MIFF banner

വേവ്‌സ് ഡോക് ബസാര്‍ രണ്ടാം പതിപ്പ് 2026 ജൂൺ 16 മുതൽ 18 വരെ

വേവ്‌സ് ഡോക് ബസാറിന്റെ രണ്ടാം പതിപ്പ് 2026 ജൂൺ 16 മുതൽ 18 വരെ 19-ാമത് മുംബൈ അന്താരാഷ്ട്ര ചലച്ചിത്ര മേളയോടനുബന്ധിച്ച് മുംബൈ എൻ.എഫ്.ഡി.സി സമുച്ചയത്തില്‍ സംഘടിപ്പിക്കും.  

സഹകരണം, മാര്‍ഗനിര്‍ദേശങ്ങള്‍, വിപണി ലഭ്യത, ആഗോള ശ്രദ്ധ എന്നിവയ്ക്ക് അവസരങ്ങളൊരുക്കി ഡോക്യുമെന്ററി, ആനിമേഷൻ, ഹ്രസ്വചിത്ര സംവിധായകരെ ശാക്തീകരിക്കാനായി രൂപകല്പന ചെയ്ത സുപ്രധാന വേദിയാണ് വേവ്‌സ് ഡോക് ബസാർ. രണ്ടാം പതിപ്പിലേക്കെത്തുന്ന ഈ പരിപാടി ദൃശ്യ-ശ്രാവ്യ രംഗത്തെ പ്രമുഖരെയും വളർന്നുവരുന്ന പ്രതിഭകളെയും ഒന്നിപ്പിക്കാൻ  ലക്ഷ്യമിടുന്നു. കൂടാതെ ഉള്ളടക്ക സ്രഷ്ടാക്കള്‍, നിര്‍മാതാക്കള്‍, വിതരണക്കാര്‍, സംപ്രേഷകർ,  നിക്ഷേപകർ, സാങ്കേതിക പങ്കാളികൾ എന്നിവരുടെ സജീവ കേന്ദ്രമായി നിലകൊള്ളുന്ന ഡോക് ബസാര്‍  നിർമാണത്തിന്റെയും വിതരണത്തിന്റെയും വിവിധ ഘട്ടങ്ങളെ പിന്തുണയ്ക്കുകയും മികച്ച കഥാഖ്യാനങ്ങളെ ശാക്തീകരിക്കുകയും ആഗോള പ്രേക്ഷകരിലേക്കെത്താന്‍  ചലച്ചിത്ര പ്രവർത്തകരെ സഹായിക്കുകയും ചെയ്യും. വിദഗ്ധരുമായും പരിചയസമ്പന്നരുമായും നേരിട്ട് ഇടപഴകുന്നതിലൂടെ മേഖലയിലെ നിലവിലെ പ്രവണതകൾ, വിപണി ആവശ്യകതകൾ, വിതരണ തന്ത്രങ്ങൾ, പ്രേക്ഷക താല്പര്യങ്ങൾ എന്നിവ സംബന്ധിച്ച് പങ്കെടുക്കുന്നവർക്ക് വിലപ്പെട്ട ഉൾക്കാഴ്ചകൾ ലഭിക്കും.

വേവ്‌സ് ഡോക് ബസാറിലെ പ്രധാന വിഭാഗങ്ങളിലൊന്നാണ് വ്യൂവിംഗ് റൂം.  അടുത്തിടെ പൂർത്തിയായതോ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുന്നതോ ആയ ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ, ആനിമേഷൻ ചിത്രങ്ങൾ എന്നിവ രജിസ്റ്റർ ചെയ്ത പ്രതിനിധികള്‍ക്കായി ഇവിടെ പ്രദർശിപ്പിക്കും. തിരഞ്ഞെടുത്ത വിതരണാവകാശികള്‍, മേളകളില്‍ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്നവർ, വിതരണക്കാര്‍, നിക്ഷേപകർ എന്നിവർക്ക് മാത്രം പ്രവേശനം നല്‍കുന്ന സുരക്ഷിത വേദിയായാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്.  വിതരണ കരാറുകൾ ഉറപ്പാക്കാനും സഹനിര്‍മാതാക്കളുമായും ആഗോള വിതരണ ഏജന്റുമാരുമായും ബന്ധപ്പെടാനും ചലച്ചിത്രമേളകളിലെ സാധ്യതകൾ കണ്ടെത്താനും  പൂര്‍ത്തീകരണ ധനസഹായം ലഭ്യമാക്കാനും ഇത് ചലച്ചിത്ര പ്രവർത്തകർക്ക് അവസരം നൽകുന്നു. പ്രത്യേകം രൂപകല്പന ചെയ്ത ഈ സംവിധാനത്തിലൂടെ ഭാഷ, ദൈർഘ്യം, നിർമാണ ഘട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ ചിത്രങ്ങള്‍ വാങ്ങുന്നവര്‍ക്ക് സിനിമകൾ തിരഞ്ഞെടുക്കാം.  തിരഞ്ഞെടുത്ത ചിത്രങ്ങൾ വ്യൂവിംഗ് റൂം കാറ്റലോഗിലും ഉൾപ്പെടുത്തും. രജിസ്റ്റർ ചെയ്ത എല്ലാ പ്രതിനിധികള്‍ക്കും ഇത് നൽകുകയും പരിപാടിക്ക് മുന്നോടിയായി ഓൺലൈനിൽ ലഭ്യമാക്കുകയും ചെയ്യും.

ആദ്യഘട്ട എഡിറ്റിങ് നടക്കുന്ന ഡോക്യുമെന്ററി, ആനിമേഷൻ ചിത്രങ്ങൾക്കായി പ്രത്യേകം രൂപകല്പന ചെയ്തതാണ് വർക്ക്-ഇൻ-പ്രോഗ്രസ് ലാബ്. അടച്ചിട്ട മുറിയിൽ സജ്ജീകരിച്ച ഈ ലാബിൽ തിരഞ്ഞെടുത്ത  പങ്കാളികള്‍ക്ക് പരിചയസമ്പന്നരായ ചലച്ചിത്ര പ്രവർത്തകർ, എഡിറ്റർമാർ, അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശകര്‍ എന്നിവരിൽ നിന്ന് വിലപ്പെട്ട നിർദേശങ്ങളും പ്രതികരണങ്ങളും   ലഭിക്കും.  ഉള്ളടക്കം കൂടുതൽ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.

വേവ്‌സ് ഡോക് ബസാറിൽ  VR, AR, XR എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇമ്മേഴ്‌സീവ് മാർക്കറ്റും 

ഇമ്മേഴ്‌സീവ് ഉള്ളടക്ക സ്രഷ്ടാക്കള്‍,  നിര്‍മാതാക്കള്‍, സാങ്കേതിക പങ്കാളികൾ എന്നിവർക്കായി വേവ്‌സ് ഡോക് ബസാറില്‍ ആദ്യമായി  'ഇമ്മേഴ്‌സീവ് മാർക്കറ്റ്' അവതരിപ്പിക്കും. വി.ആർ, എ.ആർ, എക്സ്.ആർ, സംവേദനാത്മക  അനുഭവങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഈ വേദി നൂതന പ്രൊജക്ടുകള്‍ പ്രദർശിപ്പിക്കാനും പുതിയ കഥാഖ്യാന രീതികള്‍ പര്യവേക്ഷണം ചെയ്യാനും അർത്ഥപൂര്‍ണ സഹകരണങ്ങൾക്കും ഇടം നല്‍കും.  

വൈവിധ്യമാർന്ന പരിപാടികളിലൂടെയും വ്യവസായ കേന്ദ്രീകൃത സംരംഭങ്ങളിലൂടെയും ഡോക്യുമെന്ററി, ആനിമേഷൻ, ഹ്രസ്വചിത്രം എന്നീ  മേഖലകളെ ശക്തിപ്പെടുത്താനും സർഗാത്മക മികവിനും അന്താരാഷ്ട്ര വളർച്ചയ്ക്കും പുതുവഴികൾ തുറക്കാനും വേവ്‌സ് ഡോക് ബസാർ സജ്ജമാണ്.

വേവ്‌സ് ഡോക് ബസാർ 2026: വ്യൂവിംഗ് റൂമിലേക്കും  വര്‍ക്ക്-ഇന്‍-പ്രോഗ്രസ്   ലാബിലേക്കും അപേക്ഷ ക്ഷണിക്കുന്നു

ഡോക്യുമെന്ററി, ആനിമേഷൻ ചലച്ചിത്ര പ്രവർത്തകരെ ഈ രംഗത്തെ പ്രമുഖരുമായി ബന്ധിപ്പിക്കുന്ന ആഗോള വേദിയായ വേവ്‌സ് ഡോക് ബസാർ 2026-ലെ വ്യൂവിംഗ് റൂമിലേക്കും വർക്ക്-ഇൻ-പ്രോഗ്രസ് ലാബിലേക്കും ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുള്ളവർക്ക് 2026 മെയ് 15 ന് ഇന്ത്യന്‍ സമയം രാത്രി 11:59 വരെ അപേക്ഷ സമർപ്പിക്കാം.  

 

 

യോഗ്യത

ലോകമെങ്ങുമുള്ള ഡോക്യുമെന്ററി, ആനിമേഷൻ ചിത്രങ്ങൾക്കായാണ് പരിപാടി.  ഹ്രസ്വചിത്രങ്ങൾ, ഇടത്തരം ദൈര്‍ഘ്യമുള്ള ചിത്രങ്ങൾ, ഫീച്ചർ ചിത്രങ്ങള്‍ എന്നിവ വേവ്‌സ് ഡോക് ബസാർ 2026-ൽ പ്രദർശിപ്പിക്കാൻ യോഗ്യമാണ്. ചിത്രങ്ങള്‍ പൂർത്തിയായതോ  പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ളതോ ആയിരിക്കണം (ഭൂരിഭാഗം ചിത്രീകരണവും കഴിഞ്ഞിരിക്കണം). പ്രാരംഭ ഘട്ടത്തിലെയോ  പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലെയോ ചിത്രങ്ങള്‍ പരിപാടിയ്ക്ക് യോഗ്യമല്ല. ചലച്ചിത്രമേളകള്‍, വിപണനം,  വിതരണം,  പൂര്‍ത്തീകരണ ധനസഹായം എന്നിവ തേടുന്ന ചലച്ചിത്ര പ്രവർത്തകരെ പരിപാടിയിലേക്ക് അപേക്ഷിക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു.  അന്താരാഷ്ട്ര തലത്തിൽ അധികം ശ്രദ്ധിക്കപ്പെടാത്തതോ പ്രദർശിപ്പിക്കാത്തതോ ആയ ചിത്രങ്ങള്‍ക്കും അപേക്ഷിക്കാം. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

ആദ്യഘട്ടത്തിൽ മുഴുവൻ സിനിമയുടെയോ ആദ്യഘട്ട എഡിറ്റിങ് പൂര്‍ത്തീകരിച്ചതിന്റെയോ  പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയ സ്ക്രീനർ ലിങ്ക് അപേക്ഷകര്‍ പരിശോധനയ്ക്കായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെട്ടാൽ വ്യൂവിംഗ് റൂമിന് വേണ്ടി കുറഞ്ഞത് 10 മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങള്‍ സമർപ്പിക്കണം. മുഴുവൻ സിനിമയും സമർപ്പിക്കാൻ പ്രത്യേകം പ്രോത്സാഹിപ്പിക്കുന്നു. അവസാനഘട്ട ഫയലുകൾ സുരക്ഷിതമായി അപ്‌ലോഡ് ചെയ്യുകയും അംഗീകൃത പങ്കാളികൾക്ക് മാത്രം ലഭ്യമാക്കുകയും ചെയ്യും.

ചലച്ചിത്ര പ്രവർത്തകർക്ക് സ്വന്തം സൃഷ്ടികൾ  അന്താരാഷ്ട്ര വേദിയിൽ പ്രദർശിപ്പിക്കാനും ഡോക്യുമെന്ററി, ആനിമേഷൻ രംഗങ്ങളില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുന്ന പ്രമുഖരുമായി ബന്ധപ്പെടാനും ഈ അവസരം പ്രയോജനപ്പെടുത്താം.

താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷകൾ സമർപ്പിക്കാം: 

https://my.miff.in/vr/start/

വ്യൂവിംഗ് റൂം, വര്‍ക്ക്-ഇന്‍-പ്രോഗ്രസ് ലാബ് എന്നിവയുടെ ചട്ടങ്ങൾ, പതിവുചോദ്യങ്ങൾ, കൂടുതൽ വിവരങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്.


Great films resonate through passionate voices. Share your love for cinema with #MIFF2026. Tag us @pibmumbai on X, and we'll help spread your passion! For journalists, bloggers, and vloggers wanting to connect with filmmakers for interviews/interactions, reach out to us at miff.mediadesk@pib.gov.in with the subject line: Take One with PIB.


रिलीज़ आईडी: 2258329   |   Visitor Counter: 33