പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവ വികാസങ്ങളെക്കുറിച്ചുള്ള അന്തര്‍ മന്ത്രാലയ പത്രസമ്മേളനം

പോസ്റ്റഡ് ഓണ്‍: 25 MAY 2026 6:16PM by PIB Thiruvananthpuram

പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സങ്കീര്‍ണ്ണമായ സാഹചര്യങ്ങള്‍ക്കിടയിലും, പൗരന്മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇന്ത്യ ഗവണ്‍മെന്റ് തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് നാഷണല്‍ മീഡിയ സെന്ററില്‍ ഒരു വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചു. പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ധന ലഭ്യതയെക്കുറിച്ചും പ്രധാന മേഖലകളില്‍ സ്ഥിരത നിലനിര്‍ത്താന്‍ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചും വിശദീകരിച്ചു. കേന്ദ്ര രാസവസ്തു-വളം മന്ത്രാലയവും രാജ്യത്തെ വളങ്ങളുടെ ലഭ്യതയും നിലവിലുള്ള സംഭരണവും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.


വളങ്ങളുടെ ലഭ്യതയും സംഭരണത്തിന്റെ വിവരവും

രാജ്യത്തെ വളം ലഭ്യത ശക്തവും സുസ്ഥിരവും മികച്ച രീതിയില്‍ നിയന്ത്രിക്കപ്പെടുന്നതുമാണെന്ന് കേന്ദ്ര വളം വകുപ്പ് അറിയിച്ചു. എല്ലാ പ്രധാന വളങ്ങളുടെയും മൊത്തത്തിലുള്ള ലഭ്യത ആവശ്യകതയേക്കാള്‍ കൂടുതലാണ്. രാജ്യത്തെ വളങ്ങളുടെ ആകെ സംഭരണ സ്ഥിതി തൃപ്തികരമായ നിലയിലാണ്.

•വരാനിരിക്കുന്ന 2026ലെ ഖാരിഫ് സീസണിലേക്ക് 390.54 ലക്ഷം മെട്രിക് ടണ്‍  വളമാണ് കൃഷി, കര്‍ഷക ക്ഷേമ വകുപ്പ് (DA&FW) കണക്കാക്കിയിട്ടുള്ള ആകെ ആവശ്യകത. ഇതിലേക്ക്, നിലവില്‍ ഏകദേശം 200.12 ലക്ഷം മെട്രിക് ടണ്‍ വളം സംഭരണമുണ്ട്. ഇത് ആകെ ആവശ്യകതയുടെ 51%ത്തിലധികമാണ്. സാധാരണയായി സൂക്ഷിക്കാറുള്ള ബഫര്‍ നിരക്കായ 33%ത്തേക്കാള്‍ വളരെ ഉയര്‍ന്നതാണിത്. ഗവണ്‍മെന്റിന്റെ മെച്ചപ്പെട്ട ആസൂത്രണം, മുന്‍കൂട്ടിയുള്ള സംഭരണം, കാര്യക്ഷമമായ ചരക്ക് നീക്കം എന്നിവയാണ് ഈ ശക്തമായ സംഭരണത്തിന് സഹായിച്ചിട്ടുള്ളത്.

•സമീപകാലത്തെ പ്രതിസന്ധി ഘട്ടത്തിലും, ഇറക്കുമതിയിലൂടെയും ആഭ്യന്തര ഉല്‍പ്പാദനത്തിലൂടെയും മൊത്തം 117.6 ലക്ഷം മെട്രിക് ടണ്‍ വളം വിപണിയില്‍ വിജയകരമായി എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

 •പ്രതിസന്ധിക്കുശേഷമുള്ള കാലയളവിലെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെയും വളങ്ങളുടെ ഇറക്കുമതിയുടെയും വിശദാംശങ്ങള്‍ ഇപ്രകാരമാണ് (ലക്ഷം ടണ്ണില്‍):

•യൂറിയ: ആഭ്യന്തര ഉല്‍പ്പാദനം 57.66 ;

 ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ ഇറക്കുമതി 13.60


DAP: ആഭ്യന്തര ഉല്‍പ്പാദനം 7.93 ; ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ ഇറക്കുമതി 0.88
 
NPK: ആഭ്യന്തര ഉല്‍പ്പാദനം 18.71 ; ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ ഇറക്കുമതി 4.44

SSP: ആഭ്യന്തര ഉല്‍പ്പാദനം 10.70 ; ഇറക്കുമതി ഇല്ല


MOP: ആഭ്യന്തര ഉല്‍പ്പാദനം ഇല്ല, ഇന്ത്യന്‍ തുറമുഖങ്ങളിലെത്തിയ ഇറക്കുമതി 3.68

ആകെ: മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 95 ; ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തിയ ഇറക്കുമതി 22.60


•പ്രധാന സീസണില്‍ മതിയായ ലഭ്യത ഉറപ്പാക്കാന്‍, ഹോര്‍മുസ് കടലിടുക്ക് (SOH) മേഖലയില്‍ നിന്ന് ഏകദേശം 13.5 ലക്ഷം മെട്രിക് ടണ്‍ DAP യും 9 ലക്ഷം മെട്രിക് ടണ്‍ NPK യും (AS ഉള്‍പ്പെടെ) ഇന്ത്യ വിജയകരമായി നേടിയിട്ടുണ്ട്. മെയ്, ജൂണ്‍ മാസങ്ങളില്‍ ഈ ചരക്കുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ എത്തും.

• യൂറിയ, പി. ആന്‍ഡ് കെ. (P&K) വളങ്ങളുടെ ഉല്‍പ്പാദനത്തിന് ആവശ്യമായ അവശ്യ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കേന്ദ്രവളം വകുപ്പ് കൃത്യമായി വിലയിരുത്തുന്നുണ്ട്. കൂടാതെ, ഈ മേഖലയുടെ പ്രവര്‍ത്തനക്ഷമത പിന്തുണയ്ക്കുന്നതിനായി കമ്പനികള്‍ സമര്‍പ്പിക്കുന്ന എല്ലാ സബ്‌സിഡി ബില്ലുകളും ആഴ്ചതോറും വകുപ്പ് മുടങ്ങാതെ പാസാക്കുന്നുമുണ്ട്.

•വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ പരിഹരിക്കുന്നതിനായി ' സെക്രട്ടറിമാരുടെ പ്രത്യേക സംഘം ' (EGoS) ഇതുവരെ 9 യോഗങ്ങള്‍ ചേര്‍ന്നു. വളങ്ങളുടെ കൃത്യമായ ലഭ്യത ഉറപ്പാക്കുന്നതില്‍ ഈ യോഗങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചു; ഭൂരിഭാഗം പ്രശ്‌നങ്ങളും സംഘം വിജയകരമായി പരിഹരിച്ചിട്ടുണ്ട്.

•ഈ സമഗ്രമായ നടപടികളുടെ വിജയം ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രാലയം വ്യക്തമാക്കി:

' കേന്ദ്ര ഗവണ്‍മെന്റിന്റെ ഫലപ്രദമായ ശ്രമങ്ങളാല്‍ രാജ്യത്തെ ആഭ്യന്തര ഉല്‍പ്പാദനത്തില്‍ തുടര്‍ച്ചയായ വര്‍ദ്ധന ഉണ്ടായിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് ആവശ്യത്തിന് വളത്തിന്റെ സംഭരണമുണ്ട്. ഇതിലൂടെ  കര്‍ഷകരുടെ ആവശ്യങ്ങള്‍ കൃത്യമായി നിറവേറ്റപ്പെടുന്നു എന്ന് ഉറപ്പാക്കുകയും അവര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ വളങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുകയും ചെയ്യുന്നു.'

 



ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും

 പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും എല്‍.പി.ജി.യുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങള്‍ താഴെ പറയുന്നവയാണ്:



 പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും ബോധവല്‍ക്കരണവും

 * പെട്രോള്‍, ഡീസല്‍, എല്‍.പി.ജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ ഗവണ്‍മെന്റ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാല്‍, പരിഭ്രാന്തരായി ഇവ അമിതമായി വാങ്ങി സൂക്ഷിക്കുന്ന പ്രവണത പൊതുജനങ്ങള്‍ ഒഴിവാക്കേണ്ടതാണ്.

 * വ്യാജപ്രചാരണങ്ങളില്‍ ജാഗ്രത പുലര്‍ത്തുക; കൃത്യമായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കുക.
 * എല്‍.പി.ജി ഉപഭോക്താക്കള്‍ വിതരണ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കിക്കൊണ്ട് ബുക്കിങ്ങിനായി ഡിജിറ്റല്‍ മാര്‍ഗ്ഗം പരമാവധി പ്രയോജനപ്പെടുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.
 * പി.എന്‍.ജി (PNG), ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്‌ടോപ്പുകള്‍ പോലുള്ള ബദല്‍ ഇന്ധന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.
 * നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ദൈനംദിന ജീവിതത്തില്‍ ഊര്‍ജ്ജം സംരക്ഷണത്തിന് ആവശ്യമായ എല്ലാ ശ്രമങ്ങളും നടത്താന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.



 ഗവണ്‍മെന്റിന്റെ തയ്യാറെടുപ്പും വിതരണ നിയന്ത്രണ നടപടികളും

 * നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, ഗാര്‍ഹിക എല്‍.പി.ജി, ഗാര്‍ഹിക പി.എന്‍.ജി, സി.എന്‍.ജി (ഗതാഗതം) എന്നിവയുടെ 100% വിതരണവും ഗവണ്‍മെന്റ് ഉറപ്പാക്കിയിട്ടുണ്ട്.
 * വാണിജ്യ എല്‍.പി.ജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്.ടി.എല്‍ (FTL) സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തിന്റെ അടിസ്ഥാനത്തില്‍ ഇരട്ടിയാക്കിയിട്ടുണ്ട്.
 •വിതരണ ആവശ്യകത മേഖലകളില്‍ ഗവണ്‍മെന്റ് ഇതിനകം തന്നെ നിരവധി യുക്തിസഹമായ പരിഷ്‌കരണ നടപടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇതില്‍ റിഫൈനറി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുക, സിലിണ്ടര്‍ ബുക്കിംഗ് കാലാവധി നഗരപ്രദേശങ്ങളില്‍ 21ല്‍ നിന്ന് 25 ദിവസമായും ഗ്രാമീണ മേഖലകളില്‍ 45 ദിവസം വരെയായും ഉയര്‍ത്തുക, വിവിധ മേഖലകള്‍ക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ വിതരണം ഉറപ്പാക്കുക എന്നിവ ഉള്‍പ്പെടുന്നു.

 

സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും
 
• പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്‌ക്കെതിരെ നടപടിയെടുക്കുന്നതിനും 1955ലെ അവശ്യവസ്തു നിയമം, 2000ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.
 
• പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
 
• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാര്‍ച്ച് 27ലേയും 2026 ഏപ്രില്‍ 2ലേയും കത്തുകളിലൂടെ ഭാരത സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി, 2026 ഏപ്രില്‍ 2നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം  സെക്രട്ടറിയുടെ അധ്യക്ഷതയില്‍), 2026 ഏപ്രില്‍ 6നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍) യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ഈ യോഗങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു:
 
• ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക.
 
•  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
 
 •  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദൈനംദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.
 
 • പിഎന്‍ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.
 
 • എല്‍പിജി വിതരണത്തില്‍ പ്രത്യേകിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുക , വിതരണത്തില്‍  സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.
 
പരിശോധനയും നിരീക്ഷണ നടപടികളും
 
• എല്‍പിജി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കര്‍ശന പരിശോധനകള്‍ രാജ്യത്തുടനീളം തുടരുകയാണ്.  കഴിഞ്ഞ നാല് ദിവസത്തിനിടെ, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ 6480ലധികം റെയ്ഡുകളിലായി 680ലധികം സിലിണ്ടറുകള്‍ പിടിച്ചെടുത്തു. കൂടാതെ, 11 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
 
•  പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള മിന്നല്‍ പരിശോധനകളും തുടരുകയാണ്.  കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്യത്തുടനീളമുള്ള 4100ലധികം ചില്ലറ വില്പന കേന്ദ്രങ്ങളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി.
 
•  പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ 489 എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തുകയും 82 എല്‍പിജി വിതരണകേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
 
 
എല്‍പിജി വിതരണം
 
ഗാര്‍ഹിക എല്‍പിജി വിതരണ സ്ഥിതി:
 
•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.
 
•  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്കിയിട്ടുണ്ട്.
 
•  എല്‍പിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 
•  ഇന്‍ഡസ്ട്രി അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇന്നലെ 99 ശതമാനമായി വര്‍ദ്ധിച്ചു.
 
•  വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി, ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 95 ശതമാനമായി ഉയര്‍ന്നു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.
 
•  കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 1.66 കോടി എല്‍പിജി സിലിണ്ടറുകളുടെ ബുക്കിംഗ് നടന്നപ്പോള്‍  1.72  കോടിയോളം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.
 
 
 
വാണിജ്യ എല്‍പിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:
 
•  മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70 ശതമാനമായി  വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
 
• കഴിഞ്ഞ നാല് ദിവസത്തിനിടെ ഏകദേശം 1.96 ലക്ഷം 5 കിലോഗ്രാം  എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.
 
•  5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 2026 ഏപ്രില്‍ 3 മുതല്‍, പൊതുമേഖലാ എണ്ണക്കമ്പനികള്‍ 15,400 ലധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 2.45 ലക്ഷത്തിലധികം  5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.
 
•  ഇന്നലെ നടന്ന ഏകദേശം 82 ക്യാമ്പുകളിലൂടെ 1487ഓളം  5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചു.
 
•   ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ  സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ വാണിജ്യ എല്‍പിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.
 
•  2026 മേയ് ഒന്ന് മുതല്‍ ഇതുവരെ മൊത്തം  1,56,898  മെട്രിക് ടണ്‍ വാണിജ്യ എല്‍പിജി വിറ്റഴിക്കപ്പെട്ടു.
 
• കഴിഞ്ഞ നാല്  ദിവസത്തിനിടെ മൊത്തം 24,557  മെട്രിക് ടണ്‍ വാണിജ്യ എല്‍പിജിയാണ്  വിറ്റഴിക്കപ്പെട്ടത്.
 
•  കഴിഞ്ഞ നാല്  ദിവസത്തിനിടെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയുള്ള  ഓട്ടോ എല്‍പിജി വില്പന ഏകദേശം 942 മെട്രിക് ടണ്‍ ആണ്.
 
പ്രകൃതിവാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും
 
• ഗാര്‍ഹിക പിഎന്‍ജി, ഗതാഗത മേഖലയിലെ സിഎന്‍ജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.
 
•  കൂടാതെ, സിജിഡി ശൃംഖലകള്‍ വഴിയുള്ള വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകള്‍ക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 
• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എല്ലാ ജിഎകളിലും  പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് മുന്‍ഗണന നല്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
 
• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
 
• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
 
• പിഎന്‍ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ അധിക വാണിജ്യ എല്‍പിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
 
• 1955ലെ അവശ്യവസ്തു നിയമപ്രകാരം,  2026ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് 24.03.2026ലെ ഗസറ്റിലൂടെ ഭാരത സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍  മെച്ചപ്പെടുത്തുകയും,  പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.
 
•  ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ പിഎന്‍ജിആര്‍ബി, സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പിഎന്‍ജി വിപുലീകരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനായി ദേശീയ പിഎന്‍ജി യജ്ഞം 2.0, 2026 ജൂണ്‍ 30 വരെ പിഎന്‍ജിആര്‍ബി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
 
• ശുദ്ധവും കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കല്‍ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, അധിക വാണിജ്യ എല്‍പിജി വിഹിതത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കുന്നതാണ്.
 
• 2026 മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 7.99 ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 2.87 ലക്ഷം കണക്ഷനുകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകള്‍  10.86  ലക്ഷമായി ഉയര്‍ന്നു. കൂടാതെ, ഏകദേശം 8.27 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
• 2026 മെയ് 24 വരെയുള്ള കണക്കുകള്‍ പ്രകാരം, 59,800ത്തിലധികം പിഎന്‍ജി ഉപഭോക്താക്കള്‍ MYPNGD.in വെബ്‌സൈറ്റ് വഴി അവരുടെ എല്‍പിജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.
 
 
ക്രൂഡ് ഓയില്‍ സ്ഥിതിയും റിഫൈനറി പ്രവര്‍ത്തനങ്ങളും
 
• എല്ലാ റിഫൈനറികളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയില്‍ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോള്‍, ഡീസല്‍ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിര്‍ത്തുന്നുണ്ട്.
 
• ഗാര്‍ഹിക ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
 
• ആഭ്യന്തര വിപണിയില്‍ പെട്രോകെമിക്കല്‍ ഫീഡ്‌സ്‌റ്റോക്ക്  ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു അന്തര്‍മന്ത്രാലയതല ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായി, സെന്റര്‍ ഫോര്‍ ഹൈ ടെക്‌നോളജി നിശ്ചയിക്കുന്നതനുസരിച്ച്, നിര്‍ണ്ണായക മേഖലകള്‍ക്കായി നിശ്ചിത അളവില്‍ C3, C4 സ്ട്രീമുകള്‍ ലഭ്യമാക്കാന്‍ പെട്രോകെമിക്കല്‍ കോംപ്ലക്‌സുകള്‍ ഉള്‍പ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് 2026 ഏപ്രില്‍ ഒന്നിലെ ഉത്തരവിലൂടെ ഭാരത സര്‍ക്കാര്‍ അനുമതി നല്കി.
 
• ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, കെമിക്കല്‍സ് ആന്‍ഡ് പെട്രോ കെമിക്കല്‍സ് വകുപ്പ് (DCPC), വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ്  (DPIIT) എന്നിവയില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍, ഫാര്‍മ കെമിക്കല്‍ പെയ്ന്റ്  മേഖലയിലെ കമ്പനികള്‍ക്കായി എല്‍പിജി പൂളില്‍ നിന്ന് പ്രതിദിനം 1120 മെട്രിക് ടണ്‍ സി3സി4 മോളിക്യൂളുകള്‍ നല്കുന്നതിനുള്ള വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 
• 2026 മെയ് ഒന്ന് മുതല്‍  മുംബൈ, കൊച്ചി, വിശാഖപട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് റിഫൈനറികളില്‍ നിന്നായി 12,360 മെട്രിക് ടണ്ണിലധികം സി3സി4 മോളിക്യൂളുകളും (പ്രൊപ്പിലീനും ബ്യൂട്ടിലീനും ഉള്‍പ്പെടെ)  4700 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈല്‍ അക്രിലേറ്റും കെമിക്കല്‍, ഫാര്‍മ, പെയിന്റ്  വ്യവസായ മേഖലകള്‍ക്കായി വിറ്റഴിച്ചിട്ടുണ്ട്.
 
 
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും
 
•  രാജ്യത്തുടനീളമുള്ള  എല്ലാ ചില്ലറ വില്പനശാലകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.
 
•  മിഡില്‍ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയില്‍ അസാധാരണമായ വര്‍ദ്ധനവിന്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
 
•  ആഭ്യന്തര വിപണിയില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 മെയ് 15ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഭാരത സര്‍ക്കാര്‍ ഡീസലിന്റെ കയറ്റുമതി തീരുവ ലിറ്ററിന് 23 രൂപയില്‍ നിന്ന് 16.50 രൂപയായും, വിമാന ഇന്ധനത്തിന്റേത് ലിറ്ററിന് 33 രൂപയില്‍ നിന്ന് 16 രൂപയായും കുറച്ചിട്ടുണ്ട്. കൂടാതെ, പെട്രോളിന് ലിറ്ററിന് 3 രൂപ എന്ന നിരക്കില്‍ കയറ്റുമതി തീരുവ ചുമത്തുകയും ചെയ്തിട്ടുണ്ട്.
 
•  ചില പ്രദേശങ്ങളിലെ ചില്ലറ വില്പന ശാലകളില്‍ അസാധാരണമാം വിധം ഉയര്‍ന്ന വില്പനയും തിരക്കും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പെട്രോളിന്റേയും ഡീസലിന്റേയും മതിയായ സ്‌റ്റോക്ക് ലഭ്യമാണെന്ന് ഇതിനാല്‍ അറിയിക്കുന്നു.
 
 മേഖലയിലെ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ
 
പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ വിദേശകാര്യ മന്ത്രാലയം സൂക്ഷ്മമായി  നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
 
• 2026 മെയ് 15ന് പ്രധാനമന്ത്രി യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ സന്ദര്‍ശനം നടത്തി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും [സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്വും എല്‍പിജി വിതരണവും വര്‍ദ്ധിപ്പിക്കല്‍] രാജ്യത്തെ നിക്ഷേപങ്ങള്‍ക്കും ഉത്തേജനം നല്കുന്ന നിരവധി സുപ്രധാന കരാറുകളില്‍ സന്ദര്‍ശന വേളയില്‍ അദ്ദേഹം ഒപ്പുവച്ചു.
 
• കൂടാതെ, തന്ത്രപരമായ പ്രതിരോധ പങ്കാളിത്തത്തിനായുള്ള ഒരു ചട്ടക്കൂടിലും ഇന്ത്യ ഒപ്പുവച്ചു. നിക്ഷേപ മേഖലയില്‍, യു.എ.ഇ. സ്ഥാപനങ്ങള്‍  ഇന്ത്യന്‍ കമ്പനികളില്‍ 5 ബില്യണ്‍ യു.എസ്. ഡോളര്‍ നിക്ഷേപിക്കുമെന്ന് ഉറപ്പുനല്കിയിട്ടുണ്ട്.
 
• മേഖലയിലെ ഇന്ത്യന്‍ മിഷനുകള്‍  പ്രവാസി സമൂഹവുമായും സംഘടനകളുമായും  നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ മേഖലയിലെ കപ്പല്‍ ജീവനക്കാരുമായി അവര്‍ നിരന്തരം ബന്ധപ്പെടുകയും സാധ്യമായ എല്ലാ പിന്തുണയും നല്കുകയും ചെയ്യുന്നുണ്ട്.

***

 

( റിലീസ് ഐ.ഡി: 2265191) സന്ദര്‍ശക കൗണ്ടര്‍ : 14