MIFF banner

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (MIFF) ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ ചിത്രങ്ങൾക്കായുള്ള ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയ ചലച്ചിത്ര മേളയായ MIFF, 2026 ജൂൺ 15 മുതൽ 21 വരെ മുംബൈയിൽ നടക്കും

2026 ജൂൺ 15 മുതൽ 21 വരെ മഹാരാഷ്ട്രയിലെ മുംബൈയിലെ പെഡർ റോഡിലുള്ള എൻ.എഫ്.ഡി.സി സമുച്ചയത്തിൽ വെച്ച് നടക്കാനിരിക്കുന്ന മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ (MIFF) 19-ാമത് പതിപ്പിനായുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചതായി പ്രഖ്യാപിച്ചു. നോൺ-ഫീച്ചർ സിനിമകൾക്കായി സമർപ്പിക്കപ്പെട്ട ദക്ഷിണേഷ്യയിലെ ഏറ്റവും പഴക്കമേറിയതും അഭിമാനകരവുമായ ചലച്ചിത്ര മേളകളിലൊന്നായി അംഗീകരിക്കപ്പെട്ട MIFF, ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രവർത്തകർ, കലാകാരന്മാർ, മാധ്യമ പ്രവർത്തകർ, സിനിമാ പ്രേമികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന വേദിയായി നിലകൊള്ളുന്നു.  

ഉള്ളടക്ക സൃഷ്ടിയിൽ ഇന്ത്യൻ ചലച്ചിത്ര വ്യവസായം ആഗോളതലത്തിൽ മുൻനിര ശക്തിയായി ഉയർന്നുവരുന്ന സാഹചര്യത്തിൽ, വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ഒരു സുപ്രധാന വേദിയായും മുന്നേറ്റത്തിനുള്ള ചവിട്ടുപടിയായും മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള വർത്തിക്കുന്നു.

MIFF 2026-നുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ

MIFF-ൻ്റെ വരാനിരിക്കുന്ന പതിപ്പിനായുള്ള ഡെലിഗേറ്റ് രജിസ്ട്രേഷൻ മേളയുടെ ഔദ്യോഗിക പോർട്ടൽ വഴി ആരംഭിച്ചു. താൽപ്പര്യമുള്ളവർക്ക്  MIFF-ൻ്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്:   https://miff.in/en

രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനായി ഈ ലിങ്ക് സന്ദർശിക്കാം:   https://my.miff.in/dashboard/

 

പുതുതായി രജിസ്റ്റർ ചെയ്യുന്നവർ ഒരു അക്കൗണ്ട് സൃഷ്ടിക്കേണ്ടതുണ്ട്, അതേസമയം നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ഇതിലേക്ക് നേരിട്ട് പ്രവേശിക്കാവുന്നതാണ്. അപേക്ഷകർ ആവശ്യമായ വിവരങ്ങൾ പൂരിപ്പിക്കുകയും 500 രൂപ രജിസ്ട്രേഷൻ ഫീസായി അടയ്ക്കുകയും വേണം.

വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. വിദ്യാർത്ഥി വിഭാഗത്തിന് കീഴിൽ സമർപ്പിക്കുന്ന അപേക്ഷകൾ, നല്കിയിട്ടുള്ള വിവരങ്ങളും അനുബന്ധ രേഖകളും പരിശോധിച്ചതിന് ശേഷം പിന്നണി സംഘം അവലോകനം ചെയ്ത് അംഗീകരിക്കും.

ഡെലിഗേറ്റ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി, പങ്കെടുക്കുന്നവർക്ക്  registration@miff.in എന്ന വിലാസത്തിൽ സപ്പോർട്ട് ടീമുമായി ബന്ധപ്പെടാവുന്നതാണ്. സാങ്കേതികമായ സംശയങ്ങൾക്ക്  digitalteam@nfdcindia.com എന്ന വിലാസത്തിലും ബന്ധപ്പെടാം.

 

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള (MIFF)

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേള (MIFF) ഒരു നാഴികക്കല്ലായ പരിപാടിയാണ്, കൂടാതെ ദക്ഷിണേഷ്യയിലെ ഡോക്യുമെൻ്ററി, ഷോർട്ട് ഫിക്ഷൻ, ആനിമേഷൻ ചിത്രങ്ങൾക്കായി സമർപ്പിക്കപ്പെട്ട ഏറ്റവും പഴക്കമേറിയതും വലുതുമായ ചലച്ചിത്രമേള എന്ന ഖ്യാതിയും ഇതിനുണ്ട്. 1990-ൽ (ആദ്യകാലത്ത് ബോംബെ അന്താരാഷ്ട്ര ചലച്ചിത്രമേള എന്ന പേരിൽ) സ്ഥാപിതമായ MIFF,  ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകരുടേയും അന്താരാഷ്ട്ര ചലച്ചിത്ര പ്രവർത്തകരുടേയും മികച്ച സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഊർജ്ജസ്വലമായ ഒരു വേദിയായി പരിണമിച്ചിരിക്കുന്നു.

19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഗംഭീരമായ ഉദ്ഘാടന-സമാപന ചടങ്ങുകൾ നടക്കും. കൂടാതെ, 55 ലക്ഷം രൂപ സമ്മാനത്തുകയും അഭിമാനകരമായ സുവർണ്ണ ശംഖ്, രജത ശംഖ് പുരസ്കാരങ്ങൾ എന്നിവയും ഉൾപ്പെടുന്ന അന്താരാഷ്ട്ര-ഇന്ത്യൻ മത്സര വിഭാഗങ്ങളും ഇതിൽ ഉണ്ടായിരിക്കും. വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്മെൻ്റ്  പുരസ്കാരം, ഏറ്റവും നൂതന/പരീക്ഷണാത്മക ചിത്രത്തിനുള്ള പ്രമോദ് പതി പുരസ്കാരം, സാങ്കേതിക മികവിനുള്ള പുരസ്കാരങ്ങൾ, മികച്ച വിദ്യാർത്ഥി ചിത്രം, മികച്ച നവാഗത സംവിധായകൻ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ എന്നിവ പ്രധാന ബഹുമതികളിൽ ഉൾപ്പെടുന്നു.

മേളയിൽ മത്സരേതര വിഭാഗങ്ങളും ഉണ്ടായിരിക്കും. ഇന്ത്യയിൽ നിന്നും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മികച്ചതും വിപ്ലവകരവുമായ സിനിമകളുടെ സമാഹാരമായ പ്രിസം, അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയതും പുരസ്കാരങ്ങൾ ലഭിച്ചതുമായ ചിത്രങ്ങൾ ഉൾപ്പെടുന്ന പ്രത്യേക ക്യുറേറ്റഡ് വിഭാഗങ്ങൾ, സ്വതന്ത്ര സിനിമകൾ, കൺട്രി ഫോക്കസ് സിനിമകൾ, നവീകരിച്ച ക്ലാസിക്ക് ചിത്രങ്ങൾ, വന്യജീവി സിനിമകൾ, വിദ്യാർത്ഥി സിനിമകൾ, ന്യൂ മീഡിയ, എഐ സിനിമകൾ എന്നിവയും മറ്റ് നിരവധി വിഭാഗങ്ങളും ഇതിൽ ഉൾപ്പെടുന്നു.

MIFF 2026-ൽ ഗാലാ സ്ക്രീനിംഗുകൾ, റെഡ് കാർപെറ്റ് ഇവൻ്റുകൾ, മാസ്റ്റർക്ലാസുകൾ, പാനൽ ചർച്ചകൾ, വേവ്സ് ഡോക് ബസാർ എന്നിവയും സംഘടിപ്പിക്കും. ഇത് ചലച്ചിത്ര മികവിൻ്റേയും സർഗ്ഗാത്മക വിനിമയത്തിൻ്റേയും സമഗ്രമായ ഒരു ആഘോഷമായി മേളയെ മാറ്റുന്നു. ആദ്യമായി, വേവ്സ് ഡോക് ബസാറിൽ ഇമ്മേഴ്‌സീവ് മാർക്കറ്റും അവതരിപ്പിക്കും. ഇമ്മേഴ്‌സീവ് ഉള്ളടക്ക സ്രഷ്ടാക്കൾക്കും, നിർമ്മാതാക്കൾക്കും,സാങ്കേതിക പങ്കാളികൾക്കുമായുള്ള ഒരു സമർപ്പിത വേദിയായിരിക്കും ഇത്. വിആർ, എആർ, എക്സ്ആർ, സംവേദനാത്മക അനുഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ മാർക്കറ്റ്, നൂതന പ്രോജക്ടുകൾ പ്രദർശിപ്പിക്കാനും പുത്തൻ കഥ പറച്ചിൽ രീതികൾ പര്യവേക്ഷണം ചെയ്യാനും അർത്ഥവത്തായ സഹകരണങ്ങൾ വളർത്തിയെടുക്കാനുമുള്ള അവസരം ഒരുക്കും.

***


Great films resonate through passionate voices. Share your love for cinema with #MIFF2026. Tag us @pibmumbai on X, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at miff.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2259394   |   Visitor Counter: 44