പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെക്കുറിച്ചുള്ള അന്തർ മന്ത്രാലയ പത്ര സമ്മേളനം

പോസ്റ്റഡ് ഓണ്‍: 17 APR 2026 6:23PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യത്തിനിടയിൽ, പൗരന്മാരെ പതിവായി വിവരങ്ങൾ അറിയിക്കുന്നതിനുള്ള ശ്രമങ്ങൾ ഇന്ത്യാ ഗവൺമെൻ്റ്     തുടരുന്നു. ഇതുമായി ബന്ധപ്പെട്ട്, പെട്രോളിയം& പ്രകൃതിവാതകം, തുറമുഖങ്ങൾ, ഷിപ്പിംഗ്& ജലപാതകൾ, വിദേശകാര്യ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഇന്ന് നാഷണൽ മീഡിയ സെൻ്ററിൽ നടന്ന പത്ര സമ്മേളനത്തിൽ ഇന്ധന ലഭ്യത, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന സഹായം, മൊത്തത്തിലുള്ള സ്ഥിരത നിലനിർത്താൻ സ്വീകരിക്കുന്ന നടപടികൾ എന്നിവയെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ പങ്കുവെച്ചു  
 
ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും:
 
ഹോർമുസ് കടലിടുക്ക് സംബന്ധിച്ച നിലവിലുള്ള സാഹചര്യത്തിൻ്റെ  പശ്ചാത്തലത്തിൽ, രാജ്യത്തുടനീളം പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കാൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു. മന്ത്രാലയം ഇപ്രകാരം അറിയിച്ചു :
 
പൊതുജന മാർഗനിർദേശവും പൗര അവബോധവും
 
പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ്     എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യതയിൽ പരിഭ്രാന്തി ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.
 
കിംവദന്തികൾ സൂക്ഷിക്കുക, ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കുക.
 
എൽപിജി ഉപഭോക്താക്കളോട് ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
 
 PNG, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
 
നിലവിലെ സാഹചര്യത്തിൽ എല്ലാ പൗരന്മാരും ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു.
 
ഗവണ്മെൻ്റിൻ്റെ    തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും:
 
 ഭൗമരാഷ്ട്രീയ സാഹചര്യം മൂലം നിലവിൽ പ്രതിസന്ധികൾ ഉണ്ടായിരുന്നിട്ടും, ഗാർഹിക LPG, ഗാർഹിക PNG, CNG (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കിയിട്ടുണ്ട്.
 
വാണിജ്യ LPG വിതരണത്തിന് ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കൃഷി മുതലായ മേഖലയ്ക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം FTL വിതരണവും ഇരട്ടിയാക്കുന്നു.
 
റിഫൈനറികളിലെ ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി നിർദിഷ്ട മേഖലകൾക്ക് മുൻഗണന നൽകുക എന്നിവയുൾപ്പെടെ വിതരണം , ആവശ്യകത എന്നിവ സംബന്ധിച്ച നിരവധി യുക്തിസഹ നടപടികൾ ഗവണ്മെൻ്റ്     ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്.
 
 എൽ‌പി‌ജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
 
ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് കൂടുതൽ കൽക്കരി വിതരണം ചെയ്യാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യ, സിംഗരേനി കൊളിയറിസ് എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 
ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പി‌എൻ‌ജി കണക്ഷനുകൾ നൽകാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
 
സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി ഏകോപിത ശ്രമങ്ങൾ:
 
വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽ‌പി‌ജി നിയന്ത്രണ ഉത്തരവും പ്രകാരം സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്.
 
പെട്രോൾ, ഡീസൽ, എൽ‌പി‌ജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തുകൾ,വീഡിയോ കോൺഫറൻസ് എന്നിവ വഴി ഇന്ത്യാ ഗവൺമെൻ്റ്     ആവർത്തിച്ചു നിർദേശം നൽകി 
 
ആവശ്യത്തിനുള്ള ഇന്ധന ലഭ്യതയെക്കുറിച്ച് മുൻ‌കൂട്ടി പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെ  ആവശ്യകത 27.03.2026 ലും 02.04.2026 ലും ഇന്ത്യാ ഗവൺമെൻ്റ്     അയച്ച കത്തുകൾ പ്രകാരം സംസ്ഥാനങ്ങളെ അറിയിച്ചിട്ടുണ്ട് . സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടത്തിവരുന്നു. ഈ സാഹചര്യത്തിൽ, 02.04.2026 (MoPNG സെക്രട്ടറി അധ്യക്ഷത വഹിച്ചു ) നും 06.04.2026 (MoPNG സെക്രട്ടറിയും I&B, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും അധ്യക്ഷത വഹിച്ചു ) നും യോഗങ്ങൾ വിളിച്ചുചേർത്തു. അതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകി:
 
•ദിവസേന പത്രസമ്മേളനങ്ങൾ നടത്തുകയും പതിവായി പൊതുജനങ്ങൾക്ക് നിർദേശങ്ങൾ നൽകുകയും ചെയ്യുക 
 
സമൂഹ മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക .
 
ജില്ലാ ഭരണകൂടങ്ങളുടെ ദിവസേനയുള്ള പരിശോധന നടപടികൾ ശക്തമാക്കുകയും OMC കളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുകയും ചെയ്യുക
 
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി വാണിജ്യ എൽ‌പി‌ജി വിതരണ ഉത്തരവുകൾ പുറപ്പെടുവിക്കുക.
 
സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവദിച്ചിട്ടുള്ള അധിക എസ്‌കെ‌ഒകൾക്കായി എസ്‌കെ‌ഒ വിഹിതഅനുമതി ഉത്തരവുകൾ പുറപ്പെടുവിക്കുക.
 
പി‌എൻ‌ജിയും ഇതര ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കുക.
 
 എൽ‌പി‌ജി വിതരണത്തിന്,പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.
 
പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി എല്ലാ സംസ്ഥാനങ്ങളും യു‌ടികളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ കമ്മിറ്റികളും സ്ഥാപിച്ചിട്ടുണ്ട്.
 
പല സംസ്ഥാനങ്ങളും യു‌ടികളും പത്രക്കുറിപ്പുകൾ പുറപ്പെടുവിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
 
 
 പരിശോധന, നിരീക്ഷണ നടപടികൾ:
 
എൽ‌പി‌ജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു. 16.04.2026 ന് 2900 ൽ അധികം റെയ്ഡുകൾ നടത്തി.
 
പി‌എസ്‌യു എണ്ണ വിപണന കമ്പനികൾ അപ്രതീക്ഷിത പരിശോധനകൾ ശക്തമാക്കുകയും 255 എൽ‌പി‌ജി വിതരണക്കാർക്ക് പിഴ ചുമത്തുകയും ഇന്നലെ വരെ 65 എൽ‌പി‌ജി വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനം താൽക്കാലികമായി റദ്ദാക്കുകയും ചെയ്തു..
 
എൽ‌പി‌ജി വിതരണം:
 
ആഭ്യന്തര എൽ‌പി‌ജി വിതരണ നില:
 
നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽ‌പി‌ജി വിതരണത്തെ ബാധിച്ചുകൊണ്ടിരിക്കുന്നു.
 
 വീടുകളിലേക്കുള്ള എൽപിജി വിതരണത്തിന് മുൻഗണന നൽകിയിട്ടുണ്ട്.
 
എൽപിജി വിതരണ കേന്ദ്രങ്ങൾ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ല.
 
ഓൺലൈൻ എൽപിജി ബുക്കിംഗുകൾ ഇന്നലെ ഏകദേശം 98% ആയി വർദ്ധിച്ചു.
 
വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 93% ആയി വർദ്ധിച്ചു.
 
ഉപഭോക്താവിൻ്റെ  രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ഡിഎസി ലഭിക്കും.
 
ബുക്കിംഗുകൾ പ്രകാരമുള്ള ഗാർഹിക എൽപിജി സിലിണ്ടർ വിതരണം സാധാരണമായി തുടരുന്നു.
 
16.04.26 ന്, 50.5 ലക്ഷത്തിലധികം ഗാർഹിക എൽപിജി സിലിണ്ടറുകൾ വിതരണം ചെയ്തു.
 
വാണിജ്യ എൽപിജി വിതരണവും വിഹിത വിതരണ നടപടികളും:
 
മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിൻ്റെ  ഏകദേശം 70% ആയി വർദ്ധിപ്പിച്ചു. ഇതിൽ പരിഷ്കരണവുമായി ബന്ധപ്പെട്ട 10% വിഹിതവും ഉൾപ്പെടുന്നു.
 
  കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തിനും നൽകുന്ന 5 കിലോഗ്രാം FTL സിലിണ്ടറുകളുടെ ദൈനംദിന അളവ് 2026 മാർച്ച് 2 മുതൽ 3 വരെയുള്ള കാലയളവിലെ പ്രതിദിന ശരാശരി വിതരണത്തിൻ്റെ ( സിലിണ്ടറുകളുടെ എണ്ണം ) ഇരട്ടിയാക്കുന്നതായി 06.04.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ്     അറിയിച്ചിട്ടുണ്ട്. 21.03.2026 ലെ കത്തിൽ സൂചിപ്പിച്ചിരിക്കുന്ന 20% പരിധിക്ക് മുകളിലാണിത്. എണ്ണ വിപണന കമ്പനികളുടെ (OMC) സഹായത്തോടെ അതാത് സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി ഈ 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംസ്ഥാന ഗവൺമെൻ്റുകളുടെ കൈവശം ലഭ്യമാക്കും  
 
2026 ഏപ്രിൽ 3 മുതൽ, 5 കിലോഗ്രാം FTL സിലിണ്ടറുകൾ സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾ 6100-ലധികം ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ 80,000- എണ്ണത്തിൽ കൂടുതൽ 5 കിലോഗ്രാം FTL സിലിണ്ടറുകൾ വിറ്റു. ഇന്നലെ, ഏകദേശം 400 ക്യാമ്പുകളിലൂടെ 5 കിലോഗ്രാം FTL-കൾ 8643 എണ്ണം വിറ്റു.
 
 അടുത്തിടെ, 2026 ഏപ്രിൽ 16 ന് മഹാരാഷ്ട്രയിലെ വാഷിയിൽ ഐ‌ഒ‌സി‌എൽ സംഘടിപ്പിച്ച 5 കിലോഗ്രാം എഫ്‌ടി‌എൽ ബോധവൽക്കരണ ക്യാമ്പുകളിലൊന്നിൽ, മികച്ച പൊതുജന പ്രതികരണം ദൃശ്യമായി. ക്യാമ്പിൽ ഏകദേശം 800 എണ്ണം 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകൾ വിറ്റു.
 
2026 മാർച്ച് 23 മുതൽ, 16.41 ലക്ഷത്തിലധികം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽ‌പി‌ജി സിലിണ്ടറുകൾ വിറ്റു.
 
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും വാണിജ്യ എൽ‌പി‌ജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി ഐ‌ഒ‌സി‌എൽ, എച്ച്‌പി‌സി‌എൽ, ബി‌പി‌സി‌എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അംഗങ്ങളായമൂന്നംഗ സമിതി സംസ്ഥാന അധികൃതരുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപനത്തോടെ പ്രവർത്തിക്കുന്നു
 
16.04.2026 ന്, 8211 മെട്രിക് ടൺ വാണിജ്യ എൽ‌പി‌ജി (4.32 ലക്ഷത്തിൽ കൂടുതൽ - 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യം) വിറ്റു.
 2026 മാർച്ച് 14 മുതൽ ആകെ 1,50,367 മെട്രിക് ടൺ (19 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ 79.14 ലക്ഷത്തിലധികം എണ്ണം ) വാണിജ്യ എൽപിജി വിറ്റഴിച്ചു. ഇതിൽ 8850 മെട്രിക് ടണ്ണിലധികം ഓട്ടോ എൽപിജിയും ഉൾപ്പെടുന്നു.
 
ഏപ്രിൽ മാസത്തിൽ (16.04.26 വരെ) പൊതുമേഖലാ കമ്പനികളുടെ പ്രതിദിന ശരാശരി ഓട്ടോ എൽപിജി വിൽപ്പന ഏകദേശം 296 മെട്രിക് ടൺ ആണ്.2026 ഫെബ്രുവരി മാസത്തിൽ ഇത് ശരാശരി 177 മെട്രിക് ടൺ/ദിവസം എന്ന നിരക്കിൽ ആയിരുന്നു.
 
സ്വകാര്യ കമ്പനികളിൽ നിന്ന് പൊതുമേഖലാ കമ്പനികളിലേക്ക് ഓട്ടോ എൽപിജി വിൽപ്പന വിതരണം മാറിയതായി നിരീക്ഷിക്കപ്പെട്ടു. വർദ്ധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനായി, പൊതുമേഖലാ കമ്പനികളുടെ ഓട്ടോ എൽപിജി വിൽപ്പന 67% വർദ്ധിച്ചു. കർണാടക, തമിഴ്‌നാട്, തെലങ്കാന, രാജസ്ഥാൻ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ വലിയ വർധന ഉണ്ടായിട്ടുണ്ട്.
.
പ്രകൃതിവാതക വിതരണവും PNG-ഗതാഗതവും വിപുലീകരിക്കുന്നതിനുള്ള സംരംഭങ്ങൾ
 
D-PNG, CNG-ഗതാഗതം എന്നിവ ഉൾപ്പെടെ 100% വിതരണത്തിന് ഉപഭോക്താക്കൾക്ക് മുൻഗണന നൽകിയിട്ടുണ്ട്.
 
വളം പ്ലാൻ്റുകൾക്കുള്ള മൊത്തത്തിലുള്ള വാതക വിഹിതം അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ  ഏകദേശം 95% ആയി വർദ്ധിപ്പിച്ചിട്ടുണ്ട്.
 
കൂടാതെ, CGD ശൃംഖലകൾ വഴിയുള്ള വിതരണം ഉൾപ്പെടെ മറ്റ് വ്യാവസായിക, വാണിജ്യ മേഖലകളിലേക്കുള്ള വാതക വിതരണം 80% വരെ വർദ്ധിപ്പിച്ചിട്ടുണ്ട്.
 
വാണിജ്യ LPG യുടെ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിന്, എല്ലാ സി ജി ഡി സ്ഥാപനങ്ങളുടെ പരിധിയിലുള്ള ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് PNG കണക്ഷനുകൾക്ക് മുൻഗണന നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
 
IGL, MGL, GAIL , BPCL എന്നിവയുൾപ്പെടെയുള്ള CGD കമ്പനികൾ ഗാർഹിക, വാണിജ്യ PNG കണക്ഷനുകൾക്ക് ഇളവുകൾ വാഗ്ദാനം ചെയ്യുന്നു.
 
CGD ശൃംഖലകളുടെ വിപുലീകരണത്തിന് ആവശ്യമായ അനുമതി വേഗത്തിലാക്കാൻ സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
 
LPG-യിൽ നിന്ന് PNG-യിലേക്കുള്ള ദീർഘകാല പരിവർത്തനത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്ന പക്ഷം , എല്ലാ സംസ്ഥാനങ്ങൾക്കും/UT-കൾക്കും വാണിജ്യ LPG യുടെ 10% അധികമായി അനുവദിക്കുമെന്ന് 18.03.2026 ലെ കത്തിലൂടെ ഇന്ത്യാ ഗവൺമെൻ്റ്     വാഗ്ദാനം ചെയ്തിട്ടുണ്ട്. 
 
PNG വിപുലീകരണ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് 21 സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധിക വാണിജ്യ LPG വിഹിതം ലഭിക്കുന്നു.
 
CGD അടിസ്ഥാന സൗകര്യങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകൾ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുന്നതിനായി 3 മാസത്തേക്ക് 'കുറഞ്ഞ സമയപരിധികളോടെ CGD അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ദ്രുത അംഗീകാര ചട്ടക്കൂട്' എന്ന ഒരു പ്രത്യേക പദ്ധതി  ആരംഭിച്ചതായി റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം 24.03.26 ലെ കത്തിലൂടെ അറിയിച്ചു.
 
1955 ലെ അവശ്യവസ്തു നിയമപ്രകാരം, പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം (പൈപ്പ്‌ലൈനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം എന്നിവയിലൂടെ) ഉത്തരവ് 2026, ഇന്ത്യാ ഗവൺമെൻ്റ്     24.03.2026 ലെ ഗസറ്റിൽ വിജ്ഞാപനം ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനും, അനുമതി, ഭൂമി ലഭ്യത എന്നിവയിലെ കാലതാമസം പരിഹരിക്കുന്നതിനും, ജനവാസ മേഖലകളിൽ ഉൾപ്പെടെ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങളുടെ വേഗത്തിലുള്ള വികസനം സാധ്യമാക്കുന്നതിനും ഈ ഉത്തരവ് കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് നൽകുന്നു. PNG ശൃംഖലകളുടെ വളർച്ച ത്വരിതപ്പെടുത്തുകയും, എല്ലാ കോണിലും കണക്ടിവിറ്റി വർദ്ധിപ്പിക്കുകയും, ശുദ്ധമായ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.അതുവഴി ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ വാതക അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയെ നയിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
 
 ഡി-പി‌എൻ‌ജി കണക്ഷനുകൾ വേഗത്തിലാക്കാൻ സി‌ജി‌ഡി സ്ഥാപനങ്ങൾക്ക് പി‌എൻ‌ജി‌ആർ‌ബി നിർദ്ദേശം നൽകി. കൂടാതെ, പി‌എൻ‌ജി വിപുലീകരണത്തിൽ ആക്കം നിലനിർത്തുന്നതിനായി ദേശീയ പി‌എൻ‌ജി യജ്ഞം 2.0 പരിപാടി 30.06.2026 വരെ നീട്ടിയിട്ടുണ്ട്.
 
 കൂടുതൽ വൃത്തിയുള്ളതും കൂടുതൽ സുരക്ഷിതവും സ്വാശ്രയവുമായ ഊർജ്ജ ഭാവിയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ്     ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപകർക്ക് അനുയോജ്യമായതും നിർവഹണ സജ്ജവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്നതിന് സമഗ്രമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂട് സൃഷ്ടിക്കുക എന്നതാണ്ഈ മാതൃകാ നയത്തിന്റെ ലക്ഷ്യം. ഈ നയം തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, വാണിജ്യ എൽപിജിയുടെ അധിക വിഹിതത്തിൻ്റെ  അടുത്ത ഘട്ടത്തിന് മുൻഗണന നൽകും.
 
സിജിഡി ശൃംഖലകൾ / അടിസ്ഥാന സൗകര്യങ്ങൾ 15 ദിവസത്തിനുള്ളിൽ സ്ഥാപിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ അനുമതി നൽകുന്നതിന് എസ്‌പിസിബി/പിസിസികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ 07.04.2026 ലെ ഉത്തരവ് പ്രകാരം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം,   സിപിസിബിയോട് ആവശ്യപ്പെട്ടിട്ടുണ്ട് 
 
 
 സിപിസിബിയുടെ ശുപാർശ അനുസരിച്ച്, ചില എണ്ണ, വാതക നീക്ക പൈപ്പ്‌ലൈനുകളെ “ഹരിത ” വിഭാഗത്തിൽ തരംതിരിച്ചിട്ടുണ്ട്.
 
ഓട്ടോമൊബൈൽ സർവീസിംഗ്, റിപ്പയറിംഗ്, പെയിൻ്റിംഗ് എന്നിവയില്ലാത്ത ഇന്ധന വിതരണ യൂണിറ്റുകളെ “ധവള ” വിഭാഗമായി MoEFCC ഇതിനകം വർഗീകരിച്ചിട്ടുണ്ട്. കൂടാതെ, അടിസ്ഥാന സൗകര്യങ്ങൾ സ്ഥാപിക്കുന്നതിനോ പ്രവർത്തിക്കുന്നതിനോ പ്രസക്തമായ നിയമങ്ങൾ പ്രകാരമുള്ള അനുമതി ആവശ്യകതയിൽ നിന്ന് അവയെ ഒഴിവാക്കിയിട്ടുണ്ട്.
 
 2026 മാർച്ച് മുതൽ ഏകദേശം 4.68 ലക്ഷം PNG കണക്ഷനുകൾ നൽകി.കൂടാതെ, ഏകദേശം 5.23 ലക്ഷം ഉപഭോക്താക്കൾ പുതിയ കണക്ഷനുകൾക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
 
16.04.2026 വരെ, ഏകദേശം 37,000 PNG ഉപഭോക്താക്കൾ MYPNGD.in വെബ്സൈറ്റ് വഴി അവരുടെ LPG കണക്ഷനുകൾ ഉപേക്ഷിച്ചു.
 
 അസംസ്കൃത എണ്ണയും, എണ്ണ ശുദ്ധീകരണശാലകളുടെ പ്രവർത്തന സ്ഥിതിയും  
 
ആവശ്യത്തിന് അസംസ്കൃത എണ്ണസംഭരണത്തോടെഎല്ലാ എണ്ണ ശുദ്ധീകരണശാലകളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. അതേസമയം പെട്രോളിൻ്റെയും ഡീസലിൻ്റെയും മതിയായ സംഭരണം നിലനിർത്തിയിട്ടുണ്ട്.
 
ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി എണ്ണ ശുദ്ധീകരണശാലകളിൽ നിന്നുള്ള ആഭ്യന്തര LPG ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
 
ആഭ്യന്തര വിപണിയിലേക്ക് പെട്രോകെമിക്കൽ ഫീഡ്സ്റ്റോക്ക് വിതരണത്തിൻ്റെ  ലഭ്യത ഉറപ്പാക്കുന്നതിന് ഒരു അന്തർ മന്ത്രാലയ സംയുക്ത പ്രവർത്തക സമിതി (JWG) രൂപീകരിച്ചു. തുടർന്ന്, സെൻ്റർ ഫോർ ഹൈ ടെക്നോളജി (CHT) നിർണ്ണയിക്കുന്ന പ്രധാന മേഖലകൾക്കായി, പ്രവർത്തന ആവശ്യകതക്കുള്ള ഏറ്റവും മിനിമം അളവ് C3 & C4 സംയുക്തങ്ങൾ ലഭ്യമാക്കാൻ ഇന്ത്യാ ഗവൺമെൻ്റ്     01.04.2026 ലെ ഉത്തരവ് പ്രകാരം പെട്രോകെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് അനുമതി നൽകി.
 
 ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, കെമിക്കൽസ് & പെട്രോ കെമിക്കൽസ് വകുപ്പ് (DCPC), വ്യവസായ പ്രോത്സാഹന വകുപ്പ്, ആഭ്യന്തര വ്യാപാരം (DPIIT) എന്നിവയിൽ നിന്ന് ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ, ഫാർമ, കെമിക്കൽ മേഖലയിലെ കമ്പനികൾക്ക് LPG സംഭരണത്തിൽ നിന്ന് പ്രതിദിനം 1000 MT എന്ന നിരക്ക് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
 
2026 ഏപ്രിൽ 9 മുതൽ ഏകദേശം 2550 MT പ്രൊപിലീൻ വിറ്റഴിക്കപ്പെട്ടു.
 
ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

•  രാജ്യത്തുടനീളമുള്ള  ചില്ലറ വില്പന കേന്ദ്രങ്ങൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.

•  മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനയ്ക്ക്  കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവൺമെൻ്റ്  പെട്രോളിൻ്റേയും ഡീസലിൻ്റേയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.

• ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രിൽ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ  ഇന്ത്യാ ഗവൺമെൻ്റ്   ഡീസലിൻ്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിൻ്റേത്  ലിറ്ററിന് 42 രൂപയായും വർദ്ധിപ്പിച്ചു.

•  പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. കൂടാതെ, പൊതുമേഖലാ എണ്ണക്കമ്പനികളുടെ ചില്ലറ വില്പന കേന്ദ്രങ്ങളിലും വില വർദ്ധന ഉണ്ടായിട്ടില്ല.


മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

• പതിവ് വിഹിതത്തിന് പുറമെ 48,000 കിലോ ലിറ്റർ മണ്ണെണ്ണ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അധികമായി അനുവദിച്ചിട്ടുണ്ട്.

• 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.
 
സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

പേർഷ്യൻ ഗൾഫിലെ നിലവിലെ സമുദ്ര സാഹചര്യങ്ങളെക്കുറിച്ചും ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും ജീവനക്കാരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി സ്വീകരിച്ചുവരുന്ന  നടപടികളെക്കുറിച്ചും തുറമുഖ, ഷിപ്പിംഗ്, ജലപാതാ മന്ത്രാലയം വിശദീകരിച്ചു. പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

• കപ്പൽ ജീവനക്കാരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, സമുദ്രമേഖലയിലെ മറ്റ് പങ്കാളികൾ എന്നിവയുമായി ചേർന്ന് മന്ത്രാലയം ഏകോപന പ്രവർത്തനങ്ങൾ നടത്തിവരുന്നു.

•  ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

• ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ  6,727 കോളുകളും 13,987 ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 147 കോളുകളും 276 ഇമെയിലുകളും ലഭിച്ചു.

• ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 2,447-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 30 പേരും ഇതിൽ ഉൾപ്പെടുന്നു.

•  ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
 
 
മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ

ഗൾഫ്, പശ്ചിമേഷ്യൻ മേഖലയിലെ സംഭവവികാസങ്ങൾ വിദേശകാര്യ മന്ത്രാലയം നിരന്തരം  നിരീക്ഷിച്ചുവരികയാണ്. കൂടാതെ, ഈ മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്നതിന് മന്ത്രാലയം പ്രത്യേക ഊന്നൽ നല്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ താഴെ നല്കുന്നു:

•  വിദേശകാര്യ മന്ത്രാലയത്തിലെ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തനക്ഷമമാണ്, കൂടാതെ ഇന്ത്യൻ മിഷനുകളുമായി ഏകോപിപ്പിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു.

• വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവൺമെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.

•  മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

•  പ്രാദേശിക ഗവൺമെൻ്റുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകളും നിർദ്ദേശങ്ങളും കൃത്യമായ ഇടവേളകളിൽ  പുറപ്പെടുവിക്കുന്നുണ്ട്.

• വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, സംഘടനകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ എന്നിവരുൾപ്പെടെ ഈ മേഖലയിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹവുമായി ഇന്ത്യൻ മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.

• മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് പ്രാദേശിക അധികാരികളുമായും ഏജൻസികളുമായുള്ള ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലുള്ള അവരുടെ കുടുംബങ്ങളുമായി ആശയവിനിമയം ചെയ്യുന്നതിന് സൗകര്യമൊരുക്കൽ, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ സുഗമമാക്കൽ എന്നിവയിൽ മിഷനുകൾ സഹായം നല്കിവരുന്നു.

• വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 10,38,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.

• യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ  പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 105 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.

• സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.

• ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് ഏകദേശം 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

• കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴി ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നു.

• ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്നത്.

• ഇന്ത്യയിലേക്കുള്ള തുടർ യാത്രയ്ക്കായി, മേഖലയിലെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പരിമിതമായ വിമാന സർവീസുകളോടെ ഇറാഖ് വ്യോമപാത തുറന്നിട്ടുണ്ട്.

• ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ തുടർയാത്രയ്ക്കായി, ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,358 ഇന്ത്യൻ പൗരന്മാരെ അർമേനിയയിലേക്കും അസർബൈജാനിലേക്കും കൊണ്ടുപോകാൻ സൗകര്യമൊരുക്കി, ഇതിൽ 1,041 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.

• നിയന്ത്രിതമായ വിമാന സർവീസുകളോടെ ഇസ്രായേൽ വ്യോമപാത ഭാഗികമായി തുറന്നിട്ടുണ്ട്. ജോർദ്ദാൻ, ഈജിപ്ത് വഴി ഇന്ത്യൻ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാക്കുന്നു.
 
ഹജ്ജ് തീർത്ഥാടനം 2026

•  ഇന്ത്യയിൽ നിന്നുള്ള 2026 വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൻ്റെ തുടക്കം സംബന്ധിച്ച് ന്യൂനപക്ഷ കാര്യ മന്ത്രാലയം ഇന്ന് പത്രക്കുറിപ്പ് പുറത്തിറക്കി.

•  രാജ്യത്തെ വിവിധ എംബാർക്കേഷൻ പോയിൻ്റുകളിൽ നിന്നായി ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ ആദ്യ സംഘം 2026 ഏപ്രിൽ 18-ന് സൗദി അറേബ്യയിലേക്ക് പുറപ്പെടും.

•  മൊത്തം 1,75,025 തീർത്ഥാടകർ ഈ പുണ്യയാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

•  റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും ന്യൂനപക്ഷ കാര്യ മന്ത്രാലയവുമായും ഹജ്ജ്- ഉംറ മന്ത്രാലയം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട സൗദി അധികൃതരുമായും ചേർന്ന് തയ്യാറെടുപ്പുകൾക്കായി സജീവമായ ഏകോപനം നടത്തിവരുന്നു. തീർത്ഥാടകരെ സ്വീകരിക്കാൻ ഇവർ പ്രവർത്തനസജ്ജമാണ്.

• തീർത്ഥാടകരുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും കേന്ദ്ര ഗവൺമെൻ്റ്  ഉയർന്ന മുൻഗണന നല്കുന്നു, സുഗമവും സുഖകരവുമായ തീർത്ഥാടന അനുഭവം ഉറപ്പാക്കാൻ  ഗവൺമെൻ്റ്   പ്രതിജ്ഞാബദ്ധമാണ്.

• വിശുദ്ധ ഹജ്ജ് തീർത്ഥാടനം നടത്തുന്ന എല്ലാ തീർത്ഥാടകർക്കും മന്ത്രാലയം ആശംസകൾ നേരുന്നു.

• കൂടുതൽ വിവരങ്ങൾക്ക്, ന്യൂനപക്ഷ കാര്യ മന്ത്രാലയം പുറത്തിറക്കിയ പത്രക്കുറിപ്പ് കാണുക.
 
****

( റിലീസ് ഐ.ഡി: 2253170) സന്ദര്‍ശക കൗണ്ടര്‍ : 7