പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
azadi ka amrit mahotsav

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ

പോസ്റ്റഡ് ഓണ്‍: 14 APR 2026 4:14PM by PIB Thiruvananthpuram

പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പ്രധാന മേഖലകളിലെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന് ഇന്ത്യാ ഗവണ്മെൻ്റ് സജീവമായി ഏർപ്പെട്ടിരിക്കുന്നു. ഊർജ്ജ വിതരണം, സമുദ്ര പ്രവർത്തനങ്ങൾ, മേഖലയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പിന്തുണ എന്നീ മേഖലകളിൽ സ്വീകരിച്ചുവരുന്ന നടപടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇനിപ്പറയുന്നു.

 

ഊർജ്ജ വിതരണവും ഇന്ധന ലഭ്യതയും

 

ഹോർമുസ് കടലിടുക്കിനെ ബാധിക്കുന്ന സംഭവവികാസങ്ങൾക്കിടയിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെയും എൽപിജിയുടെയും തടസ്സമില്ലാതെ ലഭ്യത ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ചുകൊണ്ട്, നിലവിലെ ഇന്ധന വിതരണ സാഹചര്യത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം പങ്കിട്ടു. ഇതിൽ ഇപ്രകാരം പറഞ്ഞു:

 

പൊതുജന മാർഗ്ഗ നിർദ്ദേശങ്ങളും പൗര അവബോധവും

  • പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ ഗവണ്മെൻ്റ് എല്ലാ ശ്രമങ്ങളും നടത്തുന്നതിനാൽ, പെട്രോൾ, ഡീസൽ, എൽപിജി എന്നിവ പരിഭ്രാന്തരായി വാങ്ങുന്നത് ഒഴിവാക്കണമെന്ന് പൗരന്മാരോട് നിർദ്ദേശിക്കുന്നു.
  • കിംവദന്തികളിൽ നിന്നും ജാഗ്രത പാലിക്കുക. ശരിയായ വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കുക.
  • എൽപിജി ഉപഭോക്താക്കൾ ഡിജിറ്റൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും വിതരണ കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും അഭ്യർത്ഥിക്കുന്നു.
  • പിഎൻജി, ഇലക്ട്രിക് അല്ലെങ്കിൽ ഇൻഡക്ഷൻ കുക്ക്‌ടോപ്പുകൾ പോലുള്ള ഇതര ഇന്ധനങ്ങൾ ഉപയോഗിക്കാൻ പൗരന്മാരെ പ്രോത്സാഹിപ്പിക്കുന്നു.
  • നിലവിലെ സാഹചര്യത്തിൽ ദൈനംദിന ഉപയോഗത്തിൽ ഊർജ്ജം സംരക്ഷിക്കാൻ എല്ലാ പൗരന്മാരോടും അഭ്യർത്ഥിക്കുന്നു.

ഗവണ്മെൻ്റ് തയ്യാറെടുപ്പും വിതരണ പരിപാലന നടപടികളും

  • ഭൗമരാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്നുണ്ടെങ്കിലും, ഗാർഹിക എൽപിജി, ഗാർഹിക പിഎൻജി, സിഎൻജി (ഗതാഗതം) എന്നിവയുടെ 100% വിതരണം ഉറപ്പാക്കാൻ ഗവണ്മെൻ്റ് ശ്രമിച്ചിട്ടുണ്ട്.
  • വാണിജ്യ എൽപിജി വിതരണത്തിൽ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, ഫാർമ, സ്റ്റീൽ, ഓട്ടോമൊബൈൽ, വിത്ത്, കാർഷിക മേഖല മുതലായ മേഖലകൾക്കും മുൻഗണന നൽകിയിട്ടുണ്ട്. ഇതിനുപുറമെ, 2026 മാർച്ച് 2, 3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തെ അടിസ്ഥാനമാക്കി കുടിയേറ്റ തൊഴിലാളികൾക്കുള്ള 5 കിലോഗ്രാം എഫ്‌ടിഎൽ വിതരണവും ഇരട്ടിയാക്കുന്നു.
  • റിഫൈനറി ഉൽപ്പാദനം വർദ്ധിപ്പിക്കുക, നഗരപ്രദേശങ്ങളിൽ ബുക്കിംഗ് ഇടവേള 21 ൽ നിന്ന് 25 ദിവസമായും ഗ്രാമപ്രദേശങ്ങളിൽ 45 ദിവസമായും വർദ്ധിപ്പിക്കുക, വിതരണത്തിനായി മുൻഗണന മേഖലകൾ തിരഞ്ഞെടുക്കുക എന്നിവയുൾപ്പെടെ വിതരണത്തിൻ്റെയും ആവശ്യകതയുടെയും കാര്യങ്ങളിൽ ഗവണ്മെൻ്റ് ഇതിനകം നിരവധി യുക്തിസഹ നടപടികൾ സ്വീകരിച്ചു .
  • എൽപിജി ആവശ്യകതയിലെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ഇതര ഇന്ധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
  • ചെറുകിട, ഇടത്തരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനായി സംസ്ഥാനങ്ങൾക്ക് അധിക കൽക്കരി വിതരണം ചെയ്യാൻ കൽക്കരി മന്ത്രാലയം കോൾ ഇന്ത്യയോടും സിംഗരേണി കൊളിയറീസിനോടും നിർദ്ദേശിച്ചു.
  • ഗാർഹിക, വാണിജ്യ ഉപഭോക്താക്കൾക്ക് പുതിയ പിഎൻജി കണക്ഷനുകൾ നൽകാൻ സൗകര്യമൊരുക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ, സ്ഥാപന സംവിധാനങ്ങൾ എന്നിവയുമായി ഏകോപിതമായ ശ്രമങ്ങൾ

  • 1955 ലെ അവശ്യവസ്തു നിയമവും 2000 ലെ എൽപിജി നിയന്ത്രണ ഉത്തരവും പ്രകാരം വിതരണം നിരീക്ഷിക്കാനും പൂഴ്ത്തിവയ്പ്പിനും കരിഞ്ചന്തയ്ക്കും എതിരെ നടപടിയെടുക്കാനും സംസ്ഥാന ഗവണ്മെൻ്റുകൾക്ക് അധികാരമുണ്ട്. പെട്രോൾ, ഡീസൽ, എൽപിജി എന്നിവയുൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണ സാഹചര്യം നിരീക്ഷിക്കുന്നതിലും നിയന്ത്രിക്കുന്നതിലും സംസ്ഥാന/കേന്ദ്രഭരണ പ്രദേശ ഗവണ്മെൻ്റുകൾ പ്രാഥമിക പങ്ക് വഹിക്കേണ്ടതുണ്ട്. ഇക്കാര്യം സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒന്നിലധികം കത്തുകളിലൂടെയും വീഡിയോ സന്ദേശങ്ങളിലൂടെയും ഇന്ത്യാ ഗവണ്മെൻ്റ് അറിയിപ്പ് നൽകി 

 

2026 മാർച്ച് 27നും 2026 ഏപ്രിൽ രണ്ടിനും കത്തുകൾ മുഖേന പൗരന്മാർക്ക് ആവശ്യത്തിനുള്ള ഇന്ധന ലഭ്യത ഉറപ്പാക്കുന്നത് സംബന്ധിച്ച് മുൻകൂട്ടി പൊതുജനങ്ങളെ അറിയിക്കേണ്ടതിൻ്റെ ആവശ്യകത കേന്ദ്ര ഗവണ്മെൻ്റ് ഊന്നിപ്പറഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങളുമായി പതിവായി അവലോകന യോഗങ്ങൾ നടത്തുന്നു. ഈ സാഹചര്യത്തിൽ, 2026 ഏപ്രിൽ രണ്ടിനും (കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി അധ്യക്ഷത വഹിച്ചു) 2026 ഏപ്രിൽ ആറിനും (കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറിയും ഐ ആൻഡ് ബി, ഉപഭോക്തൃ കാര്യ സെക്രട്ടറിമാരും ചേർന്ന് അധ്യക്ഷത വഹിച്ചു) യോഗങ്ങൾ വിളിച്ചുചേർത്തു. അതിൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകി 

  • ദിവസേനയുള്ള പത്രസമ്മേളനങ്ങൾ നടത്തുകയും നിരന്തരം പൊതുജന മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യുക.
  • സമൂഹമാധ്യമങ്ങളിലെ വ്യാജ വാർത്തകൾ / തെറ്റായ വിവരങ്ങൾ സജീവമായി നിരീക്ഷിക്കുകയും പ്രതിരോധിക്കുകയും ചെയ്യുക.
  • ജില്ലാ ഭരണകൂടങ്ങൾ നടത്തുന്ന ദൈനംദിന എൻഫോഴ്‌സ്‌മെൻ്റ് പരിപാടികൾ ശക്തമാക്കുക. എണ്ണ വിപണന കമ്പനികളുമായി ഏകോപിപ്പിച്ച് റെയ്ഡുകളും പരിശോധനകളും തുടരുക. 
  • സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുള്ളിൽ വാണിജ്യ എൽപിജി വിഹിത ഉത്തരവുകൾ പുറപ്പെടുവിക്കുക.
  • സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവയ്ക്ക് അനുവദിച്ച അധിക മണ്ണെണ്ണക്കായി മണ്ണെണ്ണ വിഹിത ഉത്തരവുകൾ പുറപ്പെടുവിക്കുക.
  • പിഎൻജിയും ഇതര ഇന്ധനങ്ങളും  പ്രോത്സാഹിപ്പിക്കുക.
  • എൽപിജി വിതരണത്തിന്, പ്രത്യേകിച്ച് ഗാർഹിക ആവശ്യങ്ങൾക്കായി മുൻഗണന നൽകുകയും വിതരണ സ്ഥിരത ഉറപ്പാക്കുന്നതിന് 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകളുടെ വിതരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

• പൂഴ്ത്തിവെയ്പ്പും കരിഞ്ചന്തയും തടയുന്നതിന് എല്ലാ സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും കൺട്രോൾ റൂമുകളും ജില്ലാ നിരീക്ഷണ സമിതികളും സ്ഥാപിച്ചിട്ടുണ്ട്.

 

• പല സംസ്ഥാനങ്ങളും/ കേന്ദ്ര ഭരണ പ്രദേശങ്ങളും പതിവായി പത്രസമ്മേളനങ്ങൾ നടത്തുകയോ വാർത്തക്കുറിപ്പുകൾ പുറത്തിറക്കുകയോ ചെയ്യുന്നു.

 

പരിശോധന, നിരീക്ഷണ നടപടികൾ

  • എൽപിജിയുടെ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ രാജ്യത്തുടനീളം പരിശോധന നടപടികൾ തുടരുന്നു. 2026 ഏപ്രിൽ 13ന് രാജ്യത്തുടനീളം 2,950 ലധികം റെയ്ഡുകൾ നടത്തി.
  • 2026 ഏപ്രിൽ 11ന്, കേരളത്തിലെ തിരുവനന്തപുരത്തെ ആറ്റിങ്ങലിലുള്ള ഒരു സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന ഏകദേശം 500 ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നിലവിലെ എൽപിജി ക്ഷാമത്തിനിടെ എൽപിജി കരിഞ്ചന്ത തടയുന്നതിനുള്ള പ്രത്യേക പരിശോധനകളുടെ ഭാഗമായിരുന്നു ഈ റെയ്ഡ്. സംസ്ഥാന വകുപ്പുകൾ നിലവിൽ കേസ് അന്വേഷിക്കുന്നുണ്ട്.
  • പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 232 എൽപിജി വിതരണ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനകൾ ശക്തമാക്കുകയും പിഴ ചുമത്തുകയും ചെയ്തു, ഇന്നലെ വരെ 56 എൽപിജി വിതരണ കേന്ദ്രങ്ങളെ താൽക്കാലികമായി റദ്ദാക്കി.

എൽപിജി വിതരണം

ആഭ്യന്തര എൽപിജി വിതരണ നില:

  • നിലവിലുള്ള ഭൗമരാഷ്ട്രീയ സാഹചര്യം എൽപിജി വിതരണത്തെ ബാധിക്കുന്നുണ്ട്.
  • എൽപിജി വിതരണ കേന്ദ്രങ്ങൾ ദൗർലഭ്യത റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഇന്നലെ ഓൺലൈൻ എൽപിജി ബുക്കിംഗുകൾ 98% ആയി വർദ്ധിച്ചു.
  • സിലിണ്ടറുകളുടെ വഴിതിരിച്ചുവിടൽ തടയുന്നതിനായി ഡെലിവറി ഓതൻ്റിക്കേഷൻ കോഡ് (ഡിഎസി) അടിസ്ഥാനമാക്കിയുള്ള വിതരണം ഏകദേശം 92% ആയി വർദ്ധിച്ചു. ഉപഭോക്താവിൻ്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലാണ് ഡിഎസി ലഭിക്കുന്നത്.
  • ബുക്കിംഗുകൾ പ്രകാരമുള്ള ഗാർഹിക എൽപിജി സിലിണ്ടർ വിതരണം സാധാരണ നിലയിലാണ്.

വാണിജ്യ എൽപിജി വിതരണവും വിഹിതം സംബന്ധിച്ച നടപടികളും:

  • മൊത്തം വാണിജ്യ എൽപിജി വിഹിതം പ്രതിസന്ധിക്ക് മുമ്പുള്ള അളവിൻ്റെ ഏകദേശം 70 ശതമാനമായി വർദ്ധിപ്പിച്ചിട്ടുണ്ട്, ഇതിൽ 10 ശതമാനം പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട വിഹിതമാണ്.
  • കുടിയേറ്റ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിനായി ഓരോ സംസ്ഥാനത്തും ലഭ്യമായ 5 കിലോ എഫ്‌ടി‌എൽ സിലിണ്ടറുകളുടെ ദൈനംദിന അളവ് ഇരട്ടിയാക്കുന്നതായി 2026 ഏപ്രിൽ 6-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അറിയിച്ചിട്ടുണ്ട്. 2026 മാർച്ച് 2-3 തീയതികളിലെ ശരാശരി ദൈനംദിന വിതരണത്തിൻ്റെ (സിലിണ്ടറുകളുടെ എണ്ണം) അടിസ്ഥാനത്തിണ് ഈ വർദ്ധനവ്. 2026 മാർച്ച് 21-ലെ കത്തിൽ സൂചിപ്പിച്ചിരുന്ന 20 ശതമാനം എന്ന പരിധിക്ക് പുറമെയാണിത്. ഈ 5 കിലോ എഫ്‌ടി‌എൽ സിലിണ്ടറുകൾ എണ്ണ വിതരണ കമ്പനികളുടെ സഹായത്തോടെ അതത് സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികൾക്ക് മാത്രം വിതരണം ചെയ്യുന്നതിനായി സംസ്ഥാന ഗവണ്മെൻ്റുകൾക്ക് വിട്ടുനല്കും.
  • 2026 ഏപ്രിൽ 3 മുതൽ, പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ 5  കിലോഗ്രാം എഫ്‌ടി‌എൽ  സിലിണ്ടറുകളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി 4450- ലധികം ക്യാമ്പുകൾ സംഘടിപ്പിച്ചു. ഇതേത്തുടർന്ന് 49,300-ത്തിലധികം 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകൾ വിറ്റഴിക്കപ്പെടുകയും ചെയ്തു.
  • 2026 ഏപ്രിൽ 12-ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള ബോയ്‌സർ ഇൻഡസ്ട്രിയൽ ഏരിയയിൽ ഐ.ഒ.സി.എൽ സംഘടിപ്പിച്ച 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പിന് മികച്ച പ്രതികരണം ലഭിക്കുകയും, ആ ദിവസം മാത്രം ഏകദേശം 800 സിലിണ്ടറുകൾ വിറ്റഴിക്കുകയും ചെയ്തു.
  • 2026 മാർച്ച് 23 മുതൽ ഇതുവരെ ഏകദേശം 14.3 ലക്ഷത്തിലധികം 5 കിലോഗ്രാം ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകൾ വിറ്റഴിക്കപ്പെട്ടു.
  • 2026 ഫെബ്രുവരി മാസത്തിൽ പ്രതിദിന ശരാശരി 77,000 ആയിരുന്ന സ്ഥാനത്ത്, 2026 ഏപ്രിൽ 13-ന് രാജ്യത്തുടനീളം ഏകദേശം 1.1 ലക്ഷം - 5 കിലോഗ്രാം എഫ്‌ടി‌എൽ സിലിണ്ടറുകൾ വിറ്റഴിച്ചു.
  • ഐ.ഒ.സി.എൽ, എച്ച്.പി.സി.എൽ, ബി.പി.സി.എൽ എന്നിവയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാർ അടങ്ങുന്ന മൂന്നംഗ സമിതി വാണിജ്യ എൽപിജി വിതരണം ആസൂത്രണം ചെയ്യുന്നതിനായി സംസ്ഥാന അധികാരികളുമായും വ്യവസായ സ്ഥാപനങ്ങളുമായും ഏകോപിപ്പിച്ചു പ്രവർത്തിക്കുന്നു.
  • 2026 മാർച്ച് 14 മുതൽ മൊത്തം 1,31,645 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 69.28 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിക്കപ്പെട്ടു.
  • 2026 ഏപ്രിൽ 13-ന് 8661 മെട്രിക് ടൺ വാണിജ്യ എൽപിജി (ഇത് 4.5 ലക്ഷത്തിലധികം 19 കിലോഗ്രാം സിലിണ്ടറുകൾക്ക് തുല്യമാണ്) വിറ്റഴിച്ചു.

പ്രകൃതിവാതക വിതരണവും പിഎൻജി വിപുലീകരണ സംരംഭങ്ങളും

  • ഗാർഹിക പിഎൻജി, ഗതാഗത മേഖലയിലെ സിഎൻജി എന്നിവയ്ക്ക് നൂറു ശതമാനം വിതരണം ഉറപ്പാക്കിക്കൊണ്ട് ഉപഭോക്താക്കൾക്ക് മുൻഗണന നല്കിയിട്ടുണ്ട്.
  • നിലവിലെ ഇന്ധന ശേഖരത്തിൻ്റെയും എത്തിച്ചേരാനിരിക്കുന്ന എൽഎൻജി ചരക്കുകൾ സംബന്ധിച്ച വിവരങ്ങളുടേയും അടിസ്ഥാനത്തിൽ, രാസവള നിർമ്മാണ ശാലകൾക്കുള്ള മൊത്തം ഗ്യാസ് വിഹിതം അഞ്ച് ശതമാനം കൂടി വർദ്ധിപ്പിച്ചു. ഇതോടെ 2026 ഏപ്രിൽ 9 മുതൽ ഇത് അവരുടെ ശാലകൾക്ക് അവരുടെ ആറ് മാസത്തെ ശരാശരി ഉപഭോഗത്തിൻ്റെ ഏകദേശം 95 ശതമാനത്തിൽ എത്തിയിട്ടുണ്ട്.
  • വാണിജ്യ എൽപിജി ലഭ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിനായി ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാൻ്റീനുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങൾക്ക് പിഎൻജി കണക്ഷനുകൾ നല്കുന്നതിന് മുൻഗണന നല്കാൻ സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.
  • ഐജിഎൽ, എംജിഎൽ, ഗെയിൽ ഗ്യാസ്, ബിപിസിഎൽ എന്നിവയുൾപ്പെടെയുള്ള സിജിഡി കമ്പനികൾ ഗാർഹിക, വാണിജ്യ പിഎൻജി കണക്ഷനുകൾ എടുക്കുന്നതിന് പ്രത്യേക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • സിജിഡി ശൃംഖലയുടെ വിപുലീകരണത്തിന് ആവശ്യമായ അപേക്ഷകൾക്ക് വേഗത്തിൽ അംഗീകാരം നല്കണമെന്ന് സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെ ഗവണ്മെൻ്റുകളോടും കേന്ദ്ര മന്ത്രാലയങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
  • എൽപിജിയിൽ നിന്ന് പിഎൻജിയിലേക്കുള്ള ദീർഘകാല മാറ്റത്തിന് സഹായിക്കുകയാണെങ്കിൽ, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽപിജിയുടെ 10 ശതമാനം അധിക വിഹിതം അനുവദിക്കുമെന്ന് 2026 മാർച്ച് 18-ലെ കത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
  • പിഎൻജി വിപുലീകരണ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് 21 സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങൾ ഇതിനകം തന്നെ അധിക വാണിജ്യ എൽപിജി വിഹിതം കൈപ്പറ്റുന്നുണ്ട്.
  • സിജിഡി അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അപേക്ഷകൾ മുൻഗണനാടിസ്ഥാനത്തിൽ തീർപ്പാക്കുന്നതിനായി റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയം മൂന്ന് മാസത്തേക്ക് ത്വരിതഗതിയിലുള്ള അംഗീകാര ചട്ടക്കൂട് നടപ്പിലാക്കിയിട്ടുണ്ട്.
  • 1955-ലെ അവശ്യവസ്തു നിയമപ്രകാരം, 2026-ലെ പ്രകൃതിവാതക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണം സംബന്ധിച്ച (പൈപ്പ് ലൈനുകൾ സ്ഥാപിക്കൽ, നിർമ്മാണം, പ്രവർത്തനം, വിപുലീകരണം, മറ്റ് സൗകര്യങ്ങൾ എന്നിവയിലൂടെ) ഉത്തരവ് 2026 മാർച്ച് 24-ലെ ഗസറ്റിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് വിജ്ഞാപനം ചെയ്തു. രാജ്യത്തുടനീളം പൈപ്പ്‌ലൈനുകൾ സ്ഥാപിക്കുന്നതിനും വിപുലീകരിക്കുന്നതിനും കാര്യക്ഷമവും സമയബന്ധിതവുമായ ഒരു ചട്ടക്കൂട് ഈ ഉത്തരവ് ഉറപ്പാക്കുന്നു. ഇത് അനുമതികൾ ലഭിക്കുന്നതിലെ താമസം, ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസ്സങ്ങൾ എന്നിവ പരിഹരിക്കുകയും, ജനവാസ മേഖലകൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രകൃതിവാതക അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിപ്പിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഇത് പിഎൻജി ശൃംഖലയുടെ വളർച്ച വേഗത്തിലാക്കുകയും, അവസാനഘട്ട കണക്ഷനുകൾ മെച്ചപ്പെടുത്തുകയും, പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്കുള്ള പരിവർത്തനത്തെ പിന്തുണയ്ക്കുകയും അതിലൂടെ രാജ്യത്തിൻ്റെ ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുകയും ഇന്ത്യയുടെ ഗ്യാസ് അധിഷ്ഠിത സമ്പദ്‌ വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
  • ഗാർഹിക പിഎൻജി കണക്ഷനുകൾ വേഗത്തിലാക്കാൻ പിഎൻജിആർബി, സിജിഡി സ്ഥാപനങ്ങൾക്ക് നിർദ്ദേശം നല്കി. കൂടാതെ, പിഎൻജി വിപുലീകരണത്തിൻ്റെ വേഗത നിലനിർത്തുന്നതിനായി ദേശീയ പിഎൻജി ഡ്രൈവ് 2.0, 2026 ജൂൺ 30 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
  • ശുദ്ധവും കൂടുതൽ സുരക്ഷിതവും സ്വയംപര്യാപ്തവുമായ ഊർജ്ജ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് ഒരു മാതൃകാ കരട് സംസ്ഥാന സിബിജി നയം വികസിപ്പിച്ചെടുത്തിട്ടുണ്ട്. സിബിജി വികസനത്തിനായി നിക്ഷേപക സൗഹൃദവും നടപ്പാക്കൽ കേന്ദ്രീകൃതവുമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ സംസ്ഥാനങ്ങളെ പ്രാപ്തമാക്കുന്ന, സമഗ്രവും അയവുള്ളതുമായ ഒരു മാർഗ്ഗനിർദ്ദേശ ചട്ടക്കൂടായി പ്രവർത്തിക്കുക എന്നതാണ് ഈ മാതൃകാ നയം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് തിരഞ്ഞെടുക്കുന്ന സംസ്ഥാനങ്ങൾക്ക്, അധിക വാണിജ്യ എൽപിജി വിഹിതത്തിൻ്റെ അടുത്ത ഗഡു അനുവദിക്കുന്നതിൽ മുൻഗണന നല്കുന്നതാണ്.
  • 2026 മാർച്ച് മുതൽ ഏകദേശം 4.40 ലക്ഷം പിഎൻജി കണക്ഷനുകളിൽ വാതക വിതരണം ആരംഭിച്ചു. കൂടാതെ ഏകദേശം 4.88 ലക്ഷം പുതിയ ഉപഭോക്താക്കൾ കണക്ഷനുവേണ്ടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
  • 2026 ഏപ്രിൽ 13 വരെയുള്ള കണക്കുകൾ പ്രകാരം, 33,000-ത്തിലധികം പിഎൻജി ഉപഭോക്താക്കൾ MYPNGD.in എന്ന വെബ്‌സൈറ്റ് വഴി അവരുടെ എൽപിജി കണക്ഷനുകൾ തിരിച്ചേൽപ്പിച്ചു.

ക്രൂഡ് ഓയിൽ നിലയും റിഫൈനറി പ്രവർത്തനങ്ങളും

  • എല്ലാ റിഫൈനറികളും ഉയർന്ന ശേഷിയിൽ പ്രവർത്തിക്കുന്നു, ആവശ്യമായ ക്രൂഡ് ഓയിൽ ശേഖരം നിലവിലുണ്ട്. കൂടാതെ, പെട്രോൾ, ഡീസൽ എന്നിവയുടെ മതിയായ ശേഖരവും രാജ്യം നിലനിർത്തുന്നുണ്ട്.
  • ആഭ്യന്തര ഉപഭോഗത്തെ പിന്തുണയ്ക്കുന്നതിനായി റിഫൈനറികളിൽ നിന്നുള്ള ആഭ്യന്തര എൽപിജി ഉത്പാദനം വർദ്ധിപ്പിച്ചിട്ടുണ്ട്.
  • ഫാർമസ്യൂട്ടിക്കൽസ് വകുപ്പ്, ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, കെമിക്കൽസ്-പെട്രോകെമിക്കൽസ് വകുപ്പ് തുടങ്ങിയ നിർണ്ണായക മേഖലകൾക്കായി നിശ്ചിത അളവിൽ C3, C4 സ്ട്രീമുകൾ ലഭ്യമാക്കാൻ പെട്രോ കെമിക്കൽ കോംപ്ലക്സുകൾ ഉൾപ്പെടെയുള്ള ഇന്ത്യയിലെ എണ്ണ ശുദ്ധീകരണ കമ്പനികൾക്ക് 2026 ഏപ്രിൽ ഒന്നിലെ ഉത്തരവിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് അനുമതി നല്കിയിട്ടുണ്ട്. മേൽപ്പറഞ്ഞ വകുപ്പുകളുമായി ബന്ധപ്പെട്ട കമ്പനികൾക്ക് പ്രതിദിനം 800 മെട്രിക് ടൺ വീതം ലഭ്യമാക്കാനുള്ള വ്യവസ്ഥയും ഏർപ്പെടുത്തിയിട്ടുണ്ട്.

ചില്ലറ ഇന്ധന ലഭ്യതയും വില നിയന്ത്രണ നടപടികളും

  • രാജ്യത്തുടനീളമുള്ള ചില്ലറ വില്പനശാലകൾ സാധാരണ നിലയിൽ പ്രവർത്തിക്കുന്നു.
  • മിഡിൽ ഈസ്റ്റ് പ്രതിസന്ധി അസംസ്‌കൃത എണ്ണയുടെ വിലയിൽ അസാധാരണമായ വർദ്ധനവിന് കാരണമായിട്ടുണ്ട്. എന്നിരുന്നാലും, ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനായി, ഇന്ത്യാ ഗവണ്മെൻ്റ് പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ വീതം കുറച്ചു.
  • ആഭ്യന്തര വിപണിയിൽ ഈ ഉൽപ്പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, 2026 ഏപ്രിൽ 11-ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ ഇന്ത്യാ ഗവണ്മെൻ്റ് ഡീസലിൻ്റെ കയറ്റുമതി തീരുവ 55.50 രൂപയായും, വിമാന ഇന്ധനത്തിൻ്റെത്  ലിറ്ററിന് 42 രൂപയായും വർദ്ധിപ്പിച്ചു.
  • പെട്രോൾ, ഡീസൽ എന്നിവയുടെ ചില്ലറ വില്പന വിലകളിൽ മാറ്റമില്ല. ചില്ലറ വില്പന ശാലകളിൽ വില വർദ്ധനവ് ഉണ്ടായിട്ടില്ല.

മണ്ണെണ്ണ ലഭ്യതയും വിതരണ നടപടികളും

  • പതിവ് വിഹിതത്തിന് പുറമെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 48,000 കിലോ ലിറ്റർ മണ്ണെണ്ണ അധികമായി അനുവദിച്ചിട്ടുണ്ട്.
  • 18 സംസ്ഥാനങ്ങൾ/കേന്ദ്രഭരണ പ്രദേശങ്ങൾ മണ്ണെണ്ണ വിഹിതം സംബന്ധിച്ച ഉത്തരവുകൾ ഇതിനോടകം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ ഹിമാചൽ പ്രദേശും ലഡാക്കും തങ്ങൾക്ക് വിഹിതം ആവശ്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്.

സമുദ്ര സുരക്ഷയും ഷിപ്പിംഗ് പ്രവർത്തനങ്ങളും

ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കപ്പലുകളുടേയും നാവികരുടേയും സുരക്ഷ ഉറപ്പാക്കുന്നതിനായി തുറമുഖ, ഷിപ്പിംഗ്, ജലപാതാ  മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. മന്ത്രാലയം അറിയിച്ച പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

  • ഈ മേഖലയിലുള്ള എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യൻ പതാകവാഹക കപ്പലുകള്‍ ഉള്‍പ്പെട്ട അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
  • ഡിജി ഷിപ്പിംഗ് കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതിനുശേഷം ഇതുവരെ 6,292 കോളുകളും 13,228-ലധികം ഇമെയിലുകളും കൈകാര്യം ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 219 കോളുകളും 361 ഇമെയിലുകളും ലഭിച്ചു.
  • ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡി.ജി ഷിപ്പിംഗ്) വഴി ഗൾഫ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി ഇതുവരെ 2,262-ലധികം ഇന്ത്യൻ നാവികരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ സാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മടങ്ങിയെത്തിയ 85 പേരും ഇതിൽ ഉൾപ്പെടുന്നു.
  • ഇന്ത്യയിലുടനീളമുള്ള തുറമുഖ പ്രവർത്തനങ്ങൾ സാധാരണ നിലയിലാണ്, തുറമുഖങ്ങളിൽ തിരക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
  • ഇന്ത്യൻ നാവികരുടെ സുരക്ഷയും തടസ്സമില്ലാത്ത സമുദ്ര പ്രവർത്തനങ്ങളും ഉറപ്പാക്കുന്നതിന്, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിഷനുകൾ, മറ്റ് സമുദ്ര പങ്കാളികൾ എന്നിവയുമായി മന്ത്രാലയം ഏകോപനം തുടരുന്നു.

മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ


മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകളും പോസ്റ്റുകളും പ്രവാസി സമൂഹവുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്. പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി ആവശ്യമായ സഹായങ്ങൾ നല്കുന്നതിനോടൊപ്പം കൃത്യമായ ഇടവേളകളിൽ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യുന്നു. വിദേശകാര്യ മന്ത്രാലയം അറിയിച്ച വിവരങ്ങൾ താഴെ പറയുന്നവയാണ്:

  • വിദേശകാര്യ മന്ത്രാലയം പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള ഇടപെടൽ തുടരുന്നു.
  • വിദേശകാര്യ മന്ത്രി കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ചും ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷ സംബന്ധിച്ചും ഇരുവരും ചർച്ച ചെയ്തു.
  • വിദേശകാര്യ മന്ത്രി ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായും സംസാരിക്കുകയും പശ്ചിമേഷ്യയിലെ സംഘർഷത്തിൻ്റെ വിവിധ വശങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.
  • കൂടാതെ, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായും അദ്ദേഹം സംസാരിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അവർ പങ്കുവെച്ചു.
  • ഗൾഫ്, പശ്ചിമേഷ്യൻ മേഖലകളിലെ സംഭവവികാസങ്ങൾ സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിച്ചുവരികയാണ്.
  • വിവരങ്ങൾ കൈമാറുന്നതിനും ഏകോപനം മെച്ചപ്പെടുത്തുന്നതിനുമായി വിദേശകാര്യ മന്ത്രാലയം സംസ്ഥാന ഗവണ്മെൻ്റുകളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ട്.
  • ഈ മേഖലയിലെ ഇന്ത്യൻ സമൂഹത്തിൻ്റെ സുരക്ഷയും സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിലാണ് പ്രവർത്തനങ്ങൾ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
  • മേഖലയിലുടനീളമുള്ള ഇന്ത്യൻ മിഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ പ്രവർത്തിപ്പിക്കുകയും ഇന്ത്യൻ പൗരന്മാരെ സഹായിക്കുകയും ചെയ്യുന്നു. അവർ അവിടുത്തെ പ്രാദേശിക അധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.
  • പ്രാദേശിക സർക്കാരുകളുടെ മാർഗ്ഗനിർദ്ദേശങ്ങൾ, വിമാന സർവീസുകൾ, യാത്രാ സാഹചര്യങ്ങൾ, കോൺസുലാർ സേവനങ്ങൾ, ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനായി സ്വീകരിച്ചുവരുന്ന വിവിധ ക്ഷേമ നടപടികൾ എന്നിവ സംബന്ധിച്ച പുതുക്കിയ അറിയിപ്പുകൾ കൃത്യമായ ഇടവേളകളിൽ  പുറപ്പെടുവിക്കുന്നുണ്ട്.
  • മേഖലയിലുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ഗ്രൂപ്പുകൾ, ഇന്ത്യൻ കമ്പനികൾ, മറ്റ് പങ്കാളികൾ എന്നിവയുമായി മിഷനുകൾ നിരന്തരം സമ്പർക്കം പുലർത്തുന്നു.
  • മേഖലയിലെ കപ്പലുകളിലുള്ള ഇന്ത്യൻ ജീവനക്കാർക്ക് പ്രാദേശിക അധികാരികളുമായും ഏജൻസികളുമായുള്ള ഏകോപനം, കോൺസുലാർ സഹായം, ഇന്ത്യയിലേക്ക് മടങ്ങാനുള്ള അപേക്ഷകൾ സുഗമമാക്കൽ എന്നിവയിൽ മിഷനുകൾ സഹായം നല്കിവരുന്നു.
  • വ്യോമപാത തുറന്നിട്ടുള്ള രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഫെബ്രുവരി 28 മുതൽ ഏകദേശം 9,55,000 യാത്രക്കാർ ഈ മേഖലയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തി.
  • യുഎഇയിൽ, സുരക്ഷാ-പ്രവർത്തന കാരണങ്ങൾ മുൻനിർത്തി യുഎഇക്കും ഇന്ത്യയ്ക്കുമിടയിൽ പരിമിതമായ രീതിയിൽ ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാനങ്ങൾ സർവീസ് നടത്തുന്നത് തുടരുന്നു. ഇന്ന് ഏകദേശം 100 വിമാന സർവീസുകളാണ് പ്രതീക്ഷിക്കുന്നത്.
  • സൗദി അറേബ്യയിലേയും ഒമാനിലേയും വിവിധ വിമാനത്താവളങ്ങളിൽ നിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ തുടരുന്നുണ്ട്.
  • ഖത്തർ വ്യോമപാത ഭാഗികമായി തുറന്ന സാഹചര്യത്തിൽ, ഖത്തർ എയർവേയ്‌സ് ഇന്ന് ഇന്ത്യയിലേക്ക് 10 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
  • കുവൈറ്റ് വ്യോമപാത അടഞ്ഞുകിടക്കുന്നു. കുവൈറ്റിലെ ജസീറ എയർവേയ്‌സും കുവൈറ്റ് എയർവേയ്‌സും സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇന്ത്യയിലേക്ക് ഷെഡ്യൂൾ ചെയ്യാത്ത വാണിജ്യ വിമാന സർവീസുകൾ നടത്തുന്നത്. കുവൈറ്റിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരുടെ യാത്ര സൗദി അറേബ്യ വഴി സുഗമമാക്കുന്നു.
  • ബഹ്‌റൈൻ വ്യോമപാത തുറന്നിട്ടുണ്ട്. ഗൾഫ് എയർ ഉടൻ തന്നെ ബഹ്‌റൈനിൽ നിന്ന് ഇന്ത്യയിലേക്ക് പരിമിതമായ വിമാന സർവീസുകൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു, നിലവിൽ സൗദി അറേബ്യയിലെ ദമാം വിമാനത്താവളം വഴിയാണ് ഇവർ സർവീസ് നടത്തുന്നത്. ബഹ്‌റൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാർക്ക് സൗദി അറേബ്യ വഴി ഇന്ത്യയിലേക്കുള്ള യാത്ര തുടർന്നും സുഗമമാക്കും.
  • ടെഹ്‌റാനിലെ ഇന്ത്യൻ എംബസി ഇതുവരെ 2,313 ഇന്ത്യൻ പൗരന്മാരെ ഇറാനിൽ നിന്ന് അർമേനിയ, അസർബൈജാൻ വഴി ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിച്ചു. ഇതിൽ 1,028 വിദ്യാർത്ഥികളും 657 മത്സ്യത്തൊഴിലാളികളും ഉൾപ്പെടുന്നു.
  • ഇസ്രായേൽ വ്യോമപാത നിയന്ത്രണങ്ങളോടെ ഭാഗികമായി തുറന്നിട്ടുണ്ട്. ജോർദ്ദാൻ, ഈജിപ്ത് വഴി ഇന്ത്യൻ പൗരന്മാരുടെ യാത്ര സുഗമമാക്കുന്നു.
  • ഇറാഖ് വ്യോമപാത തുറന്നതോടെ ഇറാഖി എയർവേയ്‌സ് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇന്ത്യൻ പൗരന്മാരുടെ യാത്ര ജോർദ്ദാൻ, സൗദി അറേബ്യ വഴി സുഗമമാക്കുന്നു.

*****


( റിലീസ് ഐ.ഡി: 2251932) സന്ദര്‍ശക കൗണ്ടര്‍ : 11