പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യസഭയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ
പോസ്റ്റഡ് ഓണ്‍:
18 MAR 2026 12:32PM by PIB Thiruvananthpuram
ഈ സവിശേഷ അവസരത്തിൽ, എന്റെ വികാരങ്ങൾ പ്രകടിപ്പിക്കാൻ എനിക്ക് നൽകിയ ഈ അവസരത്തിന് ഞാൻ അതിയായ നന്ദി രേഖപ്പെടുത്തുന്നു.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
ഈ സഭയ്ക്കുള്ളിൽ നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്, എല്ലാവരും വളരെ പ്രധാനപ്പെട്ട രീതിയിൽ അതിൽ പങ്കുചേരാറുമുണ്ട്. നല്ലതും കയ്‌പ്പേറിയതുമായ അനുഭവങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തരമൊരു അവസരം വരുമ്പോൾ സ്വാഭാവികമായും നമ്മൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുകയും, നമ്മുടെ സഹപ്രവർത്തകർ മറ്റൊരു പ്രത്യേക ഉത്തരവാദിത്തത്തിലേക്ക് ചുവടുവെക്കുകയാണെന്ന പൊതുവായ ഒരു വികാരം നമ്മളിൽ എല്ലാവരിലും ഉയരുകയും ചെയ്യുന്നു. ഇന്ന് വിടവാങ്ങുന്ന സഹപ്രവർത്തകരിൽ ചിലർ തിരിച്ചുവരാമെന്ന പ്രതീക്ഷയോടെയാണ് പോകുന്നത്, എന്നാൽ മറ്റു ചിലരാകട്ടെ ഇവിടെ നിന്ന് ആർജ്ജിച്ച അനുഭവങ്ങൾ സമൂഹത്തിലേക്ക് പകർന്നുനൽകാനും അവിടെ സവിശേഷമായ സംഭാവനകൾ നൽകാനുമാണ് യാത്രയാകുന്നത്. തിരികെ വരാതെ യാത്രയാകുന്നവരോട് എനിക്ക് പറയാനുള്ളത്, രാഷ്ട്രീയത്തിൽ ഒരിക്കലും ഒരു 'ഫുൾ സ്റ്റോപ്പ്' (അവസാനം) ഇല്ല എന്നാണ്. ഭാവി നിങ്ങളെ കാത്തിരിക്കുന്നു, നിങ്ങളുടെ അനുഭവ സമ്പത്തും സംഭാവനകളും എന്നും ദേശീയ ജീവിതത്തിന്റെ ഭാഗമായി നിലനിൽക്കും.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
വിടവാങ്ങുന്ന അംഗങ്ങളിൽ ചിലർ സഭ സമ്മേളിക്കാത്ത സമയത്താകും പടിയിറങ്ങുന്നത്, എന്നാൽ മറ്റു ചിലരാകട്ടെ ഈ സമ്മേളനത്തിനിടയിൽ തന്നെ യാത്രയാകുന്നു. എന്നിരുന്നാലും, ഈ ബഹുമാന്യരായ അംഗങ്ങളെല്ലാം തന്നെ മികച്ച സംഭാവനകളാണ് നൽകിയിട്ടുള്ളത്. ബഹുമാനപ്പെട്ട ദേവഗൗഡ ജി, ബഹുമാനപ്പെട്ട ഖർഗെ ജി, ബഹുമാനപ്പെട്ട ശരദ് പവാർ ജി എന്നിവരെക്കുറിച്ച് ഞാൻ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്—തങ്ങളുടെ ജീവിതത്തിന്റെ പകുതിയിലധികവും പാർലമെന്ററി പ്രവർത്തനങ്ങൾക്കായി സമർപ്പിച്ച മുതിർന്ന നേതാക്കളാണിവർ. ഇത്രയും നീണ്ട അനുഭവപരിചയത്തിന് ശേഷം, പുതിയ അംഗങ്ങളെല്ലാം ഇവരിൽ നിന്ന് പഠിക്കേണ്ടതുണ്ട്—സഭയിലെ അവരുടെ അർപ്പണബോധം, തങ്ങളാൽ കഴിയുന്നത്ര സംഭാവനകൾ നൽകാനുള്ള പ്രതിബദ്ധത, സമൂഹം ഏൽപ്പിച്ച ഉത്തരവാദിത്തങ്ങളോടുള്ള പൂർണ്ണമായ ഭക്തി എന്നിവയാണത്. ഈ മുതിർന്ന നേതാക്കളിൽ നിന്ന് നമ്മളെല്ലാവരും പഠിക്കേണ്ട കാര്യമാണിത്. അവരുടെ സംഭാവനകളെ ഞാൻ വളരെയധികം അഭിനന്ദിക്കുന്നു, കാരണം ഇത്രയും നീണ്ട കാലയളവ് എന്നത് ചെറിയ കാര്യമല്ല—അത് വളരെ ശ്രദ്ധേയമാണ്.അതുപോലെ തന്നെ നമ്മുടെ ഡെപ്യൂട്ടി ചെയർമാൻ ഹരിവംശ് ജിയും വിടവാങ്ങുകയാണ്. ഹരിവംശ് ജിക്ക് ഈ സഭയെ ദീർഘകാലം സേവിക്കാൻ അവസരം ലഭിച്ചു. സൗമ്യമായ സംസാരശൈലിയുള്ള അദ്ദേഹം, സഭ നിയന്ത്രിക്കുന്നതിൽ എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാൻ നിരന്തരം പരിശ്രമിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പലപ്പോഴും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ആവശ്യപ്പെടാറുള്ളത് ഡെപ്യൂട്ടി ചെയർമാനോടാണെന്ന് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്; അങ്ങനെ അദ്ദേഹം വിപുലമായ അനുഭവസമ്പത്തും എല്ലാവരുമായും ആഴത്തിലുള്ള പരിചയവും നേടിയെടുത്തു. അദ്ദേഹത്തിന്റെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. സഭ സമ്മേളിക്കാത്ത സമയങ്ങളിൽ അദ്ദേഹം രാജ്യമുടനീളം സഞ്ചരിക്കുന്നതും, യുവാക്കളെ നേരിൽ കണ്ട് രാജ്യത്തെ സാഹചര്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതും, രാജ്യത്തോടുള്ള ഉത്തരവാദിത്തബോധം അവരിൽ വളർത്തുന്നതും ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം പേന കൊണ്ട് വിസ്മയം തീർക്കുന്ന ആൾ മാത്രമല്ല, ഇന്ത്യയുടെ ഓരോ കോണിലും അശ്രാന്തമായി പരിശ്രമിക്കുന്ന ഒരു കർമ്മയോഗി കൂടിയാണ്.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
സഭയിൽ ഹാസ്യവും പരിഹാസവും നിരന്തരം അലയടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ കാലത്ത്, 24x7(മുഴുവൻ സമയ)മാധ്യമങ്ങളുടെ സാന്നിധ്യം കാരണം എല്ലാവരും സദാ ജാഗരൂകരായതുകൊണ്ടാവാം, അത് ക്രമേണ കുറഞ്ഞു വരുകയാണ്. എന്നാൽ നമ്മുടെ അഠാവലെ ജി എന്നും 'എവർഗ്രീൻ' ആണ്. അഠാവലെ ജി വിടവാങ്ങുകയാണെങ്കിലും, ആർക്കും ആ കുറവ് അനുഭവപ്പെടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്; കാരണം അദ്ദേഹം ഹാസ്യവും പരിഹാസവും സമൃദ്ധമായി വിളമ്പുന്നത് തുടർന്നുകൊണ്ടേയിരിക്കും.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
ഓരോ രണ്ട് വർഷം കൂടുമ്പോഴും നമ്മുടെ ഇടയിൽ നിന്ന് ഒരു വലിയ വിഭാഗം പടിയിറങ്ങാറുണ്ട്. എന്നാൽ പുതിയതായി വരുന്നവർക്ക് ഇവിടെ നാലോ അതിലധികമോ വർഷമായി തുടരുന്നവരുടെ അനുഭവസമ്പത്ത് ഉടൻ തന്നെ ലഭ്യമാകുന്നു എന്നത് ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്. അങ്ങനെ ഈ സഭയുടെ പാരമ്പര്യം ഒരു തുടർച്ചയായി നിലനിൽക്കുന്നു, ഇതൊരു വലിയ ഗുണമാണ്. ഇത്തവണ വിടവാങ്ങാത്ത അംഗങ്ങൾ തങ്ങളുടെ അനുഭവങ്ങൾ പുതിയ ബഹുമാന്യരായ അംഗങ്ങളുമായി പങ്കുവെക്കുമെന്നും, അവരുടെ സംഭാവനകളിലൂടെ ഈ സഭയെ കൂടുതൽ സമ്പന്നമാക്കുമെന്നും എനിക്ക് ഉറപ്പുണ്ട്.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
ജീവിതത്തിലായാലും പൊതുജീവിതത്തിലായാലും സുപ്രധാനമായ ഒരു തീരുമാനമെടുക്കേണ്ടി വരുമ്പോൾ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് തീരുമാനമെടുക്കാറുണ്ട്. എന്നിരുന്നാലും അവർ പറയാറുണ്ട്, "നമുക്ക് മറ്റൊരാളോട് കൂടി ചോദിക്കാം, രണ്ടാമതൊരു അഭിപ്രായം കൂടി തേടാം, മുതിർന്ന ആരോടെങ്കിലും ഒന്ന് ആലോചിക്കാം" എന്ന്. ഒരാൾക്ക് സുഖമില്ലെങ്കിൽ, "നമുക്ക് മറ്റൊരു ഡോക്ടറുടെ കൂടി അഭിപ്രായം തേടാം" എന്ന് ആളുകൾ പറയാറുണ്ട്. രണ്ടാമതൊരു അഭിപ്രായത്തിന് വലിയ പ്രാധാന്യമുണ്ട്. നമ്മുടെ പാർലമെന്ററി സംവിധാനത്തിൽ, രണ്ടാമതൊരു അഭിപ്രായത്തിനുള്ള ഈ കരുത്ത് വളരെ നിർണ്ണായകമാണെന്ന് ഞാൻ വിശ്വസിക്കുന്നു.ഒരു സഭയിൽ എടുക്കുന്ന തീരുമാനം രണ്ടാമതൊരു അഭിപ്രായത്തിനായി അടുത്ത സഭയിലേക്ക് പോകുന്നു. ഇവിടെയാണ് സംഭവിക്കുന്നതെങ്കിൽ അത് അങ്ങോട്ടും, അവിടെയാണെങ്കിൽ അത് ഇങ്ങോട്ടും വരുന്നു. ഈ രണ്ടാമതൊരു അഭിപ്രായം മൊത്തത്തിലുള്ള ചർച്ചകൾക്കും തീരുമാനമെടുക്കൽ പ്രക്രിയയ്ക്കും പുതിയൊരു മാനം നൽകുകയും അതിനെ കൂടുതൽ സമ്പന്നമാക്കുകയും ചെയ്യുന്നു. അങ്ങനെ, ഇരുസഭകളിലെയും ബഹുമാന്യരായ അംഗങ്ങൾ പുതിയ കാഴ്ചപ്പാടുകൾക്കായി എപ്പോഴും തയ്യാറായിരിക്കുന്നു. ഈ 'രണ്ടാമത്തെ അഭിപ്രായം' എന്നത് നമ്മുടെ ജനാധിപത്യത്തിന്റെ വലിയൊരു സംഭാവനയാണ്. വിടവാങ്ങുന്ന അംഗങ്ങൾ ഈ പാരമ്പര്യത്തിൽ തങ്ങളുടേതായ പങ്കുവഹിച്ചിട്ടുണ്ട്, അതിന് ഞാൻ അവരോട് ഹൃദയപൂർവ്വം നന്ദി പറയുന്നു.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
വിടവാങ്ങുന്ന ബഹുമാന്യരായ അംഗങ്ങൾക്ക് പഴയ പാർലമെന്റ് മന്ദിരത്തിലും പുതിയ മന്ദിരത്തിലും ഇരിക്കാനുള്ള സവിശേഷമായ അവസരം ലഭിച്ചിട്ടുണ്ട്. രണ്ട് മന്ദിരങ്ങളിലും ഇരുന്നുകൊണ്ട് അവർ രാജ്യത്തിന്റെ ക്ഷേമത്തിനായി സംഭാവനകൾ നൽകി. തങ്ങളുടെ സേവനകാലയളവിൽ പുതിയ സഭയുടെ നിർമ്മാണത്തിന് അവർ സാക്ഷ്യം വഹിക്കുകയും അതിന്റെ തീരുമാനമെടുക്കൽ പ്രക്രിയയിൽ പങ്കാളികളാവുകയും ചെയ്തു. ഇത് അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക സ്മരണയായി എന്നും നിലനിൽക്കും.
ബഹുമാനപ്പെട്ട അധ്യക്ഷൻ അവർകളെ,
ഈ സഭ തന്നെ ഒരു വലിയ തുറന്ന സർവ്വകലാശാലയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ദേശീയ ജീവിതത്തിന്റെ പല സങ്കീർണ്ണതകളുമായും അംഗങ്ങൾ ഇവിടെ പരിചിതരാകുന്നു. ഒരർത്ഥത്തിൽ, ഇത് വിദ്യാഭ്യാസവും ഒരു തുടക്കവുമാണ് . ഇവിടെ ചെലവഴിക്കുന്ന ആറ് വർഷങ്ങൾ തീരുമാനമെടുക്കൽ പ്രക്രിയയിൽ പങ്കുചേർന്നുകൊണ്ട് ദേശീയ ജീവിതത്തെ രൂപപ്പെടുത്തുന്നതിന് മാത്രമല്ല, സ്വന്തം ജീവിതത്തെ വാർത്തെടുക്കുന്നതിനും ലഭിക്കുന്ന വിലമതിക്കാനാവാത്ത അവസരമാണ്. ബഹുമാന്യരായ അംഗങ്ങൾ ഇവിടെ എത്തുമ്പോൾ തങ്ങളുടേതായ ധാരണകളും കഴിവുകളുമായാണ് വരുന്നത്. എന്നാൽ ഇവിടം വിട്ടുപോകുമ്പോൾ, വിശാലമായ അനുഭവസമ്പത്തിലൂടെ അവ പലമടങ്ങ് വർദ്ധിച്ചിട്ടുണ്ടാകും.ഇവിടെ നിന്നും പടിയിറങ്ങിയ ശേഷവും, ഔദ്യോഗിക സംവിധാനങ്ങൾക്കുള്ളിലായാലും പുറത്തായാലും ദേശീയ ജീവിതത്തോടുള്ള അവരുടെ സംഭാവനകൾ തുടരും. അവരുടെ വിലയേറിയ പങ്കാളിത്തം എന്നും നിലനിൽക്കും, അവരുടെ അനുഭവങ്ങൾ രാഷ്ട്രനിർമ്മാണത്തിൽ എക്കാലവും പ്രയോജനപ്പെടുകയും ചെയ്യും. എല്ലാ ബഹുമാന്യരായ അംഗങ്ങൾക്കും എന്റെ ആശംസകൾ നേരുന്നു. ഒരിക്കൽ കൂടി, എല്ലാ അംഗങ്ങളുടെയും സംഭാവനകളെ ഞാൻ അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
വളരെയധികം നന്ദി.
-NK-
( റിലീസ് ഐ.ഡി: 2249528)
സന്ദര്‍ശക കൗണ്ടര്‍ : 13
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada