വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഇന്ത്യയെ തത്സമയ പരിപാടികളുടെ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനുള്ള രൂപരേഖ ലൈവ് ഇവൻ്റ്സ് വികസന സെൽ നാലാമത് യോഗം അവലോകനം ചെയ്തു
പോസ്റ്റഡ് ഓണ്‍:
01 MAY 2026 2:34PM by PIB Thiruvananthpuram
ലൈവ് ഇവൻ്റ്സ് വികസന സെൽ (എൽഇഡിസി) നാലാമത് യോഗം 2026 ഏപ്രിൽ 30-ന് ന്യൂ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ ചഞ്ചൽ കുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്നു. 9 കേന്ദ്ര മന്ത്രാലയങ്ങൾ, 6 സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളും വ്യവസായ മേഖലയിൽ നിന്ന് 12 അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.

വ്യവസായ കണക്കുകൾ പ്രകാരം 2025-ൽ 145 ബില്യൺ രൂപ മൂല്യമുള്ള ഇന്ത്യയുടെ സംഘടിത തത്സമയ പരിപാടി മേഖല, മാധ്യമ, വിനോദ മേഖലയിലെ ഏറ്റവും ഉയർന്ന വളർച്ചാ വിഭാഗമായി ഉയർന്നുവന്നിട്ടുണ്ട്. ഈ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 2025 ജൂലൈയിൽ, മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു ലൈവ് ഇവൻ്റ്സ് വികസന സെൽ രൂപീകരിച്ചു. ഇതിൽ കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന ഗവണ്മെൻ്റുകൾ, വ്യവസായ സ്ഥാപനങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെടുന്നു.
രാജ്യത്തിൻ്റെ വളർച്ചയുടെ പ്രധാന ചാലകശക്തികളിൽ ഒന്നായി കൺസേർട്ട് സമ്പദ് വ്യവസ്ഥയെ മാറ്റുക, 2030-ഓടെ ഇന്ത്യയെ തത്സമയ പരിപാടികളുടെ ആഗോള കേന്ദ്രമാക്കി ഉയർത്തുക, ഈ മേഖലയിൽ 15 മുതൽ 20 ദശലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നിവയാണ് ലൈവ് ഇവൻ്റ്സ് വികസന സെൽ ലക്ഷ്യമിടുന്നത്. 2028 ആകുമ്പോഴേക്കും ഈ മേഖല 10 ശതമാനം വളർച്ചയോടെ 196 ബില്യൺ രൂപയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
യോഗത്തിനിടെ, ഇന്ത്യയിലെ തത്സമയ പരിപാടി വ്യവസായത്തിൻ്റെ വളർച്ചയ്ക്കായി ഒരു ഏകോപിത രൂപരേഖ തയ്യാറാക്കുന്നതിൽ എൽഇഡിസിയുടെ പങ്കിനെ വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി എടുത്തുപറഞ്ഞു. മാധ്യമ, വിനോദ വ്യവസായ മേഖലയിൽ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗങ്ങളിലൊന്നാണ് തത്സമയ പരിപാടി മേഖലയെന്നും ഇത് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും അനുബന്ധ മേഖലകളിൽ വലിയ സാമ്പത്തിക മുന്നേറ്റം സൃഷ്ടിക്കുന്നതിനും ഗണ്യമായ സംഭാവന നൽകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എൽഇഡിസി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ പുരോഗതി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ ജോയിൻ്റ് സെക്രട്ടറി (ബ്രോഡ്കാസ്റ്റിംഗ്) ശ്രീ പ്രിഥുൽ കുമാർ അവതരിപ്പിച്ചു. തത്സമയ പരിപാടികൾക്കുള്ള അനുമതികൾക്കായി ഒരു ഏകജാലക സംവിധാനം 'ഇന്ത്യ സിനി ഹബ്' (ICH) പോർട്ടലിൽ വികസിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സംസ്ഥാനങ്ങൾ ICH പോർട്ടൽ സ്വീകരിക്കുന്നത് തത്സമയ പരിപാടികൾക്കുള്ള അനുമതി പ്രക്രിയ ഡിജിറ്റലൈസ് ചെയ്യാനും സമയബന്ധിതവും സുതാര്യവും കാര്യക്ഷമവുമായ അംഗീകാരങ്ങൾ ഉറപ്പാക്കാനും സഹായിക്കും.
കൂടാതെ, "ഇന്ത്യയിലെ ലൈവ് ഇവൻ്റുകൾക്കായുള്ള ലൈസൻസുകളും അനുമതികളും ലളിതമാക്കുന്നതിനുള്ള മാതൃകാ എക്സിക്യൂട്ടീവ് ഓർഡർ, 2026" നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകതയും യോഗം ഊന്നിപ്പറഞ്ഞു. 2026 മാർച്ച് 13-ന് സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും പങ്കിട്ട ഈ പദ്ധതി, 2026 മെയ് 31-നകം നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ തത്സമയ പരിപാടികൾക്കായുള്ള ലളിതവും നിലവാരമുള്ളതുമായ ഒരു നിയന്ത്രണ സംവിധാനം സ്ഥാപിക്കുക എന്നതാണ് ഈ ചട്ടക്കൂടിൻ്റെ ഉദ്ദേശ്യം.
പുതിയ വേദികളുടെ വികസനം, ലൈവ് ഇവൻ്റ് മേഖലയിലെ നൈപുണ്യ വികസന പദ്ധതികൾ എന്നിവയെക്കുറിച്ചുള്ള കരട് രേഖയും എൽഇഡിസി ചർച്ച ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ, മീഡിയ ആൻഡ് എൻ്റർടൈൻമെൻ്റ് സ്കിൽ കൗൺസിൽ, ഇ.ഇ.എം.എ (EEMA) എന്നിവയുമായി സഹകരിച്ച് ലൈവ് ഇവൻ്റുകളിൽ ഉടൻ തന്നെ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ഉടൻ ആരംഭിക്കുമെന്ന് അറിയിച്ചു.

"തത്സമയ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ശക്തവും സുതാര്യവുമാക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര-സംസ്ഥാന ഗവണ്മെൻ്റുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പുനൽകുന്നുവെന്ന് ചടങ്ങിൽ സംസാരിച്ച വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ ചഞ്ചൽ കുമാർ പറഞ്ഞു. എൽഇഡിസി അംഗങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെയാണെന്നും, ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇവ ഫലപ്രദമായി നടപ്പിലാക്കുന്നതിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലെ തത്സമയ പരിപാടികൾക്കായുള്ള മേഖലയ്ക്ക് പിന്തുണ നൽകുന്നതിനും വളർച്ചാധിഷ്ഠിതമായ ഒരു ആവാസവ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എല്ലാ പങ്കാളികളെയും സഹകരിപ്പിച്ചുകൊണ്ട് തുടർന്നും പ്രവർത്തിക്കും.
****
( റിലീസ് ഐ.ഡി: 2257394)
സന്ദര്‍ശക കൗണ്ടര്‍ : 8