പ്രധാനമന്ത്രിയുടെ ഓഫീസ്
നെതർലൻഡ്‌സ് പ്രധാനമന്ത്രി റോബ് ജെറ്റനുമായുള്ള പ്രതിനിധിതല ചർച്ചയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
16 MAY 2026 11:58PM by PIB Thiruvananthpuram
ആദരണീയ വ്യക്തിത്വം,
എനിക്കും എന്റെ പ്രതിനിധിസംഘത്തിനും നൽകിയ ഊഷ്മളമായ സ്വീകരണത്തിന് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നെതർലൻഡ്‌സ് സന്ദർശിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, ഇന്ത്യ-നെതർലൻഡ്‌സ് പങ്കാളിത്തം ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു.
ആദരണീയ വ്യക്തിത്വം,
ഇന്ത്യയുടെ ഏറ്റവും പ്രധാന പങ്കാളികളിലൊന്നായാണ് ഞങ്ങൾ നെതർലൻഡ്‌സിനെ കണക്കാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപ രാജ്യങ്ങളിലൊന്നാണ് നെതർലൻഡ്‌സ്. നമ്മുടെ ചരിത്രപരമായ സാംസ്കാരിക ബന്ധങ്ങളും ഇരുരാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ബന്ധവും വളരെ ആഴത്തിലുള്ളതാണ്. ജനാധിപത്യ മൂല്യങ്ങൾ, വിപണി സമ്പദ്‌വ്യവസ്ഥ, ഉത്തരവാദിത്തമുള്ള പെരുമാറ്റം എന്നിവ നമ്മുടെ പങ്കിട്ട കാഴ്ചപ്പാടിന്റെ ഭാഗമാണ്. ജലം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ നമ്മുടെ സഹകരണം നമ്മുടെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നു. വളർന്നുവരുന്ന ഈ സഹകരണം കണക്കിലെടുത്ത്, 2023-ൽ ഇന്ത്യയുടെ G20 അധ്യക്ഷപദവിയുടെ കാലത്ത് ഞങ്ങൾ നെതർലൻഡ്‌സിനെ ഒരു അതിഥിരാജ്യമായി ക്ഷണിച്ചു. കഴിഞ്ഞ ഫെബ്രുവരിയിൽ നെതർലൻഡ്‌സിന്റെ മുൻ പ്രധാനമന്ത്രി ഇന്ത്യയിൽ നടന്ന എഐ ഇംപാക്ട് ഉച്ചകോടിയിൽ പങ്കെടുത്തതിലും ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.
ആദരണീയ വ്യക്തിത്വം,
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യവും ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയുമാണ് ഇന്ത്യ. നെതർലൻഡ്‌സിലെയും യൂറോപ്പിലെയും പുതിയ തലമുറ നേതൃത്വത്തെയാണ് നിങ്ങൾ പ്രതിനിധീകരിക്കുന്നത്. എല്ലാ മേഖലകളിലും നെതർലൻഡ്‌സിന്റെ വൈദഗ്ധ്യവും ഇന്ത്യയുടെ വേഗതയും വ്യാപ്തിയും നാം സംയോജിപ്പിക്കണം. നവീകരണം, നിക്ഷേപം, സുസ്ഥിരത, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം പുതിയ ഉയരങ്ങളിലേക്ക് എത്തിക്കണം. ഈ പങ്കിട്ട കാഴ്ചപ്പാടോടെ ഇന്ന് നാം ഇന്ത്യ-നെതർലൻഡ്‌സ് ബന്ധത്തെ ഒരു തന്ത്രപ്രധാന പങ്കാളിത്ത തലത്തിലേക്ക് ഉയർത്തുകയാണ്. നിങ്ങളുടെ ഔദാര്യപൂർണ്ണമായ സ്വീകരണത്തിന് ഒരിക്കൽ കൂടി ഞാൻ എന്റെ ഹൃദയംഗമമായ നന്ദിയറിയിക്കുന്നു.
***
SK
( റിലീസ് ഐ.ഡി: 2262612)
സന്ദര്‍ശക കൗണ്ടര്‍ : 8
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada