സാമ്പത്തിക കാര്യങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിസഭാ സമിതി
രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിലെ HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിന്റെ (HRRL) പദ്ധതിച്ചെലവ് പുതുക്കുന്നതിനും ഓഹരിനിക്ഷേപത്തിനും കേന്ദ്ര മന്ത്രിസഭാ അംഗീകാരം
{ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെയും (HPCL) രാജസ്ഥാൻ ഗവൺമെന്റിന്റെയും സംയുക്ത സംരംഭം}
പോസ്റ്റഡ് ഓണ്‍:
08 APR 2026 4:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി HPCL രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ് (HRRL) പദ്ധതിച്ചെലവ് 43,129 കോടി രൂപയിൽ നിന്ന് 79,459 കോടി രൂപയായി പുതുക്കുന്നതിനും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (HPCL) 8,962 കോടി രൂപയുടെ അധിക ഓഹരി നിക്ഷേപത്തിനും അംഗീകാരം നൽകി. വർദ്ധനവിന് ശേഷം HPCL നടത്തുന്ന ആകെ ഓഹരി നിക്ഷേപം 19,600 കോടി രൂപയായിരിക്കും.
നടപ്പിലാക്കൽ തന്ത്രവും ലക്ഷ്യങ്ങളും:
26 ശതമാനത്തിലധികം പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള അതീവ സങ്കീർണ്ണമായ ഒരു റിഫൈനറിയാണ് HRRL. ഒരു MMTPA പെട്രോളും നാല് MMTPA ഡീസലും ഉത്പാദിപ്പിക്കുന്നതിനോടൊപ്പം ഒരു MMTPA പോളിപ്രൊപ്പിലീൻ, 0.5 MMTPA LLPDE (ലീനിയർ ലോ ഡെൻസിറ്റി പോളിയെത്തിലീൻ), 0.5 MMTPA HDPE (ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ), ഏകദേശം 0.4 MMTPA ബെൻസീൻ, ടൊലുയിൻ, ബ്യൂട്ടാഡൈൻ എന്നിവയും ഇത് ഉത്പാദിപ്പിക്കും. ഈ ഉത്പന്നങ്ങളെല്ലാം ഗതാഗതം, ഫാർമ, പെയിന്റ്, പാക്കേജിംഗ് തുടങ്ങിയ മേഖലകളിലെ നമ്മുടെ ഊർജ്ജ-വ്യവസായ ആവാസവ്യവസ്ഥയ്ക്ക് നിർണ്ണായകമാണ്. ഈ പദ്ധതി ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് നയിക്കുകയും പെട്രോകെമിക്കൽ മേഖലയിലെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുകയും ചെയ്യും. ഈ റിഫൈനറി വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കേണ്ട തീയതി (SCOD) 2026 ജൂലൈ 1 ആണ്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ ഉൾപ്പെടെയുള്ള പ്രധാന സ്വാധീനം:
രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങളും പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ ആവശ്യകതയും സ്പെഷ്യാലിറ്റി ഉത്പന്നങ്ങളുടെ ഉത്പാദനവും പരിഗണിക്കുമ്പോൾ HRRL ഒരു സുപ്രധാന പദ്ധതിയാണ്. ഇതിലൂടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കാനും അതുവഴി വിദേശനാണ്യം ലാഭിക്കാനും സാധിക്കും. കൂടാതെ ഈ പദ്ധതി ഒരു പിന്നാക്ക പ്രദേശത്തിന്റെ വ്യവസായവത്കരണത്തിനും പ്രാദേശികമായി ലഭ്യമായ 'മംഗള' ക്രൂഡ് ഓയിലിന്റെ ഉപയോഗത്തിനും സഹായകമാവുകയും ഇന്ത്യയെ ഒരു റിഫൈനിംഗ് ഹബ്ബായി പ്രോത്സാഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഈ പദ്ധതിയുടെ നിർമ്മാണ വേളയിൽ റിഫൈനറി യൂണിറ്റുകളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന വിവിധ പങ്കാളികൾ വിന്യസിച്ച ഏകദേശം 25,000 തൊഴിലാളികൾക്ക് HRRL തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.
പശ്ചാത്തലം:
പ്രതിവർഷം 9 മില്യൺ മെട്രിക് ടൺ (MMTPA) ശേഷിയുള്ളതും 2.4 മില്യൺ മെട്രിക് ടൺ പെട്രോകെമിക്കൽ ഉത്പാദന ശേഷിയുള്ളതുമായ ഒരു ഗ്രീൻഫീൽഡ് റിഫൈനറി-കം-പെട്രോകെമിക്കൽ കോംപ്ലക്സാണ് രാജസ്ഥാനിലെ ബലോത്ര ജില്ലയിലുള്ള പച്പദ്രയിലെ HRRL. HPCLന്റെയും രാജസ്ഥാൻ ഗവൺമെന്റിന്റെയും (GoR) യഥാക്രമം 74%, 26% ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭമായ HRRL ആണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
***
NK
( റിലീസ് ഐ.ഡി: 2250088)
സന്ദര്‍ശക കൗണ്ടര്‍ : 47
ഈ റിലീസ് വായിക്കുക:
Assamese
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada