പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങള്‍ സംബന്ധിച്ച അന്തര്‍- മന്ത്രാലയ പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 14 MAY 2026 5:12PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പൗരന്മാരെ അറിയിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഭാരത സര്‍ക്കാര്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി, നാഷണല്‍ മീഡിയ സെന്ററില്‍ ഇന്ന് ഒരു വാര്‍ത്താ സമ്മേളനം നടന്നു. പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം, തുറമുഖ-ഷിപ്പിംഗ്-ജലപാതാ മന്ത്രാലയം, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എന്നിവയുടെ പ്രതിനിധികള്‍ ഇന്ധന ലഭ്യത, സമുദ്ര പ്രവര്‍ത്തനങ്ങള്‍, ഈ മേഖലയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നല്കുന്ന പിന്തുണ, പ്രധാന  മേഖലകളില്‍ സ്ഥിരത നിലനിര്‍ത്തുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ എന്നിവ സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവെച്ചു.



ഊര്‍ജ്ജ വിതരണവും ഇന്ധന ലഭ്യതയും

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍, രാജ്യത്തുടനീളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും എല്‍പിജി-യുടേയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം പങ്കുവെച്ചു. താഴെ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധയില്‍പ്പെടുത്തിയത്:

 



പൊതുജനങ്ങള്‍ക്കുള്ള നിര്‍ദ്ദേശങ്ങളും പൗര ബോധവല്‍ക്കരണവും

• പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അതിനാല്‍ ഇവ പരിഭ്രാന്തി മൂലം വാങ്ങിക്കൂട്ടുന്നത് ഒഴിവാക്കാന്‍ പൗരന്മാരോട് നിര്‍ദ്ദേശിക്കുന്നു.

•  വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാനും ശരിയായ വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കാനും പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

•  എല്‍പിജി ഉപഭോക്താക്കള്‍ ബുക്കിംഗിനായി ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും വിതരണ കേന്ദ്രങ്ങള്‍  നേരിട്ട് സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

•  സാധ്യമായ ഇടങ്ങളിലൊക്കെ പിഎന്‍ജി, ഇലക്ട്രിക് അല്ലെങ്കില്‍ ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകള്‍ തുടങ്ങിയ ഇതര ഇന്ധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.

• നിലവിലെ സാഹചര്യത്തില്‍, ദൈനംദിന ഉപയോഗത്തില്‍ ഊര്‍ജ്ജം ലാഭിക്കുന്നതിന് ആവശ്യമായ ശ്രമങ്ങള്‍ നടത്താന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു.



സര്‍ക്കാരിന്റെ തയ്യാറെടുപ്പുകളും വിതരണ നിയന്ത്രണ നടപടികളും

• നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ക്കിടയിലും, ഗാര്‍ഹിക എല്‍പിജി, ഗാര്‍ഹിക പിഎന്‍ജി, സിഎന്‍ജി (ഗതാഗതം) എന്നിവയുടെ വിതരണം നൂറു ശതമാനവും ഉറപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്.

•  വാണിജ്യ എല്‍പിജി വിതരണത്തില്‍ ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മുന്‍ഗണന നല്കിയിട്ടുണ്ട്. ഇതിനുപുറമെ ഫാര്‍മ, സ്റ്റീല്‍, ഓട്ടോമൊബൈല്‍, വിത്ത്, കൃഷി തുടങ്ങിയ മേഖലകള്‍ക്കും മുന്‍ഗണന നല്കുന്നുണ്ട്. കൂടാതെ, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോഗ്രാം എഫ്ടിഎല്‍ സിലിണ്ടറുകളുടെ വിതരണം 2026 മാര്‍ച്ച് 2, 3 തീയതികളിലെ ശരാശരി പ്രതിദിന വിതരണത്തെ അടിസ്ഥാനമാക്കി ഇരട്ടിയാക്കിയിട്ടുണ്ട്.

•  റിഫൈനറി ഉത്പാദനം വര്‍ദ്ധിപ്പിക്കുക, ബുക്കിംഗ് ഇടവേളകള്‍ നഗരപ്രദേശങ്ങളില്‍ 21-ല്‍ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളില്‍ 45 ദിവസമായും വര്‍ദ്ധിപ്പിക്കുക, വിതരണത്തിനായി വിവിധ മേഖലകള്‍ക്ക് മുന്‍ഗണന നിശ്ചയിക്കുക എന്നിവയുള്‍പ്പെടെ വിതരണ-ആവശ്യകത മേഖലകളില്‍ സര്‍ക്കാര്‍ ഇതിനകം തന്നെ നിരവധി യുക്തിസഹമായ ക്രമീകരണങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്.

• എല്‍പിജി ആവശ്യകതയിലെ സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനായി മണ്ണെണ്ണ, കല്‍ക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

• ചെറുകിട, ഇടത്തരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അളവില്‍ കല്‍ക്കരി അനുവദിക്കാന്‍ കല്‍ക്കരി മന്ത്രാലയം കോള്‍ ഇന്ത്യയ്ക്കും സിംഗരേണി കല്‍ക്കരി ഖനികള്‍ക്കും ഇതിനകം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.

• ഗാര്‍ഹിക, വാണിജ്യ ഉപഭോക്താക്കള്‍ക്ക് പുതിയ പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളുമായി ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും സ്ഥാപനപരമായ സംവിധാനങ്ങളും

• പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം നിരീക്ഷിക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവയ്ക്കെതിരെ നടപടിയെടുക്കുന്നതിനും 1955-ലെ അവശ്യവസ്തു നിയമം, 2000-ലെ എല്‍പിജി നിയന്ത്രണ ഉത്തരവ് എന്നിവ പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം നല്കിയിട്ടുണ്ട്.

• പെട്രോള്‍, ഡീസല്‍, എല്‍പിജി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും പ്രധാന പങ്കുണ്ട്. കത്തുകളിലൂടെയും വീഡിയോ കോണ്‍ഫറന്‍സുകളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

• ഇന്ധന ലഭ്യത സംബന്ധിച്ച് പൗരന്മാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്കുന്നതിനായി സജീവമായ ആശയവിനിമയം നടത്തണമെന്ന് 2026 മാര്‍ച്ച് 27-ലേയും 2026 ഏപ്രില്‍ 2-ലേയും കത്തുകളിലൂടെ ഭാരത സര്‍ക്കാര്‍ ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പതിവായി അവലോകന യോഗങ്ങള്‍ ചേരുന്നുണ്ട്. ഇതിന്റെ ഭാഗമായി, 2026 ഏപ്രില്‍ 2-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം  സെക്രട്ടറിയുടെ അധ്യക്ഷതയില്‍), 2026 ഏപ്രില്‍ 6-നും (പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം സെക്രട്ടറി, വാര്‍ത്താവിതരണ പ്രക്ഷേപണ, ഉപഭോക്തൃ കാര്യ മന്ത്രാലയങ്ങളിലെ സെക്രട്ടറിമാര്‍ എന്നിവരുടെ അധ്യക്ഷതയില്‍) യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. ഈ യോഗങ്ങളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ഊന്നിപ്പറഞ്ഞു:

• ദിവസേന പത്രസമ്മേളനങ്ങള്‍ നടത്തുകയും കൃത്യമായ ഇടവേളകളില്‍ പൊതുജനങ്ങള്‍ക്കുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്യുക.

•  സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.

•  ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ദൈനംദിന പരിശോധനകള്‍ ശക്തമാക്കുകയും എണ്ണക്കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക.

•  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വാണിജ്യ എല്‍പിജി വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

•  സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അധികമായി അനുവദിച്ചിട്ടുള്ള മണ്ണെണ്ണയുടെ  വിതരണം സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കുക.

• പിഎന്‍ജി സ്വീകരിക്കുന്നതും ഇതര ഇന്ധനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുക.

• എല്‍പിജി വിതരണത്തില്‍ പ്രത്യേകിച്ച് ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്കുക , വിതരണത്തില്‍  സ്ഥിരത ഉറപ്പാക്കുന്നതിനായി 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ലക്ഷ്യബദ്ധമായ വിതരണ രീതി സ്വീകരിക്കുക.


• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കണ്‍ട്രോള്‍ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

• ഒട്ടുമിക്ക സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കൃത്യമായ ഇടവേളകളില്‍ പത്രസമ്മേളനങ്ങള്‍ നടത്തുകയും വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്.


 

പരിശോധനയും നിരീക്ഷണ നടപടികളും

• എല്‍പിജി പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിനുള്ള കര്‍ശന പരിശോധനകള്‍  രാജ്യത്തുടനീളം തുടരുകയാണ്.  ഇതിന്റെ ഭാഗമായി സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇന്നലെ മാത്രം 2,000-ത്തിലധികം റെയ്ഡുകള്‍ നടന്നു.

•  ഇന്ധന വിതരണം സുഗമമാക്കുന്നതിനും പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ പരിശോധിക്കുന്നതിനുമായി പൊതുമേഖലാ എണ്ണക്കമ്പനികളിലെ ഉദ്യോഗസ്ഥര്‍ ഇന്നലെ രാജ്യത്തുടനീളമുള്ള ഏകദേശം 1160 ചില്ലറ വില്പന കേന്ദ്രങ്ങളിലും എല്‍പിജി വിതരണ കേന്ദ്രങ്ങളിലും മിന്നല്‍ പരിശോധന നടത്തി.

•  പൊതുമേഖലാ എണ്ണക്കമ്പനികള്‍ മിന്നല്‍ പരിശോധനകള്‍ ശക്തമാക്കുകയും തുടരുകയും ചെയ്യുന്നുണ്ട്. ഇതുവരെ  401 എല്‍പിജി വിതരണ കേന്ദ്രങ്ങള്‍ക്ക് പിഴ ചുമത്തി. ചട്ടങ്ങള്‍ ലംഘിച്ച 76 എല്‍പിജി വിതരണകേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.


 

എല്‍പിജി വിതരണം

ഗാര്‍ഹിക എല്‍പിജി വിതരണ സ്ഥിതി:

•  നിലവിലെ ഭൗമരാഷ്ട്രീയ സാഹചര്യം എല്‍പിജി വിതരണത്തെ ഇപ്പോഴും ബാധിക്കുന്നുണ്ട്.

•  ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി വിതരണത്തിന് മുന്‍ഗണന നല്കിയിട്ടുണ്ട്.

•  എല്‍പിജി വിതരണ കേന്ദ്രങ്ങളിലൊന്നും ഇന്ധനം തീര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

•  ഇന്‍ഡസ്ട്രി അടിസ്ഥാനത്തിലുള്ള ഓണ്‍ലൈന്‍ എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് ഇന്നലെ 99 ശതമാനമായി വര്‍ദ്ധിച്ചു.

•  വിതരണത്തിലെ ക്രമക്കേടുകള്‍ തടയുന്നതിനായി, ഡെലിവറി ഓതന്റിക്കേഷന്‍ കോഡ് (DAC) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 95 ശതമാനമായി ഉയര്‍ന്നു. ഉപഭോക്താവിന്റെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.

•  കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏകദേശം 1.40 കോടി സിലിണ്ടറുകളുടെ ബുക്കിംഗുകള്‍ നടന്നപ്പോള്‍ 1.39 കോടി ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളാണ് ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തത്.

•  ഇന്നലെ മാത്രം, ഏകദേശം 46.06 ലക്ഷം സിലിണ്ടറുകളുടെ ബുക്കിംഗുകള്‍ നടക്കുകയും 49.7 ലക്ഷത്തിലധികം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകള്‍ വിതരണം ചെയ്യുകയും ചെയ്തു.


വാണിജ്യ എല്‍പിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:

•  മൊത്തം വാണിജ്യ എല്‍പിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിന്റെ ഏകദേശം 70 ശതമാനമായി  വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇതില്‍ 10 ശതമാനം പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.

•  അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോഗ്രാം  എഫ്.ടി.എല്‍ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രില്‍ 6-ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2026 മാര്‍ച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിന്റെ  (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിലാണ് ഈ വര്‍ദ്ധനവ്. 2026 മാര്‍ച്ച് 21-ലെ കത്തില്‍ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ക്ക്  മാത്രമായി വിതരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിട്ടുനല്കിയിട്ടുണ്ട്.

• കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏകദേശം 1.90 ലക്ഷം 5 കിലോഗ്രാം  എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെട്ടു.

•  ഇന്നലെ മാത്രം  5 കിലോഗ്രാമിന്റെ ഏകദേശം 67,600   എഫ്.ടി.എല്‍ സിലിണ്ടറുകളാണ് വിറ്റഴിക്കപ്പെട്ടത്.

•  5 കിലോ എഫ്.ടി.എല്‍ സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി 2026 ഏപ്രില്‍ 3 മുതല്‍,പൊതുമേഖലാ എണ്ണക്കമ്പനികള്‍ 11,870-ലധികം ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് 2.10 ലക്ഷത്തിലധികം  5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു.


•  ഇന്നലെ നടന്ന 214 ക്യാമ്പുകളിലൂടെ ഏകദേശം 3,480 - 5 കിലോഗ്രാം എഫ്.ടി.എല്‍ സിലിണ്ടറുകള്‍ വിറ്റഴിച്ചു.

•   ഐ.ഒ.സി.എല്‍, എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍ എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അടങ്ങുന്ന മൂന്നംഗ സമിതി സംസ്ഥാന അധികാരികളുമായും വ്യവസായ  സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് സംസ്ഥാനങ്ങളില്‍/കേന്ദ്രഭരണ പ്രദേശങ്ങളില്‍ വാണിജ്യ എല്‍പിജി വില്പനയ്ക്കുള്ള പദ്ധതിക്ക് അന്തിമരൂപം നല്കുന്നു.

•  2026 മേയ് ഒന്ന് മുതല്‍ ഇതുവരെ മൊത്തം 83,549 മെട്രിക് ടണ്‍ (ഇത് 43.97 ലക്ഷത്തിലധികം 19 കിലോഗ്രാം  വാണിജ്യ  എല്‍പിജി സിലിണ്ടറുകള്‍ക്ക് തുല്യമാണ്) വാണിജ്യ  എല്‍പിജി വിറ്റഴിക്കപ്പെട്ടു.

• കഴിഞ്ഞ 3 ദിവസത്തിനിടെ മൊത്തം 23,820 മെട്രിക് ടണ്‍ (ഇത് 12.53 ലക്ഷത്തിലധികം 19 കിലോഗ്രാം  വാണിജ്യ  എല്‍പിജി സിലിണ്ടറുകള്‍ക്ക് തുല്യമാണ്) വാണിജ്യ എല്‍പിജി-യാണ്  വിറ്റഴിക്കപ്പെട്ടത്.

•  ഇന്നലെ മാത്രം ഏകദേശം 7,836 മെട്രിക് ടണ്‍ (ഇത്  4.12 ലക്ഷത്തിലധികം 19 കിലോഗ്രാം  എല്‍പിജി സിലിണ്ടറുകള്‍ക്ക് തുല്യമാണ് ) വാണിജ്യ  എല്‍പിജി വിറ്റഴിക്കപ്പെട്ടു.


•  2026 ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിദിന ശരാശരി വില്പനയായ 177 മെട്രിക് ടണ്ണിനെതിരെ, പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഴിയുള്ള ഓട്ടോ എല്‍പിജി വില്പന ഇന്നലെ ഏകദേശം 357 മെട്രിക് ടണ്‍ ആണ്.


പ്രകൃതിവാതക വിതരണവും പിഎന്‍ജി വിപുലീകരണ സംരംഭങ്ങളും

• ഗാര്‍ഹിക പിഎന്‍ജി, ഗതാഗത മേഖലയിലെ സിഎന്‍ജി എന്നിവയ്ക്ക്  നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് മുന്‍ഗണന നല്കിയിട്ടുണ്ട്.

•  കൂടാതെ, സിജിഡി ശൃംഖലകള്‍ വഴിയുള്ള വിതരണം ഉള്‍പ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകള്‍ക്കുള്ള ഗ്യാസ് വിതരണം 80 ശതമാനം വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

• വാണിജ്യ എല്‍പിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് എല്ലാ ജിഎ-കളിലും  പിഎന്‍ജി കണക്ഷനുകള്‍ നല്കുന്നതിന് മുന്‍ഗണന നല്കാന്‍ സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.

• ഐജിഎല്‍, എംജിഎല്‍, ഗെയില്‍ ഗ്യാസ്, ബിപിസിഎല്‍ എന്നിവയുള്‍പ്പെടെയുള്ള സിജിഡി കമ്പനികള്‍ ഗാര്‍ഹിക, വാണിജ്യ പിഎന്‍ജി കണക്ഷനുകള്‍ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും  അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

• എല്‍പിജിയില്‍ നിന്ന് പിഎന്‍ജിയിലേക്കുള്ള ദീര്‍ഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കില്‍, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാണിജ്യ എല്‍പിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 18.03.2026-ലെ കത്തിലൂടെ ഭാരത സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

• പിഎന്‍ജി വിപുലീകരണ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് 22 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ അധിക വാണിജ്യ എല്‍പിജി വിഹിതം കൈപ്പറ്റുന്നുണ്ട്.

•  റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 2026 മാര്‍ച്ച് 24-ലെ കത്തിലൂടെ സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകള്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായി സമയപരിധി കുറച്ചുകൊണ്ടുള്ള ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട്  മൂന്ന് മാസത്തേക്ക് പ്രത്യേകമായി നടപ്പിലാക്കിയിട്ടുണ്ട്. സിജിഡി അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട അപേക്ഷകള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നതിനാണ് ഈ നടപടി.

• 1955-ലെ അവശ്യവസ്തു നിയമപ്രകാരം,  2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകള്‍ സ്ഥാപിക്കല്‍, നിര്‍മ്മാണം, പ്രവര്‍ത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങള്‍ എന്നിവയിലൂടെ) ഉത്തരവ് 24.03.2026-ലെ ഗസറ്റിലൂടെ ഭാരത സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികള്‍ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങള്‍ വേഗത്തില്‍ വികസിപ്പിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎന്‍ജി ശൃംഖലയുടെ വളര്‍ച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകള്‍  മെച്ചപ്പെടുത്തുകയും,  പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുകയും ചെയ്യും.

•  ഗാര്‍ഹിക പിഎന്‍ജി കണക്ഷനുകള്‍ വേഗത്തിലാക്കാന്‍ പിഎന്‍ജിആര്‍ബി, സിജിഡി സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. പിഎന്‍ജി വിപുലീകരണത്തിന്റെ വേഗത നിലനിര്‍ത്തുന്നതിനായി ദേശീയ പിഎന്‍ജി യജ്ഞം 2.0, 2026 ജൂണ്‍ 30 വരെ പിഎന്‍ജിആര്‍ബി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.

• ശുദ്ധവും കൂടുതല്‍ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊര്‍ജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഭാരത സര്‍ക്കാര്‍ ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കല്‍ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശ ചട്ടക്കൂടായി പ്രവര്‍ത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങള്‍ക്ക്, അധിക വാണിജ്യ എല്‍പിജി വിഹിതത്തിന്റെ അടുത്ത ഗഡു അനുവദിക്കുന്നതില്‍ മുന്‍ഗണന നല്കുന്നതാണ്.

•  സിജിഡി ശൃംഖലകള്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങള്‍ക്കും ആവശ്യമായ സ്ഥാപനാനുമതി അല്ലെങ്കില്‍ പ്രവര്‍ത്തനാനുമതി 15 ദിവസത്തിനുള്ളില്‍ നല്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്കും മലിനീകരണ നിയന്ത്രണ സമിതികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കാന്‍ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2026 ഏപ്രില്‍ 7-ലെ ഉത്തരവിലൂടെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

• 2026 മാര്‍ച്ച് മുതല്‍ ഇതുവരെ ഏകദേശം 7.03 ലക്ഷം പിഎന്‍ജി കണക്ഷനുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. കൂടാതെ 2.72 ലക്ഷം കണക്ഷനുകള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്തു, ഇതോടെ ആകെ കണക്ഷനുകള്‍  9.75 ലക്ഷമായി ഉയര്‍ന്നു. കൂടാതെ, ഏകദേശം  7.49 ലക്ഷം ഉപഭോക്താക്കള്‍ പുതിയ കണക്ഷനുവേണ്ടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

• 2026 മെയ് 13 വരെയുള്ള കണക്കുകള്‍ പ്രകാരം, 57,200-ത്തിലധികം പിഎന്‍ജി ഉപഭോക്താക്കള്‍ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ എല്‍പിജി കണക്ഷനുകള്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്. അസംസ്‌കൃത ഇന്ധനത്തിന്റെ തല്‍സ്ഥിതിയും റിഫൈനറി പ്രവര്‍ത്തനങ്ങളും

· മതിയായ അസംസ്‌കൃത ഇന്ധന ലഭ്യതയോടെ എല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയര്‍ന്ന ശേഷിയില്‍ പ്രവര്‍ത്തിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ആവശ്യത്തിനുള്ള സംഭരണമുണ്ട് .

· ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളില്‍ നിന്നുള്ള ആഭ്യന്തര എല്‍പിജി ഉത്പാദനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

•ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ ലഭ്യത ഉറപ്പാക്കുന്നതിനായി ഒരു മന്ത്രാലയ തല സംയുക്ത പ്രവര്‍ത്തക സമിതി (ജെഡബ്ല്യുജി) രൂപീകരിച്ചു. തുടര്‍ന്ന്, സെന്റര്‍ ഫോര്‍ ഹൈ ടെക്നോളജി (സിഎച്ച്ടി) നിര്‍ണ്ണയിക്കുന്ന പ്രകാരം പ്രധാന മേഖലകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും മിനിമം ആവശ്യമായ C3 & C4 സംയുക്തങ്ങള്‍ ലഭ്യമാക്കാന്‍ പെട്രോകെമിക്കല്‍ കോംപ്ലക്സുകള്‍ ഉള്‍പ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികള്‍ക്ക് 01.04.2026 ലെ ഉത്തരവ് പ്രകാരം ഇന്ത്യാ ഗവണ്‍മെന്റ് അനുമതി നല്‍കി.

•ഫാര്‍മസ്യൂട്ടിക്കല്‍സ് വകുപ്പ്, കെമിക്കല്‍സ് & പെട്രോ കെമിക്കല്‍സ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാര വകുപ്പ് (DPIIT) എന്നിവയില്‍ നിന്ന് ലഭിച്ച അഭ്യര്‍ത്ഥനകളുടെ അടിസ്ഥാനത്തില്‍, ഫാര്‍മ, കെമിക്കല്‍, പെയിന്റ് മേഖലയിലെ കമ്പനികള്‍ക്ക് LPG പൂളില്‍ നിന്ന് പ്രതിദിനം 1120 മെട്രിക് ടണ്‍ ഇന്ധനം എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

•2026 മേയ് 1 മുതല്‍ കെമിക്കല്‍, ഫാര്‍മ, പെയിന്റ് വ്യവസായ മേഖലയ്ക്ക് മുംബൈ, കൊച്ചി, വിശാഖ പട്ടണം, ചെന്നൈ, മഥുര, ഗുജറാത്ത് എന്നിവിടങ്ങളിലെ റിഫൈനറികള്‍ നിന്നും 6700 മെട്രിക് ടണ്ണിലധികം C3-C4 സംയുക്തങ്ങള്‍ (പ്രൊപിലീന്‍, ബ്യൂട്ടിലിന്‍ എന്നിവ ഉള്‍പ്പെടെ),
2800 മെട്രിക് ടണ്ണിലധികം ബ്യൂട്ടൈല്‍ അക്രിലേറ്റ് എന്നിവ വിറ്റു.


 ഇന്ധനത്തിന്റെ ചില്ലറ ലഭ്യതയും വിലനിര്‍ണ്ണയ നടപടികളും:

· രാജ്യത്തുടനീളമുള്ള ചില്ലറ ഇന്ധന വില്‍പ്പന ശാലകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു.

•പശ്ചിമേഷ്യന്‍ പ്രതിസന്ധി അസംസ്‌കൃത എണ്ണ വിലയില്‍ അസാധാരണമായ വര്‍ദ്ധനയ്ക്ക് കാരണമായി; എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്‍മെന്റ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ലിറ്ററിന് 10 രൂപ കുറച്ചു.

•രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും ആവശ്യത്തിന് പെട്രോളും ഡീസലും ലഭ്യമാണെന്ന് അറിയിക്കുന്നു. പെട്രോളിന്റെയും ഡീസലിന്റെയും റീട്ടെയില്‍ വിലകളില്‍ മാറ്റമില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വിലവര്‍ദ്ധന ഇല്ല.


 

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവര്‍ത്തനങ്ങളും:

പേര്‍ഷ്യന്‍ ഗള്‍ഫിലെ നിലവിലുള്ള സമുദ്ര സ്ഥിതിഗതികളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം നല്‍കി. മേഖലയിലെ ഇന്ത്യന്‍ കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മന്ത്രാലയം വിശദീകരിച്ചു. അതില്‍ ഇങ്ങനെ അറിയിക്കുന്നു :

•ഇന്ത്യയ്ക്കായി 19,965 മെട്രിക് ടണ്‍ എല്‍പിജി ചരക്ക് വഹിച്ചുകൊണ്ട് മാര്‍ഷല്‍ ദ്വീപുകളുടെ പതാകയുള്ള  കപ്പല്‍ സൈമി(SYMI ) 2026 മെയ് 13 ന് ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമായി കടന്നു. 21 വിദേശ ജീവനക്കാരുള്ള കപ്പല്‍ 2026 മെയ് 16 ന് കാണ്ട്‌ലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

· എന്‍ വി സണ്‍ഷൈന്‍ എന്ന വിയറ്റ്‌നാം പതാകയുള്ള കപ്പല്‍ ഇന്ത്യയ്ക്കായി 46,427 മെട്രിക് ടണ്‍ എല്‍പിജി ചരക്ക് വഹിച്ചുകൊണ്ട് 2026 മെയ് 14 ന്  ഹോര്‍മുസ് കടലിടുക്ക്  സുരക്ഷിതമായി കടന്നു. 24 വിദേശ ജീവനക്കാരുള്ള കപ്പല്‍ 2026 മെയ് 18 ന് ന്യൂ മംഗലാപുരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

· സൊമാലിയയില്‍ നിന്ന് യുഎഇയിലെ ഷാര്‍ജയിലേക്കുള്ള യാത്രയ്ക്കിടെ യന്ത്രവല്‍കൃത ഇന്ത്യന്‍ പായ്ക്കപ്പല്‍(MSV) ഹാജി അലി , 2026 മെയ് 13 ന് പുലര്‍ച്ചെ ഒമാനി സമുദ്രാതിര്‍ത്തിയില്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇത് കപ്പലില്‍ തീപിടുത്തത്തിനും തുടര്‍ന്ന് കപ്പല്‍ മുങ്ങുന്നതിനും കാരണമായി.

 · കപ്പലിലുണ്ടായിരുന്ന 14 ജീവനക്കാരെയും ഒമാനി തീരസംരക്ഷണ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി, ഒമാനിലെ ദിബ്ബ തുറമുഖത്ത് എത്തിച്ചു. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുണ്ട്. കൂടാതെ പ്രാദേശിക അധികൃതരുമായി ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

•ഒമാന്‍ അധികൃതര്‍ , ഇന്ത്യന്‍ മിഷന്‍ ഉദ്യോഗസ്ഥര്‍ , ബന്ധപ്പെട്ട സമുദ്ര ഏജന്‍സികള്‍ എന്നിവരുമായി ഇന്ത്യാ ഗവണ്‍മെന്റ് അടുത്ത ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.

· കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍, എംഎസ് വി ഹാജി അലി സംഭവം ഒഴികെ, ഇന്ത്യന്‍ കപ്പലുകളോ ഇന്ത്യന്‍ നാവികര്‍ സഞ്ചരിച്ച വിദേശ കപ്പലുകളോ ഉള്‍പ്പെട്ട മറ്റ് അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ മേഖലയില്‍ റിപ്പോര്‍ട്ട് ഉള്ള മറ്റ് എല്ലാ ഇന്ത്യന്‍ നാവികരും സുരക്ഷിതരാണ്.

 • ഡിജി ഷിപ്പിംഗ് കണ്‍ട്രോള്‍ റൂം സജീവമാക്കിയതിനുശേഷം ഇതുവരെ 9,266 കോളുകളും 20,592 ഇമെയിലുകളും കൈകാര്യം ചെയ്തു.കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ ആകെ 377 കോളുകളും 834 ഇമെയിലുകളും ലഭിച്ചു.

· ഗള്‍ഫ് മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 62 പേര്‍ ഉള്‍പ്പെടെ ഇതുവരെ 3,158 ല്‍ അധികം ഇന്ത്യന്‍ നാവികരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ ഡിജി ഷിപ്പിംഗ് സൗകര്യമൊരുക്കി.

· ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ തുടരുന്നു. എവിടെയും തിരക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

 നാവികരുടെ ക്ഷേമവും തടസ്സമില്ലാത്ത സമുദ്ര പ്രവര്‍ത്തനങ്ങളും ഉറപ്പാക്കുന്നതിനായി കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം വിദേശകാര്യ മന്ത്രാലയം, ഇന്ത്യന്‍ മിഷനുകള്‍ , സമുദ്ര പങ്കാളികള്‍ എന്നിവരുമായി ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നത് തുടരുന്നു.

 

***

( റിലീസ് ഐ.ഡി: 2261187) സന്ദര്‍ശക കൗണ്ടര്‍ : 12