ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
പുതിയ ആധാർ ആപ്പിന് വൻ സ്വീകാര്യത, മൂന്ന് മാസത്തിനുള്ളിൽ 2.1 കോടി ഡൗൺലോഡുകൾ
പോസ്റ്റഡ് ഓണ്‍:
06 MAY 2026 6:09PM by PIB Thiruvananthpuram
പുതിയ ആധാർ ആപ്പ് ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടുന്നു. പുറത്തിറക്കി വെറും മൂന്ന് മാസത്തിനുള്ളിൽ 2.1 കോടിയിലധികം ആളുകളാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആധാർ സേവനങ്ങൾ വിരൽത്തുമ്പിലെത്തിക്കുന്നതിലൂടെ ജനജീവിതം കൂടുതൽ സുഗമമാക്കാൻ ആപ്പിന് സാധിക്കുന്നു.
എവിടെനിന്നും ഏതുസമയത്തും മൊബൈൽ നമ്പറും വിലാസവും എളുപ്പത്തിൽ പുതുക്കാൻ ജനങ്ങൾ ഇപ്പോൾ ആധാർ ആപ്പിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇതുവരെ 28 ലക്ഷത്തിലധികം (2.8 മില്യൺ) ആളുകൾ ഈ ആപ്പിലൂടെ തങ്ങളുടെ മൊബൈൽ നമ്പറും ഏകദേശം ആറ് ലക്ഷത്തോളംപേർ മേൽവിലാസവും പുതുക്കി.
ആധാർ കാർഡ് ഉടമകൾക്ക് തങ്ങളുടെ തിരിച്ചറിയൽ രേഖകൾ സുരക്ഷിതമായി സൂക്ഷിച്ചുകൊണ്ടുതന്നെ സ്വകാര്യത ഉറപ്പാക്കാനും കൊണ്ടുനടക്കാനും പരിശോധിക്കാനും സൗകര്യം നൽകുന്ന പുതു തലമുറ മൊബൈൽ ആപ്ലിക്കേഷനാണിത്. വർദ്ധിച്ചുവരുന്ന ജനപ്രീതി ജനങ്ങൾക്ക് ആപ്പിലുള്ള വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്. ആധാർ സേവനങ്ങൾ കൂടുതൽ ലളിതവും ജനകീയവുമാക്കുന്നതിൽ പുതിയ ആപ്പ് നിർണായക പങ്ക് വഹിക്കുന്നു.
വ്യക്തിയുടെ സാന്നിധ്യം ഉറപ്പാക്കാനുള്ള ഫേസ് വെരിഫിക്കേഷൻ, ഒറ്റ ക്ലിക്കിലൂടെ ബയോമെട്രിക് ലോക്ക്/അൺലോക്ക് ചെയ്യാനുള്ള സൗകര്യം, ഓതന്റിക്കേഷൻ ഹിസ്റ്ററി, വിസിറ്റിംഗ് കാർഡുകൾക്ക് പകരമായി ഉപയോഗിക്കാവുന്ന ക്യു.ആർ കോഡ് അധിഷ്ഠിത കോൺടാക്റ്റ് കാർഡ് തുടങ്ങി അത്യാധുനിക സൗകര്യങ്ങൾ ഈ ആപ്പിലുണ്ട്.
ഹോട്ടൽ ചെക്ക്-ഇൻ, പ്രായം തെളിയിക്കൽ, ആശുപത്രി അഡ്മിഷൻ, വിസിറ്റേഴ്സ് മാനേജ്‌മെന്റ്, വിവിധ പരിപാടികളിലേക്കുള്ള പ്രവേശനം, ഗിഗ് തൊഴിലാളികളുടെയും സർവീസ് പങ്കാളികളുടെയും ഐഡന്റിറ്റി വെരിഫിക്കേഷൻ തുടങ്ങി നിത്യജീവിതത്തിലെ ഒട്ടേറെ ആവശ്യങ്ങൾക്കായി ഈ ആപ്പ് ഉപയോഗിക്കാം.
ആൻഡ്രോയിഡ്, ആപ്പിൾ ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമുകളിൽ പുതിയ ആധാർ ആപ്പ് ലഭ്യമാണ്. താഴെ പറയുന്ന ലിങ്കുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്യാം:
Android: https://play.google.com/store/apps/details?id=in.gov.uidai.pehchaan&hl=en_IN
iOS - https://apps.apple.com/in/app/aadhaar/id6744029871
***
( റിലീസ് ഐ.ഡി: 2258526)
സന്ദര്‍ശക കൗണ്ടര്‍ : 15