ ചുരുക്കത്തിൽ:
*ക്യുആർ കോഡ് സ്ഥിരീകരണം വഴി ലളിതമായ രീതിയിൽ ലാപ്ടോപ്പ് കണക്ഷൻ-
ലാപ്ടോപ്പുകൾ പോലുള്ള അനുബന്ധ ഉപകരണങ്ങളിൽ പിഎം-വാണി കണക്ട് ചെയ്യുന്നത് എളുപ്പമാക്കാൻ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് ഇപ്പോൾ ക്യുആർ അധിഷ്ഠിത പ്രവേശനം അനുവദിക്കുന്നു. ലോഗിൻ പേജിലെ ക്യുആർ കോഡ്, മൊബൈൽ ആപ്പ് വഴി സ്കാൻ ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതമായും വേഗത്തിലും ഇന്റർനെറ്റ് ലഭ്യമാകും.
*ഹ്രസ്വകാല പ്ലാനുകൾ : റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മാളുകൾ തുടങ്ങിയ പൊതുസ്ഥലങ്ങളിലെ ഉപഭോക്താക്കളെ സഹായിക്കുന്നതിനായി 15 മിനിറ്റ്, 30 മിനിറ്റ്,60 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വകാല പ്ലാനുകൾ നൽകാൻ ടെലി കമ്മ്യൂണിക്കേഷൻസ് വകുപ്പ്, ഓപ്പറേറ്റർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്:
ഈ പ്ലാനുകൾ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും സാമ്പത്തിക ലാഭമുണ്ടാക്കുന്നതോടൊപ്പം തന്നെ ഹോട്ട്‌സ്‌പോട്ട് ഓപ്പറേറ്റർമാർക്ക് വരുമാന വർദ്ധനയ്ക്കും സഹായിക്കും.
*ഏകീകൃത ഹോട്ട്‌സ്‌പോട്ട് തിരിച്ചറിയൽ സംവിധാനം :
യഥാർത്ഥ നെറ്റ്‌വർക്കുകൾ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ വൈ-ഫൈ നാമം (SSID) ഇനി മുതൽ 'PM WANI' ബ്രാൻഡിംഗോടെ ഏകീകരിക്കും. ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് കീഴിൽ ആരംഭിച്ച പിഎം-വാണി, PDO കൾ , PDOA കൾ , ആപ്പ് പ്രൊവൈഡർമാർ എന്നിവരടങ്ങുന്ന ഒരു ശൃംഖലയിലൂടെയാണ് കുറഞ്ഞ ചിലവിൽ ഇന്റർനെറ്റ് നൽകുന്നത്. രാജ്യത്തുടനീളം പൊതു വൈ-ഫൈ സൗകര്യം വ്യാപിപ്പിക്കുക എന്നതാണ് ഈ പരിഷ്കാരങ്ങളുടെ പ്രധാന ലക്ഷ്യം.
*****
( റിലീസ് ഐ.ഡി: 2265591)
സന്ദര്‍ശക കൗണ്ടര്‍ : 5
ഈ റിലീസ് വായിക്കുക:
English
,
Gujarati
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Tamil
,
Telugu
,
Kannada