ആഭ്യന്തരകാര്യ മന്ത്രാലയം
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന എന്‍ഡിആര്‍എഫിന്റെ 'പ്രസിഡന്റ്‌സ് കളര്‍' അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ. അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു
പോസ്റ്റഡ് ഓണ്‍:
14 MAY 2026 1:40PM by PIB Thiruvananthpuram
ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍ഡിആര്‍എഫ്) പ്രസിഡന്റ്‌സ് കളര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ. അമിത് ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഡയറക്ടര്‍, എന്‍ഡിആര്‍എഫ് ഡയറക്ടര്‍ ജനറല്‍ തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
എന്‍ഡിആര്‍എഫിന് 'പ്രസിഡന്റ്സ് കളര്‍' നല്‍കുന്നത് സേനയുടെ പ്രശംസനീയമായ സേവനങ്ങള്‍ക്കുള്ള അംഗീകാരം മാത്രമല്ല, എസ്ഡിആര്‍എഫുകള്‍, പഞ്ചായത്തുകള്‍ മുതല്‍ സംസ്ഥാനങ്ങള്‍ വരെയുള്ള എല്ലാ സംവിധാനങ്ങളും , എന്‍സിസി, എന്‍എസ്എസ്, ആയിരക്കണക്കിന് ദുരന്ത സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരുടെ സംഭാവനകള്‍ക്കുള്ള രാഷ്ട്രപതിയുടെ അംഗീകാരം കൂടിയാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ. അമിത് ഷാ പറഞ്ഞു. 'ആപ്ദ സേവ സദൈവ് സര്‍വത്ര' എന്ന മുദ്രാവാക്യവുമായി എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ രാജ്യത്തെവിടെയും സേവനത്തിനായി പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലോ വിദേശത്തോ എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എവിടെ പോയാലും സ്‌നേഹവും വിശ്വാസവും നേടിയിട്ടുണ്ടെന്ന് ശ്രീ ഷാ പറഞ്ഞു. രാജ്യത്ത് എവിടെയെങ്കിലും ഒരു ദുരന്തം സംഭവിക്കുമ്പോഴോ അല്ലെങ്കില്‍ അപകടം പ്രതീക്ഷിക്കുമ്പോഴോ അവിടെ, എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിജയിക്കുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. സ്ഥാപിതമായതിനുശേഷം കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, പ്രളയം , ഭൂകമ്പം, ചുഴലിക്കാറ്റുകള്‍, മറ്റ് ദുരന്തങ്ങള്‍ എന്നിവയുണ്ടായപ്പോള്‍ വിജയകരമായ പ്രവര്‍ത്തനങ്ങളിലൂടെ എന്‍ഡിആര്‍എഫ്, രാജ്യത്തുടനീളമുള്ള 140 കോടി പൗരന്മാരുടെ വിശ്വാസം നേടിയിട്ടുണ്ടെന്ന് ശ്രീ. ഷാ പറഞ്ഞു. 1.5 ലക്ഷത്തിലധികം ജീവന്‍ രക്ഷിക്കുകയും 9 ലക്ഷത്തിലധികം പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്ത എന്‍ഡിആര്‍എഫ് ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം, ജനങ്ങളില്‍ സുരക്ഷയും ശക്തമായ വിശ്വാസവും ജനിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ്‌സ് കളര്‍ പുരസ്‌കാരം നല്‍കുന്നത് എന്‍ഡിആര്‍എഫിന്റെ സേവനം, ധൈര്യം, ശൗര്യം, സമര്‍പ്പണം എന്നിവയ്ക്കുള്ള അംഗീകാരമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ദുരന്ത പ്രതികരണ മേഖലയുടെ ആഗോള ഭൂപടത്തില്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും (എന്‍ഡിഎംഎ) എന്‍ഡിആര്‍എഫും ഇന്ത്യയ്ക്ക് പ്രമുഖ സ്ഥാനം നല്‍കുന്നു. ഇത് എല്ലാ പൗരന്മാര്‍ക്കും അഭിമാനകരമായ കാര്യമാണെന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ പ്രത്യേക അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
116 കോടിയില്‍ അധികം രൂപയുടെ മൂല്യമുള്ള പദ്ധതികള്‍ ഇന്ന് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്തതായി ശ്രീ. അമിത് ഷാ പറഞ്ഞു. എല്ലാത്തരം ദുരന്തങ്ങളില്‍ നിന്നും പൗരന്മാരെ സംരക്ഷിക്കുന്നതിനുള്ള എന്‍ഡിആര്‍എഫിന്റെ ശേഷിയെ ഈ പദ്ധതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, 2014 മുതല്‍ ഇന്ത്യ ദുരന്തസാധ്യത കുറയ്ക്കുന്നതിനായി പ്രവര്‍ത്തിക്കുക മാത്രമല്ല, ആളപായമില്ലാതെയാക്കുക എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാന്‍ കഴിയുന്ന ഒരു ഘട്ടത്തിലെത്തിയിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു.കാലാവസ്ഥാ കേന്ദ്രങ്ങളുടെ പ്രവചനത്തിലൂടെയും മറ്റ് നടപടികളിലൂടെയും ദുരന്തങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ മുന്‍കൂട്ടി ലഭ്യമാകുന്നിടത്തെല്ലാം, ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. എന്‍ഡിഎംഎ നിരവധി നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും നിരവധി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പൊതുജന അവബോധം പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും, അതുവഴി ക്രമേണ ദുരന്ത തയ്യാറെടുപ്പ് ഒരു ദേശീയ സംസ്‌കാരമാക്കി മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരന്മാരെ മാത്രമല്ല, അവരോടൊപ്പമുള്ള വളര്‍ത്തു മൃഗങ്ങളെയും രക്ഷപ്പെടുത്തി എന്‍ഡിആര്‍എഫ് മികച്ച മാതൃക സൃഷ്ടിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ പറഞ്ഞു. ദുരന്തങ്ങളില്‍ മനുഷ്യജീവന് നഷ്ടം സംഭവിക്കാതിരിക്കുകയും സ്വത്തിന് ഏറ്റവും കുറഞ്ഞ നാശനഷ്ടം മാത്രമേ സംഭവിക്കുന്നുള്ളു എന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
ഉഷ്ണതരംഗം പോലുള്ള ഗുരുതര വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ആഭ്യന്തര മന്ത്രാലയം പൂര്‍ണ്ണ സജ്ജമാണെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട മരണങ്ങള്‍ ഇല്ലാതാക്കുന്നതിന് മോദി ഗവണ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആഭ്യന്തര മന്ത്രാലയവും എന്‍ഡിആര്‍എഫും ശേഷി വികസനത്തിലും സമൂഹ പങ്കാളിത്തത്തിലും മികച്ച ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് ശ്രീ. അമിത് ഷാ പറഞ്ഞു. 8,500 ല്‍ അധികം ഉദ്യോഗസ്ഥര്‍ക്കും 10,000 ല്‍ അധികം സിവില്‍ ഡിഫന്‍സ് ജീവനക്കാര്‍ക്കും 2.20 ലക്ഷത്തിലധികം സന്നദ്ധ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കുക എന്ന മഹത്തായ ദൗത്യം എന്‍ഡിആര്‍എഫ് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 10,500 ല്‍ അധികം ബോട്ട്മാന്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമൂഹ്യാടിസ്ഥാനത്തിലുള്ള ദുരന്ത പ്രതികരണം ശക്തിപ്പെടുത്തുന്നത് എല്ലാത്തരം അടിയന്തര സാഹചര്യങ്ങളും നേരിടുന്നതില്‍ ദുരന്ത പ്രതികരണ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വളരെയധികം ഉപയോഗപ്രദമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. മുന്‍കാലങ്ങളില്‍ , ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രതികരണമെന്നത് ദുരിതാശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. എന്നാല്‍ മോദി ഗവണ്മെന്റ് അതിനെ പ്രതികരണപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധപരവും ഉല്‍പാദനപരവുമായി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തങ്ങള്‍ മൂലമുള്ള ജീവഹാനിയും ആസ്തി നഷ്ടവും കുറയ്ക്കുക എന്ന ആശയം ആഗോള മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, ദുരന്തനിവാരണ തയ്യാറെടുപ്പ് കേവലമൊരു സംവിധാനത്തില്‍ നിന്ന് ഒരു സമ്പൂര്‍ണ്ണ ആവാസവ്യവസ്ഥയായി പരിണമിച്ചു. ഗ്രാമപഞ്ചായത്തുകള്‍ മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് വരെ, ഐഎംഡി ശാസ്ത്രജ്ഞര്‍ മുതല്‍ സാധാരണ പൗരന്മാരില്‍ വരെ, ഒരു പൊതു ലക്ഷ്യത്തിലേക്കുള്ള ഏകോപിത പ്രവര്‍ത്തനത്തിന്റെ പുതിയ സംസ്‌കാരം ഉയര്‍ന്നുവന്നിട്ടുണ്ട്.
ഒഡീഷ ചുഴലിക്കാറ്റ്, ഗുജറാത്ത് ഭൂകമ്പം, ഇന്ത്യന്‍ മഹാസമുദ്രത്തിലെ സുനാമി തുടങ്ങിയ നിരവധി വിനാശകരമായ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും അവ രാജ്യത്തുടനീളമുള്ള ജനങ്ങളുടെ ജീവിതത്തെ പിടിച്ചുലച്ചതായും ശ്രീ. അമിത് ഷാ പറഞ്ഞു. ശക്തമായ ഒരു ദുരന്ത പ്രതികരണ ചട്ടക്കൂടിന്റെ ആവശ്യകത ഇത് എടുത്തുകാണിച്ചു. തുടര്‍ന്ന്, ദുരന്ത നിവാരണ നിയമം നടപ്പിലാക്കുകയും എന്‍ഡിഎംഎയും എന്‍ഡിആര്‍എഫും സ്ഥാപിക്കുകയും ചെയ്തു. 16 ബറ്റാലിയനുകളുള്ള എന്‍ഡിആര്‍എഫ് ഇന്ന് കരുത്തുറ്റ ഒരു ശക്തിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തന രീതികള്‍, എസ്ഡിആര്‍എഫുകള്‍ക്കുള്ള പരിശീലന പിന്തുണ, സംയുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ എന്‍ഡിആര്‍എഫ് സ്വന്തം ശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍കരുതല്‍ വിന്യാസം, മുന്‍കൂട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ നടപടികള്‍ നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതില്‍ ഫലപ്രദമാണെന്ന് തെളിയിച്ചിട്ടുണ്ട്. ബിഹാറില്‍ 2008 ലെ കോസി വെള്ളപ്പൊക്കം എന്‍ഡിആര്‍എഫിനെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പരീക്ഷണമായിരുന്നുവെന്ന് ശ്രീ. ഷാ അനുസ്മരിച്ചു. തുടര്‍ന്ന്, ധാരാളിയിലെ മിന്നല്‍പ്രളയം , ചസോട്ടിയിലെ മേഘവിസ്‌ഫോടനം, ജമ്മു, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം, മോന്‍ത ചുഴലിക്കാറ്റ്, ഡിത്വ ചുഴലിക്കാറ്റ് തുടങ്ങിയ നിരവധി ദുരന്തങ്ങളെ എന്‍ഡിആര്‍എഫ് വിജയകരമായി കൈകാര്യം ചെയ്തു. അമര്‍നാഥ് യാത്ര, മഹാകുംഭ്, ചാര്‍ ധാം യാത്ര, മണി മഹേഷ് യാത്ര, ശബരിമല തീര്‍ത്ഥാടനം, ജഗന്നാഥ രഥയാത്ര തുടങ്ങിയ പ്രധാന തീര്‍ത്ഥാടന യാത്രകളില്‍ എന്‍ഡിആര്‍എഫ് പൗരസമൂഹവുമായി ഫലപ്രദമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെ 10-ഇന അജണ്ടയും ദുരന്തനിവാരണത്തിലെ 360-ഡിഗ്രി സമീപനവും ദുരന്ത പ്രതികരണ പ്രവര്‍ത്തനത്തിന് പുതിയ ദിശാബോധം നല്‍കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. അപകടസാധ്യതാ മാപ്പിംഗ്, നേരത്തെയുള്ള മുന്നറിയിപ്പ് സംവിധാനങ്ങള്‍, സമൂഹ പങ്കാളിത്തം, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തല്‍ തുടങ്ങിയ മേഖലകളെ ഇത് ശക്തിപ്പെടുത്തി. ആഗോളതലത്തില്‍, ദുരന്തനിവാരണത്തില്‍ ആദ്യം പ്രതികരിക്കുന്ന രാജ്യമായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ടെന്ന് ശ്രീ. ഷാ പറഞ്ഞു. 'വസുധൈവ കുടുംബകം' എന്ന തത്വം അടിസ്ഥാനതലത്തില്‍ പ്രായോഗികമാക്കി നടപ്പിലാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി മോദിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ദുരന്തനിവാരണ അടിസ്ഥാന സൗകര്യ മേഖലയില്‍ ഇന്ത്യ ആഗോള നേതൃത്വം ഏറ്റെടുത്തിട്ടുണ്ട്. ഇന്ന്, ദുരന്തനിവാരണ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള സഖ്യത്തില്‍ (സിഡിആര്‍ഐ)48 രാജ്യങ്ങള്‍ പങ്കാളികളായി ചേരുകയും ഈ ദിശയില്‍ ഇന്ത്യയുമായി ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള കേന്ദ്ര സായുധ പോലീസ് സേനകളിലെ (സിഎപിഎഫ്) എല്ലാ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച ശ്രീ. അമിത് ഷാ, 2021 മുതല്‍ സിഎപിഎഫ് ഉദ്യോഗസ്ഥര്‍ രാജ്യവ്യാപകമായി 7 കോടിയിലധികം വൃക്ഷങ്ങള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. സിഎപിഎഫ് ഉദ്യോഗസ്ഥരുടെ മാനുഷിക വീക്ഷണത്തെയും പാരിസ്ഥിതിക അവബോധത്തെയും ഇത് പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
****
( റിലീസ് ഐ.ഡി: 2261159)
സന്ദര്‍ശക കൗണ്ടര്‍ : 7
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada