പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
പശ്ചിമേഷ്യൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാന മേഖലകളിലെ പുതിയ വിവരങ്ങള്‍
പോസ്റ്റഡ് ഓണ്‍:
03 APR 2026 6:34PM by PIB Thiruvananthpuram
പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഊർജ വിതരണം, സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ, ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങള്‍ എന്നിവയുൾപ്പെടെ നിർണായക മേഖലകളിൽ സ്ഥിരത ഉറപ്പാക്കാൻ കേന്ദ്ര ഗവണ്‍മെന്‍റ് ഏകോപിത നടപടികൾ സ്വീകരിച്ചു. ഉയർന്നുവരുന്ന വെല്ലുവിളികൾ നേരിടാന്‍ നിരന്തര നിരീക്ഷണവും അന്തർ മന്ത്രാലയ ഏകോപനവും തുടരുകയാണ്.
രാജ്യത്തുടനീളം പെട്രോൾ, ഡീസൽ, എൽ.പി.ജി എന്നിവയുടെ മതിയായ ലഭ്യത സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. അനാവശ്യമായി എൽ.പി.ജി ബുക്ക് ചെയ്യുകയോ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുകയോ ചെയ്യരുതെന്നും വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ജനങ്ങള്‍ക്ക് നിർദേശം നൽകി. എൽ.പി.ജി ബുക്ക് ചെയ്യുന്നതിന് ഡിജിറ്റൽ സംവിധാനങ്ങള്‍ ഉപയോഗിക്കാനും പി.എൻ.ജി, ഇലക്ട്രിക് അടുപ്പുകള്‍ തുടങ്ങിയ ബദൽ മാർഗങ്ങൾ സ്വീകരിക്കാനും ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദൈനംദിന ഉപയോഗത്തിൽ ഊർജ സംരക്ഷണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നു.
ഇന്ധന വിതരണം വിലയിരുത്താന്‍ പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയ സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേർന്നു. എണ്ണ സംസ്കരണ ശാലകളിലെ ഉല്പാദന വര്‍ധന, എൽ.പി.ജി ബുക്കിങ് സമയക്രമത്തിലെ മാറ്റങ്ങള്‍, അവശ്യ മേഖലകൾക്ക് മുൻഗണന തുടങ്ങിയ നടപടികൾ കൈക്കൊണ്ടു. അതിഥി തൊഴിലാളികൾക്കുൾപ്പെടെ എൽ.പി.ജി വിതരണം സുസ്ഥിരമാണെന്ന് സംസ്ഥാനങ്ങളെ അറിയിച്ചു.
ഗാർഹിക എൽ.പി.ജി വിതരണത്തിന് മുൻഗണന നൽകാനും പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, വ്യാജപ്രചാരണം എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കാനും സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി. ഇതിനകം 4,000-ത്തിലേറെ പരിശോധനകൾ നടത്തുകയും 1,300-ലധികം സിലിണ്ടറുകൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. പൊതു വാർത്താസമ്മേളനങ്ങള്‍, കൺട്രോൾ റൂമുകൾ, സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണങ്ങളുടെ നിരീക്ഷണം എന്നിവ ശക്തമാക്കിയിട്ടുണ്ട്.
അതിഥി തൊഴിലാളികളുടെയും ദുർബല വിഭാഗങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റാന്‍ അഞ്ചുകിലോയുടെ എഫ്ടിഎല്‍ സിലിണ്ടര്‍ വിതരണം വർധിപ്പിച്ചു. 2026 മാർച്ച് 23 മുതൽ അഞ്ച് ലക്ഷത്തിലധികം സിലിണ്ടറുകളാണ് വിറ്റഴിച്ചത്. ഇതിൽ 67,000-ത്തിലേറെ സിലിണ്ടറുകൾ കഴിഞ്ഞ ദിവസം മാത്രം വിറ്റതാണ്.
പി.എൻ.ജി വ്യാപനം പ്രോത്സാഹിപ്പിക്കാന്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് അധിക വാണിജ്യ എൽ.പി.ജി വിഹിതം അനുവദിച്ചിരിക്കുന്നത്. പത്ത് സംസ്ഥാനങ്ങൾക്ക് നിലവിൽ ഇത്തരത്തിൽ അധിക വിഹിതം നൽകുന്നുണ്ട്. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളിലേക്ക് മാറാന്‍ പ്രോത്സാഹിപ്പിക്കുന്ന ഈ നടപടി എൽ.പി.ജി ആവശ്യകതയുടെ സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു.
നയ നടപടികളിലൂടെയും അതിവേഗ അനുമതികളിലൂടെയും പി.എൻ.ജി ശൃംഖലയുടെ വിപുലീകരണം ത്വരിതപ്പെടുത്തി. 2026 മാർച്ച് മുതൽ 3.42 ലക്ഷത്തിലധികം പി.എൻ.ജി കണക്ഷനുകൾ പ്രവർത്തനക്ഷമമാക്കുകയും 3.7 ലക്ഷം പുതിയ കണക്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ജനങ്ങൾക്കിടയിൽ പി.എന്‍.ജി യുടെ സ്വീകാര്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
സമുദ്ര ഗതാഗത പ്രവർത്തനങ്ങൾ സുസ്ഥിരമായി തുടരുകയാണ്. എല്ലാ തുറമുഖങ്ങളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നു. ചരക്കുനീക്കത്തിൽ തടസങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സംവിധാനങ്ങളിലൂടെ കപ്പലുകളുടെ നീക്കവും നാവികരുടെ സുരക്ഷയും സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.
നാവികരുടെ ക്ഷേമം ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനിടെ 155 പേർ ഉൾപ്പെടെ ആകെ 1,130-ലേറെ ഇന്ത്യൻ നാവികരെ സുരക്ഷിതമായി തിരികെയെത്തിച്ചു. ബന്ധപ്പെട്ടവരുമായി ഏകോപനത്തോടെ മേഖലയിലെ ഇന്ത്യൻ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്നത് തുടരുന്നു.
ഗൾഫ് മേഖലയിലുടനീളം ഇന്ത്യൻ എംബസികളും കോണ്‍സുലേറ്റുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളും തൊഴിലാളികളുമടക്കം ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിവരുന്നു. വ്യോമപാത നിയന്ത്രണമേര്‍പ്പെടുത്തിയ മേഖലകളില്‍ പ്രാദേശിക അധികാരികളുമായി ഏകോപനത്തോടെ ബദൽ വഴികളില്‍ യാത്രാസൗകര്യമൊരുക്കുന്നുണ്ട്.
അധിക വിമാന സർവീസുകൾ ആരംഭിച്ചതോടെ വ്യോമ ഗതാഗതം ക്രമേണ സാധാരണ നിലയിലെത്തുകയാണ്. 2026 ഫെബ്രുവരി 28 മുതൽ ഏകദേശം 6.49 ലക്ഷം പേര്‍ പശ്ചിമേഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്തു. വ്യോമപാത നിയന്ത്രണങ്ങൾ നേരിടുന്ന രാജ്യങ്ങളിലെ ഇന്ത്യൻ പൗരന്മാരുടെ മടക്കയാത്ര ഉറപ്പാക്കാൻ ബദൽ യാത്രാ സൗകര്യങ്ങളും ക്രമീകരിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്ക് സന്ദർശിക്കുക: https://www.pib.gov.in/PressReleasePage.aspx?PRID=2248873®=3&lang=1
***
( റിലീസ് ഐ.ഡി: 2248892)
സന്ദര്‍ശക കൗണ്ടര്‍ : 21